UPDATES

ട്രെന്‍ഡിങ്ങ്

വവ്വാല്‍ കടിച്ചതെന്നു പറഞ്ഞ് എവിടുന്നോ പെറുക്കി കൊണ്ടു വന്ന മാമ്പഴം ഞാന്‍ തിന്നു നിങ്ങളും തിന്നോളൂ എന്നു പറഞ്ഞ് ഇത്തവണ ആരും വന്നേക്കരുത്; മന്ത്രിയുടെ മുന്നറിയിപ്പ്

നമ്മളിതിനെ നേരിടും, അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ലോകത്തിന്റെ ഏതു കോണിലും കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ഇവിടെ ലഭ്യമാക്കും.

നിപയെ നമ്മള്‍ ഒന്നിച്ചു നിന്നു നേരിടും എന്നാല്‍ ഈ സമയത്ത് അബദ്ധങ്ങളും തെറ്റിദ്ധാരണകളും പരത്തുന്ന കാര്യങ്ങളുമായി ആരൊക്കെ വന്നാലും അവര്‍ കര്‍ശനമായി നടപടികള്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് നിപ സ്ഥിരീകരിച്ചെന്ന വിവരം അറിയിച്ചു കൊണ്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. കോഴിക്കോട് നിപ് ബാധിച്ച സമയത്ത്, മോഹനന്‍ വൈദര്യര്‍. ജേക്കബ് വടക്കഞ്ചേരി തുടങ്ങിയവര്‍ ആരോഗ്യവകുപ്പിനെ തള്ളിപ്പറഞ്ഞ് തങ്ങളുടേതായ അവകാശവാദങ്ങളും കണ്ടെത്തലുകളുമായി വന്നിരുന്നു. നവമാധ്യമങ്ങളിലൂടെ ഇവര്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. ഇത് ജനങ്ങളില്‍ തെറ്റിദ്ധാരണകളും സംശയങ്ങളും ഉണ്ടാക്കാന്‍ കാരണമായി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുകയും മോഹന്‍ വൈദ്യര്‍, ജേക്കബ് വടക്കഞ്ചേരി എന്നിവര്‍ക്ക് താക്കിത് നല്‍കുകയും ചെയ്തു.വീണ്ടും ഇവര്‍ തങ്ങളുടെ പ്രചാരണങ്ങളുമായി മുന്നോട്ടു പോയതിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തവണയും ഇതേ ആള്‍ക്കാര്‍ ആരോഗ്യവകുപ്പിനെ തള്ളിപ്പറഞ്ഞുകൊണ്ട് തങ്ങളുടെ വാദവുമായി എത്തിയിട്ടുണ്ട്. എറണാകുളത്ത് നിപ ഉണ്ടായിട്ടില്ലെന്നും നിപ വെറും തട്ടിപ്പാണെന്നും മരുന്ന് മാഫിയകളാണ് ഇതിനു പിന്നിലെന്നുമാണ് പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരി ഒരു സെല്‍ഫി വീഡിയോ വഴി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയും ഇതു തന്നെയായിരുന്നു വാദം. വൗവ്വാലുകള്‍ വഴിയാണ് നിപ വൈറസ് പടരുന്നതെന്ന് ലോകത്തിലെ തന്നെ ആരോഗ്യവിദഗ്ധര്‍ പറയുമ്പോഴും വൗവ്വാലുകള്‍ രോഗം പരുത്തുന്നില്ലെന്നായിരുന്നു മോഹന്‍ വൈദ്യര്‍ പറഞ്ഞു നടന്നത്. വൗവ്വാലുകള്‍ ഭക്ഷിച്ചതിന്റെ ബാക്കിയെന്ന അവകാശവാദത്തോടെ മാമ്പഴങ്ങള്‍ മുറിച്ച് കഴിക്കുന്നതിന്റെ വീഡിയോ മോഹന്‍ വൈദ്യരും പ്രചരിപ്പിച്ചിരുന്നു.

ഇത്തരക്കാര്‍ ഇത്തവണയും ജനങ്ങളെ ആശങ്കപ്പെടുത്താന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നാണ് ആരോഗ്യമന്ത്രി ഉറപ്പിച്ചു പറയുന്നത്. നമ്മളിതിനെ നേരിടും, അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ലോകത്തിന്റെ ഏതു കോണിലും കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ഇവിടെ ലഭ്യമാക്കും. മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള എല്ലാ സംവിധാനവും സ്വീകരിക്കും. അതിനുള്ള കാര്യങ്ങളെല്ലാം സജ്ജമാണ്. അതുകൊണ്ട് ആരും ഭയപ്പെടരുത്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ അബദ്ധങ്ങള്‍ ആരും പ്രചരിപ്പിക്കുകയുമരുത്. ഇത് സര്‍ക്കാര്‍ കര്‍ശനമായി നല്‍കുന്ന നിര്‍ദേശമാണ്. മോഹനന്‍ വൈദ്യര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നയാള്‍ കഴിഞ്ഞ തവണ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാമ്പഴം കടിച്ചു കാണിച്ചിട്ട്, വൗവ്വാല്‍ കടിച്ചതൊക്കെ ഞാന്‍ കടിച്ചു തിന്നും നിങ്ങളും തിന്നോളൂ എന്നു പറഞ്ഞിരുന്നു. അമ്മതാരി എങ്ങാനും ഇത്തവണയും ഉണ്ടായാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും. വളരെയേറെ ശ്രദ്ധവേണ്ടി വരുന്ന ഒരു സമയത്ത് ഇതുപോലുള്ള അബദ്ധജടിലമായിട്ടുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നാട്ടുകാര്‍ ബഹിഷ്‌കരിക്കണം. അങ്ങനെയുള്ളവര്‍ പറയുന്നതൊന്നും കേള്‍ക്കരുത്. സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര ആരോഗ്യവകുപ്പും നല്‍കുന്ന മുന്നറിപ്പുകളും നിര്‍ദേശങ്ങളും എല്ലാവരും അനുസരിക്കണം. പൊതുവായൊരു മാര്‍ഗനിര്‍ദേശം എല്ലാവരും സ്വീകരിച്ച് മുന്നോട്ടു പോണം. നമുക്ക് ഒരുമിച്ച് നിന്ന് ഇതിനെ നേരിടാം; ശൈലജ ടീച്ചറുടെ വാക്കുകള്‍.

നിപ്പ വൈറസിന്റെ നാച്വറല്‍ കാരിയറായി കണക്കാക്കുന്നത് വൗവ്വാലുകളെ തന്നെയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു. മറിച്ചുള്ള പ്രചാരണങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നാണ് മന്ത്രി പറയുന്നത്. വൗവ്വാലുകളുടെ സ്രവങ്ങള്‍ വഴിയാണ് വൈറസുകള്‍ പകരുന്നത്. ഈ വൈറസ് പന്നി, കുതിര തുടങ്ങിയ മൃഗങ്ങളിലേക്കും പകരുന്ന സാഹചര്യമുണ്ട്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അഞ്ചോ ആറോ ഇടങ്ങളില്‍ മാത്രമാണ് ലോകത്ത് നിപ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് പുതിയതായി ഉണ്ടായിട്ടുള്ളൊരു ജന്തുജന്യരോഗമായി(Newly Emerging Zoonoses) ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് നിപ. മൃഗങ്ങളിലേക്ക് കൂടി ഇത് പകരാതിരിക്കാന്‍ വെറ്റിനറി വിഭാഗത്തിന്റെ സഹായം തേടുന്നുണ്ട്. വൗവ്വാലുകളുടെ ഉമിനീരു വഴിയാണ് ഈ വൈറസ് പടരുന്നതെന്ന് ലോകത്ത് കണ്ടുപിടിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ വൗവ്വാല്‍ മൊത്തിയ പാത്രത്തില്‍ നിന്നും കള്ള് കുടിച്ചവര്‍ നിപ വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. വൗവ്വാലുകളുടെ സാന്നിധ്യമുള്ളിടത്ത് സുരക്ഷിതമായി വയ്ക്കാത്ത ഭക്ഷണസാധങ്ങള്‍ കഴിക്കാതിരുക്കുക. വൗവ്വാലുകള്‍ കടിച്ചുപേക്ഷിച്ച മാമ്പഴങ്ങള്‍ കഴിക്കാതിരിക്കുക. പഴങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി വേണം കഴിക്കാന്‍; ശൈലജ ടീച്ചര്‍ ജനങ്ങളോടുള്ള നിര്‍ദേശങ്ങളായി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍