എന്നാല്‍ ഇവിടെ ജോലി ചെയ്തിരുന്ന 12 പേര്‍ ഇപ്പോഴും പുറത്താണ്
നിപ്പാ വാര്‍ഡ് ജീവനക്കാരുടെ അനിശ്ചിതകാല സമരം അവസാനിച്ചു. ആരോഗ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ക്ക് എതിരായി ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനെത്തുടര്‍ന്ന് ജനുവരി 4 മുതല്‍ 45 താത്ക്കാലിക ജീവനക്കാര്‍ സമരത്തിലായിരുന്നു. രാപ്പകല്‍ സത്യഗ്രഹമായി ആരംഭിച്ച സമരം, അധികൃതര്‍ ഇടപെടാത്തതിനെത്തുടര്‍ന്ന് നിരാഹാരത്തിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ പരിഗണിക്കുകയും ജോലി നഷ്ടപ്പെടാതെ നോക്കാമെന്ന വ്യവസ്ഥ രേഖാമൂലം ഉറപ്പാക്കുകയും ചെയ്തതോടെയാണ് നാലു ദിവസമായി നിരാഹാരസമരത്തിലായിരുന്ന താത്ക്കാലിക ശുചീകരണത്തൊഴിലാളി രജീഷ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നല്‍കിയ നാരങ്ങാനീരു കുടിച്ച് സമരം അവസാനിപ്പിച്ചത്.
നിപ്പാ വൈറസ് ബാധ മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്ന 2018 മേയ് 19 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി നോക്കിയിരുന്ന 26 പേര്‍ക്കാണ് ഉടനടി നിയമനം നല്‍കുക. നിശ്ചിത കാലയളവിലേക്ക് നല്‍കുന്ന നിയമനം കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പുതുക്കി നല്‍കി ജോലി സ്ഥിരമായി ലഭിക്കുന്ന അവസ്ഥയുണ്ടാക്കാമെന്ന് അധികൃതര്‍ വാക്കാല്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. ഇക്കാര്യം ആരോഗ്യമന്ത്രിയും നേരത്തേ ഉറപ്പു നല്‍കിയിരുന്നു. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സാങ്കേതിക തടസ്സം തിരിച്ചറിഞ്ഞാണ് സമരക്കാര്‍ ഈ വ്യവസ്ഥയ്ക്ക് തയ്യാറായത്. 4 നഴ്‌സുമാര്‍, 4 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 18 ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കാനാകുമെന്നാണ് കരുതുന്നത്. ഇവരില്‍ നഴ്‌സിംഗ് അസിസ്റ്റന്റുമാരും ശുചീകരണത്തൊഴിലാളികളായാണ് പ്രവേശിക്കുക.
സ്ഥിരമായി ജോലി നല്‍കാമെന്ന വ്യവസ്ഥ കഴിഞ്ഞ ചര്‍ച്ചകളിലെല്ലാം അധികൃതര്‍ മുന്നോട്ടു വച്ചിരുന്നെങ്കിലും, നേരത്തേ നല്‍കിയതു പോലുള്ള പാഴ്‌വാക്കാകുമോ എന്ന ഭയത്തിലായിരുന്നു തങ്ങളെന്ന് സമരക്കാര്‍ പറയുന്നു. രേഖാമൂലം ഉറപ്പു നല്‍കാന്‍ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, സമരപ്പന്തലില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പന്ത്രണ്ടോളം ജീവനക്കാര്‍ തത്ക്കാലത്തേക്ക് പുറത്തു നില്‍ക്കേണ്ടിവരും. 2018 ജൂണ്‍ 1 മുതല്‍ പല ദിവസങ്ങളിലായി ജോലിക്കു കയറിയവരാണ് ഈ പന്ത്രണ്ടു പേരും. ഔദ്യോഗികമായി നിപ വൈറസ് ബാധ അവസാനിച്ചതിനു ശേഷമുള്ള ദിവസങ്ങളാണിതെങ്കിലും അതു തിരിച്ചറിയാതെയാണ് പലരും ജൂണ്‍ മുതല്‍ ജോലി ചെയ്തിരുന്നതെന്നും വേറിട്ടു കാണേണ്ട ആവശ്യമില്ലെന്നും ഇവരിലൊരാളായ ശുചീകരണത്തൊഴിലാളി സിദ്ധീഖ് പറയുന്നു. “ജൂണ്‍ 2 ന് ഡെത്തായ രോഗിയുടെ മൃതദേഹമെല്ലാം സംശയമുള്ളതിനാല്‍ നിപ കാരണം മരിക്കുന്നയാളിന്റേതു പോലെത്തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ എല്ലാവരും എടുത്തത് ഒരേ റിസ്‌കാണ്,” സിദ്ധീഖ് പറയുന്നു.
നിപ്പാ വൈറസ് ഭയം ഏറ്റവും രൂക്ഷമായിരുന്ന കാലത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി നോക്കിയ സഹപ്രവര്‍ത്തകര്‍ക്ക് അതിനുള്ള പ്രതിഫലം പോരാടിയിട്ടാണെങ്കിലും ലഭിച്ചതില്‍ സിദ്ധീഖ് സന്തുഷ്ടനാണ്. എന്നാല്‍, പുറത്താക്കപ്പെട്ട പന്ത്രണ്ടു പേരില്‍ മറ്റുള്ളവര്‍ സംതൃപ്തരല്ല. ജൂണ്‍ അഞ്ചുവരെ ജോലിയില്‍ ഉണ്ടായിരുന്നവരെ പരിഗണിക്കണമെന്നായിരുന്നു ആദ്യത്തെ ആവശ്യമെന്നും മേയ് 31 എന്ന കണക്കിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് ലഭിക്കേണ്ട ജോലി നഷ്ടപ്പെടുകയാണെന്നും അവര്‍ പറയുന്നു. ഇത്രനാള്‍ സമരപ്പന്തലില്‍ ഇരുന്ന തങ്ങളുടെ പ്രതിഷേധത്തിന് ഫലമില്ലാതെ പോയെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍, തങ്ങള്‍ക്ക് ലഭിച്ചതുപോലെയുള്ള ആനുകൂല്യങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ട പന്ത്രണ്ടു പേര്‍ക്കും വാങ്ങിനല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സമരമിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റുമാരിലൊരാളായ മിനി പറയുന്നു. “ഞങ്ങളെ മെഡിക്കല്‍ കോളേജിലോ അനുബന്ധ സ്ഥാപനങ്ങളിലോ മുന്‍ഗണന നല്‍കി നിയമിക്കുമെന്നും, അതിനടുത്ത ഒഴിവുകളിലേക്ക് ഈ പന്ത്രണ്ടു പേരെ പരിഗണിക്കുമെന്നും എഴുതിത്തന്നിട്ടുണ്ട്. പ്രിന്‍സിപ്പാളിന്റേയും നഴ്‌സിംഗ് സൂപ്രണ്ടിന്റേയും അനാസ്ഥ കൊണ്ടുണ്ടായ പ്രശ്‌നമാണിത്. നിപ്പാ വാര്‍ഡില്‍ മേയ് 31 വരെ ജോലി ചെയ്തവര്‍ക്ക് മെഡിക്കല്‍ കോളജിന്റെ ആദരം നല്‍കുന്നതിനായി ലിസ്റ്റിട്ടപ്പോള്‍ ജൂണ്‍ 5 വരെയുള്ളവരുടെയും ലിസ്റ്റ് ചേര്‍ത്താണിട്ടത്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് ഈ 12 പേര്‍. അന്നു സംഭവിച്ച പിശകാണ് ഇന്ന് ഇവര്‍ യഥാര്‍ത്ഥ ലിസ്റ്റിനു പുറത്തായപ്പോഴുള്ള പ്രശ്‌നമായി മാറിയത്. ജോലി നല്‍കാമെന്ന് ആരോഗ്യവകുപ്പു നല്‍കിയ വാക്ക് മെഡിക്കല്‍ കോളേജ് അധികൃതര്‍ വളച്ചൊടിച്ചതാണ് ഇപ്പോള്‍ പതിനാറു ദിവസം നീണ്ടു നിന്ന സമരത്തിലെത്തിയത്.”
തങ്ങള്‍ക്കുള്ള നിയമന ഉത്തരവ് തിങ്കളാഴ്ചയോടെ കൈയിലെത്തുമെന്നും ലഭിച്ചാലുടന്‍ ജോലിയില്‍ പ്രവേശിക്കാമെന്നുമാണ് ഇവരുടെ പ്രതീക്ഷ. രേഖാമൂലമുള്ള ഉറപ്പ് കൈയിലുള്ളതിനാല്‍ ഇത്രനാളും കാത്തിരുന്നതുപോലെയുള്ള അനിശ്ചിതത്വമുണ്ടാവില്ലെന്ന ആശ്വാസത്തിലാണിവര്‍.