UPDATES

ട്രെന്‍ഡിങ്ങ്

ലഘുലേഖ വിതരണം നടത്തിയവരുടെ ജാമ്യാപേക്ഷ തള്ളി; ഇവരെ മര്‍ദ്ദിച്ച ആര്‍എസ്എസുകാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

വര്‍ഗീയ ലഹളയുണ്ടാക്കാനായി ശ്രമിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലേ ആരോപണം

മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്ന ആരോപണത്തില്‍ അറസ്റ്റിലായ മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. അതേ സമയം ഇവരെ മര്‍ദ്ദിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ റിമാന്‍ഡിലായ 39 മുജാഹിദ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പറവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് തളളിയത്. റിമാന്‍ഡിലായിരുന്ന ഇവരെ എറണാകുളം സബ്ജയിലിലേക്ക് മാറ്റി. ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുളള റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

Also Read: ലഘുലേഖ; ചേരിതിരിഞ്ഞ് ആരോപണം; തീവ്രവാദബന്ധമില്ലെന്ന് പൊലീസ്‌

ഹിന്ദു വിശ്വാസികളുള്ള പ്രദേശത്ത് ഹിന്ദു ദൈവങ്ങളെ വികലമായി ചിത്രീകരിച്ചും മുസ്ലിം സമുദായത്തിലേക്ക് മറ്റ് മതസ്ഥരെ ആകര്‍ഷിക്കുന്ന തരത്തിലുളള ലഘുലേഖകള്‍ വിതരണം ചെയ്തും മതസൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയ ലഹളയുണ്ടാക്കാനായി ശ്രമിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലേ ആരോപണം. അതേസമയം ലഘുലേഖകള്‍ വിതരണം ചെയ്തവരെ മര്‍ദ്ദിച്ച കുറ്റത്തിന് ഏഴ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

Also Read: മുജാഹിദ് സ്‌നേഹ സംവാദം സംഘപരിവാറിന് ആളെ കൂട്ടാനോ?

ഇവരെ കൂടാതെ കൂടുതല്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. പോലീസ് സ്റ്റേഷനിലേക്ക് വാഹനത്തില്‍ എത്തിച്ച മുജാഹിദ് പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇവരെ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Also Read: മുജാഹിദ് പ്രചരണ നോട്ടീസ് ഏറ്റുവാങ്ങിയവരില്‍ രാജഗോപാല്‍, വി.എസ്, തോമസ്‌ ഐസക്; അറസ്റ്റ് മതസ്പര്‍ധ വളര്‍ത്തുന്നു എന്ന പേരില്‍

മൂത്തകുന്നം ഒറക്കോലി പ്രമോദ്, പാടത്തുവീട് ബൈജു, തേവശേരി ജിജീഷ്, എറണ്ടതറ അരുണ്‍, ചെത്തിപ്പറമ്പില്‍ അജിത്കുമാര്‍, തൈക്കൂട്ടത്തില്‍ ഗിരീഷ്‌കുമാര്‍, കട്ടത്തുരുത്ത് വലിയവീട്ടില്‍ അനില്‍കുമാര്‍ എന്നീ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.

മുജാഹിദ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മതപ്രബോധനം തടയാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ നീതിപൂര്‍വം ഇടപെടണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുത്വ സംഘടനകളും പ്രദേശത്ത് ഇവര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍