കുറ്റപത്രവും അതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും പ്രതിഭാഗത്തിന് നേരത്തെ തന്നെ കൈമാറിയിട്ടുള്ളതാണെന്നും ഇപ്പോള്‍ വീണ്ടും രേഖകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും പരാതിക്കാരിയായ കന്യാസ്ത്രീകള്‍
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കുകയാണെന്ന പരാതിയുമായി കന്യാസ്ത്രീകള്‍. മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ കോട്ടയം കുറവിലങ്ങാട് സെന്റ്. ഫ്രാന്‍സീസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതി പൊലീസിന് നല്‍കി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തിലാണ് ഇങ്ങനെയൊരു ആരോപണവുമായി കന്യാസ്ത്രീകള്‍ എത്തിയിരിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും ഇതുവരെ വിചാരണ ആരംഭിക്കാനാകാതെ നീണ്ടു പോകുന്നതിലാണ് കന്യാസ്ത്രീകളുടെ ആശങ്ക. വിചാരണ ആരംഭിക്കാനായി കേസ് ഇന്ന് കോട്ടയം സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നതാണ്. ഇതിനായി ബിഷപ്പ് ഫ്രാങ്കോയോട് ഇന്നു കോടതിയില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കുറ്റപത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ലഭിക്കേണ്ടതുണ്ടെന്ന ആവശ്യവുമായി പ്രതിഭാഗം അഭിഭാഷകന്‍ പാല സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജൂലായ് ഒമ്പതിലേക്ക് മാറ്റി. ഇതിനുള്ളില്‍ പ്രതിഭാഗം ആവശ്യപ്പെട്ട രേഖകള്‍ കൈമാറാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
എന്നാല്‍ കുറ്റപത്രവും അതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും പ്രതിഭാഗത്തിന് നേരത്തെ തന്നെ കൈമാറിയിട്ടുള്ളതാണെന്നും ഇപ്പോള്‍ വീണ്ടും രേഖകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും പരാതിക്കാരിയായ കന്യാസ്ത്രീകള്‍ പറയുന്നു. വിചാരണ നീട്ടിക്കൊണ്ടു പോയി കേസ് അട്ടിമറിക്കാനാണ് ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നതെന്നും അവര്‍ പരാതിപ്പെടുന്നു.
മേയ് നാലിനായിരുന്നു പാല സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീ പീഢനക്കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ കന്യാസ്ത്രീ പീഡനക്കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറിക്കയത്. അഡ്വക്കേറ്റ ജിതേഷ് ബാബുവാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342,376(2) (K),376(2)(N), 376 (c)(a),377,506(1) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്. അന്യായമായി തടഞ്ഞുവയ്ക്കുക, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി ദുര്യോപയോഗം നടത്തുക, പ്രകൃതിവിരുദ്ധ ലൈംഗികപീഢനം നടത്തുക, ഭീഷണിപ്പെടുത്തുക, മേലധികാരി എന്ന നിലയ്ക്ക് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുര്യോപയോഗം ചെയ്യുക, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക എന്ന കുറ്റങ്ങളാണ് യഥാക്രമമുള്ള വകുപ്പുകള്‍ പ്രകാരം ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജീവപര്യന്തമോ പത്തുവര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയോ ലഭിക്കേണ്ടതാണ്. 83 പേരാണ് കേസില്‍ സാക്ഷികളായിട്ടുള്ളത്. ഇതില്‍ ഒരു കര്‍ദിനാളും മൂന്നുമെത്രാന്മാരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ 27കന്യാസ്ത്രീകള്‍, 11 വൈദീകര്‍, ഒരു ഡോക്ടര്‍, ഏഴു മജിസ്‌ട്രേറ്റര്‍ എന്നിവരും സാക്ഷികളായുണ്ട്. ആയിരത്തിലേറെ പേജുകള്‍ വരുന്നതാണ് കുറ്റപത്രം. തുടര്‍ന്ന് പ്രതിയായ ബിഷപ്പ് ഫ്രാങ്കോയോട് കോടതിയില്‍ നേരിട്ട് ഹാജരായി കുറ്റപത്രം സ്വീകരിക്കാന്‍ പാല സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ബിഷപ്പ് കോടതിയില്‍ എത്തി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രതി കുറ്റപത്രം സ്വീകരിച്ച സാഹചര്യത്തില്‍ കേസിന്റെ വിചാരണ കോട്ടയ്ം സെഷന്‍സ് കോടതിയില്‍ ആരംഭിക്കാന്‍ ഉത്തരവ് ഇടാനിരിക്കെയാണ് ഇപ്പോള്‍ കൂടുതല്‍ രേഖകള്‍വേണമെന്നാവശ്യവുമായി പ്രതിഭാഗം എത്തിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭിഷകരില്‍ സിപിഎം നേതാവായ ആള്‍ കൂടിയുണ്ടെന്നതാണ് കന്യാസ്ത്രീകളെ ആശങ്കയില്‍ ആഴ്ത്തുന്നത്.
കഴിഞ്ഞ ദിവസം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വൈക്കം ഡിവൈഎസ്പി സുഭാഷിനെ തൊടുപുഴ വിജിലന്‍സിലേക്ക് മാറ്റിയതും വിവാദമായിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ ആളെ ജില്ലയ്ക്കു പുറത്തേക്കു മാറ്റുന്നത് പ്രത്യേക താത്പര്യംവച്ചാണെന്നു പരാതിക്കാരായ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ പരാതി ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് സുഭാഷിന്റെ സ്ഥലം മാറ്റ് റദ്ദ് ചെയ്ത് കോട്ടയം ജില്ലയിലേക്ക് തന്നെ തിരിച്ചു കൊണ്ടു വന്നിരുന്നു. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി കന്യാസ്ത്രീകള്‍ സമരവുമായി തെരുവില്‍ ഇറങ്ങേണ്ടി വരുന്നൊരു സാഹചര്യത്തിലാണ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ തന്നെ പൊലീസ് തയ്യാറാകുന്നത്. പിന്നീട് കേസിന്റെ കുറ്റപത്രം തയ്യാറാക്കാനും ഏറെ കാലതാമസം എടുത്തിരുന്നു. കുറ്റപത്രം തയ്യറായപ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാലതാമസം വന്നു. നിരന്തരമായ പരാതികളുയര്‍ന്നതിനു പിന്നാലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും കുറ്റപത്രം കോടതിയില്‍ എത്താന്‍ വീണ്ടും സമയമെടുത്തു. ഇതിനെതിരേയും പ്രതിധേഷം ശക്തമായപ്പോഴാണ് മേയ് നാലിന് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഒരു മാസം കഴിയുമ്പോഴും വിചാരണ തുടങ്ങാന്‍ കഴിയാതെ വീണ്ടും കാര്യങ്ങള്‍ നീണ്ടു പോവുകയാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കുന്ന ഒരു കേസാണ് ഇത്തരത്തില്‍ നീണ്ടു പോകുന്നത്.