UPDATES

ട്രെന്‍ഡിങ്ങ്

നിസാം പത്താം ക്ലാസ് പാസായി; സന്തോഷം പങ്കിടാന്‍ അവനെവിടെ? ഒരുമാസം കഴിഞ്ഞിട്ടും പൊലീസിനും കുടുംബത്തിനും ഉത്തരമില്ല

ചേര്‍ത്തല പാണാവള്ളിയില്‍ നിന്നും 15 കാരനായ നിസാമുദ്ദീനെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു

ഒരു മാസം കഴിഞ്ഞിരിക്കുന്നു റയ്ഹാനത്ത് എന്ന ഉമ്മ തന്റെ മൂത്തമകനെ അവസാനമായി കണ്ടിട്ട്. ഏപ്രില്‍ എട്ടാം തീയതി ചേര്‍ത്തല പാണാവള്ളിയിലെ വീട്ടില്‍ നിന്നും പോയ നിസാമുദ്ദീന്‍ എന്ന പതിനഞ്ചുകാരനെ കാത്ത് ഈ ദിവസങ്ങളത്രയും കണ്ണീരുമായി കാത്തിരിക്കുകയാണ് ഈ ഉമ്മ. നാട്ടുകാരും പൊലീസുമെല്ലാം പലയിടങ്ങളിലും തിരക്കിയിട്ടും ഇന്നുവരെ നിസാമിനെ കുറിച്ച് ഒരുവിവരവും കിട്ടിയിട്ടില്ല. നിസാമിനെ കാണാതായതിനുശേഷമാണ് അവന്റെ പത്താം ക്ലാസ് ഫലം വന്നത്. അവന്‍ ജയിച്ചു, പക്ഷേ ആ സന്തോഷം പങ്കിടാന്‍ ഞങ്ങളുടെ മോന്‍ ഞങ്ങള്‍ക്കൊപ്പമില്ല, വേദന നിറഞ്ഞ വാക്കുകളോടെ റയ്ഹാനത്ത് അഴിമുഖത്തോട് പറഞ്ഞു.

ഉത്സവം കാണാന്‍ പോയ മകന്‍
ആ ദിവസം റയ്ഹാനത്ത് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്: അടുത്തുള്ളൊരു ചെമ്മീന്‍ കമ്പനിയില്‍ ജോലിക്കു പോകുന്നുണ്ട് ഞാന്‍. അന്നു വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടില്‍ വരുമ്പോള്‍ നിസാം വീട്ടിലില്ല. വീടിനടുത്തുള്ള പാടത്ത് കുട്ടികള്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അവിടെ എന്നും പോയി കളിക്കുന്ന ശീലമുണ്ട് നിസാമിന്. വൈകുന്നേരം ആറ് ആറര മണിയോടെയാണ് അവന്‍ വീട്ടില്‍ തിരികെ വരാറുള്ളത്. അന്നും കളിക്കുന്നിടത്തും കാണുമെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ വീട്ടില്‍ വന്നു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വേലിക്കു പുറത്തുകൂടെ ഫോണില്‍ സംസാരിച്ചു പോകുന്ന നിസാമിനെ ഞാന്‍ കണ്ടു. ഫോണിലായിരുന്നതുകൊണ്ട് ഞാന്‍ വിളിച്ചതു കേട്ടില്ല. ആ പോക്ക് നേരെ ഞങ്ങളുടെ അടുത്ത ബന്ധുവിന്റെ മകന്‍ ഇര്‍ഫാന്റെ വീട്ടിലേക്കായിരുന്നു. ഇര്‍ഫാനെയും കൂട്ടി പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വീരം ക്ഷേത്രത്തിനു സമീപമുള്ള കൃഷ്ണാനന്ദ് എന്ന സുഹൃത്തിന്റെ വീട്ടിലേക്കാണ് നിസാം പോയതെന്നു പിന്നീട് അറിയാന്‍ കഴിഞ്ഞു. ഇര്‍ഫാന്റെ സൈക്കിളില്‍ ആയിരുന്നു യാത്ര. ഫോണും കൈയിലുണ്ടായിരുന്നു. കുറച്ചു ദിവസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളൂ ആ ഫോണ്‍ വാങ്ങിച്ചിട്ട്.

രാത്രിയായിട്ടും കാണുന്നില്ല
പുറത്ത് എവിടെ പോയാലും രാത്രിയില്‍ വീട്ടില്‍ വരുന്ന പതിവുണ്ട് നിസാമിന്. അന്നു പക്ഷേ രാത്രി വൈകിയിട്ടും കണ്ടില്ല. ഫോണിലേക്ക് വിളിച്ചിട്ട് റിംഗ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല. എനിക്ക് മനസില്‍ കുറെശ്ശേ ഭയം കയറാന്‍ തുടങ്ങി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിസാം വീട്ടില്‍ ചെറിയൊരു വഴക്ക് ഉണ്ടാക്കിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോകാന്‍ വിടാത്തതിനായിരുന്നു അത്. അന്നു പറഞ്ഞിരുന്നു തളിയാപറമ്പ് ക്ഷേത്രത്തിലെ പൂരം ഉത്സവത്തിനു പോകുമെന്നും അന്നു കൂട്ടുകാരുടെ ആരുടെയെങ്കിലും വീട്ടില്‍ കിടന്നുറങ്ങിയിട്ട് പിറ്റേദിവസമെ വരികയുള്ളൂവെന്നും. നിസാം അന്നു പോയതും തളിയാപറമ്പ് ക്ഷേത്രത്തിലെ പൂരത്തിനായിരുന്നു. ആ ഒരു സമാധാനത്തില്‍ അന്നത്തെ രാത്രി ഞാന്‍ കഴിച്ചു കൂട്ടി. പിറ്റേദിവസം പുലര്‍ന്നപ്പോഴെ ഞാന്‍ ഇര്‍ഫാന്റെ വീട്ടില്‍ ചെന്നു. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് നിസാമിന്റെ ഫോണ്‍ ഇര്‍ഫാന്റെ കൈയിലുണ്ടെന്ന്. സൈലന്റായിരുന്നതുകൊണ്ടാണ് ഞാന്‍ വിളിച്ചതൊന്നും അറിയാതിരുന്നത്.

ഇര്‍ഫാന്‍ പൊലീസിനോടു പറഞ്ഞത്
അന്നു വൈകുന്നേരം എന്റെ സൈക്കിളിലാണ് നിസാമുമായി പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിനു സമീപത്തുള്ള കൃഷ്ണാനന്ദ് എന്ന സുഹൃത്തിന്റെ വീട്ടില്‍ ചെല്ലുന്നത്. പൂരത്തിനു വരാന്‍ വിളിക്കാനാണു ചെല്ലുന്നത്. കൃഷ്ണാനന്ദിന്റെ വീട്ടില്‍ അന്നു ബന്ധുക്കളാരൊക്കെയോ ഉണ്ടായിരുന്നു. എന്നെ വേലിക്കു പുറത്തു നിര്‍ത്തി ഫോണും കൈയില്‍ തന്നിട്ടാണ് നിസാം കൃഷ്ണാനന്ദിന്റെ വീട്ടിലേക്കു പോയത്. കുറെ സമയം കഴിഞ്ഞും കാണാഞ്ഞിട്ടു ഞാന്‍ ചെന്നു ചോദിച്ചപ്പോള്‍ വീടിന്റെ പിറകുവശത്തു കൂടി പോയെന്നാണ് പറഞ്ഞത്. അതോടെ ഞാന്‍ നേരെ വീട്ടിലേക്കു പോന്നു. ഫോണ്‍ വീട്ടില്‍ തന്നെ വച്ചു. അതു സൈലന്റ് മോഡിലായിരുന്നു. പിറ്റേദിവസം നിസാം വന്നു വാങ്ങിക്കോളുമെന്നാണ് കരുതിയത്.

കൃഷ്ണാനനന്ദ് പൊലീസിനോട് പറഞ്ഞത്
അന്നു നിസാം വീട്ടില്‍ വന്നിരുന്നു. വീട്ടില്‍ വിരുന്നുകാര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പുറത്തിറങ്ങി നിന്നു സംസാരിച്ചു. പൂരത്തിനു വരുന്നില്ലെന്നാണു പറഞ്ഞത്. ഈ സമയത്ത് പെട്ടെന്നു അമ്മുമ്മ ആരാണവിടെ എന്നു ചോദിച്ചു. ഇതുകേട്ട് നിസാം പേടിച്ചു വീടിനു പുറകുവശത്തുള്ള പറമ്പില്‍ കൂടി ഓടിപ്പോയി. അതുവഴി കുറെ നടന്നാല്‍ മെയ്ന്‍ റോഡില്‍ ചെന്നു കയറാം.

കൃഷ്ണാനാന്ദ് പറഞ്ഞതനുസരിച്ച് പൊലീസും നാട്ടുകാരും ആ പറമ്പില്‍ പരിശോധന നടത്തി. വിശാലമായ പറമ്പാണ്. ആകെ അവിടെയുള്ളത് പൂട്ടികിടക്കുന്ന ചെറിയൊരു വീടാണ്. അതിനകത്ത് കയറി പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. സംശയാസ്പദമായി ഒന്നും തന്നെ പറമ്പില്‍ നിന്നും കിട്ടിയതുമില്ല.

റയ്ഹാനത്ത് തുടരുന്നു
ഇര്‍ഫാന്റെ വീട്ടില്‍ ചെന്നു കഴിഞ്ഞപ്പോഴാണ് എന്റെ പേടി കൂടിയത്. അവനെ കാണാനില്ലെന്നു അപ്പോഴാണ് ബോധ്യമായത്. തുടര്‍ന്ന് അവന്റെ കൂട്ടുകാരെ പലരെയും വിളിച്ചു ചോദിച്ചു. ആര്‍ക്കും അറിയില്ല. ഞായറാഴ്ച രാത്രിയോടെയാണു പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കുന്നത്. അവന്‍ വരും എന്ന വിശ്വാസത്തിലാണു പൊലീസില്‍ പരാതി നല്‍കാന്‍ കുറച്ചു താമസിച്ചതും.

പൊലീസ് അന്വേഷിക്കുന്നു
പൊലീസ് നിസാമുദ്ദീനുമായി ബന്ധപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്തിട്ടും സംശയാസ്പദമായി യാതൊന്നും കിട്ടിയില്ല. നിസാമുദ്ദീന്റെ ഫോണ്‍ സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. കാണാതായ ദിവസം പ്രധാന റോഡിലെയും കടകളിലേയും സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നിനും തുമ്പു കിട്ടിയില്ല.

പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വിഷയത്തില്‍ അരൂര്‍ എംഎല്‍എ എ എം ആരിഫ്, ആലപ്പുഴ എം പി കെ സി വേണുഗോപാല്‍ എന്നിവരും ഇടപെട്ടു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ചേര്‍ത്തല സി ഐ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അഴിമുഖം പൊലീസിനെ ബന്ധപ്പെട്ടു വിവരം തിരക്കിയപ്പോഴും അന്വേഷണം നടക്കുകയാണെന്നും നിസാമിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഇതുവരെ കിട്ടിയിട്ടില്ലെന്നുമാണ് പറഞ്ഞത്.

 (നിസാമിനെ കാണാതാകുന്ന സമയത്തെ രൂപം ഈ ഫോട്ടോയില്‍ ആദ്യം കാണുന്നതു പ്രകാരമാണ്.)

മൂന്നാറോ ബെംഗളൂരൂവിലോ പോയിട്ടുണ്ടോ?
ഇങ്ങനെയൊരു അഭ്യൂഹം പൊലീസിന്റെ ഭാഗത്തു നിന്നും കേള്‍ക്കുന്നതിനെ കുറിച്ച് റയ്ഹാനത്തിനോട് ചോദിച്ചപ്പോള്‍ അങ്ങനെയൊരു സാധ്യത ഉണ്ടാകുമോ എന്ന സംശയം തങ്ങള്‍ തന്നെയാണു പ്രകടിപ്പിച്ചതെന്നു നിസാമിന്റെ ഉമ്മ പറയുന്നു. ഒരിക്കല്‍ അവന്‍ വീട്ടില്‍വച്ചു പറഞ്ഞകാര്യമാണ്. ബാംഗ്ലൂരില്‍ പോയാല്‍ വിലകുറച്ചു ഉടുപ്പും ബനിയനുമൊക്കെ വാങ്ങാമെന്നു പറഞ്ഞിരുന്നു. കൂട്ടുകാരുമായി പോകുമെന്നും പറഞ്ഞിരുന്നു. അതിന്റെ പുറത്താണ് അങ്ങനെയൊരു സംശയം പറഞ്ഞത്.

പക്ഷേ പുറപ്പെട്ടു പോകാനുള്ള സാധ്യത കുറവാണെന്നാണു റയ്ഹാനത്ത് പറയുന്നത്. അതിനുള്ള കാശൊന്നും അവന്റെ കൈയില്‍ ഇല്ല. ഒരു പേഴ്‌സ് ഉണ്ടായിരുന്നത് വീട്ടില്‍ വച്ചിട്ടാണു പോയത്. മുമ്പൊരിക്കല്‍ കൂട്ടുകാര്‍ക്കൊപ്പം കാറ്ററിംഗ് പണിക്കു പോയിട്ടുണ്ട്. പക്ഷേ ഇപ്പോഴങ്ങനെയൊന്നും പോകാറില്ല. അതുകൊണ്ട് തന്നെ സ്വന്തമായി കാശ് കൈയില്‍വരാന്‍ സാധ്യതയില്ല. മാത്രമല്ല, വീട്ടില്‍ ഇട്ടിരുന്ന വേഷത്തിലാണ് അന്നു പോയതും. എവിടെയെങ്കിലും പോകാനുള്ള തയ്യാറെടുപ്പൊന്നും തന്നെ നടത്തിയിരുന്നില്ല. വീട്ടില്‍ അസ്വഭാവികമായി പെരുമാറുകയോ വഴക്കുണ്ടാക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ മറ്റെന്തോ അപകടമായിരിക്കും നിസാമിന് സംഭവിച്ചിരിക്കുന്നത്; റയഹാനത്ത് പറയുന്നു.

അഴിമുഖം പ്രതിനിധി നിസാമിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ നിസാമിന്റെ പിതാവ് വീട്ടിലില്ല. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായി സ്‌റ്റേഷനിലും നാടുമുഴുവനുമായി അലയുകയാണ് തോട്ടത്തില്‍ നികര്‍ത്തില്‍ താജു എന്ന ഈ പിതാവ്. രണ്ടു മക്കളാണ് താജുവിനും റയ്ഹാനത്തിനും. നിസാമിന്റെ ഇളയ സഹോദരന്‍ ചേട്ടന് സംഭവിച്ച അപകടത്തെ കുറിച്ച് അത്ര ബോധവാനല്ല. അവന്റെ കൊച്ചു മനസില്‍ ചേട്ടന്‍ കളിക്കാന്‍ പോയിട്ട് തിരിച്ചുവരുമെന്ന വിചാരമാണ്.

ഓരോ തവണയും വാതില്‍ മുട്ടുകേള്‍ക്കുമ്പോഴോ പുറത്തു വിളിയൊച്ച കേള്‍ക്കുമ്പോഴോ ഞാന്‍ ഓടിവന്നു കതകു തുറക്കുന്നത് എന്റെ നിസാമായിരിക്കും അതെന്നോര്‍ത്താണ്. എവിടെയാണു എന്റെ കുഞ്ഞ്. ഒരാപത്തും പറ്റാതെ എവിടെയെങ്കിലും ഉണ്ടാകണേയെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഒരുപക്ഷേ പൊലീസും നാട്ടുകാരുമൊക്കെ തന്നെ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് എവിടെയെങ്കിലും പേടിച്ചിരിക്കുകയാണോ? വീട്ടില്‍ വന്നാല്‍ ഞങ്ങള്‍ വഴക്കിടുമെന്നു കരുതിക്കാണുമോ? എന്റെ കുഞ്ഞല്ലേ, അവനെ എനിക്കു കണ്ടാല്‍ മതി; റയ്ഹാനത്തിന്റെ വാക്കുകള്‍ കണ്ണീരില്‍ തടഞ്ഞു മുറിഞ്ഞുപോയി.

നിസാമിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക.
യഹിയ: 8547212401

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍