UPDATES

ട്രെന്‍ഡിങ്ങ്

മരിച്ചിട്ട് രണ്ടാഴ്ച; മകന്റെ കല്ലറ പൊളിച്ച് ദളിത്‌ ക്രൈസ്തവ പള്ളിയില്‍ തന്നെ അന്നമ്മയെ സംസ്കരിക്കാന്‍ ഒടുവില്‍ തീരുമാനം

ഇന്നലെയും സെമിത്തേരി വൃത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായിരുന്നു

അന്നമ്മയ്ക്ക് സ്വന്തം പള്ളി സെമിത്തേരിയില്‍ തന്നെ അന്തിയുറങ്ങാം. രണ്ടാഴ്ചയിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ ഉത്തരവിറക്കി. അന്നമ്മയുടെ മകനെ അടക്കിയ കല്ലറ നവീകരിച്ചതിന് ശേഷം കുന്നത്തൂര്‍ ജറുസലേം പള്ളി സെമിത്തേരിയില്‍ തന്നെ മൃതദേഹം സംസ്‌ക്കരിക്കാം എന്ന് കളക്ടര്‍ തീരുമാനിച്ചു. കല്ലറ പൊളിച്ച്, അതിലുള്ള അസ്ഥികൂടം മാറ്റിയതതിന് ശേഷം കോണ്‍ക്രീറ്റ് ചെയ്താല്‍ ഉടന്‍ മോര്‍ച്ചറിയില്‍ നിന്ന് അന്നമ്മയുടെ മൃതദേഹം പള്ളിസെമിത്തേരേയിലേക്കെത്തിക്കാം. അന്നമ്മ മരിച്ച നാള്‍ മുതല്‍ സര്‍ക്കാര്‍ ഓഫീസുകളും കോടതിയും കയറിയിറങ്ങിയ ദളിത് ക്രൈസ്ത വിഭാഗക്കാര്‍ക്ക് ആശ്വാസമായി പുതുതായി ഇറക്കിയ ഉത്തരവ്.

ഇന്നലെ വൈകിട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജറുസലേം പള്ളി സെമിത്തേരി സന്ദര്‍ശിച്ചതിന് ശേഷമാണ് ഉത്തരവിറക്കിയത്. ദളിത് ക്രൈസ്തവ വിഭാഗത്തിലെ അന്നമ്മ മരിച്ചിട്ട് ഇന്നേക്ക് 14 ദിവസങ്ങള്‍ പൂര്‍ത്തിയായി. കുന്നത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എന്ന് അടക്കും എന്നത് സംബന്ധിച്ച് ബന്ധുക്കളും പള്ളിക്കമ്മറ്റിയും തീരുമാനമെടുത്തിട്ടില്ല. ഇന്ന് തന്നെ കല്ലറ കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കാനും മൂന്ന് ദിവസത്തിനുള്ളില്‍ മൃതദേഹം സംസ്‌ക്കരിക്കാനാവും എന്നുമാണ് ബന്ധുക്കളുടെ കണക്കുകൂട്ടല്‍.

Also Read: 12 ദിവസമായി മോര്‍ച്ചറിയില്‍; ഒടുവില്‍ അന്നമ്മയെ ദളിത് ക്രൈസ്തവ പളളിയില്‍ തന്നെ സംസ്‌കരിക്കാന്‍ വഴി തെളിയുന്നു

കുന്നത്തൂരില്‍ മാര്‍ത്തോമ സഭയ്ക്ക് കീഴില്‍ ജറുസലേം, ഇമ്മാനുവല്‍ എന്നീ രണ്ട് പള്ളികളാണുള്ളത്. ജറുസലേം ദളിത് ക്രൈസ്തവ ദേവാലയമാണ്. നാല് വര്‍ഷം മുമ്പ് ജറുസലേം പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പ്രദേശവാസികളില്‍ ചിലരും ബിജെപി പ്രവര്‍ത്തകരും മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുകയും സെമിത്തേരിയില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. സെമിത്തേരിക്ക് ചുറ്റുമതിലും കല്ലറകളും നിര്‍മ്മിച്ചതിന് ശേഷം ശവം സംസ്‌ക്കരിക്കാം എന്ന നിലപാടില്‍ അന്നത്തെ ജില്ലാ കളക്ടര്‍ എത്തുകയും പിന്നീട് ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കാന്‍ തീരുമാനവുമായിരുന്നു. എന്നാല്‍ ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ മൂത്രപ്പുരയോട് ചേര്‍ന്ന് കിടക്കുന്ന, തെമ്മാടിക്കുഴിയേക്കാള്‍ മോശമായ സ്ഥലമാണ് ദളിത് ക്രൈസ്തവര്‍ക്ക് ശവസംസ്‌ക്കാരത്തിനായി നല്‍കിയത്. ഇതില്‍ ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. നാല് വര്‍ഷത്തിനിടെ രണ്ട് മൃതദേഹങ്ങള്‍ അവിടെ മറവ് ചെയ്തു. എന്നാല്‍ മൃതദേഹം സംസ്‌ക്കരിച്ചയിടം പോലും തിരിച്ചറിയാനാകാത്ത വിധമായതിനാല്‍ തങ്ങളുടെ കുടുംബാങ്ങളെ മാന്യമായി മറവ് ചെയ്യാനുള്ള അനുവാദം നല്‍കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. അതേസമയം തങ്ങള്‍ സെല്ലാര്‍ നിര്‍മ്മിക്കാനുദ്ദേശിച്ച ഭൂമിയില്‍ ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതില്‍ ഇമ്മാനുവല്‍ പള്ളി കമ്മിറ്റിക്കും എതിര്‍പ്പുണ്ടായിരുന്നു.

അന്നമ്മ മരിച്ചപ്പോള്‍ ബന്ധുക്കള്‍ ജറുസലേം പള്ളി സെമിത്തേരിയിലാണ് ശവസംസ്‌ക്കാരത്തിനായി എത്തിയത്. എന്നാല്‍ നാല് വര്‍ഷം മുമ്പ് പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെ ഇത്തവണയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ വീണ്ടും കേസ് ജില്ലാ കളക്ടറുടെ സമീപമെത്തി. ദളിത് ക്രൈസതവര്‍ക്ക് അുകൂലമായ റിപ്പോര്‍ട്ടാണ് ഡിഎംഒ ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. എന്നാല്‍ മുമ്പ് കളക്ടര്‍ ഉത്തരവിട്ടിരുന്ന നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്ന കുന്നത്തൂര്‍ പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് കളക്ടര്‍ പരിഗണനയിലെടുത്തു. പ്രശ്‌നം പരിഹരിക്കുന്നതിനായി ആദ്യം വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷീ യോഗം തീരുമാനമാവാതെ പിരിഞ്ഞു. പിന്നീട് ജില്ലാ ഭരണകൂടം വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷീ യോഗത്തില്‍ നിബന്ധനകള്‍ പാലിക്കുന്നത് വരെ ഇമ്മാനുവല്‍ പള്ളിയില്‍ തന്നെ ദളിത് ക്രൈസ്തവരുടെ ശവസംസ്‌ക്കാരം നടത്താന്‍ നിര്‍ദ്ദേശിച്ചു. ആറ് മാസത്തിനുള്ളില്‍ ചുറ്റുമതിലും കല്ലറയും നിര്‍മ്മിച്ചതിന് ശേഷം അന്നമ്മയുടേയും മുമ്പ് സംസ്‌ക്കരിച്ച മറ്റ് രണ്ട് പേരുടേയും മൃതദേഹാവശിഷ്ടങ്ങള്‍ ഇമ്മാനുവല്‍ പള്ളിയില്‍ നിന്ന് ജറുസലേം പള്ളി സെമിത്തേരിയിലേക്ക് മാറ്റാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അന്നമ്മയുടെ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല.

Also Read: ‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

ഇതിനിടെ തന്റെ ഭര്‍ത്താവിന്റെ കല്ലറയില്‍ അമ്മയേയും അടക്കാനുള്ള അനുമതി തേടി അന്നമ്മയുടെ മകന്റെ ഭാര്യ ഏലിയാമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായി. പിന്നീട് വീണ്ടും കളക്ട്രേറ്റില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നു. കളട്രേറ്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും കല്ലറ ഇളക്കി പരിശോധിക്കുകയും ചെയ്തു. പിന്നീട് ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കല്ലറ കോണ്‍ക്രീറ്റ് ചെയ്താല്‍ ജെറുസലേം പള്ളി സെമിത്തേരിയില്‍ തന്നെ അന്നമ്മയുടെ മൃതദേഹം അടക്കാം എന്ന് കളക്ടര്‍ ഉത്തരവിറക്കിയത്.

ഇന്നലെയും സെമിത്തേരി വൃത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കി.

Also Read: ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍