UPDATES

ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

‘ഷീറ്റിട്ട കൊച്ചു പള്ളിയാണ് ഞങ്ങളുടേത്. അമ്മയുടെ മൃതദേഹം ഞങ്ങടെ കല്ലറയില്‍ അടക്കണമെന്ന ആഗ്രഹം കൊണ്ടാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.’

മരിച്ച് അഞ്ച് ദിവസമായിട്ടും അടക്കാനിടമില്ലാതെ ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോര്‍ച്ചറിയില്‍. ചുറ്റുമതില്‍ കെട്ടാതെ സെമിത്തേരിയില്‍ മൃതദേഹം അടക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. ചുറ്റുമതില്‍ കെട്ടാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് ബിജെപി പ്രവര്‍ത്തകരും. നാല് വര്‍ഷമായി മൃതദേഹങ്ങള്‍ അടക്കുന്ന മറ്റൊരു പള്ളിയില്‍ അനുവദിക്കുക മൂത്രപ്പുരയോട് ചേര്‍ന്നുള്ള മണ്ണ്. അന്നമ്മയുടെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ ബന്ധുക്കള്‍ നീതിക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നു.

പുത്തൂര്‍ നെടിയവിള തുരുത്തിക്കര ജറുസലേം ഇടവകയിലെ അന്നമ്മയുടെ മൃതദേഹം അടക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ നാല് ദിവസമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും അന്തിമതീരുമാനമായില്ല. ദളിത് ക്രൈസ്തവ ദേവാലയമായ കുന്നത്തൂര്‍ ജറുസലേം പള്ളി സെമിത്തേരിയില്‍ അടക്കാനായി അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും പ്രദേശവാസികളില്‍ ചിലരും ബിജെപി പ്രവര്‍ത്തകരും തടഞ്ഞു. മലിനീകരണ വിഷയം ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. പിന്നീട് പോലീസും കുന്നത്തൂര്‍ പഞ്ചായത്തും ജില്ലാ ഭരണകൂടവും ഇടപെട്ടെങ്കിലും വയോധികയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

ജലാശയങ്ങള്‍ അശുദ്ധമാവുമെന്ന് ചൂണ്ടിക്കാട്ടി ജറുസലേം പള്ളിയില്‍ സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കാനനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും. അന്നമ്മയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സെമിത്തേരിയില്‍ എത്തിച്ചപ്പോള്‍ ഇവര്‍ തടഞ്ഞു. പള്ളിയില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടു. കളക്ടര്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ ജനവാസ മേഖലയില്‍ നിന്ന് നിശ്ചിത ദൂരം പാലിച്ചാണ് സെമിത്തേരി നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇതുവഴി ജലാശയങ്ങള്‍ മലിനമാവില്ലെന്നും ഡിഎംഒ ജില്ലാ കളക്ടര്‍ക്ക് വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കി. പിന്നീട് കുന്നത്തൂര്‍ പഞ്ചായത്തില്‍ വിഷയം പരിഹരിക്കുന്നതിനായി വെള്ളിയാഴ്ച സര്‍വകക്ഷീയോഗം വിളിച്ചു ചേര്‍ത്തു. എന്നാല്‍ യോഗം തീരുമാനമാവാതെ പിരിഞ്ഞു.

Read More: സ്വാതന്ത്ര്യദിനത്തില്‍ കാട്ടില്‍ കണ്ടെത്തിയ അവള്‍ക്ക് പോലീസ് സ്വതന്ത്രയെന്ന് പേരിട്ടു; ഉപേക്ഷിച്ച അമ്മ ഇപ്പോള്‍ ജയിലില്‍; സിനിമയെ വെല്ലുന്ന ഒരു ജീവിതകഥ

2015ല്‍ പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകനായ രാജേഷും ജറുസലേം പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കുന്നത് തടയുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ നാല് നിബന്ധനകള്‍ പാലിച്ചാല്‍ സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കാമെന്ന് ഉത്തരവിട്ടു. ചുറ്റുമതില്‍ നിര്‍മ്മിക്കുക, കല്ലറകള്‍ കോണ്‍ക്രീറ്റ് ചെയ്യുക എന്നീ നിബന്ധനകള്‍ പാലിക്കുന്നത് വരെ സഭയുടെ കീഴില്‍ പ്രദേശത്തുള്ള ഇമ്മാനുവല്‍ മര്‍ത്തോമ പള്ളി സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യണമെന്നായിരുന്നു കളക്ടറുടെ നിര്‍ദ്ദേശം. തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഇമ്മാനുവല്‍ പള്ളിയിലാണ് ദളിത് ക്രൈസ്തവരും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിരുന്നത്. എന്നാല്‍ ഇതിനോട് ഇമ്മാനുവല്‍ പള്ളി അംഗങ്ങള്‍ക്കിടയില്‍ വിയോജിപ്പുണ്ടായിരുന്നു എന്ന് ദളിത് ക്രൈസ്തവര്‍ പറയുന്നു. തെമ്മാടിക്കുഴിയേക്കാള്‍ മോശമായ സ്ഥലമാണ് മൃതദേഹം സംസ്‌ക്കരിക്കാന്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അതിനാല്‍ തങ്ങളുടെ പള്ളി സെമിത്തേരിയില്‍ തന്നെ കല്ലറയില്‍ മൃതദേഹങ്ങള്‍ അടക്കാന്‍ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അന്നമ്മയുടെ ബന്ധുവായ രാഹുല്‍ പറയുന്നു ‘ 140 കുടുംബങ്ങളാണ് ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ അവകാശികളായുള്ളത്. അവര്‍ക്ക് സ്ഥലപരിമിതിയുണ്ട്. അതിനാല്‍ ഞങ്ങള്‍ മൃതദേഹങ്ങള്‍ കൊണ്ടുചെല്ലുമ്പോള്‍ അവര്‍ക്ക് അതില്‍ പ്രതിഷേധമുണ്ട്. ഇനിയിങ്ങോട്ട് കൊണ്ടുവന്നേക്കല്ല് എന്നാണ് അവര് പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ക്ക് കല്ലറ തരാന്‍ അവര്‍ക്ക് സ്ഥലമില്ല. മൂത്രപ്പുരയോട് ചേര്‍ന്നുള്ള സ്ഥലത്തൊക്കെ എങ്ങനെയാണ് ഞങ്ങള്‍ അടക്കുക. അത്രയും മോശപ്പെട്ട സാഹചര്യത്തില്‍ അടക്കാന്‍ കഴിയാത്ത കൊണ്ടാണ് ഞങ്ങളുടെ സെമിത്തേരിയില്‍ കൊണ്ടുവന്നത്. ബിജെപിക്കാരാണ് പ്രശ്‌നം ഉണ്ടാക്കുന്നത്.’

നിബന്ധനകള്‍ അനുസരിച്ചല്ല, പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടില്ല, ഭൗതിക സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടില്ല, മരണ രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടാണ് സര്‍വ്വകക്ഷിയോഗത്തിന് ശേഷം കുന്നത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ കളക്ടര്‍ക്ക് നല്‍കിയത്.

നിബന്ധനകള്‍ പാലിക്കാതെ സെമിത്തേരിയില്‍ മൃതദേഹം അടക്കാന്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ജി്ല്ലാ കളക്ടര്‍. അന്നമ്മയുടെ മൃതദേഹം മറവ് ചെയ്യാന്‍ അനുവദിക്കണമെന്നും 45 ദിവസത്തിനുള്ളില്‍ ചുറ്റുമതില്‍ കെട്ടാമെന്നുമുള്ള വ്യവസ്ഥ വെള്ളിയാഴ്ച ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ ദളിത് ക്രൈസ്തവരും ജറുസലേം പള്ളി അധികാരികളും മുന്നോട്ടു വെച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ജറുസലേം, ഇമ്മാനുവല്‍ പള്ളികള്‍ക്കും കൂടി ഒരു വികാരിയാണ്. ആ സാഹചര്യത്തില്‍ ഇമ്മാനുവല്‍ പള്ളിയില്‍ മൃതദേഹം അടക്കുന്നതിന് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ തുടര്‍ന്ന് പോരുന്നത് പോലെ ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങളും സംസ്‌ക്കരിക്കാം എന്ന് ജില്ലാ കളക്ടര്‍ പറയുന്നു.

ചുറ്റുമതില്‍ നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചെങ്കിലും മതില്‍ കെട്ടാന്‍ ചെല്ലുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തങ്ങളെ തടയുകയും പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയുമാണെന്ന് അന്നമ്മയുടെ മകള്‍ ഏലിയാമ്മ പറയുന്നു ‘ഷീറ്റിട്ട കൊച്ചു പള്ളിയാണ് ഞങ്ങളുടേത്. അമ്മയുടെ മൃതദേഹം ഞങ്ങടെ കല്ലറയില്‍ അടക്കണമെന്ന ആഗ്രഹം കൊണ്ടാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ചുറ്റുമതില്‍ കെട്ടിയിട്ടില്ല, അത് സത്യമാണ്. ഞങ്ങള്‍ നാല്‍പ്പത് കുടുംബങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരും കൂലിപ്പണിക്കാരും കെട്ടിടംപണിക്കാരും ഒക്കെയാണ്. ഞങ്ങളെല്ലാവരും കൂടി ചുറ്റുമതില്‍ കെട്ടാന്‍ പറമ്പ് വെട്ടിത്തെളിച്ച് വാരം വെട്ടിയതാണ്. പക്ഷെ ബിജെപിക്കാര്‍ വന്ന് ഞങ്ങളെ തടഞ്ഞു. അവര് ആയുധങ്ങളുമൊക്കെ എടുത്ത് കൊണ്ടാണ് വന്നത്. ബഹളം ആയപ്പോള്‍ പ്രശ്‌നമുണ്ടാക്കണ്ട, സമാധാനമായിട്ട് കാര്യങ്ങള്‍ പരിഹരിക്കാം എന്ന് പള്ളിയിലെ അച്ചന്‍ പറഞ്ഞതുകൊണ്ട് ഞങ്ങള്‍ പണി അവസാനിപ്പിച്ചു. സെമിത്തേരി ഇവിടെ അനുവദിക്കില്ലെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. ഞങ്ങള്‍ ചുറ്റുമതില്‍ പണിയാം. പക്ഷെ അതിനുള്ള സംരക്ഷണം ഞങ്ങള്‍ക്ക് തരണം.’

അടിസ്ഥാന സൗകര്യം അനുവദിച്ചാല്‍ ഇമ്മാനുവല്‍ പള്ളിയില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറാണ്. എന്നാല്‍ അത് നല്‍കാന്‍ ഒരു സഭയും ഒരു വികാരിയും ആയിട്ടുകൂടി ഇമ്മാനുവല്‍ പള്ളി അധികൃതര്‍ സമ്മതം മൂളുന്നില്ല എന്ന പരാതിയും ജറുസലേം പള്ളി അംഗങ്ങള്‍ക്കുണ്ട്. ഇത് സംബന്ധിച്ച് ചോദ്യങ്ങളോട് പള്ളി വികാരി ജോണ്‍ പി ചാക്കോ പ്രതികരിച്ചില്ല. തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല എന്നായിരുന്നു ഫാ.ജോണ്‍ പി ചാക്കോയുടെ പ്രതികരണം. എന്നാല്‍ തങ്ങളുടെ സെമിത്തേരിയില്‍ അടക്കാന്‍ അനുവാദം ലഭിക്കുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുമെന്നാണ് അന്നമ്മയുടെ ബന്ധുക്കളുടെ നിലപാട്.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മരണം നടന്നിട്ട് അഞ്ച് ദിവസമായിട്ടും സംസ്‌ക്കാരം നടത്താന്‍ കഴിയാത്തത് മൃതദേഹത്തോടുള്ള അനാദരവാണെന്നും ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മീഷനംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍