UPDATES

പുറമ്പോക്കിലെ മുരളിയെ ‘കൊന്ന് കെട്ടിത്തൂക്കുന്ന’ മലയാളി വംശീയത; എത്ര മേനി നടിച്ചാലും അതവിടെയുണ്ട്

മുരളി മരിച്ച അന്ന് രാത്രിപോലും ഭാര്യയും കുട്ടികളും ഒരു മരച്ചുവട്ടിലാണ് കിടന്നുറങ്ങിയത്

മുരളിയുടെ ആത്മഹത്യ ഉറപ്പിക്കുന്നൊരു വസ്തുതയുണ്ട്; സാധരണക്കാരന് ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും ലഭ്യമാകാത്ത ഒന്നാണ് നീതി. ഭാര്യയേയും പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെയും സുരക്ഷിതമായി പാര്‍പ്പിക്കാന്‍ സ്വന്തമായൊരു വീട് എന്നതുമാത്രമായിരുന്നു മുരളി ആഗ്രഹിച്ചത്. അതിനുവേണ്ടിയാണ് അയാള്‍ വെയിലത്തും മഴയത്തും അലഞ്ഞതും സമരം ചെയ്തതും നെഞ്ചുപൊട്ടി നിലവിളിച്ചതും. പക്ഷേ….

ഒന്നുറപ്പാണ്, തൂങ്ങിയാടി നിശ്ചലമായി പോയ ആ ശരീരം പുരോഗമനക്കാരെന്ന് ഊറ്റം കൊള്ളുന്ന, ഇതരനാട്ടില്‍ നിന്നും ജോലിയും ജീവിതവും തേടി വരുന്നവരെ അതിഥികളായി കാണുന്നുവെന്ന് മേനി പറയുന്ന കേരളത്തിന്റെ ആത്മാര്‍ത്ഥതയുടെ പൊള്ളത്തരം വെളിവാക്കി ചലിച്ചുകൊണ്ടേയിരിക്കും.

അരനൂറ്റാണ്ടിനും മുന്നേ തമിഴ്‌നാട്ടില്‍ നിന്നും തൊഴില്‍ തേടി കേരളത്തിലേയ്ക്ക് കുടിയേറിയ കുടുംബത്തില്‍പ്പെട്ടയാളായിരുന്നു മുരളി. മലപ്പുറം കോഴിച്ചെനയില്‍ പത്തു പന്ത്രണ്ടു വര്‍ഷങ്ങളോളമായി മുരളി കുടുംബവുമൊത്ത് താമസിച്ചു വരുന്നു. ഇക്കാലമത്രയും തെരുവോരത്തും വാടക വീടുകളിലും കഴിയേണ്ടി വന്ന മുരളിക്ക് കേരളത്തില്‍ തന്നെ സ്വന്തമായൊരു വീട് കിട്ടി, അവിടെ തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ജീവിക്കണമെന്നതായിരുന്നു മോഹം. അതിനുവേണ്ടി അയാള്‍ ഒരുപാട് അലഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് തെന്നല പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ മഴയത്ത് കുട്ടികളുമായി മുരളി വീടിനു വേണ്ടി സമരം നടത്തുകയും ചെയ്തിരുന്നു.

“ആ മരണത്തിന്റെ തലേ ദിവസമാണ് ഞാന്‍ മുരളിയെ ആദ്യമായി കാണുന്നത്. ബാങ്കില്‍ നിന്നും മടങ്ങും വഴി സുഹൃത്താണ് മുരളി തന്റെ പിഞ്ചു കുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തോടൊപ്പം വെന്നിയുരിലെ നാഷണല്‍ ഹൈവേയ്ക്ക് സമീപത്തുള്ള വ്യാപാര ഭവന്റെ വരാന്തയില്‍ കനത്ത മഴയത്ത് ഇരിക്കുന്നത് കണ്ടത്. സുഹൃത്ത് മുരളിയുടെ അടുത്തേക്ക് ചെല്ലുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു. നാട്ടില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ഒരു ക്ലബ് നടത്തുന്നുണ്ട്. സുഹൃത്ത് മുരളിയുടെ വിവരം പറഞ്ഞപ്പോള്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകരായ ഞങ്ങള്‍ അന്നു വൈകീട്ട് മുരളിയെ കാണാന്‍ പോയി. എസ്ബിഐ ബാങ്കിന്റെ താഴെയായാണ് അവര്‍ അപ്പോള്‍ ഉണ്ടായിരുന്നത്. ഞങ്ങളെ കണ്ടയുടന്‍ മുരളി വിഭ്രാന്തനായി. തല്ലാന്‍ വന്നവരാണെന്നായിരുന്നു അയാള്‍ ഞങ്ങളെ തെറ്റിദ്ധരിച്ചത്. തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തനിക്ക് പാരവെക്കാന്‍ വന്നതാണോ എന്നായി സംശയം. പിന്നെ ഞങ്ങള്‍ പഞ്ചായത്തില്‍ നിന്നും വരുന്നവരാണോയെന്ന ചോദ്യവുമുണ്ടായി”; മുരളിയുടെ അതേ നാട്ടുകാരനും സാമൂഹ്യ പ്രവര്‍ത്തകനും മരിക്കുന്നതിന്റെ തലേന്ന് വരെ മുരളിയെ കണ്ട് സംസാരിക്കുകയും ചെയ്ത ജൂനൈദ് പറയുന്നു.

മുരളിയുടെ മൂത്ത കുട്ടിക്ക് ആറ് വയസ്സാണ് പ്രായം, ഇളയകുട്ടിക്ക് ഒരു മാസത്തിനടുത്തും. ജുനൈദും സംഘവും എത്തിയ സമയത്ത് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നു അവര്‍. മുരളിയോട് സംസാരിച്ചപ്പോള്‍ ഒരു മനുഷ്യനെ പോലെ തന്നെ കാണണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടതെന്ന് ജുനൈദ് പറഞ്ഞു.

വാടകക്ക് പോലും ആരും വീട് തരുന്നില്ലെന്നായിരുന്നു മുരളിയുടെ സങ്കടം. ഭേദപ്പെട്ട വാടക കൊടുക്കാന്‍ താന്‍ തയ്യാറായിരുന്നിട്ടും വീട് കിട്ടിയില്ലെന്ന നിരാശയും മുരളി തങ്ങളോട് പങ്കുവച്ചിരുന്നുവെന്നും ജുനൈദ് പറയുന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മഴകൊള്ളാതെ കാക്കാന്‍ വേണ്ടി കഷ്ടപെടുകയാണെന്ന് മുരളി പറയുമ്പോഴാണ് ആ കുട്ടിയെ ശ്രദ്ധിച്ചത്. ഒരു മാസം പ്രായമുള്ള ആ കുഞ്ഞിന്റെ മുഖം കൊതുക് കടിച്ച് തടിച്ച് വീര്‍ത്തിരിക്കുകയായിരുന്നുവെന്നു. അവസാനമായി സംസാരിക്കാന്‍ കിട്ടിയ അവസരമാണെന്ന ധാരണയിലാവാം മുരളി മുക്കാല്‍ മണിക്കൂറോളം തങ്ങളോടു നിര്‍ത്താതെ സംസാരിച്ചതെന്നാണ് ജുനൈദ് പറയുന്നത്. പഞ്ചായത്തില്‍ സമരമിരുന്നുവെന്നും വീട് തരാം എന്ന് പഞ്ചായത്ത് പ്രസിഡന്റ് വാക്ക് തന്നിരുന്നുവെന്നും എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ലെന്നാണ് മുരളി അവരോടു പറഞ്ഞത്. “ഇവര്‍ വീടും സ്ഥലവും തരാം എന്നു പറഞ്ഞിരുന്നു. ഇന്ന് തരാം നാളെ തരാം എന്ന് പറയാന്‍ ഇതെന്താ ലോട്ടറിയാണോ? ജനിച്ചതില്‍ പിന്നെ ഇതുവരെ ഇത്രയും സങ്കടപ്പെട്ടു ഞാന്‍ കരഞ്ഞിട്ടില്ല. ചാകേണ്ടി വന്നാലും എനിക്ക് സങ്കടമില്ല. എന്നാലെങ്കിലും വീട് കിട്ടുമെങ്കില്‍ ആയിക്കോട്ടെ.”; പഞ്ചായത്തിനു മുന്നില്‍ നടത്തിയ സമരത്തിനിടയില്‍ മുരളി പറഞ്ഞ കാര്യങ്ങള്‍ അന്നവിടെ ഉണ്ടായിരുന്നവരില്‍ നിന്നും കേട്ടറിഞ്ഞിരുന്നുവെന്നു ജുനൈദ് പറയുന്നു.

വിവരങ്ങളന്വേഷിച്ച് മടങ്ങാന്‍ തുടങ്ങും മുന്നേ തങ്ങള്‍ക്ക് കഴിയുന്ന സഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കിയപ്പോള്‍ കക്കാനോ പിടിച്ച് പറിക്കാനോ എനിക്ക് താല്‍പര്യമില്ലെന്നും അങ്ങനെ ചെയ്താല്‍ തന്റെ മക്കളും അങ്ങനെയായിപ്പോകുമെന്നും അവര്‍ക്ക് തന്നെ പറ്റി സംശയമുണ്ടെങ്കില്‍ കോഴിചെന പഞ്ചായത്ത് ഓഫീസിന്റെ അടുത്തുള്ള ഉണ്ണിയേട്ടനോട് അന്വേഷിച്ചാല്‍ മതിയെന്നും മുരളി പറഞ്ഞിരുന്നതായും ജുനൈദ് ഓര്‍ക്കുന്നു. പിറ്റേ ദിവസം വാട്‌സ്ആപ്പിലുടെ മുരളി തൂങ്ങിമരിച്ച ചിത്രമാണ് ജുനൈദിന് കാണേണ്ടി വന്നത്.

പഞ്ചായത്തിനു മുന്നില്‍ സമരം ചെയ്‌തെങ്കിലും വീട് കിട്ടാന്‍ അപേക്ഷയൊന്നും മുരളി തന്നിരുന്നില്ലെന്നാണ് സെക്രട്ടറി തങ്ങളോട് പറഞ്ഞതെന്ന് ജുനൈദ് പറയുന്നു. എന്നാല്‍ സമരം ചെയ്യുന്ന സമയത്ത് സമരം നിര്‍ത്താന്‍ വേണ്ടി മുരളിയെ മുറിയിലേക്ക് വിളിപ്പിച്ച് കളക്ടറെ വിളിച്ചിട്ടുണ്ടെന്നും ഉടന്‍ പരിഹാരമാകുമെന്നും വാക്ക് കൊടുത്ത് ആ മനുഷ്യനെ പഞ്ചായത്ത് അധികൃതര്‍ കബളിപ്പിച്ചിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞെന്നും ജുനൈദ് ചൂണ്ടിക്കാണിക്കുന്നു.

മുരളിയും കുടുംബവും പാര്‍ത്തിരുന്ന പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡിലെ മെമ്പറും ഡിവൈഎഫ്‌ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ സുഹൈല്‍ അത്താണിക്കലിന് പറയാനുള്ളത് ഇതാണ്; “മുരളിയ്ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചു കൊടുക്കണമെന്ന ആവശ്യം നിരന്തരം പഞ്ചായത്തിന്റെ മുന്നില്‍ ഉന്നയിച്ചിരുന്നതാണ്. ‘തെരുവോരത്ത് താമസിക്കുന്ന മുരളിയല്ലേ, നമുക്ക് നോക്കാം’ എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. ഒരു വീടിനു വേണ്ടി ഒരുപാട് വട്ടം പഞ്ചായത്തില്‍ മുരളി കയറിയിറങ്ങിയിട്ടുണ്ട്. എന്നെ കാണുമ്പോഴെല്ലാം മെംബറെ, വീട് വേണമെന്ന് പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു മുരളി. പിന്നെ പഞ്ചായത്തിന് മുന്നില്‍ മുരളി സമരം നടത്തി. അന്നും പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വീട് നല്‍കാമെന്ന ഉറപ്പില്‍ മുരളിയെ തിരിച്ചയക്കുകയായിരുന്നു. അതിനു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മുരളിയും കുടുംബവും താമസിച്ച് പോന്നിരുന്നിടത്ത് തുടര്‍ന്ന് കഴിയാന്‍ അനുവദിക്കില്ലെന്നു പൊലീസ് വന്നു പറഞ്ഞിരുന്നു. ആ ഇടവും നഷ്ടമായതോടെയാണ് മുരളി ആത്മഹത്യ ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്.”

സ്വന്തമായി തിരിച്ചറിയല്‍ രേഖകളോ റേഷന്‍ കാര്‍ഡോ ഇല്ലാത്ത ഇവര്‍ക്ക് സര്‍ക്കാരിന്റെ ആശ്രയം പദ്ധതിയില്‍ വീടും സ്ഥലവും നല്‍കാം എന്നായിരുന്നു പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരുന്ന വാഗ്ദാനം. പൊലീസിന്റെ നിരന്തരമായ ഉപദ്രവം കാരണവും നാലു പിഞ്ചുമക്കള്‍ക്കും ഭാര്യക്കും സുരക്ഷിതത്വം ഒരുക്കണം എന്ന ആഗ്രഹത്താലും മുരളി 2015 മുതല്‍ പഞ്ചായത്തോഫീസ് കയറിയിറങ്ങുകയായിരുന്നു. ഇന്ന് തരാം നാളെ തരാം എന്ന് പറഞ്ഞതല്ലാതെ ഒരു തീരുമാനവും ഉണ്ടായില്ല. എന്നാല്‍ മുരളി ജീവന്‍ ഒടുക്കിയതോടെ ഉണ്ടായ പ്രതിഷേധങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി മുരളിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും താമസിക്കാന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുമെന്നാണ് പഞ്ചായത്തും താഹസില്‍ദാരും വാഗ്ദാനം ചെയ്തിരിക്കുന്നത്. മുരളി മരിച്ച അന്ന് രാത്രിപോലും ഭാര്യയും ആ രണ്ടു കുട്ടികളും ഒരു മരച്ചുവാട്ടിലാണ് കിടന്നുറങ്ങിയത്. പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് ശേഷം മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിനൊടുവില്‍ മാത്രമാണ് തഹസില്‍ദാര്‍ സംഭവസ്ഥലത്തെത്തിയത് പോലും.

ഇപ്പോഴും തെരുവോരത്ത് താമസിക്കുന്ന മുരളിയുടെ ഭാര്യയും കുട്ടികളും ഒരു കൂര കിട്ടുന്നതുവരെ എവിടെ താമസിക്കും എന്ന ചോദ്യത്തിന് തങ്ങള്‍ അവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് മെംബര്‍ സുഹൈല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ ചര്‍ച്ചകളൊക്കെ രണ്ടു ദിവസം കൊണ്ട് തീര്‍ന്നാലും അനാഥരായി പോയ ആ സ്ത്രീക്കും പിഞ്ചു കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായൊരു കിടപ്പാടം ഉണ്ടാക്കുമെന്ന ഇത്തരം ഉറപ്പുകള്‍ പക്ഷേ എല്ലാത്തിനും ഉത്തരമാകുന്നില്ല.

നാടോടികളായുള്ള മനുഷ്യരോട് തദ്ദേശീയര്‍ കാണിക്കുന്ന വംശീയതയുടെ ഇരയായ കാശ്മീരിലെ കൊച്ചുപെണ്‍കുട്ടിക്ക് വേണ്ടി കരഞ്ഞ കേരളം തന്നെയാണ് മുരളിക്ക് മരണക്കുരുക്ക് മുറുക്കിയതും. മുരളിയുടേത് ആത്മഹത്യയല്ല, വ്യവസ്ഥാപിത കൊലപാതകമാണ്. പുരോഗമന മുഖമണിഞ്ഞ മലയാളികളുടെ വംശീയത.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍