UPDATES

ഒടുവില്‍ അതിജീവന പോരാട്ടത്തില്‍ അവര്‍ വിജയിച്ചു; സ്ഥിരമല്ലെങ്കിലും നിപ കാലത്തെ താത്കാലിക ജീവനക്കാര്‍ക്ക് വീണ്ടും ജോലി

ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ലെങ്കിലും തുടര്‍ച്ചയായി ജോലി ലഭിക്കുമെന്നതാണ് സമരക്കാര്‍ ആശ്വാസമായി പറയുന്നത്

സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെങ്കിലും നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിച്ച താത്കാലിക ജീവനക്കാര്‍ വീണ്ടും ജോലിയിലേക്ക്. കഴിഞ്ഞ 20 ദിവസമായി നടത്തി വന്ന സമരത്തിനൊടുവിലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഭാഗികമായെങ്കിലും ആശ്വാസം നല്‍കുന്ന വാര്‍ത്ത ഈ മനുഷ്യരെ തേടിയെത്തിയത്. മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ സമരത്തില്‍ ഉണ്ടായിരുന്ന 47 പേരെയും വീണ്ടും താത്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിപ്പിക്കും. നാളെ മുതല്‍(തിങ്കളാഴ്ച്ച) ഓഗസ്റ്റ് 31 വരെ ഇവര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷനു(എന്‍എച്ച്എം) കീഴിലായിരിക്കും ജോലി നല്‍കുക. സെപ്തംബര്‍ ഒന്നു മുതല്‍ മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കും.

അതേസമയം ഇവരെ സ്ഥിരപ്പെടുത്തുക എന്ന പ്രായോഗികമല്ലെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറായില്ല. നേരത്തെ ആരോഗ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ ആവശ്യത്തില്‍ നിന്നും പിന്മാറിയാണ് ഇപ്പോള്‍ താത്കാലിക ജീവനക്കാരായിട്ടാണെങ്കിലും തുടര്‍ന്നും ജോലി ലഭിക്കുമെന്ന കരാറില്‍ സമരക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്. ശനിയാഴ്ച്ച വൈകിട്ടോടെ സമരം അവസാനിപ്പിച്ചിരുന്നു. രേഖാമൂലം ഉറപ്പ് കിട്ടിയതോടെയായിരുന്നു സമരം പിന്‍വലിച്ചത്.

ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ലെങ്കിലും തുടര്‍ച്ചയായി ജോലി ലഭിക്കുമെന്നതാണ് സമരക്കാര്‍ ആശ്വാസമായി പറയുന്നത്. അഭിമുഖങ്ങളൊന്നും നടത്താതെ തന്നെ ഇവരുടെ കരാര്‍ പുതുക്കി നല്‍കാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. മൂന്നു മാസത്തേക്കായിരിക്കും ഓരോ നിയമനവും നടത്തുക. ആ കാലാവധി കഴിയുമ്പോള്‍ വീണ്ടും പരസ്യം നല്‍കി അഭിമുഖങ്ങളൊന്നും നടത്താതെ ഇവരെ തന്നെ ജോലിക്ക് കയറ്റാമെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.

സ്ഥിരപ്പെടുത്താമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതുകൊണ്ട് ഇപ്പോഴത്തെ ഒത്തുതീര്‍പ്പില്‍ തങ്ങള്‍ പൂര്‍ണ സംതപ്തരല്ലെങ്കിലും സ്ഥിരമായി ജോലി ലഭിക്കുമെന്നുള്ളത് ആശ്വാസമാണെന്നാണ് സമരം നടത്തി വന്നവര്‍ പറയുന്നത്.

നിപ വൈറസ് ബാധ കേരളത്തെയാകെ ഭീതിയിലാഴ്ത്തിയപ്പോള്‍ ധൈര്യസമേതം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തവരാണ് ഇവര്‍. നിപ നിയന്ത്രണവിധേയമാക്കി കഴിഞ്ഞ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ ഇവരും ആദരിക്കപ്പെട്ടിരുന്നു. താത്കാലിക ജീവനക്കാരായ ഇവര്‍ക്ക് ജോലിയില്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്നായിരുന്നു അന്ന് ആരോഗ്യമന്ത്രി കൊടുത്ത ഉറപ്പ്. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ സമരത്തിനിറങ്ങിയത്. ജോലി നഷ്ടപ്പെട്ടതോടെ ജീവിക്കാന്‍ മാര്‍ഗമില്ലാതായ ഇവരില്‍ പലരും നിപ കാലത്ത് സ്വന്തം ജീവന്‍ വകവയ്ക്കാതെ ഐസലേഷന്‍ വാര്‍ഡുകളില്‍ ജോലി നോക്കിയവരാണ്. നിപ രോഗികളുമായി ഏറെ അടുത്ത് ഇടപഴകേണ്ടി വന്നവരുമാണ്. ഒന്നരമാസക്കാലം കുടുംബവും ബന്ധുക്കാരെയും നാടുമെല്ലാം ഉപേക്ഷിച്ച് മെഡിക്കല്‍ കോളേജില്‍ തന്നെ സേവനത്തില്‍ ആയിരുന്നു. ജോലി സ്ഥിരപ്പെടുത്തി കിട്ടുമെന്ന വാക്കില്‍ ആയിരുന്നു ഇവര്‍ ബാക്കിയെല്ലാം മറന്ന് പ്രതീക്ഷയര്‍പ്പിച്ചത്. ആരോഗ്യമന്ത്രി ഉള്‍പ്പെടെ വാഗ്ദാനം നല്‍കിയപ്പോള്‍ ആ പ്രതീക്ഷ യാഥാര്‍ത്ഥ്യമാകുമെന്നും അവര്‍ ഉറപ്പിച്ചു.

എന്നാല്‍ നിപ കീഴടക്കപ്പെട്ടതോടെ ഇവരുടെ കാര്യം എല്ലാവരും അവഗണിക്കുകയായിരുന്നു. തങ്ങള്‍ക്ക് കിട്ടിയ വാഗ്ദാനം ലംഘിക്കപ്പെട്ടപ്പോള്‍ ആദ്യം ഇവര്‍ ഒരു സമരം നടത്തിയിരുന്നു. ആ സമരം ഒത്തുതീര്‍പ്പായിട്ടും ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നില്ലെന്നു കണ്ടതോടെയാണ് മേയ് 27ന് ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി നോക്കിയിരുന്നവര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുന്നു. 27 മുതല്‍ ആറു ദിവസക്കാലം നിരാഹാരമിരുന്നത് ശുചീകരണത്തൊഴിലാളിയായ രാജേഷ് ആയിരുന്നു. കൃത്യമായ ബോധവത്കരണം പോലും കിട്ടാതെയാണ് രാജേഷ് ഐസലേഷന്‍ വാര്‍ഡില്‍ ജോലിക്ക് നിന്നത്. രാജേഷിന്റെയും പിന്നാലെ ജോലിക്ക് കയറിയ കെ യു ശശിധരന്റെയും ഒരു ഫോട്ടോയാണ് ഇന്നും നിപ കാലത്തിന്റെ പ്രതീകമായി കൊണ്ടാടപ്പെടുന്നത്. സാജന്‍ വി. നമ്പ്യാര്‍ എടുത്ത് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച, മഴയത്ത് പിപിഇ കിറ്റും ധരിച്ച് നിപ രോഗിയുടെ വസ്ത്രങ്ങളും സ്രവങ്ങളും മാലിന്യങ്ങളും വണ്ടിയില്‍ തള്ളിക്കൊണ്ടു പോകുന്ന രണ്ടു ജീവനക്കാര്‍ രാജേഷും ശശിധരനുമായിരുന്നു. ആദരവുകളും ഉപഹാരങ്ങളുമൊക്കെ അവര്‍ക്ക് കിട്ടിയിരുന്നുവെങ്കിലും ജോലി എന്ന വാഗ്ദാനം മാത്രം ലംഘിക്കപ്പെട്ടു. അതിനെക്കുറിച്ച് ആരും പിന്നെ സംസാരിച്ചുമില്ല. ഇത്രയൊക്കെ പ്രശംസിക്കപ്പെട്ടവരായിരുന്നിട്ടും ഇവരുടെ സമരവും അധികൃതരും സമൂഹവും വേണ്ടത്ര ശ്രദ്ധിച്ചുമില്ല.

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തില്‍ രാജേഷിനെയും ശശിധരനെയും അടിസ്ഥാനമാക്കിയെന്ന തരത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളെ സിനിമയുടെ ആരും വന്നു കാണുകപോലും ചെയിതിട്ടില്ലെന്നും തങ്ങളിപ്പോഴും ജീവിക്കാന്‍ വഴിതേടി സമരം ചെയ്യുകയാണെന്നും രാജേഷും ശശിധരനും തുറന്നു പറഞ്ഞതോടെയാണ് ഈ താത്കാലിക ജീവനക്കാരുടെ അവസ്ഥയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ വീണ്ടും പതിഞ്ഞത്. എതായാലും ഇപ്പോള്‍ തങ്ങളുടെ സമരത്തിന് ഒരു ഫലം കണ്ടതിന്റെ ആശ്വാസത്തിലാണ് രജേഷും ശശിധരനും മറ്റുള്ളവരുമെല്ലാം. പട്ടിണി കൂടാതെ കുടുംബത്തെ പോറ്റാന്‍ കഴിയുമല്ലോ എന്നതു മാത്രമാണ് ഇപ്പോള്‍ തങ്ങളെ സന്തോഷിപ്പിക്കുന്നതെന്നാണ് രാജേഷ് സമരം അവസാനിപ്പിച്ചതിനെ കുറിച്ച് പറയുന്നത്.

വൈറസിലെ അറ്റന്‍ഡര്‍ ബാബു ഞങ്ങളല്ല; സര്‍ക്കാരും വന്നില്ല സിനിമാക്കാരും വന്നില്ല ഞങ്ങളെക്കാണാന്‍; നിപ കാലത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത താത്കാലിക ജീവനക്കാര്‍ ഇപ്പോഴും സമരത്തിലാണ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍