UPDATES

ട്രെന്‍ഡിങ്ങ്

ചാലക്കുടി സ്വദേശിക്ക് നിപയല്ല; ഡിസംബര്‍ തൊട്ട് സംശയിക്കുന്ന എല്ലാ സാമ്പിളുകളും ശേഖരിച്ച് നിപ പരിശോധനയ്ക്ക് അയച്ചിരുന്നെന്ന് കെ കെ ശൈലജ

നിപ ബാധിച്ചതിന്റെ ഉറവിടം എവിടെയാണെന്നു കണ്ടുപിടിക്കാനുള്ള വിദഗ്ധ സംഘത്തിന്റെ അന്വേഷണം നടക്കുന്നേയുള്ളൂ

നിപ സംശയത്തിന്റെ പേരില്‍ പുതിയതായി ആരെയും ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ചാലക്കുടി സ്വദേശിക്ക് നിപ സംശയമാണോയെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ വൈറല്‍ ഫീവര്‍ പടരുന്നുണ്ട്. നിപയ്ക്ക് പറയുന്ന ലക്ഷണങ്ങള്‍ വൈറല്‍ ഫീവറിനും ഉണ്ടാകുന്നതുകൊണ്ട്, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ശാരീരിക അസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് ചാലക്കുടിയിലുള്ള വ്യക്തി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ചുമയും പനിയും ഉള്ളതിനാല്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നു മാത്രം. അതല്ലാതെ ഇത് നിപയാണെന്ന് പറഞ്ഞിട്ടില്ല; ആരോഗ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ നിപയുടെ ലക്ഷണങ്ങളോടു കൂടി വരുന്ന പനി ബാധിച്ചവരുടെ മുഴുവന്‍ പരിശോധനയും ആരോഗ്യവകുപ്പ് നടത്തി വരുന്നുണ്ടായിരുന്നതായും മന്ത്രി പറഞ്ഞു. ഡിസംബര്‍ തൊട്ട് ജൂണ്‍ വരെയുള്ള സീസണില്‍ സംശയിക്കുന്ന എല്ലാ സാമ്പിളുകളും ശേഖരിച്ച് നിപ ആണോയെന്നു കണ്ടെത്താന്‍ വേണ്ടി പരിശോധനയ്ക്ക് അയച്ചിരുന്നു. സര്‍ക്കാര്‍ സ്വമേധയാ ചെയ്‌തൊരു പ്രവര്‍ത്തിയായിരുന്നു. ഇത്തരത്തില്‍ പരിശോധിച്ച റിസള്‍ട്ടുകള്‍ എല്ലാം തന്നെ നെഗറ്റീവ് ആയിരുന്നു. ആ റിസള്‍ട്ടുകളെല്ലാം സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇപ്പോള്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍പ് സാമ്പിള്‍ പരിശോധിക്കാതെ പോയി മരണം സംഭവിച്ച കേസുകള്‍ ഉണ്ടോയെന്നറിയാന്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ച് മരിച്ചവരുടെ മുഴുവന്‍ കണക്കുകളും ശേഖരിക്കുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.

നിപ്പ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവരെ മാത്രമല്ല, അതിനു പുറത്തും രോഗലക്ഷണങ്ങള്‍ ഉണ്ടെന്നു തോന്നുവരെയെല്ലാം തന്നെ നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിയുമായി ഏതെങ്കിലും തരത്തില്‍ ഒരുമിച്ച് ഇരിക്കുകയോ സംസാരിക്കുകയോ അടുത്തിടപഴകുകയോ ചെയ്തിട്ടുള്ളവരെയാണ് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥി ഫോണ്‍ ചെയ്തവരെ വരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഫോണില്‍ സംസാരിച്ചവര്‍ ഏതെങ്കിലം സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയുമായി കാണാന്‍ ഇടവന്നിരുന്നോ എന്നറിയാനാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടിട്ടുള്ളവരെ ചേര്‍ത്ത് തയ്യാറാക്കിയ കോണ്‍ടാക്റ്റ് ലിസ്റ്റിനു പുറത്തുള്ളവര്‍ക്കും- വിദ്യാര്‍ത്ഥിയുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്തവര്‍-പനി വരുന്നുണ്ട്. അത് പറവൂര്‍ ഉള്ളവര്‍ക്കും തൊടുപുഴയില്‍ ഉള്ളവര്‍ക്കുമൊക്കെ വരുന്നുണ്ട്. എന്നാല്‍ അവരെയും കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി അറിയിക്കുന്നു. അതേസമയം തന്നെ ഇത്തരം ആളുകളുടെ കാര്യത്തിലും ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുമായി നേരിട്ട് ഒരു കോണ്‍ടാക്റ്റും ഇവര്‍ക്കില്ലെങ്കില്‍ പോലും പനി, ചുമ തുടങ്ങിയ രോഗലക്ഷ്ണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവരെയും നിരീക്ഷത്തില്‍ ആക്കും; കെ കെ ശൈലജ പറയുന്നു.

നിപ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയിലെ പുരോഗതി തുടരുകയാണെന്നും മന്ത്രി പറഞ്ഞു. നിപ സംശയത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ചു പേരുടെ രക്തസാമ്പിളുകള്‍ പൂനെയിലെ വൈറോളജി ലാബില്‍ അയച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധന ഫലം രണ്ടു ദിവസം കഴിഞ്ഞേ കിട്ടൂ. അതുവരെ സാധാരണ ചികിത്സയാണ് നല്‍കുന്നത്. നിപ പ്രതിരോധത്തിന് ഉപയോഗിക്കുന്ന പ്രത്യേക മരുന്നായ ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡീസ് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരായതിനാല്‍ മരുന്ന് ഉടനെ നല്‍കേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

അതേസമയം നിപ ബാധിച്ചതിന്റെ ഉറവിടം എവിടെയാണെന്നു കണ്ടുപിടിക്കാനുള്ള വിദഗ്ധ സംഘത്തിന്റെ അന്വേഷണം നടക്കുന്നേയുള്ളൂവെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകുുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. നിരീക്ഷണത്തില്‍ ഉള്ള 311 പേരുടെ കണക്കുകള്‍ ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാകുമെന്ന കാര്യവും മന്ത്രി പറഞ്ഞു.

Read More: നിപ കേരളത്തില്‍ സൃഷ്ടിക്കുന്ന സാമൂഹിക, മാനസിക പ്രശ്നങ്ങള്‍; 2018-ലെ അനുഭവം നല്‍കുന്ന പാഠങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍