UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയ്യപ്പന്മാരുടെ ശരണംവിളി ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല, വനംവകുപ്പിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് സര്‍വകലാശാല പഠന റിപ്പോര്‍ട്ടെന്ന് മന്ത്രി

വ്യാജ പ്രചരണത്തിനെതിരെ നടപടിയെന്ന് മന്ത്രി

ശബരിമല തീര്‍ത്ഥാടകരുടെ ശരണംവിളി പെരിയാര്‍ കടുവാ സങ്കേതതത്തില്‍ ശബ്ദ മലീനികരണം ഉണ്ടാക്കുന്നുവെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നത് വ്യാജറിപ്പോര്‍ട്ടാണെന്ന് വകുപ്പ് മന്ത്രി കെ രാജു. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുകയെന്ന ദുഷ്ടലാക്കോടെയാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ പ്രശ്‌നങ്ങള്‍ ലക്ഷ്യമിട്ടാണ് ഇത്തരം കള്ള പ്രചാരണമെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. ശബരിമല തീര്‍ത്ഥാടകര്‍ ശബ്ദമലീനികരണം ഉണ്ടാക്കുന്നുവെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിത്. ഇങ്ങനെയൊരു റിപ്പോര്‍ട്ട് വനം വകുപ്പ് നല്‍കുകയോ, ഏതെങ്കിലും ഏജന്‍സിക്ക് കൈമാറുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്ത വന്നതിന് ശേഷം ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു.

പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഒരു ഗവേഷക 2014-ല്‍ നടത്തിയ പഠനത്തെയാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പഠനത്തിന്റെ ഓണ്‍ലൈന്‍ ലിങ്കും മന്ത്രി പുറത്തുവിട്ടു. ഈ പഠനത്തിലെ ഒരു വരിയെടുത്താണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു. ഈ പഠനം വരുന്ന കാലത്തും കേരളത്തില്‍ ഇടതുസര്‍ക്കാരായിരുന്നില്ല.

സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള സാഹചര്യം ഉപയോഗപ്പെടുത്തി വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം കള്ള പ്രചാരണങ്ങളെന്നും മന്ത്രി പറഞ്ഞു. ഇത്തരം കള്ള പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായാണ് വനം വകുപ്പ് ശബരിമലയിലെ ശരണംവിളിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇത് ശരിയല്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീണ്ടും വാര്‍ത്തകള്‍ പുറത്തുവരികയായിരുന്നു. ഇതേ തുടര്‍ന്നാണ് പോണ്ടിച്ചേരി സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ടാണ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വീണ്ടും രംഗത്തുവന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍