ചര്‍ച്ച് ആക്ടുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍
കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു. മാര്‍ച്ച് ഏഴിനും എട്ടിനും ഇതു സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു. കരട് ബില്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഓണ്‍ലൈനായി പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ മാത്രമാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നതൊണ് കെ ശശിധരന്‍ അറിയിച്ചിരിക്കുന്നത്.
ക്രിസ്തീയ സഭകളിലെയും പള്ളികളിലെയും സ്വത്ത് കൈകാര്യം ചെയ്യല്‍ സംബന്ധിച്ച കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ 2019ന് കരട് രൂപം ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ ബില്ലുമായി ബന്ധപ്പെട്ട് യോജിച്ചും വിയോജിച്ചുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ക്രിസ്ത്യന്‍ സഭകളുടെ സ്വത്ത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണെന്ന തരത്തില്‍ പ്രചാരവും ഉണ്ടായതോടെ സഭതലങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. ബില്‍ നടപ്പക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഉണ്ടായത്. മാര്‍ച്ച് മൂന്നാം തീയതി എല്ലാ പള്ളികളിലും ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്ലിനെതിരെ ഇടയലേഖനം വായിക്കാനും സഭതലത്തില്‍ തീരുമാനം എടുത്തിരുന്നു. നിലവില്‍ സഭയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് വരുമാന നികുതി നല്കിപ്പോരുന്നതാണെന്നും നിലവിലെ സിവില്‍ നിയമം പാലിച്ചുകൊണ്ടാണ് സഭ എല്ലാപ്രവര്‍ത്തികളും നടത്തിപോരുന്നതെന്നും അതുകൊണ്ട് പുതിയ ഒരു നിയമം ആവശ്യം ഇല്ലെന്നാണ് കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്ലിനെ എതിര്‍ത്തുകൊണ്ടു പറയുന്ന ന്യായം. കോണ്‍ഗ്രസ് അടക്കുമുളള രാഷ്ട്രീയ പാര്‍ട്ടികളും ബില്ലിനെതിരേ രംഗത്തു വന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കി നിയമപരിഷ്‌കരണ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ രംഗത്തു വന്നിരിക്കുന്നത്.
അതേസമയം തന്നെ ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ട് നടപ്പിലാക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നവരടക്കമുള്ള വിശ്വാസ സംഘടനകള്‍ ബില്ലിനെ അനുകൂലിച്ച് രംഗത്തു വരികയും ചെയ്തു. ഇവര്‍ കത്തോലിക്ക സഭയുടെ നീക്കത്തിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെടുകയാണിവര്‍. ചര്‍ച്ച് ആക്ട് ബില്ലിനെതിരേ കെസിബിസിയുടെ നേതൃത്വത്തില്‍ ഇറക്കുന്ന ഇടയലേഖനത്തെ ചോദ്യം ചെയ്യുകയാണ് വിശ്വാസികളില്‍ ഒരു വിഭാഗം.
കേരളം നിയമപരിഷ്‌കരണ കമ്മീഷന്‍ ദി കേരള ചര്‍ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‌സ്ടിട്യൂഷന്‍) ബില്‍ 2019 എന്ന പേരില്‍ ഇറക്കിയിട്ടുള്ള ഡ്രാഫ്റ്റ് ബില്‍ പൊതുജനാഭിപ്രായം തേടി മുന്നോട്ട് വന്ന സാഹചര്യത്തില്‍ 2019 മാര്‍ച്ച് മൂന്നാം തീയതി സകല കത്തോലിക്കാ ദേവാലയങ്ങളിലും കുര്‍ബാന മദ്ധ്യേ വായിക്കുവാന്‍ ഇടയലേഖനവും ആയി രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്കു വിധേയം ആക്കേണ്ടതു കാണിച്ച് തങ്ങളുടെ വിശദീകരണം പുറത്തിറക്കിയിരിക്കുകയാണ് വിശ്വാസികള്‍. ചാരം മൂടിക്കിടക്കുന്ന ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നു കാട്ടുവാന്‍ വേണ്ടി കൂടിയാണിതെന്നും ഈ വിശദീകരണത്തെ ഇവര്‍ വ്യാഖ്യാനിക്കുന്നു.
ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ എന്തുകൊണ്ട് നടപ്പില്‍ വരണമെന്നു വ്യക്തമാക്കാന്‍ വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളില്‍ ചിലത് ഇങ്ങനെയാണ്; നിലവില്‍ കത്തോലിക്കാ സഭ ഒരു കേന്ദ്രീകൃത ഭരണ സംവിധാനത്തിന് കീഴില്‍ ആണ് പ്രവര്‍ത്തിച്ചു പോരുന്നത്. ഓരോ രൂപതയുടെയും സ്വത്തുക്കള്‍ രൂപത മെത്രാന്‍ നേതൃത്വം നല്‍കുന്ന ക്യൂരിയയ്ക്ക് ആണ് ഉടമസ്ഥാവകാശം. രൂപതയുടെ പള്ളികള്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍ എന്നുവേണ്ട സകല സ്ഥാവര ജംഗമ വസ്തുക്കളും ബിഷപ്പും മൂന്നോ നാലോ പുരോഹിതന്മാരും അടങ്ങുന്ന ക്യൂറിയ ആണ് ഇവ കൈകാര്യം ചെയ്ത് പോരുന്നത്. ഇത്തരം ക്യൂരിയകള്‍ ഒരു നിഴചിത കാലത്തേയ്ക്ക് വരുന്ന ഭരണ സംവിധാനം മാത്രം ആണ് ഇതിലെ അംഗങ്ങള്‍ ജനാധിപത്യപരമായി ഒരുവേദിയിലും തിരഞ്ഞെടുക്കപ്പെടുന്നവരല്ല, മറിച്ചു പരമാധികാരി ആയ ബിഷപ്പ് തന്റെ ഭരണച്ചുമതല നിര്‍വ്വഹിക്കാന്‍ തനിക്ക് കഴിവുള്ളവര്‍ എന്ന് തോന്നുന്ന പുരോഹിതന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് തീരുമാനിക്കുന്ന ഒരു ഭരണ സംവിധാനം മാത്രം ആണ്. അതുപോലെ തന്നെ സഭയുടെ സ്വത്തുക്കള്‍ ആയ സ്‌കൂളുകള്‍, കോളേജുകള്‍, ആതുരശുശ്രൂഷ സ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടെയും ഭരണം നടത്തിപ്പോരുന്നതും ഇതുപോലെ ബിഷപ്പിന് സ്വന്തം തീരുമാനപ്രകാരം നിയമിക്കപ്പെടുന്ന പുരോഹിതന്മാര്‍ ആയിരിക്കും. ചുരുക്കത്തില്‍ വിശ്വാസികളുടെ കയ്യില്‍നിന്നും , മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന നേര്‍ച്ചകള്‍ , സംഭാവനകള്‍ തുടങ്ങി വിദേശത്തുനിന്നും വിശ്വാസ സമൂഹത്തിനായിലഭിക്കുന്ന സഹായങ്ങള്‍, വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ന്യൂനപക്ഷ ക്ഷേമത്തിനായി സഭയിലെ ഓരോ അംഗത്തിനുവേണ്ടിയും ആയി അനുവദിക്കുന്ന സഹായങ്ങളും പദ്ധതികളും വിശ്വാസികളുടെ മുഴുവന്‍ നേതൃത്വം ആണ് എന്ന് സ്വയം അവരോധിതം ആയ യാതൊരു ജനാധിപത്യനടപടിക്രമവും പാലിക്കപ്പെടാതെയുള്ള കാനോന്‍ നിയമപ്രകാരം സ്ഥാപിതമായ ക്യൂറിയ ഏകാധിപത്യപരമായി നടത്തിപ്പോരുകയാണ്.
ചര്‍ച്ച് ബില്ലിനെ എതിര്‍ത്തുകൊണ്ട് കെസിബിസി പറയുന്ന ന്യായങ്ങള്‍ ശരിയല്ലെന്നും എന്നാല്‍ നിലവില്‍ എങ്ങനെയാണ് സഭാസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നടത്തിപ്പോരുന്നതെന്നും വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സഭയുടെ അരമനകള്‍ മതപരമായ ചാരിറ്റബിള്‍ ട്രസ്‌റ് ആയാണ് നിലവില്‍ അതാതു ജില്ലാ റെജിസ്ട്രര്‍ ഓഫീസുകളില്‍ രെജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നത്. അതുപോലെ തന്നെ മറ്റു സ്ഥാപനങ്ങള്‍ മിക്കവാറും സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്നു. ഇവയ്‌ക്കെല്ലാം മതപരവും സാമൂഹ്യ സേവന പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളും ആയതിനാല്‍ വരുമാന നികുതി ഇളവും മറ്റു ആനുകൂല്യങ്ങളും ലഭിച്ചുപോരുന്നവയും ആണ്. സഭ ഇത്തരം സ്ഥാപനങ്ങളുടെ കണക്കുകള്‍ അവരെ നിയന്ത്രിക്കുന്ന രജിസ്ട്രാര്‍ക്കോ അല്ലെങ്കില്‍ വരുമാന നികുതി വകുപ്പിനോ സമര്‍പ്പിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും ഏതെങ്കിലും ഒരു വിശ്വാസിയോ വിശ്വാസികള്‍ തിരഞ്ഞെടുത്ത പ്രതിനിധികളോ കാണുകയോ പരിശോധിക്കുകയോ ചെയ്തിട്ടല്ല നിലവില്‍ സമര്‍പ്പിച്ചു പോരുന്നത്; കെസിബിസിയെ എതിര്‍ത്തുകൊണ്ട് വിശ്വാസികള്‍ വ്യക്തമാക്കുന്നു.
സാധാരണ ഒരു സൊസൈറ്റിയോ കമ്പനിയെ അതിന്റെ കണക്ക് പാസാക്കുന്നതിന് മുന്‍പ് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കുകയും ആ ജനറല്‍ ബോഡി കൂടി അംഗീകരിച്ച കണക്ക് സര്‍ക്കാരിന് സമര്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം സ്ഥാപങ്ങളുടെ കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടുകളും വിവരാവകാശ നിയമപ്രകാരം രാജ്യത്തെ ഏതൊരു പൗരനും പ്രാപ്യവും ആണ്. എന്നാല്‍ സഭയുടെ ഇത്തരം കണക്കുകള്‍ വിവരാവകാശ നിയമപ്രകാരമോ മറ്റു കാരണത്താലോ ഒരു വിശ്വാസിയോ പൗരനോ വരുമാന നികുതി വകുപ്പിനോടോ ട്രസ്റ്റ് രജിസ്ട്രാറോടോ ആവശ്യപ്പെട്ടാല്‍ ലഭിക്കുകയില്ല എന്നാണ് വിശ്വാസികളുടെ വിശദീകരണ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. സഭ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടുകളും ബിഷപ്പിന്റെ സ്വകാര്യ വിഷയമാണെന്നും ബിഷപ്പിന്റെ അനുമതിയില്ലാതെ കണക്കുകളും റിപ്പോര്‍ട്ടുകളും നല്‍കാതിരിക്കുകയാണെന്നും വിവരാവകാശ നിയമത്തിലെ പഴുതുകള്‍ ഇതിനായി ഉപയോഗിക്കുകയാണെന്നും വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ തുടരുന്ന കള്ളക്കളികള്‍ തകര്‍ക്കാന്‍ പുതിയ ചര്‍ച് പ്രോപ്പര്‍ട്ടി ബില്‍ 2019 ന് കഴിയുമെന്നും വിശ്വാസികള്‍ വ്യക്തമാക്കുന്നു. പ്രസ്തുത ബില്‍ നിയമം ആയാല്‍ ക്രൈസ്തവ സഭയുടെ കീഴില്‍ ഉള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ തീര്‍പ്പുകല്‍പിക്കുവാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഉണ്ടാകുമെന്നും അവര്‍ വിശദീകരിക്കുന്നു. സഭ സ്വത്തു കൈകാര്യം ചെയ്യുന്ന സമിതിയിലോ സഭയുടെ ആഭ്യന്തര വിഷയങ്ങളിലോ ഒന്നും സര്‍ക്കാര്‍ ഇടപെടുന്നതായി ബില്ലില്‍ ഒരിടത്തും പറയുന്നില്ലെന്നും പിന്നെ എന്തുകൊണ്ടാണ് സഭ ഈ ബില്ലിനെ എതിര്‍ക്കുന്നതെന്നുമാണ് ചോദ്യം.
നിലവില്‍ മിക്കവാറും പള്ളികളില്‍ ഞായറാഴ്ചകളില്‍ കഴിഞ്ഞ ആഴ്ചയിലെ സഞ്ചിപ്പിരിവ് ഇത്ര രൂപ കിട്ടി എന്ന് പറയാറുണ്ട് എന്നാല്‍ എത്ര രൂപ അതില്‍ നിന്ന് ചിലവായി എന്ന് പറയാറില്ല. അതുപോലെ സഭയുടെ നിയന്ത്രണത്തില്‍ ഉള്ള പാരിഷ് ഹാളുകള്‍ വാടകയ്ക്ക് നല്‍കല്‍ , ഷോപ്പിംഗ് മാളുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ തികച്ചും ലാഭം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇവയുടെ കണക്കുകള്‍ അതുപോലെ വിദേശത്തുനിന്നും വിശ്വാസികളായി ലഭിക്കുന്ന സഹായങ്ങള്‍ ഇവയുടെ ചിലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അതുപോലെ ന്യൂനപക്ഷ ക്ഷേമത്തിനായി ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ ഇതൊന്നും മറ്റാരും അറിയാതെ കൈകാര്യം ചെയ്തുപോരുന്ന വിരലിലെണ്ണാവുന്ന പുരോഹിതസമൂഹം എന്തുകൊണ്ടും അവരുടെ ചെയ്തികള്‍ ലക്ഷക്കണക്കിനായ വിശ്വാസികള്‍ അറിയുന്നത് ഭയക്കുന്നു; എന്നുമുള്ള ഗൗരവമേറിയ ചോദ്യങ്ങളും വിശ്വാസികള്‍ സഭ അധികൃതര്‍ക്കു മുന്നില്‍ വയ്ക്കുന്നുണ്ട്. യൂറോപ്പ് അമേരിക്ക ഓസ്‌ട്രേലിയ തുടങ്ങിയ കത്തോലിക്കാ സഭയ്ക്ക് ഏറ്റവും വേരോട്ടം ഉള്ള രാജ്യങ്ങളിലെ പള്ളികളിലെ കണക്കുകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാന്‍ കഴിയുന്ന വിധം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവിടങ്ങളിലെ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ തന്നെ പള്ളികളുടെ കണക്കുകള്‍ എങ്ങനെ ഓഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കപ്പെടണം എന്ന് നിഷ്ര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എല്ലാം ഇരുമ്പു മറയ്ക്ക് പിന്നില്‍ നിലനിര്‍ത്താന്‍ സഭാ നേതൃത്വം എന്നും പരിശ്രമിച്ചു പോരുകയാണെന്നു വിശ്വാസികള്‍ കുറ്റപ്പെടുത്തുന്നു. ഇനിയും ഫ്രാങ്കോമാരും റോബിന്‍മാരും ഉണ്ടാവാതിരിക്കാന്‍ വിശ്വാസികള്‍ അവരുടെ ക്രൈസ്തവ ധര്‍മം തിരിച്ചറിഞ്ഞ് സഭയില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാന്‍ ഉതകുന്ന ബില്‍ നടപ്പില്‍ വരാന്‍ ആവശ്യപ്പെടണമെന്നും പൊതുവായ അഭ്യര്‍ത്ഥന ഉയര്‍ത്തുന്നു.
നമ്മുടെ രാജ്യത്ത് നിയമ വിധേയം ആയി ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ സംഘടനയ്‌ക്കോ മതസ്ഥാപനത്തിനുതന്നെയോ വസ്തുക്കള്‍ വാങ്ങുന്നതിനോ കൈവശം വയ്ക്കുന്നതിനോ ക്രയവിക്രയം ചെയ്യുന്നതിനോ തടസം ആയി കൊണ്ട് ഒരു നിയമവും ഇന്നുവരെ ഉണ്ടായിട്ടില്ല അങ്ങനെ ഒരു നിയമം കൊണ്ടുവരാന്‍ നിലവിലെ ഭരണഘടന അനുവദിക്കുന്നും ഇല്ല. ഈസാഹചര്യത്തില്‍ ആണ് എങ്ങനെ ഒരു നിയമം വരുന്നതും അതിനെ എതിര്‍ത്തുകൊണ്ട് സഭാ നേതൃത്വം രംഗത്തുവരുന്നതെന്നു കൂടി ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന കത്തോലിക്ക സഭ നേതൃത്വത്തിന്റെ പിടിവാശിയെ ചോദ്യം ചെയ്തുകൊണ്ട് വിശ്വാസികള്‍ ചോദിക്കുന്നു.