UPDATES

ട്രെന്‍ഡിങ്ങ്

‘ഭയക്കരുത്, ഭയപ്പെടുത്തരുത്; ഏതു സാഹചര്യവും നമ്മള്‍ നേരിടും’

നിപ സ്ഥിരീകരിച്ചാല്‍ തന്നെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യറായി കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യവകുപ്പ്

എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധിച്ചുവെന്ന് സ്ഥിരീകരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് ശരിയല്ലെന്ന് ആരോഗ്യവകുപ്പ്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് ജനങ്ങളെ ഭീതിയില്‍ ആഴത്തുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് നിപ്പയാണോ എന്ന സംശയം മാത്രമാണ് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും പങ്കുവയ്ക്കുന്നത്. ഇക്കാര്യത്തില്‍ യാതൊരുവിധ സ്ഥിരീകരണവും ഇതുവരെ നടത്തിയിട്ടില്ല. വൈറോളജി ലാബില്‍ പരിശോധന നടത്തുന്ന രോഗിയുടെ സാമ്പിളുകളുടെ ഫലം വന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള സ്ഥിരീകരണം ഉണ്ടാകുവെന്നും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും പറയുന്നു.

എന്നാല്‍ ഇത്തരത്തില്‍ സ്ഥിരീകരണം വരുന്നതിനു മുന്നെ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിപ സ്ഥിരീകരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥന. ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും വ്യക്തമാക്കി കൊണ്ട് മുഖ്യമന്ത്രി നടത്തുന്ന അഭ്യര്‍ത്ഥനയും നിപ വൈറസിനെപ്പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി, ജില്ല കളക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷം നിലവിലെ സാഹചര്യങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ കളക്ടര്‍ പ്രത്യേകം എടുത്ത പറഞ്ഞകാര്യവും തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തരുതെന്നാണ്. എറണാകുളം ജില്ല ഭരണകൂടം ഒരു മീഡിയ റൂം തുറന്നിട്ടുണ്ടെന്നും ഇതുവഴി വരുന്ന വിവരങ്ങള്‍ മാത്രം നിപ സംശയത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ പരിഗണനയില്‍ എടുത്താല്‍ മതിയെന്നും ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും വ്യാജ പ്രാചരണങ്ങള്‍ നടത്തരുതതെന്ന അഭ്യര്‍ത്ഥനയാണ് നടത്തുന്നത്.

വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിദ്യാര്‍ത്ഥിക്ക് നിപ സ്ഥിരീകരിച്ചെന്ന തരത്തില്‍ ഇന്നലെ മുതല്‍ വാര്‍ത്തകള്‍ പടര്‍ന്നതോടെ ജനങ്ങള്‍ ഭയത്തിലായിരുന്നു. നിപ ആണെന്നത് സംശയം മാത്രമാണെന്നും രോഗിയുടെ സാമ്പിളുകള്‍ പൂനെയിലെയനം ആലപ്പുഴയിലെയും വൈറോളജി ലാബുകളില്‍ അയച്ച്, അതിന്റെ ഫലം വരുന്നതുവരെ ഒന്നും ഉറപ്പിച്ച് വിശ്വസിക്കരുതെന്ന് ആരോഗ്യ വകുപ്പും സര്‍ക്കാരും ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതിനു വിപരീതമായി വാര്‍ത്തകള്‍ പരന്നു. സോഷ്യല്‍ മീഡിയയും ചില പത്ര-ചാനലുകളും നിപ സ്ഥിരീകരണം നടത്തിയതോടെ ഭയം ഇരട്ടിച്ചു. ഒരു സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ നിപയാണെന്നു വ്യക്തമായെന്നു പറഞ്ഞാണ് ഈ വാര്‍ത്തകള്‍ പുറത്തു വന്നത്.

അതേസമയം, നിപ സ്ഥിരീകരിക്കപ്പെട്ടാല്‍ തന്നെ അതിനെ നേരിടാന്‍ എല്ലാ വിധ സജ്ജീകരണങ്ങളും തയ്യാറായി കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയും മന്ത്രിയും ആരോഗ്യവകുപ്പും അറിയിക്കുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേകം വാര്‍ഡ് തയ്യാറായി. വിദഗ്ധ മെഡിക്കല്‍ സംഘവും തയ്യാറാണ്. അംബുലന്‍സുകളുടെ സേവനവും ഉറപ്പാക്കി. കോഴിക്കോട് നിപ്പയെ പ്രതിരോധിച്ച് വിജയിച്ചതിന്റെ അനുഭവ സമ്പത്തുള്ള വിദഗ്ധ സംഘവും കൊച്ചിയില്‍ ഉണ്ടാകും. ഏതു സഹാചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാണെന്നാണ് മന്ത്രിയും പറയുന്നത്. കോണ്ടാക്ട് ട്രെയിയിസിംഗിനുള്ള(രോഗി എവിടെയെല്ലാം പോയിട്ടുണ്ടെന്ന വിവരം) നടപടികള്‍ അടക്കം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലുള്ള സാഹചര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അറിയിക്കുന്ന മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

എല്ലാത്തരം മുന്‍കരുതലുകളും ആരോഗ്യവിഭാഗവും ഭരണകൂടവും ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളും ഭയം കൂടാതെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണമെന്നാണ് ആരോഗ്യ വിഭാഗം അറിയിക്കുന്നത്.

സുസജ്ജമായി ആരോഗ്യവകുപ്പ്; മൂന്ന് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാര്‍ഡ്, എറണാകുളത്ത് കൺട്രോൾ റൂം തുറക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍