UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണിയ്ക്ക് അനുവദിക്കുന്നില്ല: കേരളത്തിന് സുപ്രിംകോടതി നോട്ടീസ്

ഹര്‍ജിയില്‍ തമിഴ്‌നാടിന്റെ വാദം കേള്‍ക്കുന്നത് ജൂലൈ രണ്ടാം വാരത്തേക്ക് മാറ്റി

ചരിത്രപ്രാധാന്യമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ചൂണ്ടി തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്. കേരളത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റ്‌സ് ജെഎസ് ഖേഹര്‍, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എസ്‌കെ കൗള്‍ എന്നിവര്‍ അംഗങ്ങളായ ബഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

ഹര്‍ജിയില്‍ തമിഴ്‌നാടിന്റെ വാദം കേള്‍ക്കുന്നത് ജൂലൈ രണ്ടാം വാരത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. അണക്കെട്ട് സംരക്ഷിക്കാനുള്ള അവകാശം തമിഴ്‌നാടിനാണെന്നും എന്നാല്‍ അതിന്റെ സുരക്ഷ ചുമതല കേരളത്തിനാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംരക്ഷണ ജോലികള്‍ക്കായി തങ്ങളുടെ ഉദ്യോഗസ്ഥരെ ഡാമില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അണക്കെട്ടിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താന്‍ സിഐഎസ്എഫ് ജവാന്മാരെ വിന്യസിക്കണമെന്നും തമിഴ്‌നാട് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പെരിയാറില്‍ ശാശ്വതമായ പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് വിലയിരുത്തിയ കോടതി അപേക്ഷ പിന്‍വലിക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

2014 മെയ് ഏഴിന് 120 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് വിലയിരുത്തിയ സുപ്രിംകോടതി ജലനിരക്ക് 142 അടിയാക്കി ഉയര്‍ത്താനും അണക്കെട്ട് ശക്തിപ്പെടുത്തിയതിന് ശേഷം 152 അടിയാക്കി ഉയര്‍ത്താനും തമിഴ്‌നാടിനെ അനുവദിച്ചു. എന്നാല്‍ കേരളം നല്‍കിയ വിശദീകരണത്തില്‍ 13 സ്പില്‍ഓവര്‍ ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ ജലനിരക്ക് 142 അടിയാക്കി ഉയര്‍ത്താനാകില്ലെന്നാണ് പറഞ്ഞത്. 2014ലെ വിധി റദ്ദാക്കണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രിംകോടതി തള്ളിയിരുന്നു. ഭരണഘടന ബഞ്ചിന്റെ വിധിയില്‍ ഇടപെടേണ്ട കാര്യമില്ലെന്നാണ് കോടതി അന്ന് വ്യക്തമാക്കിയത്.

1886ലെ പാട്ടക്കരാര്‍ അനുസരിച്ചാണ് ഒക്ടോബര്‍ 29ന് പെരിയാര്‍ നദിക്ക് കുറുകെ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച്. എട്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അണക്കെട്ട് 1895 മുതല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചു. ഇടുക്കിയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ പ്രവര്‍ത്തന ചുമതല തമിഴ്‌നാട് സര്‍ക്കാരിനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍