UPDATES

ട്രെന്‍ഡിങ്ങ്

സാക്ഷികളെ തടങ്കലില്‍ വച്ചും സ്ഥലംമാറ്റിയും കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കുന്നു

കന്യാസ്ത്രീ പീഢനക്കേസില്‍ വളരെ നിര്‍ണായകമായ സാക്ഷി മൊഴിയാണ് സി. ലിസി വടക്കേല്‍ പൊലീസിനും മജിസ്‌ട്രേറ്റിനും മുന്നില്‍ നല്‍കിയിരിക്കുന്നത്

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) അംഗം സി. ലിസി വടക്കേലുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ കന്യാസ്ത്രീ പീഢനക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പരാതികള്‍ ശരിവയ്ക്കുന്നതാണെന്നു വാദങ്ങള്‍. കേസിലെ മുഖ്യ സാക്ഷികളിലൊരാളാണ് സി. ലിസി വടക്കേല്‍. ഇതേ കേസിലെ സാക്ഷികളായ, മിഷണറീസ് ഓഫ് ജീസസ് (എംജെ) സന്ന്യാസ സഭയുടെ കുറവിലങ്ങാടുള്ള സെന്റ്. ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ നാലു കന്യാസ്ത്രീകളെയും സ്ഥലം മാറ്റാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് സി. ലിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വരുന്നത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം താമസിക്കുന്ന തങ്ങളെ കുറവിലങ്ങാട് മഠത്തില്‍ നിന്നും മാറ്റുന്നത് കേസില്‍ സാക്ഷി പറയാതിരിക്കാനാണെന്നു കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. പീഢനക്കേസില്‍ പ്രതിയായ ജലന്ധര്‍ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണ് ഇതിനു പിന്നില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. ആ ആരോപണങ്ങളാണ് സി. ലിസിക്കെതിരേ നടന്ന പ്രവര്‍ത്തികളിലൂടെ ശരിവയ്ക്കപ്പെടുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയതിനു സി. ലിസിയെ മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്നാണ് പുറത്തു വന്ന വിവരം. സി. ലിസിയെ കുറിച്ച് വിവരമൊന്നും അറിയാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്മാര്‍ പോലീസിനു പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പുറത്തറിയുന്നത്.

എഫ്‌സിസിയുടെ വിജയവാഡ പ്രൊവിന്‍സില്‍ സേവനം അനുഷ്ഠിച്ചിരുന്ന സി. ലിസി പരാതിക്കാരിയായ കന്യാസ്ത്രീയുമായി വളരെക്കാലത്തെ വ്യക്തിബന്ധം ഉള്ളയാളാണ്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സ്പിരിച്വല്‍ കൗണ്‍സിലറുമായിരുന്നു.  ഈ ബന്ധമാണ് കേസില്‍ മൊഴി നല്‍കാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു. അതേസമയം എഫ്‌സിസിയുമായി ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഏറെ അടുപ്പമുണ്ടെന്നും പറയുന്നു.  പലവിധത്തിലും ഇപ്പോഴും ഈ രണ്ട് സന്ന്യാസ സഭകളും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. എഫ്‌സിസിയിലെ ഉന്നതരായ പലര്‍ക്കും  ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധമുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഈ വിധത്തിലെല്ലാം എഫ്‌സിസിയില്‍ ഉള്ള സ്വാധീനത്തിന്റെ പുറത്താണ് സി. ലിസിക്കെതിരേ നടപടികള്‍ ഉണ്ടായതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

കന്യാസ്ത്രീ പീഢനക്കേസില്‍ വളരെ നിര്‍ണായകമായ സാക്ഷി മൊഴിയാണ് സി. ലിസി വടക്കേല്‍ പൊലീസിനും മജിസ്‌ട്രേറ്റിനും മുന്നില്‍ നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്. മൊഴി നല്‍കുന്ന സമയത്ത് സി. ലിസി മൂവാറ്റുപുഴയിലുള്ള എഫ്‌സിസി കോണ്‍വെന്റിലെ ജ്യോതിര്‍ഭവനില്‍ ആയിരുന്നു താമസിച്ചുപോന്നിരുന്നത്. എന്നാല്‍ കേസില്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയതിനു പിന്നാലെ എഫ്‌സിസി അധികൃതരില്‍ നിന്നും പ്രതികാര നടപടികള്‍ ആരംഭിച്ചതായി ഇവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിജയവാഡയിലുള്ള എഫ്‌സിസി പ്രൊവിന്‍സിന്റെ കീഴിലുള്ള മഠത്തിലേക്ക് സി. ലിസിയെ മാറ്റുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. തന്റ മാതാവിന്റെ ആരോഗ്യസ്ഥിതി തീരെ മോശമാണെന്നും ഒപ്പം നിന്നു പരിചരിക്കാന്‍ അനുവദിക്കണമെന്നും സി. ലിസി ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെയാണ് വിജയവാഡയിലേക്ക് മാറ്റിയത്. വിജയവാഡയില്‍ സി. ലിസിക്കെതിരേ സഭ മേധാവികളില്‍ നിന്നും മാനസികമായും വൈകാരികമായും പീഡനങ്ങളും സമ്മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങേണ്ടി വരികയാണുണ്ടായതെന്നും വിവരങ്ങള്‍ പുറത്തു വന്നു. മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ പോലും സിസ്റ്ററെ അനുവദിച്ചിരുന്നില്ലെന്നും ഫോണ്‍ ഉപയോഗം പോലും വിലക്കിയിരുന്നുവെന്നും പരാതിയുണ്ട്. ഇത്തരമൊരു സാഹചര്യം തന്റെ ജീവന്‍പോലും അപകടത്തിലാക്കുമെന്നു തിരിച്ചറിഞ്ഞാണ് വിജയവാഡയില്‍ നിന്നും ഫെബ്രുവരി 15 ന് സി. ലിസി നാട്ടില്‍ എത്തുന്നതെന്നു പറയുന്നു. തിരിച്ചെത്തിയ സി. ലിസിയെ മഠം അധികാരികള്‍ ഭീഷണിപ്പെടുത്തുകയും വിജയവാഡയിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നുവത്രേ. താന്‍ വീണ്ടും അപകടത്തിലാകുമെന്ന് മനസിലാക്കി സി. ലിസി എല്ലാ കാര്യങ്ങളും സഹോദരങ്ങളെ അറിയിച്ചു. ഇതേ തുടര്‍ന്ന് സഹോദരങ്ങള്‍ കോട്ടയം പൊലീസ് സൂപ്രണ്ടിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. പരാതി പ്രകാരം പൊലീസ് മൂവാറ്റുപുഴയിലെത്തി സി. ലിസിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയശേഷം മൂവാറ്റുപുഴ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. സിസ്റ്ററില്‍ നിന്നും പ്രാഥമിക തെളിവ് എടുപ്പ് നടത്തിയ മജിസ്‌ട്രേറ്റിന് കന്യാസ്ത്രി തടങ്കല്‍ സാഹചര്യത്തിലാണ് ഉള്ളതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, വിജയവാഡയിലേക്ക് അയക്കാതെ സി. ലിസിയെ അവരുടെ ആഗ്രഹപ്രകാരം ജ്യോതിര്‍ഭവനില്‍ തുടര്‍ന്നു താമസിക്കാനും ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും ഉത്തരവ് ഇടുകയായിരുന്നു.

സി. ലിസിക്കു നേരെ ഉണ്ടായ പ്രതികാര നടപടി വ്യക്തമാക്കുന്നത് ബിഷപ്പ് പ്രതിയായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ സാക്ഷികളെ നിശബ്ദരാക്കുകയെന്നത് ഉള്‍പ്പെടെ എന്തും ചെയ്യുമെന്നാണെന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കൂടെയുള്ള അഞ്ചു പേരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റാന്‍ സഭ ശ്രമിച്ചതും കേസ് അട്ടിമറിയുടെ ഭാഗം തന്നെയാണെന്നും എസ്ഒഎസ് ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

Also Read: ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീ മഠത്തില്‍ തടങ്കലില്‍; പൊലീസ് മോചിപ്പിച്ചു, മദര്‍ സുപ്പീരിയറടക്കം നാലു പേര്‍ക്കെതിരെ കേസ്

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തി കന്യാസ്ത്രീ പീഡനക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്നതുവരെ ഈ കേസിലെ ഓരോ സാക്ഷികള്‍ക്കും സംരക്ഷണവും സമാധാനവും സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും ഈ ആവശ്യവുമായി മുഖ്യമന്ത്രിയെ കാണമെന്നും എസ്ഒഎസ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. കേസിലെ സാക്ഷികളായവരേയും പരാതിക്കാരിയേയും ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ സമൂഹത്തിനു മുന്നിലും മാധ്യമങ്ങളിലൂടെയും പരസ്യമായി അപമാനിക്കുകയാണെന്നും സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും എസ്ഒഎസ് ആരോപിക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന്റെ നിര്‍ദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്നു കരുതേണ്ടതിനാല്‍ ഫ്രാങ്കോയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നും എസ്ഒസ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഇതിനൊപ്പം തന്നെ കേസിലെ പ്രധാന സാക്ഷിയായ സി. ലിസിയെ തടങ്കലില്‍ വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും വഴി കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച എഫ്‌സിസി പ്രൊവിന്‍ഷ്യല്‍, കൗണ്‍സിലര്‍ സിസ്റ്റേഴ്‌സ് തുടങ്ങിയവര്‍ക്കെതിരേ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നും സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍