UPDATES

ആര്‍ക്കും വേണ്ട ഓഖിയെടുത്ത ഇതര സംസ്ഥാന മത്സ്യതൊഴിലാളികളെ; 184 പേര്‍, അവരെവിടെ?

കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ നിന്നു മത്സ്യബന്ധനത്തിന് പോകുന്ന 600 ഓളം വിദൂര മത്സ്യബന്ധന ബോട്ടുകളില്‍ തൊഴിലെടുക്കുന്ന ആറായിരം ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ ഇല്ലെങ്കില്‍ ഈ ഹാര്‍ബറിന്റെ താളം തെറ്റും

രണ്ട് മാസമായി ഓഖി ചുഴലിക്കാറ്റ് നിരവധി ജീവനുകളെടുത്തിട്ട്. എന്നാല്‍ വിദൂര മത്സ്യബന്ധന ബോട്ടുകളില്‍ കടലില്‍ പോയി കാണാതായ  ഇതരസംസ്ഥാന തൊഴിലാളികളോടും കുടുംബങ്ങളോടും അവഗണന മാത്രം. കൊല്ലത്തിനും ലക്ഷദ്വീപിനും ഇടയ്ക്ക് മത്സ്യബന്ധനത്തിനുപോയ 184 തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതില്‍ 5 അസാം സ്വദേശികളും, 167 പേര്‍ തമിഴ്‌നാട്ടിലെ തൂത്തുകുടി, വള്ളവിള, ചിന്നതുറ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. ഓഖി ചുഴലിക്കാറ്റില്‍ കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് മാത്രം കാണാതായത് 64 ഇതര സംസ്ഥാന തൊഴിലാളികളെയാണ്. സംസ്ഥാനത്ത് മരണം സ്ഥിരീകരിച്ച 74 പേരില്‍ നാലു പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്.

നഷ്ടപരിഹാര തുക അതാത് സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കേണ്ടതെന്ന് കേരളം വാദിക്കുമ്പോള്‍ നടപടികള്‍ വേഗത്തിലാക്കേണ്ടവര്‍ക്ക് ഈ കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണെന്ന് വ്യാപക പരാതി ഉയര്‍ന്നു കഴിഞ്ഞു.

ഓഖി ദുരന്തത്തില്‍പ്പെട്ട മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തവയാകയാല്‍ അവരാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് കേരളം വാദിക്കുമ്പോള്‍ നഷ്ടപരിഹാര തുക ഉടന്‍ നല്‍കാമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വാഗ്ദാനം ഇതുവരെ നിറവേറ്റിയിട്ടില്ല. ജനുവരി അഞ്ചിന് തമിഴ്‌നാട്ടില്‍ നിന്ന് വിവിധ സംഘങ്ങള്‍ സംസ്ഥാനത്തെ ഹാര്‍ബറുകളില്‍ എത്തി ഓഖിയില്‍ മരണം സംഭവിച്ച തമിഴ് തൊഴിലാളികളെ കുറിച്ചും അവരുടെ കുടുംബങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിച്ച് മടങ്ങിയെങ്കിലും ഇതുവരെ നഷ്ടപരിഹാരത്തുക ലഭിക്കുന്നതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

കേരളത്തില്‍ നിന്നാണ് ഈ ബോട്ടുകള്‍ മത്സ്യബന്ധനത്തിനിറങ്ങുന്നതെങ്കിലും ബോട്ടുകള്‍ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. കേരള തീരത്ത് ഒരു വര്‍ഷം ഈ ബോട്ടുകള്‍ക്ക് മത്സ്യബന്ധനം നടത്തണമെങ്കില്‍ 25,000 രൂപ യൂസര്‍ ഫീയായി സംസ്ഥാന സര്‍ക്കാരിന് നല്‍കണം. കേരളതീരത്ത് മത്സ്യബന്ധനത്തിനിറങ്ങുന്ന ഈ ബോട്ടുകളോടും തൊഴിലാളികളോടുമുള്ള അവഗണന തൊഴിലാളികളെ മാത്രമല്ല കേരളത്തിന്റെ മത്സ്യബന്ധന മേഖലയെയും ബാധിക്കുകയാണ്. സംസ്ഥാനത്ത് വിദൂര മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ വളരെ കുറവാണ്. തിരുവന്തപുരം ജില്ലയുടെ തെക്കന്‍ മേഖലകളിലും വടക്കന്‍ ജില്ലകളില്‍ ചില ഇടങ്ങളിലും മാത്രമാണ് വിദൂര മത്സ്യബന്ധന ബോട്ടുകള്‍ ഉള്ളത്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിലെ ബോട്ടുകളെയാണ് കേരളം കൂടുതല്‍ ആശ്രയിക്കുന്നതും.

ഓഖി നാശം വിതച്ചിട്ട് രണ്ടു മാസമായിട്ടും നഷ്ടപരിഹാര തുക ലഭിക്കാത്തതിനാല്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. അതുകൊണ്ട് തന്നെ നഷ്ടപരിഹാര തുക ലഭിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകളുടെ വരവ് കാര്യമായി കുറയാനും സാധ്യത ഉണ്ടെന്ന് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ പറയുന്നു. വിദൂര മത്സ്യബന്ധന ബോട്ടുകളും, പരിശീലനം നേടിയ തൊഴിലാളികളുടെയും അഭാവം മത്സ്യബന്ധന മേഖലയെ കാര്യമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് അടിയന്തിര പ്രാധാന്യത്തോടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത യോഗം വിളിക്കുകയും നടപടികള്‍ വേഗത്തിലാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.

“കടലില്‍ പോയി മീന്‍പിടിക്കാന്‍ മാത്രമേ ഞങ്ങള്‍ക്കറിയാവൂ… മറ്റു തൊഴിലൊന്നും അറിയില്ല. കടലാണ് ഞങ്ങള്‍ക്കുള്ള ഏക ആശ്രയം. ഓഖിയെടുത്തത് എന്നെ പോലുള്ള കുറെ ആള്‍ക്കാരുടെ ജീവനും സമ്പാദ്യവുമാണ്. 17 ഓളം ബോട്ടുകളാണ് ചുഴലിക്കാറ്റില്‍ പെട്ടത്. കുറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. ചിലരുടെ ഉപജീവന മാര്‍ഗം ഇല്ലാതായി. ഇപ്പോഴും കടലില്‍ പേകാന്‍ പേടിയാണ്. എന്നാലും ജീവിക്കണ്ടേ? മക്കളെ വളര്‍ത്തണ്ടേ? അതുകൊണ്ടാണ് പിന്നെയും കടലില്‍ പോകുന്നത്”, ഓഖി ചുഴലിക്കാറ്റിന്റെ മരണമുഖത്തു നിന്ന് രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശിയും തോപ്പുംപടി ഹാര്‍ബറിലെ മത്സ്യതൊഴിലാളിയുമായ ഡെന്നീസ് ലൂയിസ് (53) അഴിമുഖത്തോട് പറഞ്ഞു.

“ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബോട്ട് നഷ്ടമായവര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാമെന്നാണ് പറയുന്നത്. 30 മുതല്‍ 40 ലക്ഷം വരെയുള്ള ഈ ബോട്ടുകള്‍ക്ക് അഞ്ച് ലക്ഷം നഷ്ട പരിഹാരം നല്‍കിയാല്‍ മതിയോ? ചില ബോട്ടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഹാര്‍ബറില്‍ നിന്ന് പോയി ഇരുപത്തഞ്ചു ദിവസങ്ങള്‍ ശേഷം വരേണ്ട ബോട്ടുകള്‍ പലതും ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തിരിച്ചുവന്നു. ഈ ബോട്ടുകളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കുടുംബവും പട്ടിണിയിലാണ്. അഞ്ച് ദിവസങ്ങള്‍ക്ക് മുന്നേ എങ്കിലും ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ ലഭിക്കണം. അല്ലാതെ എന്ത് ഉറപ്പിന്‍മേല്‍ ഞങ്ങള്‍ മത്സ്യബന്ധനത്തിന് പോകും?” ഡെന്നീസ് ചോദിക്കുന്നു.

അതേ, നമ്മളൊക്കെ കരുതുന്നതിലും വലിയ ദുരന്തമാണ് ഓഖി; 50 ദിവസങ്ങള്‍ക്കിപ്പുറം ഒരു കുറിപ്പ്

ഇതര സംസ്ഥാനക്കാരില്ലെങ്കില്‍ തോപ്പുംപടി ഹാര്‍ബറില്ല; നഷ്ടപരിഹാര തുക ലഭ്യമാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും ആവശ്യം

കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ നിന്നു മത്സ്യബന്ധനത്തിന് പോകുന്ന 600 ഓളം വിദൂര മത്സ്യബന്ധന ബോട്ടുകളില്‍ തൊഴിലെടുക്കുന്ന ആറായിരം ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ ഇല്ലെങ്കില്‍ ഈ ഹാര്‍ബറിന്റെ താളം തെറ്റും. 25 മുതല്‍ 30 ദിവസം വരെ ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന തമിഴ്‌നാട് സദേശികളായ ഭൂരിഭാഗം തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നം മാത്രമല്ല ഇത്. ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിശ്ചലമായാല്‍ ഹാര്‍ബറിനുളളില്‍ ജോലിയെടുക്കുന്ന അയ്യായിരത്തോളം മലയാളികളെയും കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ട് ഓഖിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ദ്രുതഗതിയില്‍ പരിഹാരം കണ്ടെത്തേണ്ടത് കേരള സര്‍ക്കാരിന്റെയും ആവശ്യമാണ്.

ഇതര സംസ്ഥാനക്കാരായ മത്സ്യതൊഴിലാളികളെ കണ്ടെത്തണമെന്നും ഇവര്‍ക്കുള്ള നഷ്ടപരിഹാര തുക അടിയന്തിരമായി ലഭ്യമാക്കണമെന്നും ഇതിന് തമിഴ്‌നാട് സര്‍ക്കാരിന്റെയും കേരളസര്‍ക്കാരിന്റെ സംയുക്തയോഗം വിളിക്കണമെന്നാവശ്യപ്പെട്ടിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് കേരള മത്സ്യതൊഴിലാളി ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് അഴിമുഖത്തോട് പറഞ്ഞു. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാരായ രാധാമോഹന്‍ സിംഗ്, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യം ചൂണ്ടികാണിച്ച് കത്തയച്ചെങ്കിലും നടപടികളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതൊന്നും ഓർക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാർ കടലിൽ പോവും; കാരണം ഞങ്ങൾ മുക്കുവരാണ്

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍