UPDATES

തുടങ്ങും മുമ്പേ കണ്ണൂര്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം വിവാദത്തില്‍; നടത്തിപ്പ് ചുമതല മതസ്ഥാപനത്തിനെന്ന് ആരോപണം

നിര്‍ഭയ പദ്ധതിയുമായി സഹകരിക്കാന്‍ ആരുവന്നാലും ജാതിയോ മതമോ നോക്കാതെ പരിഗണിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍

കണ്ണൂരില്‍ ആരംഭിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിന്റെ നടത്തിപ്പു ചുമതല ക്രിസ്ത്യന്‍ മതസ്ഥാപനത്തിനു നല്‍കാന്‍ നീക്കം നടക്കുന്നതായി ആരോപണം. സാമൂഹ്യ പ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നിര്‍ഭയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതിയ ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് കണ്ണൂരിലും ഷെല്‍ട്ടര്‍ഹോം തുറക്കാന്‍ അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ ലഭിച്ച അപേക്ഷകരില്‍ മതസ്ഥാപനത്തിന് മുഖ്യപരിഗണന നല്‍കിയതാണ് ആക്ഷേപത്തിനു കാരണമായിരിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്കു മുമ്പാണു കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന്റെ പേരില്‍ റോബില്‍ വടക്കാഞ്ചേരി എന്ന വൈദികനെ പോലീസ് അറ്സ്റ്റ് ചെയ്തത്. വൈദികനും സഹചാരികളും പെണ്‍കുട്ടിയുടെ കുടംബത്തെ ഭീഷണിപ്പെടുത്തിയതടക്കമുള്ള കഥകള്‍ അന്നു പുറത്തു വന്നിരുന്നു. വിശ്വാസി സമൂഹത്തെ ആകെ അപമാനിച്ച ഒരു സംഭവമായിരുന്നു അത്. മതസ്ഥാപനങ്ങളും സുരക്ഷിതമല്ല എന്നൊരു ബോധം സമൂഹത്തിലുണ്ടാക്കാന്‍ ഈയൊരു സംഭവം കാരണമായി. മതസ്ഥാപനങ്ങളില്‍ നിന്നു പോലും പീഢനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു കാലത്താണ് നിര്‍ഭയ പോലുള്ള ഒരു പദ്ധതിയുടെ നടപ്പിച്ചു ചുമതല അത്തരം സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതെന്നാണ് ആരോപണം.

ജൂണ്‍ 15 നു ശേഷം ചേരുന്ന യോഗത്തിലായിരിക്കും ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുക. എന്നാല്‍ കണ്ണൂര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സ്ഥാപനത്തിനനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. മതിയായ സൗകര്യങ്ങളില്ലാത്തതാണ് അപേക്ഷ നല്‍കിയ മറ്റ് സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്. മതിയായ കെട്ടിട സൗകര്യമോ കിടക്കാനുള്ള സൗകര്യമോ മറ്റപേക്ഷകര്‍ക്ക് ഇല്ല എന്നും അവര്‍ പറയുന്നു. സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ നിര്‍ഭയ അടക്കമുള്ള പദ്ധതികളുടെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്നാണ് സര്‍ക്കാര്‍ നയം. അതിനായി എത്രയും പെട്ടെന്ന് കേന്ദ്രം തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  അതിനിടെയാണ് അപേക്ഷകരുടെ യോഗ്യത സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ ഐഎഎസ് പ്രതികരിച്ചു. ‘കണ്ണൂരില്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് കണ്ണൂരിലും അപേക്ഷകള്‍ ക്ഷണിച്ചതും തീരുമാനങ്ങളെടുത്തതും. പല എന്‍ജിഒ സംഘടനകളെയും നിര്‍ഭയ ഷെല്‍ട്ടര്‍ നടത്താന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ എല്ലാവരില്‍ നിന്നും പ്രതികൂല മറുപടിയാണ് ലഭിച്ചത്. അവസാനം രണ്ടു സ്ഥാപനങ്ങള്‍ മാത്രമാണ് അപേക്ഷ നല്‍കിയത്. അതില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്‍പ് നല്ല മുന്നേറ്റം നടത്തിയതും അനുയോജ്യമായ സ്ഥല, കെട്ടിട സൗകര്യങ്ങളുള്ളതുമായ സ്ഥാപനത്തെയാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ തെരഞ്ഞെടുത്തത്. ഒരു മതത്തിന്റെ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്നതു കൊണ്ട് അവര്‍ക്ക് അയിത്തം കല്‍പ്പിക്കാനാവില്ല. നിര്‍ഭയ പദ്ധതിയുമായി സഹകരിക്കാന്‍ ആരു മുന്നോട്ടു വന്നാലും മതമോ ജാതിയോ വര്‍ണമോ ഒന്നും നോക്കാതെ യോഗ്യത ഉണ്ടെങ്കില്‍ അവരെ പരിഗണിക്കണം എന്നതാണ് സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ നിലപാട്. കണ്ണൂരിലെ കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാകൂ. ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യം മറ്റു പലതുമാണ്.

എന്നാല്‍ മതസ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ നല്‍കാറില്ലെന്നാണ് മറുവാദം. ഇതില്‍ മറ്റു പല ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്നും ആരോപണം ഉയര്‍ത്തുന്നവര്‍ പറയുന്നു. പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരു സാമൂഹിക പ്രവര്‍ത്തകയുടെ വാക്കുകള്‍ ചുവടെ: ‘കണ്ണൂരിലെ നിര്‍ഭയ ഹോമിന്റെ നടത്തിപ്പു ചുമതല ഒരു മതസ്ഥാപനത്തിനു നല്‍കുന്നതിനു പിന്നില്‍ ചില ഒത്തുകളികളുണ്ട്. കണ്ണൂര്‍ കൊട്ടിയൂരിലാണ് റോബിന്‍ വടക്കാഞ്ചേരി എന്ന വൈദികന്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പുറംലോകം അറിയാതെ പോകുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ മതസ്ഥാപനങ്ങള്‍ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ പരിശോധന നടന്നിട്ടില്ല. ആ സ്ഥാപനത്തേക്കാള്‍ മികച്ച രീതിയില്‍ നിര്‍ഭയ ഹോം പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന സംഘടനകളുണ്ട്. എന്തടിസ്ഥാനത്തിലാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മതസ്ഥാപനത്തിനനുകൂലമായി റിപ്പോര്‍ട്ട് കൈമാറിയതെന്നറിയില്ല. മതപരമായി നടന്നുവരുന്ന സ്ഥാപനങ്ങള്‍ക്ക് എന്‍ജിഒ അക്രഡിറ്റേഷന്‍ നല്‍കാറില്ലാത്തതാണ്. എന്നിട്ടും സര്‍ക്കാറിന്റെ മുന്നിലെത്തുന്ന റിപ്പോര്‍ട്ട് ഒരു എതിര്‍പ്പുമില്ലാതെ അനുമതി നല്‍കാനൊരുങ്ങുകയാണ്. സാങ്കേതികമായ മേന്മകള്‍ മാത്രം പരിഗണിച്ച് ഇത്തരമൊരു സ്ഥാപനത്തിന് നിര്‍ഭയ ഹോം പോലുള്ള പദ്ധതിയുടെ നടത്തിപ്പ് നല്‍കരുത്. തീരുമാനം പുന:പരിശോധിക്കേണ്ടതാണ്. ‘

2012 ല്‍ യു.ഡി.എഫ് സര്‍ക്കാറാണ് നിര്‍ഭയ പദ്ധതിയ്ക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുക അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, പുതിയ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പീഡിക്കപ്പെടുന്ന പെണ്‍കുട്ടികളെ സംരക്ഷിച്ച് അവര്‍ക്ക് ബോധവത്കരണ ക്ലാസുകളും മറ്റും നല്‍കി പുതിയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരിക എന്നതണ് നിര്‍ഭയയുടെ പ്രധാന ദൗത്യം. കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുമെന്നാണ് ഉദ്ഘാടന വേദിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഏതു സമയത്തും പേടി കൂടാതെ സ്വതന്ത്രമായി സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയായി മറ്റു പല പദ്ധതികളും വന്നു. ഷീ ടാക്‌സിയും പിങ്ക് ഓട്ടോറിക്ഷയുമടക്കമുള്ള സ്ത്രീകള്‍ക്ക് യാത്രാ സുരക്ഷ ഉറപ്പു വരുന്ന പദ്ധതികള്‍. എന്നാല്‍ നിര്‍ഭയ പദ്ധതിയുമായി ബന്ധപ്പെട്ട് പിന്നീട് കുറച്ച് വിവാദങ്ങളുണ്ടായി. പദ്ധതിയുടെ പ്രധാന വഴികാട്ടികളിലൊരാളായ സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ രാജിവെച്ചത് വിവാദങ്ങള്‍ക്കിടയാക്കി. പിന്നീട് പെരുമ്പാവൂരിലെ ജിഷയുടെ മരണം വീണ്ടും സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുറന്നിട്ടു. സ്ത്രീ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ ആയുധമാക്കിയാണ് പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. നിര്‍ഭയ പദ്ധതി വീണ്ടും സജീവമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി കഴിഞ്ഞ മാസം കൊല്ലത്ത് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം തുറന്നു. അടുത്ത ഘട്ടമായി കണ്ണൂരിലും പിന്നീട് എറണാകുളത്തും നിര്‍ഭയ ഹോമുകള്‍ തുറക്കാനാണ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ തീരുമാനം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

അതിനിടയിലാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സ്ത്രീ സുരക്ഷയെ കുറിച്ച് പലവട്ടം ഭരണകര്‍ത്താക്കള്‍ പറഞ്ഞിട്ടും പോയ മാസങ്ങളില്‍ കേരളത്തില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. എന്നിട്ടും നിര്‍ഭയെ പോലുള്ള ഒരു പദ്ധതിയുടെ നടത്തിപ്പു ചുമതല അതേ ഗണത്തില്‍പ്പെട്ട മറ്റൊരു സ്ഥാപനത്തിനു നല്‍കുന്നതിനോടാണ് എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ മതസ്ഥാപനം എന്നതു കൊണ്ട് മാത്രം ഇത്തരം മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് അവരെ വിലക്കുകയും ചെയ്യരുതെന്നും അഭിപ്രായങ്ങളുയരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍