ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ആര്‍എസ്എസ്
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയില്‍ നിന്നുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സോണി 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കുന്ന സ്‌കൂള്‍ കായികതാരമാണ്. ഉടന്‍ തന്നെ നടക്കാനിരിക്കുന്ന ഇന്റര്‍ ക്ലബ് മത്സരങ്ങള്‍ക്കായി തയ്യാറെടുക്കേണ്ട സോണിക്ക് പക്ഷേ ദിവസങ്ങളോളമായി പരിശീലനം നടത്താന്‍ സാധിച്ചിട്ടില്ല. സോണിക്കൊപ്പം പരിശീലനം നടത്തിക്കൊണ്ടിരുന്ന മറ്റ് എണ്‍പതോളം കായികതാരങ്ങളുടേയും അവസ്ഥയിതാണ്. അടുത്തയാഴ്ച നടക്കുന്ന സീനിയര്‍ വിഭാഗക്കാരുടെ ദേശീയതല കായിക മേളയില്‍ മത്സരിക്കേണ്ടവര്‍ പോലുമുണ്ട് ഇക്കൂട്ടത്തില്‍.
ചക്കിട്ടപാറ പഞ്ചായത്തിലെ എല്ലാ സ്‌കൂള്‍-യൂണിവേഴ്‌സിറ്റി കായികതാരങ്ങളും സാധാരണക്കാരും പരിശീലനത്തിനായി ഉപയോഗപ്പെടുത്തിയിരുന്ന പഞ്ചായത്ത് സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട് കഴിഞ്ഞ 21ാം തീയതി മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൈയിലാണ്. ആര്‍എസ്എസ് വടകര ജില്ലാ പ്രാഥമിക ശിക്ഷാ വര്‍ഗ് ക്യാമ്പ് നടക്കുന്നതിനായി 21 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കമ്മ്യൂണിറ്റി ഹാളും സ്‌റ്റേഡിയവും വിട്ടുകൊടുത്തിരിക്കുകയാണ് ചക്കിട്ടപാറ പഞ്ചായത്ത്. വിവിധ മീറ്റുകള്‍ക്കായി പതിവു പരിശീലനത്തിനെത്തിയ കായികതാരങ്ങളെ ക്യാമ്പംഗങ്ങള്‍ തിരിച്ചയച്ചതോടെ പഞ്ചായത്തിന്റെ ഈ നടപടിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്.
കമ്യൂണിറ്റി ഹാള്‍ മാത്രമാണ് ആര്‍എസ്എസിന്റെ പരിപാടിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നതെന്നും, ഗ്രൗണ്ട് വിട്ടുകൊടുത്തിട്ടില്ലെന്നുമാണ് ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രതികരിച്ചിരുന്നതെങ്കിലും, അത് ശരിയല്ലെന്നാണ് ആര്‍എസ്എസ് നേതൃത്വവും മറ്റു പഞ്ചായത്തംഗങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഗ്രൗണ്ടടക്കം ക്യാമ്പിന് വിട്ടുകൊടുത്തിട്ടുണ്ടെന്നും, സിപിഎം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്തില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. നേരത്തേ ഗ്രൗണ്ടിനു വശത്തെ നൂറു മീറ്റര്‍ ട്രാക്കില്‍ ക്യാമ്പംഗങ്ങള്‍ക്ക് ഇ-ടോയ്‌ലറ്റ് സ്ഥാപിക്കാനായി കുഴികളെടുത്തിരുന്നെങ്കിലും, നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ കുഴികള്‍ മൂടുകയായിരുന്നു.
ചക്കിട്ടപാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് മെംബര്‍ ഡെയ്‌സി തോമസ് പറയുന്നതിങ്ങനെ:
“ഹാള്‍ വിട്ടു കൊടുക്കുമ്പോള്‍ അതില്‍ സ്‌റ്റേഡിയം കൂടി ഉള്‍പ്പെടുമെന്നാണ് പ്രസിഡന്റ് കഴിഞ്ഞ ദിവസം ഞാന്‍ നേരിട്ട് ചോദിച്ചപ്പോള്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷവും പത്തു ദിവസം ആര്‍എസ്എസ് ക്യാമ്പ് ഇവിടെ നടന്നിരുന്നു. കായികതാരങ്ങളെയാണ് പ്രശ്‌നം അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ എട്ടു വരെ സ്ഥിരമായി പരിശീലനം നടത്താറുള്ള കുട്ടികളാണ്. പതിവു പോലെ ചെന്നപ്പോള്‍ ഗ്രൗണ്ട് വിട്ടു തരാന്‍ പറ്റില്ലെന്നാണ് ആര്‍എസ്എസുകാര്‍ പറഞ്ഞത്. ബില്ലടച്ചപ്പോള്‍ റസീറ്റില്‍ ‘വിത്ത് ഗ്രൗണ്ട്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ അവര്‍ക്ക് ഗ്രൗണ്ടുപയോഗിക്കാന്‍ ന്യായമുണ്ടല്ലോ. വിട്ടു കൊടുത്തിട്ടില്ല എന്നുതന്നെയാണ് പ്രസിഡന്റും ആദ്യം പറഞ്ഞിരുന്നത്. വിട്ടു കൊടുത്തിട്ടില്ലെങ്കില്‍ അവര്‍ ഗ്രൗണ്ടുപയോഗിക്കുമ്പോള്‍ എന്തുകൊണ്ട് ആക്ഷനെടുക്കുന്നില്ല എന്ന ചോദ്യത്തിനു മാത്രം പ്രസിഡന്റിന് ഉത്തരമില്ല.
ഇന്നലെ രാവിലെപോലും കുട്ടികള്‍ ചെന്നപ്പോള്‍ ട്രാക്ക് മാത്രം ഉപയോഗിച്ചോളൂ എന്നായിരുന്നു അവരുടെ പ്രതികരണം. നാഷണലില്‍ പോകുന്ന ജാവലിന്‍ ത്രോ പരിശീലിക്കുന്ന ഒരു കുട്ടിയുണ്ട് ഇവര്‍ക്കൊപ്പം. അവനെപ്പോലുള്ളവര്‍ക്ക് ട്രാക്ക് മാത്രം മതിയാകില്ല. നാട്ടുകാര്‍ക്കെല്ലാവര്‍ക്കും ഈ നീക്കത്തോട് കടുത്ത എതിര്‍പ്പാണ്. യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു. കായിക പരിശീലനം നടത്തിപ്പോന്നിരുന്ന കുട്ടികളും പ്രതിഷേധമറിയിച്ചിട്ടുണ്ട്. ബോര്‍ഡ് മീറ്റിംഗ് നടക്കുമ്പോള്‍ പ്രതിപക്ഷമായ ഞങ്ങളും എതിര്‍പ്പറിയിക്കും. എന്റെ മകനുള്‍പ്പെടെ ഒരുപാട് കായികതാരങ്ങളുള്ള സ്ഥലമാണ് ചക്കിട്ടപാറ. അവിടെ ഇത്തരമൊരു നീക്കം നടക്കാന്‍ പാടില്ലാത്തതാണ്.”
കായികപ്രേമികളായ ഒട്ടനേകം സാധാരണക്കാരും, ഒപ്പം ധാരാളം കായികതാരങ്ങളുമുള്ളയിടമാണ് ചക്കിട്ടപാറ. സ്‌കൂള്‍ മീറ്റുകളിലും മറ്റും മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള പാരമ്പര്യമാണ് ഇവിടത്തുകാരായ കുട്ടികള്‍ക്കുള്ളത്. ചക്കിട്ടപാറ സ്വദേശിയായ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണും കായിക പരിശീലനം മുടങ്ങിയവര്‍ക്കു വേണ്ടി വാദിച്ച് രംഗത്തെത്തിയിരുന്നു. കുട്ടികള്‍ക്കൊപ്പം സാധാരണക്കാരും ഉപയോഗിക്കുന്ന ഗ്രൗണ്ടാണ് പഞ്ചായത്ത് സ്‌റ്റേഡിയത്തിലുള്ളത്. വിഷയം വലിയ ചര്‍ച്ചയായ ശേഷം ഒത്തുതീര്‍പ്പിനായി കായികതാരങ്ങള്‍ പഞ്ചായത്തംഗങ്ങളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ ആറു മണി മുതല്‍ എട്ടു മണി വരെയും വൈകീട്ട് അഞ്ചു മണി മുതല്‍ ആറര വരെയും കുട്ടികള്‍ക്ക് പരിശീലനത്തിനായി ഗ്രൗണ്ട് വിട്ടുകിട്ടണമെന്ന് ധാരണയുമായതാണ്. ഈ തീരുമാനത്തില്‍ വിശ്വസിച്ച് പിറ്റേന്ന് ഗ്രൗണ്ടിലെത്തിയ കുട്ടികള്‍ക്കു പക്ഷേ നിരാശയായിരുന്നു ഫലം. ഓര്‍ഡറുമായി ചെന്നിട്ടും ആര്‍എസ്എസുകാര്‍ മാറിത്തന്നില്ലെന്നും, ഈ സാഹചര്യത്തില്‍ പരിശീലനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും കുട്ടികളുടെ പരിശീലകനായ കെ.എം പീറ്റര്‍ പറയുന്നു.
“കുറച്ചു ദിവസം റോഡിന്റെ വശത്ത് പരിശീലനം നടത്തിയിരുന്നു. പക്ഷേ അതിനൊക്കെ പരിമിതിയുണ്ടല്ലോ. കൊച്ചു കുട്ടികളെ എങ്ങനെ റോഡുവക്കത്ത് പരിശീലനത്തിനു വിടും? അവരോട് വരേണ്ടെന്നു പറഞ്ഞു. ചെറിയ കുട്ടികള്‍ അറുപതു പേരും, വലിയ കുട്ടികള്‍ ഇരുപതു പേരുമുണ്ട് ഇക്കൂട്ടത്തില്‍. അടുത്തയാഴ്ച സീനിയേഴ്‌സിന്റെ സ്‌കൂള്‍ നാഷണല്‍സ് നടക്കാനിരിക്കുകയാണ്. ജാവലിന്‍ ത്രോയ്ക്ക് പരിശീലിക്കുന്ന ഒരു കുട്ടിയുണ്ട്. അവന്‍ എവിടെപ്പോയി പരിശീലിക്കണമെന്നാണ് പറയുന്നത്? ഗ്രൗണ്ട് കൊടുത്തിട്ടില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. പക്ഷേ, ഗ്രൗണ്ട് മുഴുവനായും അവരാണിപ്പോള്‍ ഉപയോഗിക്കുന്നത്. ട്രാക്കില്‍ ആദ്യം കുഴി കുത്തിയിരുന്നു. അത് പ്രതിഷേധത്തെത്തുടര്‍ന്ന് മൂടി. ഇപ്പോള്‍ അടുത്ത പറമ്പിന്റെ ഉടമസ്ഥനോട് സമ്മതം വാങ്ങിച്ച് ആ പറമ്പില്‍ കുഴികുത്തി, കക്കൂസ് മാലിന്യം അങ്ങോട്ടാണ് ഒഴുക്കിവിടുന്നത്. പക്ഷേ ഇവര്‍ക്ക് ഉപയോഗിക്കാനുള്ള ഇ-ടോയ്‌ലറ്റുകള്‍ ട്രാക്കിലാണ് വച്ചിരിക്കുന്നത്.
2017ലും ഇതു പോലെ ഇവര്‍ക്ക് ഗ്രൗണ്ട് കൊടുത്തിരുന്നു. അന്ന് പരിശീലനം മുടങ്ങിയപ്പോള്‍ ഞങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഇടതുപക്ഷം പരിശോധന തുടങ്ങിയതാണ്. അതിതുവരെ തീര്‍ന്നിട്ടില്ല. എന്തു നീതിയാണ് ഞങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത്? പരിശീലനത്തിനായി കുട്ടികള്‍ക്ക് വിട്ടുകൊടുത്താല്‍ പത്തു പൈസ അവരുടെ കൈയില്‍ നിന്നും കിട്ടില്ല. ഇതാകുമ്പോള്‍ സാമ്പത്തിക ലാഭമുണ്ടല്ലോ. പണത്തിനു വേണ്ടിയാണിത് ചെയ്യുന്നത് എന്നല്ലേ മനസ്സിലാക്കേണ്ടത്? കായിക പരിശീലനത്തിനു വേണ്ടിയുണ്ടാക്കിയ ഗ്രൗണ്ടാണ്. കഴിഞ്ഞ വര്‍ഷമാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വകയിരുത്തി ഇത് നവീകരിച്ചത്. ഇങ്ങനെ വിട്ടുകൊടുക്കാനായിരുന്നെങ്കില്‍ ആ ഒരു കോടി രൂപയ്ക്ക് വല്ല പാവപ്പെട്ടവര്‍ക്കും വീടു വച്ചു കൊടുത്തുകൂടായിരുന്നോ?”- പീറ്റര്‍ ചോദിക്കുന്നു.
അതേസമയം, പ്രശ്‌നം രാഷ്ട്രീയപ്രേരിതമാണെന്നും കായികതാരങ്ങള്‍ക്ക് പരിശീലിക്കാനുള്ള സൗകര്യങ്ങള്‍ ക്യാമ്പംഗങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്നും ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ബാലകൃഷ്ണന്‍ പറയുന്നു.
പഞ്ചായത്ത് അധികൃതര്‍ കായികതാരങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും, സാമ്പത്തികരാഷ്ട്രീയ ലാഭങ്ങള്‍ മാത്രം ലക്ഷ്യമിടുകയാണെന്നും നാട്ടുകാരും കായികതാരങ്ങളും പറയുന്നു. വരാനിരിക്കുന്ന മീറ്റുകളില്‍ പങ്കെടുക്കുന്നതിനു വേണ്ട പരിശീലനം എങ്ങനെ നേടുമെന്ന ആശങ്കയിലാണ് കുട്ടികളും രക്ഷിതാക്കളും ഒപ്പം കായികപ്രേമികളായ നാട്ടുകാരും.