UPDATES

ട്രെന്‍ഡിങ്ങ്

പത്താം നാളിലും അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ; അടക്കം ദളിത്‌ ക്രൈസ്തവരുടെ പള്ളിയിലോ മാര്‍ത്തോമ പള്ളിയിലോ എന്ന് ഇന്നറിയാം

സെമിത്തേരിയുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനായ രാജേഷ് സമര്‍പ്പിച്ച കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

മരിച്ച് പത്താംനാളിലും കൊല്ലം പുത്തൂര്‍ നെടിയവിള തുരുത്തിക്കര ജറുസലേം ഇടവകയിലെ ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മയ്ക്ക് മോര്‍ച്ചറിയില്‍ നിന്ന് മോചനമായില്ല. ശവമടക്ക് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗം തീരുമാനമെടുത്തിരുന്നെങ്കിലും അന്നമ്മയുടെ മൃതദേഹം സംസ്‌ക്കരിച്ചില്ല. ദളിത് ക്രൈസ്തവരുടെ ജറുസലേം മര്‍ത്തോമ പള്ളി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്താന്‍ ഹൈക്കോടതിയെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും പള്ളി അധികൃതരും. സെമിത്തേരിയുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനായ രാജേഷ് സമര്‍പ്പിച്ച കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിധി അനുകൂലമെങ്കില്‍ ജറുസലേം പള്ളി സെമിത്തേരിയിലും അല്ലാത്തപക്ഷം സര്‍വകക്ഷിയോഗം നിര്‍ദ്ദേശിച്ച ഇമ്മാനുവല്‍ മര്‍ത്തോമ പള്ളി സെമിത്തേരിയിലെ പ്രത്യേകം അനുവദിച്ചിരിക്കുന്ന സ്ഥലത്തും ശവസംസ്‌ക്കാരം നടത്താം എന്നാണ് ഇവരുടെ ആലോചന. ഇതോടെ, സംസ്‌ക്കരിക്കാന്‍ ഇടമില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അന്നമ്മയുടെ മൃതദേഹം ഇന്നും സംസ്‌ക്കരിക്കാനിടയില്ല.

ദളിത് ക്രൈസ്തവരുടെ ദേവാലയമായ കൊല്ലം കുന്നത്തൂര്‍ ജറുസലേം മര്‍ത്തോമ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കണമെന്നതായിരുന്നു ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തുടക്കംമുതല്‍ എത്തിയത്. ഇമ്മാനുവല്‍ പള്ളിയില്‍ ദളിത് ക്രൈസ്തവര്‍ക്ക് ശവമടക്കാനായി കിട്ടുന്നത് മൂത്രപ്പുരയോട് ചേര്‍ന്നുള്ള ഭൂമിയാണ്. എന്നാല്‍ അത് പള്ളിയിലെ അംഗങ്ങളായവര്‍ക്ക് കല്ലറ തീര്‍ക്കാനായി തീരുമാനിച്ച് ഒഴിച്ചിട്ടിരിക്കുന്ന ഭൂമിയാണ്. ഈ സ്ഥലത്ത് ദളിത് ക്രൈസ്തവ അംഗങ്ങളെ കുഴിച്ചിടുന്നതില്‍ പള്ളിയംഗങ്ങള്‍ക്കും കമ്മറ്റിക്കും മുമ്പ് തന്നെ എതിര്‍പ്പുണ്ടായിരുന്നു.

Also Read: ഒമ്പത് ദിവസം മുമ്പ് മരിച്ച ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മാര്‍ത്തോമ പള്ളി സെമിത്തേരിക്ക് സമീപം സംസ്കരിക്കും, ഒത്തുതീര്‍പ്പ് യോഗത്തിലുണ്ടായത് ഏകപക്ഷീയ ധാരണയെന്നും ആക്ഷേപം

2014 വരെ ജറുസലേം പള്ളി സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കിയിരുന്നു. എന്നാല്‍ 2015ല്‍ പ്രദേശവാസികളായ ചിലരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് സെമിത്തേരിയില്‍ ശവസംസ്‌ക്കാരം തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തപ്പോള്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടു. മലിനീകരണപ്രശ്‌നമായിരുന്നു പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ വാദം. സ്ഥലത്തെത്തി പരിശോധന നടത്തിയ ജില്ലാ കളക്ടര്‍ സെമിത്തേരിക്ക് ചുറ്റുമതില്‍ കെട്ടുക, കല്ലറ പണിയുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഇനി സെമിത്തേരിയില്‍ ശവമടക്കാന്‍ കഴിയൂ എന്ന് ഉത്തരവിട്ടു. പിന്നീട് സഭയ്ക്ക് കീഴിലെ പ്രദേശത്ത് തന്നെയുള്ള ഇമ്മാനുവല്‍ പള്ളി സെമിത്തേരിയുടെ ഒരു ഭാഗത്താണ് ദളിത് ക്രൈസ്തവാംഗങ്ങളുടെ മൃതദേഹങ്ങളും സംസ്‌ക്കരിച്ചത്. നാല് വര്‍ഷത്തിനിടെ രണ്ട് പേരുടെ ശവം ഈ ഭൂമിയില്‍ കുഴിച്ചിട്ടു. മൂന്നാമതായി മരിച്ചയാളാണ് അന്നമ്മ. മുമ്പ് രണ്ട് മൃതദേഹങ്ങള്‍ സ്ഥലത്ത് കുഴിച്ചിട്ടപ്പോളും ഇമ്മാനുവല്‍ പള്ളി കമ്മിറ്റി സഹകരിച്ചെങ്കിലും ഇത് തുടരാന്‍ പറ്റില്ല എന്ന് കമ്മറ്റി യോഗം ദളിത് ക്രൈസ്തവരേയും ജറുസലേം പള്ളി അധികൃതരേയും അറിയിച്ചിരുന്നു.

ഇമ്മാനുവല്‍ പള്ളിക്കമ്മറ്റിയുടെ എതിര്‍പ്പുകള്‍ ഉള്ളതിനാല്‍ അന്നമ്മ മരിച്ചപ്പോള്‍ ജറുസലേം പള്ളി സെമിത്തേരിയില്‍ അടക്കാനായി ബന്ധുക്കള്‍ എത്തിച്ചു. എന്നാല്‍ ഇത് സ്ഥലത്ത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും വകവച്ചു. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ ചിലരും സംഘടിച്ച് ശവസംസ്‌ക്കാര ചടങ്ങുകള്‍ തടസ്സപ്പെടുത്തി. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഡിഎംഒയോടും പഞ്ചായത്തിനോടും റിപ്പോര്‍ട്ട് തേടി. സെമിത്തേരി ജലസ്രോതസ്സുകളെ മലിനീകരിക്കുകയോ മറ്റ് മാലിന്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല എന്ന റിപ്പോര്‍ട്ടാണ് ഡിഎംഒ കളക്ടര്‍ക്ക് കൈമാറിയത്. എന്നാല്‍ 2015ല്‍ അന്നത്തെ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്ന നിബന്ധനകളൊന്നും പാലിച്ചിട്ടില്ല എന്ന് പഞ്ചായത്ത് അധികൃതര്‍ കളക്ടറെ അറിയിച്ചു. അത് നടപ്പിലാക്കുന്നത് വരെ ഇമ്മാനുവല്‍ പള്ളിയില്‍ തന്നെ സംസ്‌ക്കാരം നടത്തിയാല്‍ മതിയെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സ്വന്തം പള്ളി സെമിത്തേരിയില്‍ അന്നമ്മയെ അടക്കണമെന്ന ആവശ്യത്തില്‍ അന്നമ്മയുടെ ബന്ധുക്കള്‍ ഉറച്ച് നിന്നു. ഇതിനിടെ പഞ്ചായത്തിന്‍ നടന്ന സര്‍വകക്ഷീയോഗം പരിഹാരമാവാതെ പിരിഞ്ഞു. കഴിഞ്ഞ ദിവസം എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍വകക്ഷീ യോഗം ചേര്‍ന്നു.

Also Read: ‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

സര്‍വകക്ഷി യോഗത്തിലുണ്ടായത് ഏകപക്ഷീയമായ ധാരണയെന്ന ആക്ഷേപമുയര്‍ന്നു. ആറ് മാസത്തിനുള്ളില്‍ ദളിത് പള്ളിയുടെ സെമിത്തേരിക്ക് ചുറ്റുമതിലും കോണ്‍ക്രീറ്റ് കല്ലറയും പണിയുമെന്നും തത്ക്കാലം അന്നമ്മയുടെ മൃതദേഹം മാര്‍ത്തോമ ഇമ്മാനുവല്‍ സുറിയാനി പള്ളിയുടെ സെമിത്തേരിയില്‍ ദളിത് വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള പ്രത്യേക സ്ഥലത്ത് സംസ്‌കരിക്കാനും ആറ് മാസം കഴിഞ്ഞ് അന്നമ്മയുടെയും നാല് വര്‍ഷത്തിനിപ്പുറം അടക്കിയ മറ്റ് രണ്ട് പേരുടെയും മൃതദേഹങ്ങളും ദളിത് പള്ളിയുടെ കല്ലറയില്‍ അടക്കാനുമാണ് ധാരണയായത്. അന്നമ്മയുടെ ബന്ധുക്കളും മതില്‍ പണിക്കെതിരെ പരാതി ഉന്നയിച്ച ബിജെപി പ്രവര്‍ത്തകനും ഈ ധാരണയില്‍ ഒപ്പിട്ടില്ല.

അന്നമ്മയുടെ ബന്ധുവായ രാഹുല്‍ പറയുന്നു, “തത്ക്കാലം ആ വ്യവസ്ഥയ്ക്കനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ. പക്ഷെ അവിടെ കൊണ്ടുപോയി കുഴിച്ചിട്ടാല്‍ എങ്ങനെ ഞങ്ങടെ കല്ലറയിലേക്ക് കൊണ്ടുവരും എന്നറിയില്ല. ചുറ്റുമതില്‍ കെട്ടാന്‍ സഭ സഹായിക്കും എന്നാണ് പ്രതീക്ഷ. എന്നാല്‍ അത് കെട്ടാന്‍ തയ്യാറെടുക്കുമ്പോള്‍ മുമ്പത്തെപ്പോലെ ബിജെപിക്കാര്‍ എത്തിയാല്‍ എന്ത് ചെയ്യും?”. ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തുന്നത് സംബന്ധിച്ച് പള്ളി കമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യും. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷമേ സംസ്‌ക്കാരം എപ്പോള്‍ വേണമെന്ന് തീരുമാനിക്കൂ എന്ന് ജറുസലേം പള്ളി സെക്രട്ടറി റോബിറ്റി ജോണ്‍ പറഞ്ഞു.

Also Read: ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍