പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട കന്യാസ്ത്രീക്കെതിരേയുള്ള കുറ്റപത്രവും അടുത്താഴ്ച്ച സമര്‍പ്പിക്കും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നിന്നും പിന്മാറായാല്‍ പത്തേക്കര്‍ സ്ഥലവും കോണ്‍വെന്റ് കെട്ടിടം പണിതും വാഗ്ദാനം ചെയ്‌തെന്ന പരാതിയില്‍ സിഎംഐ സഭ വൈദികന്‍ ഫാ. ജയിംസ് എര്‍ത്തയിലിനെതിരേയുള്ള കുറ്റപത്രം പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കുറവിലങ്ങാട് മഠത്തില്‍ കഴിയുന്ന കേസിലെ പ്രധാന സാക്ഷികളും പരാതിക്കാരിയുടെ കൂടെ നില്‍ക്കുന്നവര്‍ക്കും പരാതിക്കാരിക്കും ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേയുള്ള പരാതിയില്‍ നിന്നും പിന്മാറാനാണ് ഫാ. ജയിംസം എര്‍ത്തയില്‍ ഭൂമിയും കോണ്‍വെന്റും വാഗ്ദാനം ചെയ്തത്. കേസ് അട്ടിമിറിക്കാനും വാദികളെ സ്വാധീനിക്കാനും ശ്രമിച്ചെന്നതായിരുന്നു ഫാ. ജയിംസ് എര്‍ത്തയിലിനെതിരേയുള്ള പരാതി. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയില്‍ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി അന്വേഷണം നടത്തിയാണ വൈദികനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിട്ട കേസിലെ പ്രതി മിഷണറീസ് ഓഫ് ജീസസ് സിസ്‌റ്റേഴ്‌സ് കോണ്‍ഗ്രിയേഷന്റെ വക്താവ് സി. അമലയ്‌ക്കെതിരേയുള്ള കുറ്റപത്രം അടുത്ത ദിവസം തന്നെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. ഈ കേസിലും അന്വേഷണം നടത്തിയതും കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയായിരുന്നു.
അതേ സമയം ഏററവും സുപ്രധാനമായ മറ്റൊരു വിവരം വരുന്നത്, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേയുള്ള കുറ്റപത്രം അടുത്താഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കും എന്നതാണ്. അന്വേഷണം പൂര്‍ത്തിയാക്കി കോട്ടയം എസ്പി ഹരിശങ്കര്‍ ഐപിഎസ്, വൈക്കം ഡിവൈഎസ്പി സുഭാഷ് എന്നിവര്‍ ഒപ്പിട്ടു. കുറ്റപത്രം അടുത്ത ആഴ്ച തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡന കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതിനെതിരേ കുറവിലങ്ങാട് സെന്റ്. ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീകള്‍ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് കഴിഞ്ഞാഴ്ച്ച പരാതി നല്‍കിയിരുന്നു. സി. അനുപമ, സി. ജോസഫിന്‍, സി. ആല്‍ഫി, സി. അന്‍സിറ്റ, സി. നീന റോസ് എന്നിവര്‍ ചേര്‍ന്നായിരുന്നു പരാതി നല്‍കിയത്. കേസിലെ അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം തയ്യാറാവുകയും ചെയ്ത സാഹചര്യത്തില്‍ അത് കോടതിയില്‍ സമര്‍പ്പിക്കാന്‍ വൈകുന്നതിലെ ഉത്കണ്ഠ ചൂണ്ടിക്കാട്ടിയായിരുന്നു കന്യാസ്ത്രീകളുടെ പരാതി. കഴിവതും വേഗത്തില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കേസിലെ സാക്ഷികള്‍ കൂടിയായ തങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. കുറ്റപത്രം സമര്‍പ്പിക്കുന്നത് നീണ്ടു പോകുന്നത് തങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ മഠത്തില്‍ കഴിയുക എന്നത് ഏറെ ദുഷ്‌കരമായിരിക്കുകയാണെന്നും കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസം വരുന്നില്‍ പ്രതിഷേധിച്ച് സമരങ്ങളും ആരംഭിക്കാന്‍ ഇരിക്കവെയാണ് അടുത്താഴ്ച്ച കുറ്റപത്രം സമര്‍പപ്പിക്കുമെന്ന ഉറപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.