യുവതിയേയും കുട്ടിയേയും കാണാതായ സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി തന്നെ അന്വേഷണം നടത്തുന്നുണ്ടെന്നാണ് നോര്‍ത്ത് പൊലീസ് എസ് ഐ അഴിമുഖത്തോട് പ്രതികരിച്ചത്
ഉത്തരേന്ത്യന്‍ സ്വദേശികളായ വീട്ടമ്മയേയും മകളെയും കാണാതായതില്‍ ദുരൂഹത തുടരുന്നു. എറണാകുളം കലൂരില്‍ താമസിച്ചു വരികയായിരുന്ന ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ സോനുവിന്റെ ഭാര്യ റോഷ്‌നി (26), മകള്‍ അനന്യ (5) എന്നിവരെയാണ് കാണാതായത്. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നു പോലീസും റോഷ്‌നിയുടെ ഭര്‍ത്താവും പറയുമ്പോഴും ഇരുവരെയും കാണാതായി ഒരു മാസം പിന്നിടുമ്പോഴും പെണ്‍കുട്ടിയും മകളും എവിടെയാണന്നതിനെ കുറിച്ച് ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല.
കൊറിയര്‍ സ്ഥാപാനം നടത്തി വരുന്ന സോനു ഭാര്യയും കുട്ടിയുമായി കലൂര്‍ ജേര്‍ണലിസ്റ്റ് കോളനിയിലാണ് കഴിഞ്ഞ മൂന്നുമാസമായി താമസിച്ചു വരുന്നത്. ഉത്തര്‍പ്രദേശ് റായ്ബറേലിയിലാണ് സോനുവിന്റെ ജന്മദേശമെങ്കിലും ആര്‍മി ഉദ്യോഗസ്ഥനായിരുന്ന പിതാവ് ജോലിസംബന്ധമായി ഗുജറാത്തിലെ സൂറത്തില്‍ താമസമാക്കുകയായിരുന്നു. ഇവിടെ വച്ചാണ് റോഷ്‌നിയെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി സോനു ജോലി സംബന്ധമായി കേരളത്തിലാണുള്ളത്. നേരത്തെ ഒരു കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സോനു രണ്ടു മാസമായി സ്വന്തമായി സ്ഥാപനം നടത്തുകയാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിന്റെ ബ്രാഞ്ചായാണ് ഇയാള്‍ കൊറിയര്‍ സ്ഥാപനം തുടങ്ങിയത്.
സ്വന്തമായി തൊഴില്‍ സ്ഥാപനം തുടങ്ങിയതിനു ശേഷമാണ് സോനു ഭാര്യയേയും മകളെയും കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇവിടെ എത്തിയശേഷം റോഷ്‌നി സന്തോഷവതിയായിരുന്നുവെന്നും മറ്റു പ്രശ്‌നങ്ങളൊന്നും തന്നെയില്ലായിരുന്നുവെന്നുമാണ് സോനു പറയുന്നത്. ഭാര്യയും കുഞ്ഞിനെയും കണ്ടെത്താനാകത്തതിന്റെ വിഷമത്തിലാണ് ഈ യുവാവ്.
“മാര്‍ച്ച് മൂന്നാം തീയതി ഉച്ച ഭക്ഷണം കഴിക്കാന്‍ ഞാന്‍ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ ഭാര്യയും കുട്ടിയും വീട്ടില്‍ ഉണ്ടായിരുന്നു. നാലരയോടെയാണ് തിരിച്ച് ഓഫിസിലേക്ക് പോയത്. പിന്നീട് ഏഴരയോടെ തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ രണ്ടു പേരും അവിടെയില്ലായിരുന്നു. അടുത്തു താമസിക്കുന്നവരുടെ അടുത്ത് ഉണ്ടാകുമെന്നു കരുതി. പക്ഷേ, അവിടെയില്ലായിരുന്നു. പിന്നീട് പുറത്തൊക്കെ അന്വേഷിച്ചെങ്കിലും ഒരിടത്തും കണ്ടെത്താനായില്ല” സോനു അഴിമുഖത്തോട് പറയുന്നു.
സോനു താമസിക്കുന്നയിടത്ത് കൂടുതലും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. ഇവരുടെ അയല്‍വാസികള്‍ ഒരു ടെക്‌സ്റ്റൈല്‍ ഷോപ്പ് നടത്തുന്ന ഉത്തരേന്ത്യന്‍ കുടുംബമാണ്. ആ വീട്ടിലെ ഗൃഹനാഥന്‍ രാവിലെ കടയിലേക്ക് പോകും. ഇദ്ദേഹത്തിന്റെ ഭാര്യ ഉച്ചയോടെ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി കടയിലേക്ക് പോകും. അന്നേ ദിവസം പോകുന്ന നേരം സോനുവിന്റെ വീട് പുറത്തു നിന്നും പൂട്ടിയിട്ടിരിക്കുന്നതായാണ് കണ്ടതെന്നാണ് ഈ സ്ത്രീ പൊലീസിന് നല്‍കിയ മൊഴി. സോനു കുടുംബവുമായി പുറത്തെവിടെയെങ്കിലും പോയിക്കാണുമെന്നാണ് താന്‍ കരുതിയതെന്നു അവര്‍ പോലീസിനോടു പറയുന്നു. എന്നാല്‍ രാത്രി സോനു ഭാര്യയേും കുട്ടിയേയും തിരക്കി വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന വിവരം മനസിലായത്. മറ്റൊരു അയല്‍വാസി അധ്യാപികയാണ്. അവര്‍ രാവിലെ പത്തു മണിക്കു പോയാല്‍ വൈകിട്ട് ആറു മണിയോടെയാണ് തിരിച്ചു വരുന്നത്. ഇവര്‍ക്കും റോഷ്‌നിയും കുട്ടിയും എവിടെ പോയെന്നതിനെ കുറിച്ച് അറിവില്ല.
“ആ രാത്രി തന്നെ ഞങ്ങള്‍ കുറെയിടങ്ങളില്‍ തിരക്കിയിറങ്ങി. കലൂര്‍, മണപ്പാട്ടി പറമ്പ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം പോയി നോക്കി. പത്തു മണിയോടെ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. പരാതി കൊടുത്തതിനു പിന്നാലെ തന്നെ അവിടെയുണ്ടായിരുന്ന ഒരു പോലീസുകാരന്‍ റോഷ്‌നിയുടെയും കുഞ്ഞിന്റെയും ഫോട്ടോ പൊലീസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. പുറത്തിറങ്ങി വഴി തെറ്റിപ്പോയതോ മറ്റോ ആകാം, ഞങ്ങളും അന്വേഷിക്കാം, നിങ്ങളും ഒന്നുകൂടി അന്വേഷിക്കൂവെന്ന് പറഞ്ഞപ്രകാരം ഞാനും സുഹൃത്തും കൂടി വീണ്ടും തിരക്കിയിറങ്ങി. എറണാകുളം ജില്ല ആശുപത്രിയിലും ലിസി ആശുപത്രിയിലുമൊക്കെ പോയി നോക്കി. എന്തെങ്കിലും അപകടം പറ്റി അവിടെയെങ്ങാനും അഡ്മിറ്റ് ചെയ്തിട്ടുണ്ടോ എന്നറിയാനായിരുന്നു. പക്ഷേ ഒരിടത്തും കണ്ടെത്താനായില്ല. നാട്ടിലേക്ക് പോരുമെന്നെങ്ങാനും പറഞ്ഞിരുന്നോവെന്നറിയാന്‍ അവിടേക്ക് വിളിച്ചു ചോദിച്ചു. പക്ഷേ, അവര്‍ക്കും ഒരു വിവരവുമില്ല. പോലീസുകാര്‍ക്കൊപ്പം റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി കാമറകള്‍ പരിശോധിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല”, സോനു പറയുന്നു.
കേരളത്തില്‍ വന്നിട്ട് അധികകാലം ആയിട്ടില്ലാത്തതിനാല്‍ സ്ഥലങ്ങളൊന്നും തന്നെ ഭാര്യയ്ക്ക് പരിചയമില്ലായിരുന്നുവെന്നും വീടിന്റെ പുറത്ത് ഇറങ്ങുകയല്ലാതെ പുറത്തേക്കൊരിടത്തും തനിയെ പോയിട്ടില്ലെന്നും സോനു പറയുന്നു. മാത്രമല്ല, ഇവരുടെയും വസ്ത്രങ്ങളും മൊബൈല്‍ ഫോണും പണവുമെല്ലാം വീട്ടില്‍തന്നെയുണ്ടായിരുന്നുവെന്നും സോനു പറയുന്നു. കുറച്ച് മണിക്കൂറുകള്‍ക്കിടയില്‍ തന്റെ ഭാര്യയും മകളും എങ്ങനെയാണ് കാണാതായതെന്ന കാര്യത്തില്‍ ഒരുപിടിയും കിട്ടാതെ വിഷമിച്ചിരിക്കുകയാണ് സോനു. അതേസമയം പോലീസ് തന്റെ പരാതിയില്‍ കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഈ യുവാവ് പറയുന്നു. പരാതി കൊടുത്തതു മുതല്‍ പോലീസ് കാര്യക്ഷമമായി തന്നെ അന്വേഷിക്കുന്നുണ്ട്. തന്നെ ബന്ധപ്പെടുന്നുമുണ്ട്. എങ്കിലും കാണാതായിട്ട് ഇത്രയും ദിവസങ്ങള്‍ കഴിയുമ്പോഴും അവരെ കുറിച്ച് ഒരു വിവരവും കിട്ടത്താത് തന്റെ മാനസികമായി തളര്‍ത്തിയിരിക്കുകയാണെന്നും സോനു പറയുന്നു.
ഉത്തരേന്ത്യന്‍ യുവതിയേയും കുട്ടിയേയും കാണാതായ സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി തന്നെ അന്വേഷണം നടത്തുന്നുണ്ടെന്നാണ് നോര്‍ത്ത് പൊലീസ് എസ് ഐ അഴിമുഖത്തോട് പ്രതികരിച്ചത്. എല്ലാ വഴികളിലൂടെയും സാധ്യമായ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തിനകത്തും പുറത്തും പെണ്‍കുട്ടിയുടെയും മകളുടെയും ഫോട്ടോ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതുവരെ കാര്യമായ വിവരമൊന്നും കിട്ടിയിട്ടില്ല. നാട്ടിലേക്ക് തിരിച്ചു പോയിരിക്കാനുള്ള സാധ്യതയും പോലീസ് പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ അവരുടെ നാട്ടില്‍ പോയി അന്വേഷിക്കാന്‍ ഇതുവരെയായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പോലീസ് സംഘം ഗുജറാത്തിലേക്ക് പോകുമെന്നും എസ് ഐ പറയുന്നു. അതിനു മുമ്പായി സോനുവിന്റെ അനിയനെ റോഷ്‌നിയുടെ വീട്ടിലേക്ക് വിവരങ്ങള്‍ തിരക്കാന്‍ അയച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇക്കാര്യത്തില്‍ അലക്ഷ്യമായ സമീപനം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പോലീസ് പറയുന്നു.