UPDATES

ട്രെന്‍ഡിങ്ങ്

ആസ്ത്മ, ഹൃദ്രോഗം, ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, കാന്‍സർ; ഈ രോഗങ്ങളുടെ കാര്യത്തില്‍ ഒന്നാം നമ്പറിലേക്ക് കുതിക്കുകയാണ് കേരളം; 4000 കോടി കൊണ്ട് ധനമന്ത്രി എന്തത്ഭുതമാണ് കാണിക്കുക?

അതിവേഗതയിലുള്ള ആധുനികീകരണമാണ് കേരളം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുടെ അടിസ്ഥാനമെന്ന് റിപ്പോർട്ട് പറയുന്നു.

കേരളത്തിന്റെ ആരോഗ്യമേഖലയുടെ ശക്തിയും ദൗര്‍ബല്യങ്ങളും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാലമുണ്ടായിട്ടില്ല. തുടർച്ചയായുണ്ടായ പനിമരണങ്ങളും നിപ വൈറസ് ബാധയെ കാര്യക്ഷമമായി നേരിട്ട രീതിയുമെല്ലാം സംസ്ഥാനതലത്തിൽ മാത്രമല്ല, ദേശീയ-അന്തർദ്ദേശീയ തലങ്ങളിലും ആരോഗ്യരംഗം ചർച്ചയിലേക്കു വരാൻ കാരണമായി. നിപ വൈറസ് ബാധയെ നേരിട്ട രീതി ഏറെ പ്രകീർത്തിക്കപ്പെടുകയും ചെയ്തു. മന്ത്രി ടിഎം തോമസ് ഐസക് ജനുവരി 31ന് അവതരിപ്പിച്ച ബജറ്റിന്റെ പ്രധാന ഊന്നലുകളിലൊന്ന് ആരോഗ്യരംഗമായിരുന്നു. ബജറ്റില്‍ ഏറ്റവും കൂടുതൽ അടങ്കലുള്ളത് ആരോഗ്യമേഖലയ്ക്കാണെന്ന് ഊന്നിപ്പറഞ്ഞാണ് ഐസക്കിന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്.

കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും പുതിയ പ്രതിസന്ധി ജീവിതശൈലീ രോഗങ്ങളുടേതാണ്. ഇക്കഴിഞ്ഞ ദിവസം നിയമസഭയിലവതരിപ്പിച്ച സ്റ്റേറ്റ് ഇക്കണോമിക് റിവ്യു-2018 റിപ്പോർട്ടിൽ ഇതു സംബന്ധിച്ച് വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. ആസ്ത്മ, ഹൃദ്രോഗം, ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, കാന്‍സർ തുടങ്ങിയ നോൺ കമ്മ്യൂണിക്കബിൾ രോഗങ്ങളുടെ നിരക്ക് അപകരമാംവിധം ഉയരുകയാണെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയുണ്ടായി. ലോകബാങ്കും നീതി ആയോഗും ചേർന്ന് പുറത്തിറക്കിയ ആരോഗ്യസൂചികയിൽ കേരളം ഒന്നാംസ്ഥാനത്തെത്തിയെന്ന വാർത്തയ്ക്കു പിന്നാലെയാണ് ഈ റിപ്പോർട്ട് വരുന്നതെന്നതും ശ്രദ്ധേയമാണ്.

നോൺ കമ്മ്യൂണിക്കബിൾ രോഗങ്ങൾ (NCDs) മൂലമുള്ള കേരളത്തിലെ മരണനിരക്ക് ദേശീയ ശരാശരിയെക്കാൾ അധികമാണ്. മൊത്തം മരണങ്ങളുടെ 42 ശതമാനമാണ് കേരളത്തിലെ എൻസിഡി മരണങ്ങൾ‌. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്ന പ്രായം 30 മുതൽ 59 വരെയാണെന്നത് കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

പഠനങ്ങൾ കാണിക്കുന്നത് കേരളത്തിലെ പ്രായപൂർത്തിയായ പുരുഷന്മാരിലെ ഡയബറ്റിസ് നിരക്ക് 27 ശതമാനമാണ്. എന്നാൽ, ദേശീയ നിരക്ക് 15 ശതമാനം മാത്രമാണ്. സ്ത്രീകളിലെ പ്രമേഹത്തിന്റെ ദേശീയശരാശരി 11 ശതമാനവും കേരളത്തിലെ ശരാശരി 19 ശതമാനവുമാണ്. പക്ഷാഘാതം, ഹൃദയാഘാതം, അമിതവണ്ണം, കാൻസർ മരണങ്ങൾ തുടങ്ങിയ എൻസിഡി രോഗങ്ങളുടെ കാര്യത്തിലും കേരളം മുമ്പിലാണ്.

ഇരുന്ന് രോഗിയാകുന്ന മലയാളി

ഇതിന്റെ കാരണങ്ങളായി പൊതുവിൽ പറയപ്പെടുന്നത് ഭക്ഷണശീലങ്ങളാണ്. ഭക്ഷണത്തിലെ അപര്യാപ്തതകളും പൊടുന്നനെയുള്ള ജീവിതശൈലീ മാറ്റങ്ങളുമെല്ലാം ഈ അപകടത്തിന് വഴി വെക്കുന്നു. മറ്റൊന്ന് ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്. അതിവേഗതയിലുള്ള ആധുനികീകരണമാണ് കേരളം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുടെ അടിസ്ഥാനമെന്ന് റിപ്പോർട്ട് പറയുന്നു. മദ്യത്തിന്റെയും പുകയിലയുടെയും അനിയന്ത്രിതമായ ഉപയോഗം, വൈറ്റ് കോളർ ജോലിയോടുള്ള അമിതാവേശം, ഭക്ഷണനിയന്ത്രണമില്ലായ്ക, ഉയർന്ന മാനസികസമ്മർദ്ദം തുടങ്ങിയവയും എൻസിഡി രോഗങ്ങൾ കൂടുന്നതിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ ആരോഗ്യരംഗത്തെയും സാമ്പത്തിക രംഗത്തെയും ഒരുപോലെ ബാധിക്കുന്നതാണ് ദീർഘകാലം ചികിത്സ ആവശ്യമുള്ള ഇത്തരം രോഗങ്ങളുടെ വർധന. ഉയർന്ന ചെലവുള്ളതാണ് ഈ രോഗങ്ങളുടെ ചികിത്സ. മരുന്നുകള്‍ക്കും വലിയ വിലയുണ്ട്. കുറഞ്ഞ സാമ്പത്തികശേഷിയുള്ള വിഭാഗങ്ങള്‍ക്ക് ആരോഗ്യപരമായ ഈ പ്രശ്നങ്ങൾ വലിയ തിരിച്ചടിയാണ്.

1406 കോടി രൂപയാണ് ഈ ബജറ്റിൽ ആരോഗ്യമേഖലയ്ക്കുള്ള പദ്ധതി അടങ്കൽ. ഇതിനു പുറമെ എന്‍എച്ച്എമ്മിൽ നിന്ന് 600 കോടി രൂപ ലഭിക്കും. ഇതിനു പുറമെ മെഡിക്കൽ ഇൻഷൂറൻസിന് 800 കോടി രൂപ ചെലവാക്കും. നിർമാണം തുടങ്ങിയ ആശുപത്രികൾക്കു വേണ്ടി 1000 കോടി രൂപയെങ്കിലും ചെലവാക്കേണ്ടി വരും. അതായത് നാലായിരത്തോളം കോടി രൂപയാണ് ആരോഗ്യമേഖലയ്ക്കു വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കുകയാണ് ഈ നീക്കത്തിന്റെയെല്ലാം ലക്ഷ്യമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെക്കുറിച്ചാണ് കഴിഞ്ഞദിവസം നിയമസഭയിലവതരിപ്പിച്ച റിപ്പോർട്ട് പറഞ്ഞിരുന്നത്. ഇത്തരം കാര്യങ്ങളിലേക്ക് ബജറ്റ് നേരിട്ട് കടക്കുകയുണ്ടായില്ലെങ്കിലും വരുംനാളുകളില്‍ രൂപീകരിക്കപ്പെടുന്ന പദ്ധതികളും നയങ്ങളും ഇതെല്ലാം ഉൾക്കൊണ്ടു തന്നെയാകുമെന്നതിൽ സംശയമില്ല.

1280 പൊതു ആരോഗ്യസ്ഥാപനങ്ങൾക്കു വേണ്ടി 788 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 14 മെഡിക്കൽ കോളുകൾക്കെല്ലാം കൂടി 232 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഇൻഷൂറൻസ് കൊണ്ടുവരുന്നതിനു പിന്നിലുള്ള കാരണങ്ങൾ റ്റ് ഇക്കണോമിക് റിവ്യു റിപ്പോർട്ടുമായി കൂട്ടി വായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ ഇടത്തരക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന തരത്തിലുള്ള രോഗങ്ങളിലേക്കാണ് തങ്ങൾ വിധേയപ്പെട്ടു പോയിട്ടുള്ള ജീവിതശൈലികൾ അവരെ നയിക്കുന്നത്. നേരിടാൻ ഇപ്പോൾ മുന്നിലുള്ള താൽക്കാലി പോംവഴി ഇതുതന്നെയാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള നയപരിപാടികൾ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കാം.

ഇ ഹെൽത്ത്

കേരളത്തിന്റെ പൊതു ആരോഗ്യമേഖലയിൽ ഒരു കുതിച്ചുചാട്ടത്തിനു വരെ ലക്ഷ്യമിടുന്ന ഇ ഹെൽത്ത് പ്രോഗ്രാമിനു വേണ്ടി 8 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ഓരോ പൗരന്റെയും ആരോഗ്യവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന സംവിധാനമാണിത്. കേരളത്തിലെവിടെ നിന്നും ഇവ ആക്സസ് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് സംവിധാനമൊരുങ്ങുന്നത്. ഭാരതീയ ചികിത്സാ സംവിധാനത്തിന് 48 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഹോമിയോപ്പതിക്ക് 26 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍