UPDATES

എറണാകുളത്ത് നിപയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജില്ല കളക്ടറും ആരോഗ്യവകുപ്പും

ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു

എറണാകുളത്ത് പറവൂര്‍ മേഖലയില്‍ ഒരു വിദ്യാര്‍ത്ഥി നിപ ബാധിതനായെന്നു സംശയം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും ഇതുവരെ നടന്നിട്ടില്ലെന്നാണ് എറണാകുളം മെഡിക്കല്‍ ഓഫിസര്‍ പറയുന്നത്. ജനം ഭയപ്പെടേണ്ടതില്ലെന്നും സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യവിഭാഗം അറിയിക്കുന്നുണ്ട്. കോഴിക്കോട് നിപ പടര്‍ന്നു പിടിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്ന സമയത്താണ് വീണ്ടും നിപയുമായി ബന്ധപ്പെട്ട് വാര്‍ത്ത വരുന്നത്.

22 കാരനായ വിദ്യാര്‍ത്ഥി തൊട്ടടുത്ത ജില്ലയില്‍ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞ് മടങ്ങി വന്നതിനു പിന്നാലെയാണ് അസുഖബാധിതനായത്. തുടര്‍ന്ന് വരാപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി പത്തുദിവസത്തോളം പനി വിട്ടുമാറാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ പ്രത്യേക വാര്‍ഡിലേക്കു മാറ്റുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ രക്ത സാമ്പിളുകള്‍ ബംഗളൂരുവിലെ ഒരു സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നു. ഇതോടെ ആശങ്ക ഉയര്‍ന്നു.

എന്നാല്‍ എറണാകുളം ജില്ല മെഡിക്കല്‍ ഓഫിസര്‍, ഈ സംഭവത്തില്‍ ആശങ്കപ്പെടേണ്ട ഒന്നും ഇപ്പോള്‍ ഇല്ലെന്നാണ് പറയുന്നത്. വിദ്യാര്‍ത്ഥി നിപ ബാധിതനായെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും രക്ത സാംപിളുകള്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ്, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും റിസള്‍ട്ട് വരാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. ഈ പരിശോധന ഫലങ്ങള്‍ വന്നാല്‍ മാത്രമെ ഔദ്യോഗികമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ നിന്നും  ബെംഗളൂരുവില്‍ നിന്നുള്ള റിസള്‍ട്ട് കിട്ടിയപ്പോള്‍ തന്നെ ജില്ല ആരോഗ്യവിഭാഗത്തിനെ ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സാംപിളുകള്‍ മണിപ്പാലിലേക്കും ആലപ്പുഴയിലേക്കും അയച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ പരിശോധന സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നാണ് ബെംഗളൂരുവില്‍ നിന്നുള്ള റിസള്‍ട്ടിനെക്കുറിച്ച് ജില്ല ആരോഗ്യ വിഭാഗം പറയുന്നത്.

എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയും അറിയിച്ചു.

പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല. പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണ്. ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

2018 മേയ് മാസത്തിലാണ് കോഴിക്കോട് ജില്ലയില്‍ നിപ രോഗം ബാധിച്ചത്. 17 ഓളം പേരാണ് അന്ന് മരിച്ചത്. സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിനെ തുടര്‍ന്ന് നിപ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകശ്രദ്ധയില്‍ എത്തിച്ചിരുന്നു.

*Representation Image

Read More: ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍