UPDATES

വിശകലനം

എംപി ആകാന്‍ മത്സരിക്കുന്നത് ഒമ്പത് എംഎല്‍എമാര്‍; ജനങ്ങളുടെ ഗതികേട്…

പാര്‍ട്ടികള്‍ ഇത് തെരഞ്ഞെടുപ്പ് തന്ത്രമായായാണ് കാണുന്നതെങ്കിലും എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് വഴി പൊതു ഖജനാവിലുണ്ടാകുന്ന സാമ്പത്തിക നഷ്ടമാണ് പൊതുസമൂഹം ചൂണ്ടിക്കാണിക്കുന്നത്

ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മുന്‍പെങ്ങുമില്ലാത്തൊരു പ്രത്യേകത കാണാം. ഇരുമുന്നണികളിലുമായി ഒമ്പത് എംഎല്‍എമാരാണ് മത്സരരംഗത്തുള്ളത്. എല്‍ഡിഎഫില്‍ നിന്ന് ആറുപേരും യുഡിഎഫില്‍ നിന്നും മൂന്ന് പേരുമാണ് ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന നിയമസഭ സമാജികര്‍. തിരുവനന്തപുരത്ത് സി ദിവാകരന്‍(നെടുമങ്ങാട് എംഎല്‍എ), മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍( അടൂര്‍ എംഎല്‍എ), പത്തനംതിട്ടയില്‍ വീണ ജോര്‍ജ്(ആറന്മുള എംഎല്‍എ), കോഴിക്കോട് എ പ്രദീപ് കുമാര്‍(കോഴിക്കോട് എംഎല്‍എ), പൊന്നാനിയില്‍ പി വി അന്‍വര്‍(നിലമ്പൂര്‍ എംഎല്‍എ) ആലപ്പുഴയില്‍ എ എം ആരിഫ്( അരൂര്‍ എംഎല്‍എ) എന്നിവരാണ് ഇടതുപക്ഷത്തിനു വേണ്ടി ജനവിധി തേടാന്‍ ഇറങ്ങുന്നത്. യുഡിഎഫില്‍ ആറ്റിങ്ങല്‍ സീറ്റില്‍ മത്സരിക്കുന്നത് കോന്നി എംഎല്‍എ അടൂര്‍ പ്രകാശാണ്. വടകരയില്‍ സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. എറണാകുളം മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത് എറണാകുളത്തെ എംഎല്‍എ ആയ ഹൈബി ഈഡനേയും.

എംഎല്‍എമാരെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ നിര്‍ത്തുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും ഇരു മുന്നണികളുടെയും ഈ നീക്കം എങ്ങനെയും സീറ്റ് പിടിക്കുക എന്നതു തന്നെയാണ്. ഇത്തവണ ഒരു റിസ്‌കിനും തയ്യാറല്ലെന്നു പ്രഖ്യാപിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ എംഎല്‍എമാര്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് സിപിഎമ്മിന് ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. പാര്‍ട്ടിക്ക് ഇന്ത്യയില്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഏക സംസ്ഥനം കേരളമാണ്. ഇവിടെ നിന്നും കിട്ടുന്ന സീറ്റുകളാണ് നിര്‍ണായകമാകുന്നത്. അതുകൊണ്ട് തന്നെ, 2014 ല്‍ കാണിച്ച ‘ഉത്തരവാദിത്വ’മില്ലായ്മ ഇത്തവണ പാര്‍ട്ടി കാണിച്ചിട്ടില്ല(2004 ല്‍ ആറ് സ്വതന്ത്രരെയായിരുന്നു മത്സരിപ്പിച്ചത്. അതില്‍ ജയിച്ചത് ആരെ രണ്ടുപേരും). ഇത്തവണ അനുകൂലമല്ലാത്ത മണ്ഡലത്തില്‍ പോലും ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് എംഎല്‍എമാരും മത്സരിക്കാന്‍ എത്തിയത്. സ്വന്തം നിലയ്ക്ക് ഒരു പിഴവ് പോലും സംഭവിക്കരുതെന്ന് പാര്‍ട്ടിയാഗ്രഹിക്കുന്നുണ്ടെന്നതു കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ട്. സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്ന എംഎല്‍എമാര്‍ എല്ലാവരും തന്നെ സ്വന്തം നിലയ്ക്ക് വോട്ട് ബെയ്‌സ് ഉള്ളവരാണെന്നതാണ് പ്രത്യേകത. ഇവര്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കാന്‍ കാണിച്ച മിടുക്ക് പാര്‍ലമെന്റിലേക്കും കാണിച്ചാല്‍ പാര്‍ലമെന്റ് സീറ്റ് കൂടും. പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ സാധ്യതകള്‍ മാറിമറിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍. മികച്ച സ്ഥാനാര്‍ത്ഥികളെ കൊണ്ട് മാത്രമെ ജയിക്കാന്‍ കഴിയൂ എന്നും സിപിഎമ്മിന് അറിയാം. റിസ്‌ക് എടുക്കാന്‍ വയ്യ. ഒഴിവാക്കപ്പെടുമെന്നു കരുതിയവര്‍ പോലും വീണ്ടും ഇടംപിടിച്ചതും അതുകൊണ്ടാണ്. ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാമെന്ന അവസ്ഥയാണ്. വോട്ടര്‍മാര്‍ക്കു മുന്നില്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്താനുള്ള സമയം കൂടി ഇതിലൂടെ ലാഭിക്കാന്‍ കഴിയും. ഇടത് എംഎല്‍എമാരില്‍ പത്തനംതിട്ടയില്‍ നില്‍ക്കുന്ന വീണ ജോര്‍ജ് ഒഴിച്ച് ബാക്കി അഞ്ചുപേരും ഒന്നില്‍ കൂടുതല്‍ തവണ മത്സരിച്ചു ജയിച്ചിട്ടുള്ളവരാണ്.

എല്‍ഡിഎഫ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിനെ പരിഹസിച്ചവരായിരുന്നു കോണ്‍ഗ്രസ് എങ്കിലും അവരുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് വന്നപ്പോള്‍ മൂന്ന് എംഎല്‍എമാരാണ് മത്സരിക്കാനുള്ളത്. സിപിഎമ്മിന്റെ കുത്തക മണ്ഡലമായി അറിയപ്പെടുന്ന ആറ്റിങ്ങല്‍ ഏതുവിധേനയും പിടിച്ചെടുക്കണമെന്ന ഉദ്ദേശമാണ് അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വം. എറണാകുളത്ത് അത്രയധികം പേടിയൊന്നുമില്ലെങ്കിലും ഒരു റിസ്‌ക് എടുക്കാന്‍ തയ്യാറല്ല എന്ന കാര്യം കൂടി കാണണം ഹൈബിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നില്‍. കെ വി തോമസിനെ ഒഴിവാക്കുക എന്നതുമാത്രമായിരുന്നില്ല ലക്ഷ്യം. പി രാജീവ് എന്ന കരുത്തനായ എതിരാളി അട്ടിമറിക്ക് കഴിവുള്ളവനാണെന്ന തിരച്ചറിവ് തന്നെയാണ് ഹൈബിയെ പോലൊരാളെ മത്സരിപ്പിക്കാന്‍ എടുത്ത തീരുമാനത്തിനു പിന്നില്‍. കെ മുരളീധരന്‍ ആണ് കോണ്‍ഗ്രസ് ലിസ്റ്റില്‍ ഏറ്റവും ഒടുവിലായി പ്രഖ്യാപിക്കപ്പെട്ട എംഎല്‍എ. മറ്റു രണ്ടു എംഎല്‍എമാരുടെ പേരുകളും തുടക്കം മുതല്‍ പറഞ്ഞുകേട്ടതാണെങ്കിലും മുരളീധരന്റെ വരവ് അപ്രതീക്ഷിതമെന്നു പറയാം. പക്ഷേ, ഇവിടെയും മുരളിയെ പോലൊരാളെ കൊണ്ടു വരുന്നത് വടകര നഷ്ടപ്പെടരുതെന്ന തീരുമാനത്തില്‍ തന്നെയാണ്. പി ജയരാജന്‍ എതിര്‍സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ആരെങ്കിലും പോര മത്സരിക്കാന്‍ എന്ന തിരിച്ചറിവാണ് ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ നിശ്ചയിക്കാന്‍ കാരണം. സിപിഎമ്മിനെപോലെ തന്നെ കോണ്‍ഗ്രസും ഈ തെരഞ്ഞെടുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നു തന്നെ ഇതിനര്‍ത്ഥം. തങ്ങള്‍ക്കാണ് സാഹചര്യങ്ങള്‍ അനുകൂലമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ടെങ്കിലും ചെറിയ പിഴവുപോലും അപകടമാകുമെന്ന കണക്കുകൂട്ടലും ഇതിലുണ്ട്.

പാര്‍ട്ടികള്‍ ഇത് തെരഞ്ഞെടുപ്പ് തന്ത്രമായായാണ് കാണുന്നതെങ്കിലും എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് വഴി പൊതു ഖജനാവിലുണ്ടാകുന്ന സാമ്പത്തിക നഷ്ടമാണ് പൊതുസമൂഹം ചൂണ്ടിക്കാണിക്കുന്നത്. എംഎല്‍എമാര്‍ ജയിച്ച് എംഎല്‍എ ആയാല്‍ അവരുടെ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ വരും. ഒന്നില്‍ക്കൂടുതല്‍ പേര്‍ ജയിക്കുമ്പോള്‍ ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പുകള്‍ വലിയ സാമ്പത്തികഭാരമാണ് ഉണ്ടാക്കി വയ്ക്കുക. മറ്റൊരു വിമര്‍ശനം രാഷ്ട്രീയസത്യസന്ധയില്‍ ഊന്നിയാണ്. അഞ്ചുവര്‍ഷത്തേക്ക് തങ്ങളുടെ മണ്ഡലം സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കിയാണ് ഈ ഒമ്പതുപേരും വോട് തേടി ജയിച്ചത്. എന്നാല്‍ പാതി വഴിയില്‍ മണ്ഡലം വിട്ടവര്‍ പോകുമ്പോള്‍ ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് ലംഘിക്കുകയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസിനും സിപിഎമ്മിനുമൊന്നും മത്സരിച്ച് ജയിക്കാന്‍ പ്രാപ്തിയുള്ള വേറെ നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണോ എംഎല്‍എ ആയവരെ തന്നെ എംപിയാക്കാനും ശ്രമിക്കുന്നതെന്ന ചോദ്യവും പാര്‍ട്ടികളോട് ഉയര്‍ത്തുന്നുണ്ട്.

എല്‍ഡിഎഫ് പാനല്‍ പുറത്തു വന്നപ്പോള്‍ പരിഹാസത്തോടെ കെ മുരളീധരന്‍ പറഞ്ഞത്, എംഎല്‍എമാര്‍ മത്സരിക്കുന്നത് ഗതികേട് കൊണ്ട് എന്നായിരുന്നു. പക്ഷേ, അതേ മുരളീധരന്‍ തന്നെ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ സിപിഎം അല്ല, മറിച്ച് പൊതുസമൂഹമാണ് ആ പരിഹാസം ആവര്‍ത്തിച്ചത്; ഒരു മാറ്റത്തോടെ-ജനങ്ങളുടെ ഗതികേട്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍