ജോലി നഷ്ടപ്പെട്ട നാല്‍പ്പത്തിയഞ്ചു പേര്‍ക്കും തൊഴില്‍ ഉറപ്പു വരുത്താതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇവരുടെ പക്ഷം
“വാഗ്ദാനങ്ങള്‍ കുറേയായി കിട്ടുന്നു. ഇനി അതു വേണ്ട. തന്ന വാക്കുകള്‍ പാലിക്കുകയോ തരുന്ന വാഗ്ദാനങ്ങള്‍ രേഖാമൂലം തരികയോ ആണ് ചെയ്യേണ്ടത്. അതു വരെ ഞങ്ങള്‍ നിരാഹാരം കിടക്കും. മരണം വരെ നിരാഹാരമിരിക്കാന്‍ തന്നെയാണ് തീരുമാനം. ഒരാള്‍ മരിച്ചു വീഴുമ്പോള്‍ അടുത്തയാളിരിക്കും. ഇനി ഒത്തുതീര്‍പ്പിനൊന്നുമില്ല”, നിപാ വാര്‍ഡില്‍ ജോലി ചെയ്ത ശുചീകരണത്തൊഴിലാളികളാണ് പറയുന്നത്. ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്ന നാല്‍പ്പത്തിയഞ്ചു തൊഴിലാളികളുടെ വിഷയത്തില്‍ നാളിതു വരെ പരിഹാരമുണ്ടായിട്ടില്ല. അധികൃതരുടെ ഭാഗത്തു നിന്നും വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സത്യഗ്രഹം നിര്‍ത്തി അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടക്കുകയാണ് നിപാ വാര്‍ഡ് തൊഴിലാളികളുടെ സമരം.
ഡിസംബര്‍ 31-നാണ് നിപാ വാര്‍ഡില്‍ ജോലി ചെയ്ത താത്ക്കാലിക ജീവനക്കാരെ കാലാവധി കഴിഞ്ഞതിനാല്‍ തിരിച്ചയയ്ക്കുന്നത്. ജനുവരി 4-ന് അവരാരംഭിച്ച സത്യഗ്രഹം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. അത്യാവശ്യഘട്ടത്തില്‍ നിപാ വാര്‍ഡില്‍ ജീവന്‍ പണയം വച്ച് ജോലി ചെയ്യാനെത്തിയ ഇവര്‍ക്ക് സ്ഥിരജോലി നല്‍കുമെന്ന വാഗ്ദാനം ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജിന് തങ്ങളെ ഏറ്റവുമാവശ്യമുള്ള സമയത്തു ജോലിചെയ്തവരായതിനാല്‍, തങ്ങളെ അധികൃതര്‍ തഴയില്ലെന്ന് ഇവര്‍ വിശ്വസിക്കുകയും ചെയ്തു. എങ്കിലും കാലാവധി കഴിഞ്ഞപ്പോള്‍ ജോലി നഷ്ടമാകുകയായിരുന്നു.
നിപാ വാര്‍ഡിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കഴിവതും ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ചടങ്ങില്‍ സംസാരിക്കവേ അറിയിച്ചിരുന്നു. സത്യഗ്രഹം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതിരുന്ന മെഡിക്കല്‍ കോളേജ് അധികൃതര്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെ സമരക്കാരെ ചര്‍ച്ചയ്ക്കു വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല.
കഴിഞ്ഞ ദിവസവും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇവരെ രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇത്തവണയും അനുകൂല തീരുമാനമുണ്ടാകാഞ്ഞതിനാലാണ് നിരാഹാരത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. “മൂന്നു മാസം കൂടുമ്പോള്‍ കാലാവധി നീട്ടിത്തരാം, പക്ഷേ ഓരോ മൂന്നു മാസത്തിലും അഭിമുഖത്തില്‍ പങ്കെടുക്കണമെന്നാണ് അവര്‍ പറയുന്നത്. അതും നാല്‍പത്തിയഞ്ചു പേരെയും എടുക്കാന്‍ അവര്‍ക്കു സാധിക്കുകയുമില്ല. പന്ത്രണ്ടു പേരുടെ ഒഴിവാണ് ഇപ്പോഴുള്ളത്. ആ ഒഴിവു നികത്താനുള്ള ആളുകളെ ഇപ്പോള്‍ എടുത്തിട്ട്, പിന്നെ ഒഴിവു വരുന്ന മുറയ്ക്ക് ബാക്കിയുള്ളവരെയും എടുക്കും എന്നൊക്കെയാണ് ഇപ്പോള്‍ പറയുന്നത്. അത് എങ്ങനെ അംഗീകരിക്കാനാണ്? സ്ഥിരം നിയമനം എന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ടു പോകാന്‍ ഇനി ഞങ്ങള്‍ തയ്യാറല്ല. താത്ക്കാലികമായി ജോലിക്ക് കയറാം, പക്ഷേ മൂന്നു മാസത്തിനുള്ളില്‍ സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പു തരണം. അത് അവര്‍ക്കും സ്വീകാര്യമല്ല. സര്‍ക്കാര്‍ ഉത്തരവില്ലാതെ അവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് പറയുന്നു.
ഞങ്ങള്‍ ബുധനാഴ്ച പത്തു മണിയോടെ നിരാഹാരത്തിലേക്ക് കടക്കുകയാണ്. ആദ്യം ഒരാള്‍ നിരാഹാരമിരിക്കും. ഓരോരുത്തര്‍ മരിച്ചുവീഴുന്നതിനനുസരിച്ച് അടുത്തയാള്‍. മരണം വരെയോ, ഈ വിഷയത്തില്‍ തീരുമാനമാകുന്നതുവരെയോ നിരാഹാരമിരിക്കാനാണ് തീരുമാനം. മന്ത്രി വാക്കാല്‍ പറയുന്നതല്ലാതെ രേഖാമൂലം ഒന്നും കൈയില്‍ തന്നിട്ടില്ലല്ലോ. ഇനി വാക്കാലുള്ള ഒന്നും വേണ്ട എഴുതി കൈയില്‍ തരണം”, സമരപ്പന്തലിലുള്ള നേഴ്‌സിംഗ് അസിസ്റ്റന്റ് മിനി പറയുന്നു. നേഴ്‌സിംഗ് അസിസ്റ്റന്റ് എന്നൊരു പോസ്റ്റു പോലുമില്ല എന്ന നിലപാടിലാണ് ഇപ്പോള്‍ അധികൃതര്‍. ശുചീകരണത്തൊഴിലാളിയായി ജോലിക്കു കയറിക്കൊള്ളാനാണ് മിനിക്കു കിട്ടിയ നിര്‍ദ്ദേശം. ഏഴു മാസം ജോലി ചെയ്ത സര്‍ട്ടിഫിക്കറ്റില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് എന്നു രേഖപ്പെടുത്തിയിട്ടുള്ളപ്പോള്‍, അങ്ങനെയൊരു തസ്തിക പോലുമില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് മിനി ചോദിക്കുന്നു.
ജോലി നഷ്ടപ്പെട്ട നാല്‍പ്പത്തിയഞ്ചു പേര്‍ക്കും തൊഴില്‍ ഉറപ്പു വരുത്താതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇവരുടെ പക്ഷം. അധികൃതരും സര്‍ക്കാരും വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പോകുന്ന നിപാ വാര്‍ഡ് ജീവനക്കാരുടെ സമരത്തിന് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. മെഡിക്കല്‍ കോളജിലെ ഇന്റിപെന്‍ഡന്റ്‌സ് യൂണിയന്‍ ബ്ലാക്ക് മാസ്‌ക് ക്യാംപയിന്‍ എന്ന പേരില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള നീക്കം നടത്തിയിരുന്നു. കോളേജിലെ എസ്എഫ്ഐ യൂണിറ്റംഗങ്ങളും സമരക്കാര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കോഴിക്കോട്ടെ നിപാ വൈറസ് ബാധയെയും പ്രതിരോധത്തെയും തിരശ്ശീലയിലെത്തിക്കുന്ന ‘വൈറസ്’ സിനിമയുടെ ചിത്രീകരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കുമ്പോഴാണ് മറുവശത്ത് നിപാക്കാലത്ത് കേരളമാകെ ആദരിച്ച ശുചീകരണത്തൊഴിലാളികള്‍ ജോലിസ്ഥിരതയ്ക്കായി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. വൈറസ് സിനിമയുടെ ചിത്രീകരണസംഘം തങ്ങളെ വന്നു കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, തിരക്കുകള്‍ കാരണം സാധിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. “അവര്‍ക്കും ബുദ്ധിമുട്ടുണ്ടാകും. ഞങ്ങളെ വന്നു കണ്ടാല്‍ അക്കാരണം പറഞ്ഞ് പ്രിന്‍സിപ്പാള്‍ അവരോട് സാധനങ്ങളൊക്കെ കെട്ടിപ്പെറുക്കി ജോലി നിര്‍ത്തിപ്പൊയ്‌ക്കോളാന്‍ പറഞ്ഞാലോ?” പതിമൂന്നു ദിവസങ്ങള്‍ക്കു ശേഷവും സമരം പരിഹരിക്കപ്പെടാത്തതിലുള്ള നിരാശയാണ് മിനിയുടെ വാക്കുകളില്‍.