UPDATES

ട്രെന്‍ഡിങ്ങ്

എന്‍എസ്എസ് വീണ്ടും സമദൂരത്തിന്; ശബരിമലയിലുറച്ച ബിജെപി പ്രതീക്ഷ പൊളിയുന്നോ?

പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിയെ പിന്തുണച്ചേക്കുമെന്നും സൂചന

വീണ്ടും സമദൂര സിദ്ധാന്തവുമായി എന്‍എസ്എസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തുടരുമെന്ന് എന്‍എസ്എസ് വ്യക്തമാക്കി. ഈശ്വര വിശ്വാസം നിലനിര്‍ത്താന്‍ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിക്കും. എന്നാല്‍ ഏതെങ്കിലും കക്ഷിയുടെ ഭാഗമായി പ്രവര്‍ത്തിക്കില്ലെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് നിലപാട് കടുപ്പിച്ചിരുന്നു. സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ സുകുമാരന്‍ നായര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്നും പറഞ്ഞിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് ആചാരലംഘനത്തിനെതിരെയുള്ള നിലപാടാണ് എടുത്തിരുന്നതെങ്കിലും എന്‍എസ്എസ് പിന്തുണച്ചത് സംഘപരിവാര്‍ സംഘടനകളെയാണ്. യോഗങ്ങളിലും പ്രതിഷേധ സംഗമങ്ങളിലും നാമജപയജ്ഞങ്ങളിലും ഒന്നിച്ച് പങ്കാളികളായിരുന്നവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരു നീക്കുപോക്കുണ്ടാക്കിയിട്ടുണ്ടെന്ന സൂചനകളായിരുന്നു ബിജെപി നേതാക്കളടക്കം പങ്കുവച്ചിരുന്നതും. ഇക്കാലമത്രയും ലഭിക്കാതിരുന്ന എന്‍എസ്എസ് പിന്തുണ ലഭിക്കും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ഇത്തവണ കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതും. എന്നാല്‍ അതിനിടയിലാണ് തിരഞ്ഞെടുപ്പില്‍ സമദൂരമെന്ന പഴയ നിലപാട് ആവര്‍ത്തിച്ച് എന്‍എസ്എസ് എത്തിയിരിക്കുന്നത്.

ഈശ്വര വിശ്വാസം നിലനിര്‍ത്താന്‍ എന്‍എസ്എസ് എന്നും പ്രതിജ്ഞാബദ്ധമാണ്. ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ഏതെങ്കിലും കക്ഷിയോട് ചേര്‍ന്നു നില്‍ക്കാന്‍ ഇല്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടാനും എന്‍എസ്എസ് ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നു. അതേ സമയം, പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ എന്‍എസ്എസ് – ബിജെപി ധാരണയായതായാണ് അറിയുന്നത്. എന്നാല്‍ മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ സഹായിക്കാനുള്ള നീക്കങ്ങളാണ് എന്‍എസ്എസില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ സുകുമാരന്‍ നായരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പലവഴിക്ക് സിപിഎമ്മും നടത്തിയിരുന്നു. സിപിഎം നിയോഗിച്ച പ്രത്യേക ദൂതന്‍ സുകുമാരന്‍ നായരോട് സഹായം ആവശ്യപ്പെട്ടതായാണ് എന്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷം പന്തളം നാമജപ ഘോഷയാത്രയോടെയാണ് എന്‍എസ്എസും ആര്‍എസ്എസും തമ്മിലുള്ള ബന്ധം ശക്തമാവുന്നത്. അതുവരെ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ബിജെപിയ്ക്ക് എന്‍എസ്എസ് പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പന്തളം ഘോഷയാത്രക്ക് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും എന്‍എസ്എസ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയുമുണ്ടായി. സുകുമാരന്‍ നായര്‍ ബിജെപിയെ തുണച്ചും മറ്റ് രാഷ്ട്രീയപാര്‍ട്ടികളോട് വിയോജിപ്പറിയിച്ചും പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു. എന്നാല്‍ സമുദൂരം പ്രഖ്യാപിച്ചതോടെ ഈ പ്രതീക്ഷകളാണ് ചില മുന്നണികള്‍ക്ക് നഷ്ടമായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍