മുമ്പ് ചില അവസരങ്ങളില്‍ സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് വരേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് സാമൂഹിക അനീതിക്കെതിരെയും നീതിക്ക് വേണ്ടിയും മാത്രമായിരുന്നു.
ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനെതിരെ എന്‍എസ്എസ്. അധികാരം കയ്യിലിരുന്ന ബിജെപി വിശ്വാസികളുടെ മൗലികാവകാശം സംരക്ഷിച്ചില്ലെന്ന് വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസ് മുഖപത്രമായ സര്‍വ്വീസിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് എന്‍എസ്എസ് രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സമദൂര നിലപാട് ആവര്‍ത്തിക്കുന്നത് കൂടിയാണ് സര്‍വ്വീസ് മുഖപ്രസംഗം.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എല്ലാവരും വിശ്വാസികളുടെ പേരില്‍ വോട്ടു തേടുകയാണ്. ബിജെപി നിയമനടപടികള്‍ സ്വീകരിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീ പ്രവേശനം തടയാന്‍ ശ്രമിച്ചു. യുഡിഎഫ് നിയമനടപടികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം ആകാമെന്ന വിധിക്കെതിരെ എന്‍എസ്എസ് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തു. സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധത്തിലിരിക്കെ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യാനും വിധി നടപ്പാക്കാന്‍ കാലതാമസം ആവശ്യപ്പെടാനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ സര്‍ക്കാര്‍ അതിന് വഴങ്ങിയില്ല. ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ശബരിമലയുടെ പേരില്‍ ഇല്ലാതാക്കാനുള്ള അവസരമായി കണ്ടുകൊണ്ടുള്ള ഏകപക്ഷീയമായ നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ബിജെപിയും യുഡിഎഫും യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന നിലപാട് സ്വീകരിച്ചു. ആ സാഹചര്യത്തിലാണ് എന്‍എസ്എസ് വിശ്വാസ സംരക്ഷണത്തിനായി ഉറച്ച് നില്‍ക്കേണ്ടി വന്നതും വിശ്വാസികളുടെ കൂട്ടായ്മയും നാമജപ ഘോഷയാത്രകളും തുടര്‍ച്ചയായി നടത്തിയതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായാണ് ബിജെപിയും കോണ്‍ഗ്രസും ശബരിമല യുവതീപ്രവേശന വിഷയത്തെ കണ്ടതെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
ഇക്കഴിഞ്ഞ ശബരിമല ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയോ സംസ്ഥാന സര്‍ക്കാരിന്റെയോ മുമ്പുണ്ടായിരുന്ന ഇടപെടലുകള്‍ അവിടെയുണ്ടായില്ല. അത് വരാനിരിക്കുന്ന തിരിഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ്. ഇപ്പോള്‍ സംസ്ഥാനത്തെ മുന്നണികളെല്ലാം തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ശബരിമലയും വിശ്വാസ സംരക്ഷണവും വിഷയമാക്കിയെടുത്തിരിക്കുകയാണ്. വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ ഇവരിലാര്‍ക്കാണ് അവകാശം ഉള്ളതെന്ന് ജാതി മത രാഷ്ട്രീയ ഭേദമന്യേ വിശ്വാസ സമൂഹം തീരുമാനിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
സംസ്ഥാനത്ത് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇടതുപക്ഷത്തോട് ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസ് ബിജെപിയെ പിന്തുണക്കുമെന്നായിരുന്നു ആര്‍എസ്എസ്-ബിജെപി നേതാക്കളുടേയും അണികളുടേയും കണക്കുകൂട്ടല്‍. പ്രക്ഷോഭങ്ങളിലും നാമജപയജ്ഞങ്ങളിലും ഒടുവിലത്തെ അയ്യപ്പസംഗമത്തിലടക്കം എന്‍എസ്എസ് പ്രാതിനിധ്യം ഇതിന് തെളിവായാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്‍എസ്എസിന്റെ പിന്തുണയില്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ കൊയ്യാമെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിന് മറുപടി കൂടിയായാണ് എന്‍എസ്എസ് ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുക എന്ന മുഖപ്രസംഗത്തിലൂടെ ആവര്‍ത്തിച്ചിരിക്കുന്നത്.
‘കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് രാഷ്ട്രീയമായി സമദൂര നിലപാടാണ് സ്വീകരിച്ചത്. മുമ്പ് ചില അവസരങ്ങളില്‍ സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് വരേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് സാമൂഹിക അനീതിക്കെതിരെയും നീതിക്ക് വേണ്ടിയും മാത്രമായിരുന്നു. അതിനാവശ്യമായ നിലപാടുകള്‍ അപ്പപ്പോള്‍ സ്വീകരിച്ച് പ്രശ്‌നം പരിഹരിക്കപ്പെടുമ്പോള്‍ വീണ്ടും സമദൂരത്തില്‍ എത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു- കേന്ദ്രഭരണത്തില്‍ മാറ്റം വരണമെന്നും സംസ്ഥാന ഭരണം കൂടുതല്‍ ഭദ്രമാകണമെന്നുമായിരുന്നു അത്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയത്തിനതീതമായ നിലപാട് എന്‍എസ്എസിന് സ്വീകരിക്കേണ്ടി വന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തന്നെ തുടരും.’ എന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു.
എന്‍എസ്എസിന്റെ നിലപാട് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ബിജെപിയെയും മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിനെയും പിന്തുണക്കാനാണ് എന്‍എസ്എസിനുള്ളില്‍ ധാരണയായതെന്ന് പിരിച്ചുവിട്ട മാവേലിക്കര എന്‍എസ്എസ് കരയോഗം പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് പോവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന എന്‍എസ്എസ് ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെയും യുഡിഎഫിനേയും ബിജെപിയേയും ഒരു പോലെ വമര്‍ശിക്കുന്നുണ്ടെങ്കിലും യുഡിഎഫിനോട് മൃദുസമീപനമാണ് കാട്ടിയിട്ടുള്ളതെന്ന വിലയിരുത്തലുമുണ്ട്.