UPDATES

എന്തിന് ജനനേന്ദ്രിയത്തിലെ മുറിവ് മറച്ചുവെച്ചു? സിസ്റ്റര്‍ ജ്യോതിസിന്റെ ദുരൂഹമരണത്തില്‍ 20 വര്‍ഷത്തിനു ശേഷം വഴിത്തിരിവ്

നേരത്തെ നടന്ന രണ്ട് അന്വേഷണങ്ങളിലും വളരെ പ്രധാനപ്പെട്ട ഈ വസ്തുത മറച്ചുവയ്ക്കുകയായിരുന്നു, ഇത് ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണെന്നും കാത്തലിക് ലേമാന്‍സ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു

20 വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് കല്ലുരുട്ടി തിരുഹൃദയ മഠത്തിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ ശരിവച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വയലട സ്വദേശി കരിമ്പീച്ചില്‍ ജോസിന്റെ മകള്‍ സിസ്റ്റര്‍ ജ്യോതിസിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ കേസിലാണ് വഴിത്തിരിവ്. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്നു റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ ഡിജിപിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ക്രൈബ്രാഞ്ച് സിഐഡി സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ജ്യോതിസിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന പരാമര്‍ശം ഉള്ളത്. പുനരന്വേഷണം സാധ്യമാക്കാന്‍ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണങ്ങള്‍ വേണ്ടിവരുമെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

സിസ്റ്റര്‍ ജ്യോതിസിന്റെത് ആത്മഹത്യയല്ലെന്നും പിന്നില്‍ ചില ദുരൂഹതകളുണ്ടെന്നും കുടുംബം ഉള്‍പ്പെടെ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഇപ്പോള്‍ ശരിയായിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ചൂണ്ടിക്കാട്ടിയ ചില സുപ്രധാന തെളിവുകള്‍ മുന്‍ അന്വേഷണ സംഘങ്ങള്‍ പരിശോധിച്ചിരുന്നില്ല എന്ന ആക്ഷേപം നിലനിന്നിരുന്നു. അതാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കുകയും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെയും പരാതിക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴികള്‍ വീണ്ടുമെടുത്തത്തിന്റെയും പശ്ചാത്തലത്തിലാണ് കൂടുതല്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്. സിസ്റ്റര്‍ ജ്യോതിസിന്റെ മരണവുമായി ബന്ധപ്പെട്ട പരാതികളില്‍ വളരെ നിര്‍ണായകമായ വഴിത്തിരിവാണ് പുതിയ കണ്ടെത്തലുകള്‍.

1998 നവംബര്‍ 20-ന് ആയിരുന്നു സിസ്റ്റര്‍ ജ്യോതിസിന്റെ മൃതദേഹം മഠം വളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. മുക്കം പൊലീസ് ആയിരുന്നു ആദ്യം അന്വേഷണം നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ജ്യോതിസിന്റേത് മുങ്ങിമരണം ആണെന്നായിരുന്നു കണ്ടെത്തിയത്. ഇതോടെ സിസ്റ്റര്‍ ജ്യോതിസ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. എന്നാല്‍ മകളുടെ മരണത്തില്‍ ചില ദുരൂഹതകള്‍ സംശയിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും കാണിച്ച് പിതാവ് ജോസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി സ്വീകരിച്ച് കോടതി 1999 ഒക്ടോബര്‍ 7 ന് സിസ്റ്റര്‍ ജ്യോതിസിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കേസിന്റെ പുനരന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ജ്യോതിസിന്റെത് ആത്മഹത്യ തന്നെയാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

രണ്ട് അന്വേഷണങ്ങളും സിസ്റ്ററുടേത് ആത്മഹത്യയാണെന്നു ഉറപ്പിച്ചപ്പോഴും സംശയം ബാക്കി നിന്നതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തങ്ങളുടെതായ രീതിയില്‍ അന്വേഷണം നടത്തിയതില്‍, സിസ്റ്ററുടേത് ആത്മഹത്യയല്ലെന്നു പറയുന്ന ചില തെളിവുകള്‍ കിട്ടിയതിന്റെയും അടിസ്ഥാനത്തില്‍ കാത്തലിക്ക് ലേമെന്‍സ് അസോസിയേഷന്‍ സിസ്റ്റര്‍ ജ്യോതിസിന്റെ മരണത്തിനു പിന്നില്‍ പുരോഹിതനേതൃത്വവുമായി ബന്ധപ്പെട്ട ചിലരുടെ പങ്കുണ്ടെന്ന സംശയവും പരാതിയും ഉയര്‍ത്തിക്കൊണ്ട് 2018 ജൂലൈ 21-ന് ഡിജിപിക്കു നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ചില നിര്‍ണായക വസ്തുതകളാണ് ഇവര്‍ സിസ്റ്ററുടെ മരണം ആത്മഹത്യയല്ലെന്നു വാദിക്കാന്‍ കാരണം.

വൈദികര്‍ക്കെതിരെ പരാതി പറഞ്ഞാല്‍ ദുര്‍നടപ്പുകാരിയാക്കും; കന്യാസ്ത്രീകള്‍ കുമ്പസരിപ്പിച്ചാല്‍ മതി-അഡ്വ.ഇന്ദുലേഖ ജോസഫ്/അഭിമുഖം

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സിസ്റ്റര്‍ ജ്യോതിസിന്റെ ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെന്നും ഇവിടെ നിന്നും രക്തം വരുന്നുണ്ടായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു. മുക്കം പൊലീസ് തയ്യാറാക്കിയ ഇന്‍ക്വിസ്റ്റിലും പിന്നീട് ക്രൈംബ്രാംഞ്ച് ആദ്യ സംഘത്തിന്റെ അന്വേഷണത്തിലും ഇക്കാര്യം അവഗണിച്ചെന്നാണ് കാത്തലിക്ക് ലേമാന്‍സ് അസോസിയേഷന്‍ സെക്രട്ടറി എം.എല്‍ ജോര്‍ജ് മാളിയേക്കല്‍ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ ക്രൈം ബ്രാഞ്ച് സിഐഡി സംഘം പ്രാധാനമായി ഉയര്‍ത്തി കാട്ടിയിരിക്കുന്നതും മൃതദേഹത്തിന്റെ ജനനേന്ദ്രിയത്തില്‍ കണ്ടെത്തിയ മുറിവാണെന്ന് ജോര്‍ജ് പറയുന്നു.

നേരത്തെ നടന്ന രണ്ട് അന്വേഷണങ്ങളിലും വളരെ പ്രധാനപ്പെട്ട ഈ വസ്തുത മറച്ചുവയ്ക്കുകയായിരുന്നു, ഇത് ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണെന്നും കാത്തലിക് ലേമാന്‍സ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. “പോലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റില്‍ മുറിവുമായി ബന്ധപ്പെട്ട വിവരം മറച്ചുവയ്ക്കുകയാണ് ഉണ്ടായത്. ഈ മുറിവ് സംബന്ധിച്ച് മെഡിക്കല്‍ വിദഗ്ദരുടെ അഭിപ്രായം തേടാനും തയ്യാറായിരുന്നില്ല. പൊലീസിന്റെ ആ നടപടി പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നിരിക്കണം. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കാന്‍ പോലും തയാറാകാതെ ആത്മഹത്യയാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് ജോസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടായെങ്കിലും അവരും സ്വാധീനത്തില്‍പ്പെട്ടുപോയി. പൊലീസ് റിപ്പോര്‍ട്ട് ശരിവച്ച് ക്രൈംബ്രാഞ്ചും അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കാത്തലിക് ലേമാന്‍സ് അസോസിയേഷന്‍ ഈ മരണത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്ന തീരുമാനത്തില്‍ ഡിജിപിക്ക് പരാതി നല്‍കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സിഐഡിയെക്കൊണ്ട് കേസ് പുനരന്വേഷിപ്പിക്കാന്‍ ഡിജിപി ഉത്തരവ് ഇട്ടു. പ്രാഥമിക അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് സംഘം പരാതിക്കാരായ കാത്തലിക് ലേമാന്‍സ് അസോസിയേഷന്‍, സിസ്റ്ററുടെ മാതാപിതാക്കള്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന മൃതദേഹത്തിന്റെ ജനനേന്ദ്രിയത്തില്‍ കണ്ടെത്തിയ മുറിവിനെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടത്തുകയോ തെളിവ് ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയതിന്റെ പുറത്ത് കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണന്ന കാരണത്താല്‍ അതിനാവശ്യമായ അനുമതിക്കുവേണ്ടി ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിരിക്കുകയാണ്; സിസ്റ്റര്‍ ജ്യോതിസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ പുരോഗതിയെക്കുറിച്ച് കാത്തലിക് ലേമാന്‍സ് അസോസിയേഷന്‍ സെക്രട്ടറി എം.എല്‍ ജോര്‍ജ് മാളിയേക്കല്‍ അഴിമുഖത്തോട് പറഞ്ഞു.

കന്യാവ്രതങ്ങളുടെ കശാപ്പുശാലയും ളോഹയിട്ട തെമ്മാടികളും; സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു

പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി മിണ്ടാത്തവര്‍ എത്ര വേഗമാണ് എനിക്കെതിരെ നടപടിയെടുത്തത്; സി. ലൂസി സംസാരിക്കുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍