UPDATES

കന്യാസ്ത്രീ പീഡനം; വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; കേസ് അട്ടിമറിക്കാന്‍ ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നതായി കന്യാസ്ത്രീകള്‍

ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വൈക്കം ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റിയതിനെതിരേ പരാതി

ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വൈക്കം ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റിയതിനെതിരേ പരാതി. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇരയായ കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസത്രീകള്‍ പറയുന്നത്. അതേസമയം ഡിവൈഎസ്പിയുടെത് സ്വാഭാവിക സ്ഥലംമാറ്റം എന്നാണ് പൊലീസ് ഭാഷ്യം.

2019 മേയ് നാലിന് കന്യാസ്ത്രീ പീഡനക്കേസിന്റെ കുറ്റപത്രം പാല മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കുറ്റപത്രത്തിന്റെ പകര്‍പ്പ് സ്വീകരിക്കാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മേയ് പത്തിന് ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ എത്തി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ജാമ്യം ഉള്ളതിനാല്‍ അത് തുടരാമെന്നും കേസ് ജൂണ്‍ ഏഴിന് പരിഗണിക്കാമെന്നുമായിരുന്നു അവസാനം കോടതി അറിയിച്ചിരുന്നത്. വീണ്ടും കേസ് പരിഗണിക്കുന്ന സമയത്ത് വിചാരണയുമായി സംബന്ധിച്ച കാര്യങ്ങള്‍ അറിയാക്കാമെന്നും കോടതി വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ കന്യാസ്ത്രീ പീഡനക്കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ തൊടുപുഴ വിജിലന്‍സിലേക്ക് മാറ്റിയത്. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്ന കോട്ടയം എസ് പി എസ് ഹരിശങ്കറിനും മാറ്റമുണ്ട്.

‘കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വൈക്കം ഡിവൈഎസ്പിയേയും കോട്ടയം എസ്പിയേയും സ്ഥലം മാറ്റിയിരിക്കുന്നത്. ഡിവൈഎസ്പിയെ ജില്ലയ്ക്ക് പുറത്തേക്കാണ് മാറ്റിയത്. ഒരു വര്‍ഷം തികയും മുന്നേയാണ് എസ്പിക്ക് മാറ്റം കൊടുത്തിരിക്കുന്നത്. ഇതൊക്കെ ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്. ഇതിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുടെ നേതൃത്വത്തില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായും കരുതുന്നു. സിപിഎമ്മിന്റെ പ്രമുഖനായൊരു അഭിഭാഷകനാണ് പ്രതിയായ ഫ്രാങ്കോയ്ക്ക് വേണ്ടി വാദിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായ്ക്കുമ്പോഴാണ് ഞങ്ങളുടെ സംശയം ബലപ്പെടുന്നത്. കേസിന്റെ അന്വേഷണഘട്ടത്തില്‍ ഇത് അട്ടിമാറിക്കാന്‍ വേണ്ടി നടന്ന കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സാക്ഷികളെയും പരാതിക്കാരിയേയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ പലവട്ടം ശ്രമം നടന്നു. ജീവനു നേരെ പോലും നടന്ന നിരന്തരമായ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ കേസിന്റെ വിചാരണഘട്ടം വരെ ഞങ്ങള്‍ എത്തിനില്‍ക്കുന്നത്. വീണ്ടും തുടരുന്ന ഗൂഢാലോചനയില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്’; കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ അഴിമുഖത്തോട് പറയുന്നു.

വൈക്കം ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ ദുരൂഹയുണ്ടെന്നാണ്, കേസില്‍ പരാതിക്കാരിക്കൊപ്പം നില്‍ക്കുന്ന സേവ് അവര്‍ സിസ്റ്റേഴ്‌സ്(എസ്ഒഎസ്) മൂവ്‌മെന്റും ആരോപിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ കേസില്‍ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയില്‍ നിന്ന് തന്നെ മാറ്റുന്നതിന് പിന്നില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്നു സംശയിക്കുന്നതായാണ് എസ്ഒഎസ് ഭാരവാഹികള്‍ പറയുന്നത്. ‘വിചാരണ വേളയില്‍ കേസ് ദുര്‍ബലപ്പെടുത്തുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള എസ്ഒഎസ്സിന്റെ ചെറുത്തു നില്‍പ് തുടരുന്നതിനിടയിലാണ് അപ്രതീക്ഷിത സ്ഥലം മാറ്റം. ഡിവൈഎസ്പി സുഭാഷിനെ തൊടുപുഴ വിജിലന്‍സിലേക്ക് മാറ്റിയതായാണ് വിവരം. കോട്ടയം ജില്ലയിലെ തന്നെ മറ്റേതെങ്കിലും സ്റ്റേഷനിലേക്കോ ഡിപ്പാര്‍ട്ട്‌മെന്റിലേക്കോ മാറ്റാതെ മറ്റൊരു ജില്ലയിലേക്ക് തന്നെ മാറ്റിയതില്‍ ദുരൂഹതയുണ്ട്. ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത് എന്ന് ആശങ്കപ്പെടുന്നു’; സേവ് അവര്‍ സിസ്‌റ്റേഴ്‌സ് മൂവ്‌മെന്റ് പറയുന്നു.

എന്നാല്‍ ഡിവൈഎസ്പിയുടെ സ്ഥലംമാറ്റം നിയമപരമായി നടന്ന കാര്യം മാത്രമാണെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. സ്വാഭാവികമായി ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകുന്ന മാറ്റത്തിന്റെ ഭാഗം മാത്രമാണിതെന്നും പറയുന്നു. കേസിന്റെ വിചാരണ വേളയില്‍ കോടതി ആവശ്യപ്പെടുന്ന സമയത്ത് ഇതേ ഉദ്യോഗസ്ഥന് ഹാജരാകാനുള്ള അവസരവും കിട്ടുമെന്നും ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതില്‍ നിയമപരമായി തെറ്റില്ലെങ്കിലും കന്യാസ്ത്രീ പീഡനക്കേസിന്റെ വിചാരണ തീരും വരെ പ്രസ്തുത ഉദ്യോഗസ്ഥന്‍ തല്‍സ്ഥാനത്ത് തന്നെ തുടര്‍ന്നിരുന്നെങ്കില്‍, സദുദ്ദേശപരമായി തന്നെയാണ് ഈ കേസിനെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്ന് ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. കേസിന്റെ ആദ്യാവസാനമുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാളാണ് ഈ ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന് വിചാരണ സമയത്ത് കേസ് മോണിറ്റര്‍ ചെയ്യാനും സാക്ഷികളെ കൃത്യമായി ഹാജരാക്കാനും തെളിവുകള്‍ കോടതിയില്‍ അവതരിപ്പിക്കാനും കഴിയുമായിരുന്നു. ഏതെങ്കിലും സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെങ്കിലോ, കൂറുമാറാന്‍ സാധ്യതയുണ്ടെങ്കിലോ അത് മനസിലാക്കാനും ആ ഉദ്യോഗസ്ഥന് സാധിക്കുമായിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ സ്ഥലം മാറ്റം അത്ര നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

മൊത്തം 83 സാക്ഷികളാണ് കന്യാസ്ത്രീ പീഡന കേസില്‍ ഉള്ളത്. ഒരു കര്‍ദിനാളും മൂന്നു മെത്രാന്മാരും സാക്ഷികള്‍ ഉള്‍പ്പെടുന്നുണ്ട്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സാക്ഷികളിലെ പ്രധാനി. കര്‍ദിനാളിനെ കൂടാതെ പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ദഗല്‍പൂര്‍ രൂപത ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍. ഉജ്ജയിന്‍ രൂപത ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരാണ് സാക്ഷികളായ മെത്രാന്മാര്‍. ഇവരെ കൂടാതെ പതിനൊന്നു വൈദികരും 25 കന്യാസ്തീകളും ചേര്‍ന്നതാണ് 83 പേര്‍.

ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായൊരു കേസില്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ കടന്നാണ് ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയതും കുറ്റപത്രം സമര്‍പ്പിച്ചതും. കത്തോലിക്ക സഭയിലെ പ്രധാനപ്പെട്ട ബിഷപ്പ് പ്രതിയായ കേസില്‍ പലഭാഗത്തു നിന്നും അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും സൂചനകള്‍ പുറത്തു വന്നിരുന്നു. കുറ്റപത്രം തയ്യാറായിട്ടും കോടതിയില്‍ സമര്‍പ്പിക്കുന്നതിനു കാലം താമസം നേരിടേണ്ടി വന്ന അവസ്ഥയും അന്വേഷണസംഘത്തിന് ഉണ്ടായിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടായ താമസമായിരുന്നു കാരണം. പ്രോസിക്യൂട്ടറെ നിയമച്ചശേഷവും കോടതിയില്‍ കുറ്റപത്രം എത്താന്‍ വൈകിയിരുന്നു. ഇതിനെതിരേ കന്യാസ്ത്രീകള്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കുന്ന സാഹചര്യവും ഉണ്ടായി. ബിഷപ്പില്‍ നിന്നും പീഡനം നേരിടേണ്ടി വന്നതുമായി ബന്ധപ്പെട്ട് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കി ഒരു വര്‍ഷം ആകാറായപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാനും കോടതയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സാധിച്ചത്. ഇത്രയും താമസം ഇതിനിടയില്‍ ഉണ്ടായത് ബിഷപ്പിനെ സഹായിക്കാന്‍ വേണ്ടി നടന്ന ഇടപെടലുകള്‍ മൂലമാണെന്നാണ് പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപിച്ചത്. കേസിലെ പ്രധാന സാക്ഷികളായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്വാധീനിക്കാനും അതിനു വഴങ്ങാതെ വന്നതിനെ തുടര്‍ന്ന് മഠത്തില്‍ നിന്നും സ്ഥലം മാറ്റാനും പുറത്താക്കനുമെല്ലാം ശ്രമങ്ങള്‍ നടന്നിരുന്നു. എല്ലാറ്റിനുമൊടുവില്‍ കന്യാസ്ത്രീ പീഡനക്കേസില്‍ വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ഇപ്പോള്‍ ഡിവൈഎസ്പിയുടെ സ്ഥലം മാറ്റം പുതിയ വിവാദമായി ഉയര്‍ന്നിരിക്കുന്നത്.

Read More: വിമര്‍ശനങ്ങളോട് ആഷിക് അബു പ്രതികരിക്കുന്നു; ‘വൈറസ് സിനിമയുടെ നെടുംതൂണ്‍ ശൈലജ ടീച്ചറാണ്, പക്ഷേ ആരെയും ഗ്ലോറിഫൈ ചെയ്യുകയായിരുന്നില്ല ഉദ്ദേശം’

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍