UPDATES

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തില്‍? കുറ്റപത്രം തയാറെങ്കിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ കാത്ത് മൂന്നാഴ്ചയായി പോലീസ്

കന്യാസ്ത്രീ പീഡന കേസിലെ കുറ്റപത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നുവെന്ന് ആക്ഷേപം. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം നടക്കാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിലും കാലതാമസം വരുത്തുന്നത്. അന്വേഷണ സംഘം അടുത്താഴ്ച്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന വിവരം കേസിലെ പരാതിക്കാരെ അറിയിച്ചിട്ടുണ്ട് എങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഒരു അന്തിമ തീരുമാനം വന്നിട്ടില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ വരുന്നതിനു പിന്നില്‍ കുറ്റപത്രത്തില്‍ തിരുത്തലുകള്‍ വരുത്താനാണെന്നാണ് വിമര്‍ശനം. എന്നാല്‍ അന്വേഷണ സംഘം ഈ ആക്ഷേപം തള്ളിക്കളയുന്നുണ്ട്.

കുറ്റപത്രം നേരത്തെ തന്നെ തയ്യാറായിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതു മൂലമാണ് കേസിന്റെ വിചാരണ തുടങ്ങാന്‍ താമസം എടുക്കുന്നതെന്നാണ് പരാതിക്കാരായ കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നവരുടെ ആക്ഷേപം. കുറ്റപത്രം തയ്യാറാക്കി ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ കിട്ടണമെന്ന് അപേക്ഷിച്ച് പോലീസ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചയായി. സര്‍ക്കാരിന് തന്നെ അനുകൂലമോ പ്രതികൂലമോ ആയ ഒരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴും കുറ്റപത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നാണ് അറിയുന്നത് എന്നാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന സേവ് അവര്‍ സിസ്‌റ്റേഴ്‌സ് മൂവ്‌മെന്റ് ഉയര്‍ത്തുന്ന ആക്ഷേപം. കുറ്റപത്രം സമര്‍പ്പിക്കാന്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നും ഇത് ഫ്രാങ്കോയെ സഹായിക്കുന്ന തരത്തില്‍ കുറ്റപത്രത്തില്‍ മാറ്റങ്ങള്‍ വരുത്താനാണെന്നുമാണ് പരാതി.

കുറ്റപത്രം തയ്യാറാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം ഉണ്ടായാല്‍ ഉടന്‍ തന്നെ കോടതിയില്‍ ഇത് സമര്‍പ്പിക്കുമെന്നുമാണ് അന്വേഷണം സംഘത്തിനു നേതൃത്വം കൊടുക്കുന്ന വൈക്കം ഡിവൈഎസ്പി സുഭാഷ് അഴിമുഖത്തോട് പറയുന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഈ കേസില്‍ ഇപ്പോള്‍ ആരോപണമുയരുന്ന തരത്തില്‍ ഒരിടപെടലുകളും ഉണ്ടാവുകയില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നുണ്ട്. അതേസമയം പരാതിക്കാരോട് സംസാരിച്ചപ്പോള്‍ അടുത്താഴ്ച്ച കുറ്റപത്രം സമര്‍പ്പിക്കുമെന്ന വിവരമാണ് തങ്ങള്‍ക്ക് കിട്ടിയതെന്നാണ് പറഞ്ഞത്.

കുറവിലങ്ങാട് മഠത്തില്‍ അപ്രതീക്ഷിത നേതൃമാറ്റം; ബിഷപ്പ് ഫ്രാങ്കോയുടെ ആളുകളെ കുത്തി നിറച്ച് പരാതിക്കാരായ കന്യാസ്ത്രീകളെ ഒതുക്കാന്‍ നീക്കം

ഈ കേസിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായൊരു വിവരവും പുറത്തു വരുന്നുണ്ട്. അത് ബിഷപ്പ് ഫ്രാങ്കോ നിലവില്‍ കേരളത്തില്‍ ഉണ്ടെന്നതുമായി ബന്ധപ്പെട്ടാണ്. ദിവസങ്ങള്‍ക്കു മു്മ്പ് ഫ്രാങ്കോ സംസ്ഥാനത്ത് എത്തിയെന്നാണ് വിവരം. ഇക്കാര്യം കേസിലെ പരാതിക്കാരായവര്‍  ഉള്‍പ്പെടെ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും എവിടെയാണ് ഉള്ളതെന്നു വ്യക്തമല്ല. ബുധന്‍, വ്യാഴം ദിവസങ്ങളോടെ പാലായില്‍ എത്തിയിട്ടുണ്ടെന്നും വിവരം കിട്ടുന്നുണ്ട്. അറസ്റ്റില്‍ ആയതിനു പിന്നാലെ റാമന്‍ഡ് പ്രതിയായി പാല സബ് ജയില്‍ കഴിയുന്ന സമയം ഫ്രാങ്കോയെ സന്ദര്‍ശിക്കാന്‍ എത്തിയവരില്‍ പാല രൂപത മെത്രാന്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. കേസില്‍ ഫ്രാങ്കോ നിരപരാധിയാണെന്ന നിലപാടാണ് കത്തോലിക്ക സഭയുടെ കേരളത്തിലെ വിവിധ അതിരൂപത/രൂപത അധ്യക്ഷന്മാര്‍ സ്വീകരിച്ചിരിക്കുന്നതും. അതുകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ കേരളത്തിലേക്കുള്ള ഫ്രാങ്കോയുടെ വരവിനെ പലരും സംശയത്തോടെ വീക്ഷിക്കുന്നതും. ജാമ്യം അനുവദിക്കുമ്പോള്‍ കോടതി മുന്നോട്ട വച്ച ഉപാധികളില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജാരാകാന്‍ അല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നും ഫ്രാങ്കോയോട് ആവശ്യപ്പെട്ടിരുന്നു.

അറസ്റ്റിലായതിനു പിന്നാലെ 25 ദിവസത്തോളം ജയില്‍ വാസം അനുഭവിച്ചതിനു ശേഷം ജാമ്യം നേടി ഫ്രാങ്കോ പോയത് പഞ്ചാബിലേക്കാണ്. ഇപ്പോഴും ബിഷപ്പ് സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ജലന്ധര്‍ രൂപതയില്‍ ഉണ്ടായിരുന്ന അധികാരങ്ങള്‍ ഫ്രാങ്കോയില്‍ നിന്നും എടുത്തു മാറ്റിയിരുന്നു. ഇപ്പോള്‍ ഫ്രാങ്കോ പുരുഷന്മാര്‍ക്കായി പഞ്ചാബില്‍ തന്നെ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ ആസ്ഥാനത്താണ് താമസിക്കുന്നത്. എങ്കിലും സഭയില്‍ ഇദ്ദേഹത്തിനുള്ള സ്വാധീനത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നാണ് പരാതിക്കാരായവര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നതും.

ബിഷപ്പ് ഫ്രാങ്കോയ്ക്കോക്കെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയേയും സമരം ചെയ്തവരേയും മഠത്തില്‍ നിന്നു പുറത്താക്കാനും നീക്കം

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കിയിട്ടും പൊലീസ് ആദ്യം അവഗണിച്ചെന്ന ആക്ഷേപം നിലനില്‍ക്കുന്ന കേസാണ് കന്യാസ്ത്രീ പീഢനം. ഒടുവില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി കിട്ടാന്‍ വേണ്ടി കുറവിലങ്ങാട് മഠത്തിലെ സഹപ്രവര്‍ത്തകരായ അഞ്ചു കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയതിനു പിന്നാലെ ഈ വിഷയം വലിയ ചര്‍ച്ചയായി മാറുകയും അതിന്റെ സമ്മര്‍ദ്ദത്തിന്റെ പുറത്ത് ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടാവുകയുമായിരുന്നു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ 14 ദിവസത്തോളം കന്യാസ്ത്രീകള്‍ സമരം ചെയ്തിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുകയും പൊലീസിനും കത്തോലിക്ക സഭയ്ക്കും എതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തു. മാര്‍പാപ്പയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഈ പ്രതിഷേധങ്ങളും ഇടപെടലുകളുമെല്ലാം നടന്നതിന്റെ പശ്ചാത്തലത്തിലാണ് പീഡന പരാതി നല്‍കി 86 ദിവസങ്ങള്‍ക്കുശേഷം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത്. പരാതി കിട്ടിയതിന്റെ തുടക്കത്തില്‍ കേരള പൊലീസ് സംഘം ജലന്ധറില്‍ എത്തിയിരുന്നവെങ്കിലും ഫ്രാങ്കോയെ കാണാന്‍ സാധിക്കാതെ മടങ്ങിപ്പോരേണ്ടി വന്നതും വലിയ വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരുന്നു. അന്വേഷണ സംഘത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥന് ഭരണതലത്തില്‍ നിന്നു തന്നെ സമ്മര്‍ദ്ദം നേരിടേണ്ടി വന്നതും വാര്‍ത്തയായിരുന്നു. ഫ്രാങ്കോയ്ക്ക് വേണ്ടി ജലന്ധര്‍ രൂപതയിലെ കന്യാസ്ത്രീകളും പുരോഹിതന്മാരും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഈ കേസില്‍ ഒളിച്ചു കളി നടത്തിയെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിന്‍മേലാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിലുണ്ടാകുന്ന കാലതാമസവും വിമര്‍ശനപരമായി ഉയര്‍ത്തുന്നത്.

പലതും ഇനിയും പുറത്തുവരാനുണ്ട്, വട്ടോളി അച്ചന്‍ നിശബ്ദനാകേണ്ടത് അവരുടെ ആവശ്യമാണ് -കന്യാസ്ത്രീകള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍