UPDATES

ട്രെന്‍ഡിങ്ങ്

വടക്കേക്കര പഞ്ചായത്ത് ഒരുമിച്ചുനിന്നു; ആദ്യം പ്രളയത്തെ തോല്‍പ്പിച്ചു, ഇപ്പോള്‍ നിപയേയും

ഇനിയീ നാടിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം പറയുമ്പോള്‍, അതില്‍ വടക്കേക്കരയ്ക്കും സ്ഥാനം കാണും

വടക്കേക്കര പഞ്ചായത്തിനെ ഞെട്ടിച്ചു കൊണ്ട് ആദ്യം വന്ന അപ്രതീക്ഷിത ദുരന്തം പ്രളയമായിരുന്നു. നാശം വിതച്ചു പോയ പ്രളയത്തില്‍ നിന്നും കരകയറി വന്ന നാടിനെ വീണ്ടും ഭീതിയിലാഴ്ത്തിയത് നിപയാണ്. വടക്കേക്കര പഞ്ചായത്തിലെ താമസക്കാരനാണ് നിപ വൈറസ് സ്ഥിരീകരിക്കപ്പെട്ട വിദ്യാര്‍ത്ഥി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ പടര്‍ത്തിയ ഭീകരാന്തരീക്ഷം വടക്കേകരയേയും മൂടി. ജനങ്ങള്‍ പരിഭ്രാന്തരായി. എന്നാല്‍, പേടിയും തെറ്റിദ്ധാരണകളും ജനങ്ങളെ കീഴടക്കിയാല്‍ സംഭവിക്കുന്ന വിപത്ത് മനസിലാക്കി ആ നാട് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വടക്കേക്കര ശാന്തമാണ്. ജനങ്ങളില്‍ നിന്നും പേടിയൊഴിഞ്ഞിരിക്കുന്നു. ആരോഗ്യനിലയില്‍ പുരോഗതി പ്രാപിച്ച് ജീവിതത്തിലേക്ക് മടങ്ങി വരുന്ന ആ വിദ്യാര്‍ത്ഥിയെ പോലെ, ഈ നാടും സമാധാനത്തിലേക്ക് നീങ്ങുകയാണ്. ഇനിയീ നാടിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം പറയുമ്പോള്‍, അതില്‍ വടക്കേക്കരയ്ക്കും സ്ഥാനം കാണും.

തങ്ങളുടെ നാട്ടിലെ ഒരു വിദ്യാര്‍ത്ഥിക്ക് നിപ ആണെന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ് ഈ ചെറിയ പ്രദേശത്തെ മനുഷ്യര്‍ കേട്ടത്. കോഴിക്കോട് പേടിപ്പിക്കുന്നൊരു ഓര്‍മയായി അവരുടെ മനസില്‍ ഉണ്ടായിരുന്നു. അവരെ ഭയപ്പെടുത്തിയതും അതു തന്നെയായിരുന്നു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ആംബ്രോസ് കെ എമ്മിന്റെ വാക്കുകളിലും ആദ്യത്തെ ആ ഭയം ഉണ്ടായിരുന്നു. നിപ എന്ന വാക്ക് തന്നെ നടുക്കമുണ്ടാക്കുന്നതാണ്. നമ്മുടെ നാട്ടിലും നിപ ബാധയുണ്ടായി എന്നറിഞ്ഞപ്പോള്‍ ആ നടുക്കം ഞങ്ങളെയും പിടികൂടിയിരുന്നു. എന്തു ചെയ്യണമെന്നറിയാത്തൊരു അവസ്ഥ. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് നിപയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ അന്തരീക്ഷം മാറി. ജനങ്ങള്‍ പേടിക്കാന്‍ തുടങ്ങി. ആ സാഹചര്യം വലുതായാല്‍ കൂടുതല്‍ അപകടകരമാകുമെന്ന് മനസിലാക്കി, ഞങ്ങള്‍ ഉടന്‍ തന്നെ രംഗത്തിറങ്ങി. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമല്ലെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. മൂത്തംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ശോഭ, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പറവവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പള്ളി എന്നിവരെ ബന്ധപ്പെട്ട് വിവരം തിരക്കിയപ്പോള്‍ രോഗത്തെക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് പറഞ്ഞത്. പിറ്റേദിവസം ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ വാര്‍ത്ത കുറിപ്പ് ഇറക്കി. രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് കൂടി വന്നാലെ വ്യക്തമാകുമെന്നും എന്നാല്‍ എല്ലാ മുന്‍ കരുതലുകളും തുടങ്ങി എന്നും ആസ്‌ട്രേലിയയില്‍ നിന്നും എത്തിച്ച മരുന്നുകള്‍ ഉള്‍പ്പെടെ സര്‍വ്വ സന്നാഹവും ആരോഗ്യവകുപ്പ് ഒരുക്കിക്കഴിഞ്ഞു എന്നും ആരോഗ്യമന്ത്രി പറഞ്ഞതോടെ എല്ലാവര്‍ക്കും വലിയ ധൈര്യവും പ്രതീക്ഷയുമായി.

ഇതിനിടയില്‍ രോഗിയായ വിദ്യാര്‍ത്ഥിയുടെ കൂട്ടുകാരായ 14 പേര്‍ ഭയപ്പാടിലായി. 20 നും 22 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു അവര്‍. വിദ്യാര്‍ത്ഥികളും ജോലിക്കാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും പേടിച്ച് വാര്‍ഡ് മെംബര്‍ മേഴ്‌സിയെ കണ്ടു. മെംബര്‍ വിവരം പഞ്ചായത്ത് പ്രസസിഡന്റിനെ അറിയിച്ചു. ഉടന്‍ തന്നെ പഞ്ചായത്തില്‍ നിന്നും പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. പേടിക്കേണ്ട കാര്യമില്ലെന്നും എല്ലാവരോടും വീടുകളില്‍ തന്നെ കഴിയാനും നിര്‍ദേശം കിട്ടി. അവര്‍ക്ക് ഫോണിലൂടെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ കൂടുതല്‍ ഭയപ്പാടിലായി.രോഗിയുമായി ഇടപഴകിയവര്‍ ഇതുവഴി നടന്നു പോയിട്ടുണ്ട്, ഇവിടങ്ങളിലൊക്കെ വന്നിട്ടുണ്ടെന്ന തരത്തില്‍ ജനങ്ങള്‍ ആശങ്ക പങ്കുവച്ചു. കാര്യങ്ങള്‍ കൈവിട്ടു പോകരുതെന്ന് അതോടെ പഞ്ചായത്ത് തീരുമാനിച്ചു. ഒട്ടും സമയം പാഴാക്കാതെ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേര്‍ത്തു. വളരെ പെട്ടെന്ന് വിളിച്ചു ചേര്‍ത്ത യോഗമായിട്ടും എല്ലാവരും യോഗത്തില്‍ എത്തിച്ചേര്‍ന്നു. വിഷയത്തിന്റെ ഗൗരവം എല്ലാവര്‍ക്കും മനസിലായി. രാഷ്ട്രീയമെല്ലാം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി. എന്തു തന്നെയായാലും ഈ നാട് അത് നേരിടുമെന്നവര്‍ തീരുമാനിച്ചു. ബന്ധപ്പെട്ട വീടുകളില്‍ പഞ്ചായത്ത് പ്രസിഡന്റ് ആംബ്രോസ്, വാര്‍ഡ് മെമ്പര്‍ മേഴ്‌സി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ഷീബ, ജോസ്, പ്രകാശന്‍ തുടങ്ങിയവരെല്ലാം കൂടി ഒരുമിച്ചു പോയി വീട്ടുകാരെയും കൂട്ടുകാരെയും ഒക്കെ കണ്ടു. അവര്‍ക്കും ധൈര്യം പകര്‍ന്നു. ആ സാഹചര്യത്തില്‍ അതല്ലാതെ മറ്റെന്തു ചെയ്യണമെന്നവര്‍ക്കറിയില്ലായിരുന്നു. എന്നാല്‍ ജനങ്ങള്‍ ഭീതിയിലേക്ക് വീഴാതെ കാക്കാന്‍ ആ സന്ദര്‍ശനങ്ങള്‍ക്ക് കഴിഞ്ഞു.

പിറ്റേന്നാണ്(ജൂണ്‍ നാല്, ചൊവ്വ) നിപ സ്ഥിരീരിക്കപ്പെടുന്നത്. അതിനകം മാധ്യമങ്ങളില്‍ സത്യവും അസത്യവുമായ വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. ഇത് വടക്കേക്കരയില്‍ ഭീതി നിലനിര്‍ത്തി. എന്നാല്‍ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും പഞ്ചായത്തും എല്ലാ പരിഭ്രാന്തികളെയും ശാന്തമാക്കാന്‍ ഉടന്‍ തന്നെ രംഗത്തെത്തി. ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ എഴിക്കരയില്‍ യോഗം ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളില്‍ തീരുമാനം എടുത്തു. രോഗിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോഗ്യ വിവരങ്ങള്‍ ഫോണ്‍ വഴി അന്വേഷിച്ചറിയാന്‍ തുടങ്ങി. മെഡിക്കല്‍ സംഘം നേരിട്ട് പ്രദേശത്ത് എത്തുമെന്ന് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഡപൂട്ടി ഡിഎംഒ ഡോ: ഷീജയുടെ നേതൃത്വത്തില്‍ ഡോ: ശോഭ, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവരെ വീടുകളില്‍ ചെന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതുവരെ എല്ലാവരിലും ഉണ്ടായിരുന്ന ഭീതിയെ അകറ്റാന്‍ ഈ സന്ദര്‍ശനം സഹായിച്ചു. ബുധനാഴ്ച രാവിലെ ഡെപ്യൂട്ടി ഡിഎംഒ ഡോ. വിദ്യയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. എല്ലാവരുടെയും സഹായവും ഐക്യവും ഈ സാഹചര്യത്തില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം മനസിലാക്കി വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും ജനാധിപത്യ മഹിളാ പ്രസ്ഥാനങ്ങളുടെയും പ്രധാന പ്രവര്‍ത്തകരും അംഗന്‍വാടി വര്‍ക്കര്‍മാരും ആശാ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തു. ജനങ്ങളില്‍ അപ്പോഴും ആശങ്കയും പേടിയും ബാക്കി നില്‍ക്കുകയായിരുന്നു. രോഗിയുടെ വീട്ടുകാരും അടുത്തിടപഴകിയ കൂട്ടുകാരും ഈ ആശങ്കകളുടെ പുറത്ത് അകറ്റി നിര്‍ത്തപ്പെടുമെന്ന് തോന്നിയതോടെ അത്തരമൊരു സാഹചര്യം ഇല്ലതാക്കേണ്ടതും പഞ്ചായത്തിന്റെ ആവശ്യമായിരുന്നു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സംഘമായി ഈ വീടുകളില്‍ കയറി ചെല്ലാന്‍ തുടങ്ങിയതോടെ മറ്റുള്ളളവരില്‍ നിന്നും പേടിയൊഴിയാന്‍ കാരണമായി. ആരെയും അകറ്റി നിര്‍ത്തേണ്ടതില്ലെന്നും പേടിക്കേണ്ടതില്ലെന്നും ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താനും കഴിഞ്ഞു. കല്യാണം, മരണാനന്തര ചടങ്ങ് മുതലായവ നടത്താന്‍ കഴിയുമോ എന്ന ആശങ്കയും ചിലര്‍ക്കുണ്ടായിരുന്നു. അത്തരം നിയന്ത്രണങ്ങളൊന്നും ഇല്ലെന്നും അങ്ങനെയുള്ള സ്ഥിതി അവിടെയില്ലെന്നും ജില്ല ഭരണകൂടം അറിയിച്ചതോടെ ആളുകളില്‍ കൂടുതല്‍ ധൈര്യം ഉണ്ടായി വന്നു. കൂടാതെ ഉന്നതരായ ഉദ്യോഗസ്ഥര്‍ നിരന്തരം പഞ്ചായത്തില്‍ വ്ന്നു പോകാന്‍ തുടങ്ങിയതും ജനങ്ങളില്‍ ആശ്വാസമേകി. പൂനെ, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോസ്ഥര്‍ പലതവണ പഞ്ചായത്തില്‍ വന്നു പോയി. കൂടാതെ, ഡിഎംഒ, ഡപ്യൂട്ടി ഡിഎംഒ, അഡീഷണല്‍ ഡിഎംഒ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വടക്കേക്കരയില്‍ എത്തി. പക്ഷിമൃഗാദികള്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന സംശയം മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്നതോടെ തീര്‍ന്നു. രോഗിയുടെയും കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവരുടെയും വീടുകളില്‍ പ്രത്യേക ശ്രദ്ധയുമായി ആരോഗ്യവകുപ്പ് നിന്നു. ഇതിനിടയില്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും വടക്കേക്കരയിലെ സാഹചര്യങ്ങള്‍ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരെ പരിശോധിച്ചതില്‍ ആര്‍ക്കും വൈറസ് ബാധ ഇല്ല എന്ന കണ്ടെത്തലും നാട്ടിലാകെ വലിയ ആശ്വാസമായി.അങ്ങനെയെല്ലാം ആ ചെറിയ പഞ്ചാത്ത് ഒരു വലിയ ഭീതിയെ തരണം ചെയ്തു.

സര്‍ക്കാര്‍ അതീവ ജാഗ്രതയോടെ പ്രശ്‌നത്തെ കൈകാര്യം ചെയ്തതും മുഖ്യമന്ത്രിതന്നെ ആറാം തീയതി എറണാകുളത്ത് എത്തി കാര്യങ്ങള്‍ പരിശോധിച്ചതും കുറ്റമറ്റ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതിനു സഹായകരമായതായാണ് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ആംബ്രോസ് പറയുന്നത്. ഈയൊരു തിരിച്ചുവരവിന്, മഹാ പ്രളയത്തിനുശേഷം ഒരേ മനസ്സായി ഒറ്റക്കെട്ടായി നിന്ന ജനങ്ങള്‍ക്കും, ഒരു അപശബ്ദം പോലും ഇല്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത കേരള സര്‍ക്കാരിനും ആരോഗ്യവകുപ്പിനും, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാരിനും ഒറ്റക്കെട്ടായി നിന്ന് ധൈര്യം പകര്‍ന്ന മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ബഹുജന പ്രസ്ഥാനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദ്യമായ നന്ദി പറയുകയാണ് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റും ആ നാടും. ഒരുമിച്ച് നിന്നാല്‍ നമുക്ക് പ്രളയത്തെ മാത്രമല്ല, നിപയേയും തോല്‍പ്പിക്കാമെന്നാണ് വടക്കേക്കരക്കാര്‍ പറയുന്നത്.

Read More: പാലക്കാട് ഒരു ‘ഖാപ്’ പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍