UPDATES

ട്രെന്‍ഡിങ്ങ്

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു, ബിഷപ്പ് ഫ്രാങ്കോയെക്കെതിരായ കുറ്റപത്രം ഉടന്‍; കത്തോലിക്ക സഭ നിഷേധിച്ച നീതി കോടതിയില്‍ നിന്നുകിട്ടുമെന്ന പ്രതീക്ഷയില്‍ കന്യാസ്ത്രീകള്‍

അഡ്വ. ജിതേഷ് ജെ ബാബുവാണ് കന്യാസ്ത്രീ പീഡനക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി എത്തുന്നത്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. ജിതേഷ് ജെ ബാബുവാണ് വന്‍വാര്‍ത്ത പ്രാധാന്യം നേടിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി എത്തുന്നത്. കോട്ടയം ബാര്‍ അസോസിയേഷന്‍ അംഗമായ ജിതേഷ് സൂര്യനെല്ലി കേസിലെ അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യട്ടര്‍ ആയിരുന്നു. അന്വേഷണ സംഘം മുന്നോട്ടുവച്ച മൂന്നുപേരുകളില്‍ നിന്നാണ് അഡ്വ. ജിതേഷ് ജെ ബബുവിനെ സര്‍ക്കാര്‍ നിയമിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമിതനായതോടെ കന്യാസ്ത്രീ പീഢനക്കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

കേസില്‍ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം നടക്കാതിരുന്നത് കോടതിയില്‍ കേസ് എത്തിക്കുന്നതിന് കാലതാമസം ഉണ്ടാക്കിയിരുന്നു. ഇത് ഏറേ ആക്ഷേപങ്ങള്‍ക്കും കാരണമായിരുന്നു. കുറ്റപത്രം തയ്യാറാണെന്നും ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം നടക്കാത്തതില്‍ തങ്ങള്‍ അസ്വസ്ഥരാണെന്നു പരാതിക്കാരിയും കൂടെയുള്ളവരും ആയ കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. നീതി അട്ടിമറിക്കപ്പെടുകയാണെങ്കില്‍ വീണ്ടും സമരവുമായി തെരുവില്‍ ഇറങ്ങുമെന്നും കന്യാസ്ത്രീകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കിയിട്ടും പൊലീസ് ആദ്യം അവഗണിച്ചെന്ന ആക്ഷേപം നിലനില്‍ക്കുന്ന കേസാണ് കന്യാസ്ത്രീ പീഢനം. ഒടുവില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി കിട്ടാന്‍ വേണ്ടി കുറവിലങ്ങാട് മഠത്തിലെ സഹപ്രവര്‍ത്തകരായ അഞ്ചു കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയതിനു പിന്നാലെ ഈ വിഷയം വലിയ ചര്‍ച്ചയായി മാറുകയും അതിന്റെ സമ്മര്‍ദ്ദത്തിന്റെ പുറത്ത് ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടാവുകയുമായിരുന്നു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ 14 ദിവസത്തോളം കന്യാസ്ത്രീകള്‍ സമരം ചെയ്തിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുകയും പൊലീസിനും കത്തോലിക്ക സഭയ്ക്കും എതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തു. മാര്‍പാപ്പയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഈ പ്രതിഷേധങ്ങളും ഇടപെടലുകളുമെല്ലാം നടന്നതിന്റെ പശ്ചാത്തലത്തിലാണ് പീഡന പരാതി നല്‍കി 86 ദിവസങ്ങള്‍ക്കുശേഷം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത്. പരാതി കിട്ടിയതിന്റെ തുടക്കത്തില്‍ കേരള പൊലീസ് സംഘം ജലന്ധറില്‍ എത്തിയിരുന്നവെങ്കിലും ഫ്രാങ്കോയെ കാണാന്‍ സാധിക്കാതെ മടങ്ങിപ്പോരേണ്ടി വന്നതും വലിയ വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരുന്നു. അന്വേഷണ സംഘത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥന് ഭരണതലത്തില്‍ നിന്നു തന്നെ സമ്മര്‍ദ്ദം നേരിടേണ്ടി വന്നതും വാര്‍ത്തയായിരുന്നു. ഫ്രാങ്കോയ്ക്ക് വേണ്ടി ജലന്ധര്‍ രൂപതയിലെ കന്യാസ്ത്രീകളും പുരോഹിതന്മാരും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതില്‍ സന്തോഷമുണ്ടെന്നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പ്രതികരിച്ചത്. പ്രോസിക്യൂട്ടര്‍ നിയമവുമായി ബന്ധപ്പെട്ട് ചെറിയൊരു അനിശ്ചിത്വം വന്നെങ്കിലും ഇപ്പോഴത് അവസാനിച്ചതില്‍ തങ്ങള്‍ ആശ്വസിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കത്തോലിക്ക സഭയില്‍ നിന്നും നീതി കിട്ടുമെന്നായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ കോടതിയില്‍ എത്തിയിരിക്കുന്നു. കോടതിയില്‍ നിന്നും ഞങ്ങള്‍ക്ക് നീതി കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷ; സി. അനുപമ പറയുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍