UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാധനാലയങ്ങളിൽ തുല്യത വേണമെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്ന് എൻഎസ്എസ്സിന്റെ റിവ്യൂ ഹരജി; ഈ തുലാത്തിൽ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി

സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ അശുദ്ധി കൽപ്പിച്ച് അപമാനിക്കുകയാണെന്ന് കോടതിയുടെ നിരീക്ഷണത്തെയും എൻഎസ്എസ് എതിർക്കുന്നു. സ്ത്രീകളുടെ ശാരീരികാവസ്ഥയുമായി ആചാരത്തിന് ബന്ധമില്ലെന്നും എൻഎസ്എസ് വാദിക്കുന്നു.

സ്ത്രീകളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിലുള്ള വിലക്ക് നീക്കിയ വിധിയെ ചോദ്യം ചെയ്തുള്ള എൻഎസ്എസ്സിന്റെ റിവ്യൂ ഹരജി ഉടൻ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൂജാ അവധിക്ക് അടയ്ക്കുന്ന കോടതി 22ന് മാത്രമേ തുറക്കൂ. ഇതിനു ശേഷമായിരിക്കും ഹരജി പരിഗണിക്കുക. തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 16നു തന്നെ തുറക്കും.

സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റിവ്യൂ ഹരജി നൽകുന്നത്. ഭരണഘടനയുടെ 145(3) പ്രകാരം ഭരണഘടനാ ബഞ്ച് നിയമപരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക മാത്രമേ ചെയ്യാവൂ. എന്നാൽ ശബരിമല കേസിൽ നിയമപരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയ ശേഷം വസ്തുതകൾ വിശകലനം ചെയ്യുക കൂടി ചെയ്തിട്ടുണ്ട്. ഇത് തെറ്റായ നടപടിയാണെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ അശുദ്ധി കൽപ്പിച്ച് അപമാനിക്കുകയാണെന്ന് കോടതിയുടെ നിരീക്ഷണത്തെയും എൻഎസ്എസ് എതിർക്കുന്നു. സ്ത്രീകളുടെ ശാരീരികാവസ്ഥയുമായി ആചാരത്തിന് ബന്ധമില്ലെന്നും എൻഎസ്എസ് വാദിക്കുന്നു.

ഇതോടൊപ്പം പത്ത് വയസ്സും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള ധാരാളം സ്ത്രീകൾ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളതിനാൽ ഹരജിക്കാരുടെ വ്യവഹാരാവശകാശം സ്ഥാപിക്കപ്പെട്ടിട്ടുള്ളതായും എൻഎസ്എസ് വ്യക്തമാക്കി.

ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് ജാതിമതലിംഗഭേദം പാടില്ലെന്നും തുല്യത പാലിക്കണമെന്നും പറയുന്നുണ്ടെങ്കിലും ഇതിൽ ആരാധനാലയങ്ങളെക്കുറിച്ച് പറയുന്നില്ലെന്നും ആയതിനാൽ അവിടങ്ങളില്‍ തുല്യത പാലിക്കേണ്ടതില്ലെന്നും എൻഎസ്എസ്സിന്റെ ഹരജി വാദിക്കുന്നുണ്ട്. ആരാധനാലയങ്ങളിൽ വിവേചനം പാടില്ലെന്ന് പറയുന്ന ഭരണഘടനയുടെ 29(2) വകുപ്പിൽ ലിംഗവിവേചനത്തെക്കുറിച്ച് പറയുന്നില്ലെന്നും എൻഎസ്എസ് ഹരജി ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍