UPDATES

ട്രെന്‍ഡിങ്ങ്

ബിഷപ്പ് ഫ്രാങ്കോയ്ക്കുവേണ്ടി ഞങ്ങള്‍ക്കെതിരേ കേസ് കൊടുത്തയാളാണ് ജലന്ധര്‍ രൂപത പിആര്‍ഒ; ആഗ്നലോ പിതാവിനെ തിരുത്താന്‍ ഒരു ജീവനക്കാരന്‍ നോക്കേണ്ടെന്നു കന്യാസ്ത്രീകള്‍

രൂപത ബിഷപ്പ് കോണ്‍ഗ്രിഗേഷന്‍ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നു പിആര്‍ഒ ഇപ്പോള്‍ പറയുമ്പോള്‍, ഫ്രാങ്കോ മുളയ്ക്കല്‍ രൂപത അധ്യക്ഷനായിരുന്ന സമയത്ത് എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നുവെന്ന കാര്യം മറന്നു പോയോ?

ജലന്ധര്‍ രൂപത അപ്പസ്റ്റോലിക അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിനെ തരുത്തിക്കൊണ്ടുള്ള രൂപത പിആര്‍ഒ ഫാ. പീറ്റര്‍ കാവുമ്പുറത്തിന്റെ കത്ത് തങ്ങള്‍ തള്ളിക്കളയുന്നതായി കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഢനക്കേസിലെ പ്രധാന സാക്ഷികളായ അഞ്ചു കന്യാസ്്ത്രീകളെ മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ കോട്ടയം കുറവിലങ്ങാടുള്ള സെന്റ്. ഫ്രാന്‍സിസ് മിഷന്‍ ഹോമില്‍ നിന്നും മറ്റിടങ്ങളിലേക്ക സ്ഥലം മാറ്റാനുള്ള മദര്‍ ജനാറാളിന്റെ തീരുമാനം റദ്ദ് ചെയ്ത ബിഷപ്പിന്റെ തീരുമാനത്തിനെതിരെയാണ് പിആര്‍ഒ പ്രസ്താവനയിറക്കിയത്. എന്നാല്‍ രൂപത ബിഷപ്പിനെ തിരുത്താന്‍ കേവലം ഒരു പിആര്‍ഒയ്ക്ക് അധികാരമില്ലെന്നും കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാന്‍ ബിഷപ്പ് അഗ്നലോ നല്‍കിയ നിര്‍ദേശമാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും പിആര്‍ഒയുടെ കത്തിനെ മാനിക്കുന്നില്ലെന്നും സി. അനുപമ അഴിമുഖത്തോട് പറയുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് അപ്പസ്റ്റോലിക് ബിഷപ്പിനെ വത്തിക്കാനില്‍ നിന്നാണ് നിയമിച്ചിരിക്കുന്നത്. ഞങ്ങളുടെ കോണ്‍ഗ്രിഗേഷന്‍ രൂപതയുടെ കീഴിലുള്ളതാണ്. രൂപതയുടെ അധ്യക്ഷന്‍ ആരാണോ അവര്‍ക്ക് അതില്‍ ഇടപെടുന്നതില്‍ യാതൊരു കുഴപ്പവുമില്ല. എല്ലാക്കാര്യങ്ങളിലും എന്നല്ല, പ്രധാനപ്പെട്ടവയില്‍. അതിനുള്ള അധികാരം രൂപത അധ്യക്ഷനുണ്ട്. പ്രത്യേകിച്ച് ഞങ്ങളുടെ വിഷയം ഒരു വിവാദ സംഭവവുമായിരിക്കുന്ന സ്ഥിതിക്ക് ബിഷപ്പിന് തീര്‍ച്ചയായും ഇടപെടാം. അതില്‍ ഒരു തിരുത്തലിന്റെയും ആവശ്യമില്ല. രൂപത ബിഷപ്പ് കോണ്‍ഗ്രിഗേഷന്‍ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നു പിആര്‍ഒ ഇപ്പോള്‍ പറയുമ്പോള്‍, ഫ്രാങ്കോ മുളയ്ക്കല്‍ രൂപത അധ്യക്ഷനായിരുന്ന സമയത്ത് എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നുവെന്ന കാര്യം മറന്നു പോയോ? ഞങ്ങളെ എത്രമാത്രം ദ്രോഹിച്ചു. അപ്പോഴൊന്നും ബിഷപ്പിന് കന്യാസ്ത്രീകളുടെ കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ഒരാളും പറഞ്ഞു കേട്ടില്ലല്ലോ! അന്നും രൂപതയ്ക്ക് പിആര്‍ഒ ഉണ്ടായിരുന്നല്ലോ. അപ്പോള്‍ ഒരാള്‍ക്ക് ഇടപെടാന്‍ പറ്റും മറ്റാര്‍ക്കും കഴിയില്ലെന്നാണോ? കേസിന്റെ വിചാരണ കഴിയും വരെ കുറവിലങ്ങാട് മിഷന്‍ ഹോമില്‍ തന്നെ ഞങ്ങളെ നില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരുന്നത്. അത് അനുവദിച്ചുകൊണ്ട് ആഗ്നലോ ഗ്രേഷ്യസ് പിതാവ് ഇ മെയില്‍ അയച്ചത്. അതാണ് ഞങ്ങള്‍ അംഗീകരിക്കുന്നതും സ്വീകരിക്കുന്നതും. അതിനെ എതിര്‍ത്തുകൊണ്ട് ഇപ്പോള്‍ പിആര്‍ഒ പുറപ്പെടുവിച്ച കത്തിന് യാതൊരു പ്രസക്തിയുമില്ല. കാരണം, ബിഷപ്പ് ആഗ്നലോയെക്കാള്‍ വലുതല്ല പിആര്‍ഒ ഫാദര്‍ പീറ്റര്‍ കാവുമ്പുറം. അദ്ദേഹമൊരു ജീവനക്കാരന്‍ മാത്രമാണ്. പിആര്‍ഒ എന്നത് അത്രവലിയ പോസ്റ്റ് ഒന്നും അല്ലല്ലോ, സാധാരണ ഒരു വൈദികന്‍ മാത്രമാണ്. ബിഷപ്പിനെക്കാള്‍ വലിയവനൊന്നും അല്ല. അതുകൊണ്ട് തന്നെ പിആര്‍ഒയുടെ കത്തിനെ ഞങ്ങള്‍ മാനിക്കുന്നില്ല. ബിഷപ്പ് എന്തുപറഞ്ഞോ അതിനാണ് പ്രാധാന്യം.

പക്ഷേ, ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു ബിഷപ്പിനെ തിരുത്തിക്കൊണ്ട് പിആര്‍ഒയ്ക്ക് ഇങ്ങനെയൊരു കത്ത് പുറപ്പെടുവിക്കാന്‍ കഴിയുന്നുവെങ്കില്‍ അതെങ്ങനെ സാധിക്കുന്നു? അവിടെയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇപ്പോഴും രൂപതയിലുള്ള സ്വാധീന്യം വ്യക്തമാകുന്നത്. ഫ്രാങ്കോയുടെ വലംകൈയായി നില്‍ക്കുന്നയാളാണ് ഫാ. പീറ്റര്‍ കാവുമ്പുറം. എല്ലാ സമയത്തും ഫ്രാങ്കോയെ പിന്തുണച്ചു വരുന്നൊരാളാണ് അദ്ദേഹം. ഫ്രാങ്കോയ്ക്ക് വേണ്ടി ഞങ്ങള്‍ക്കും വീട്ടുകാര്‍ക്കുമെതിരേ കേസ് കൊടുക്കുന്നതുപോലും പിആര്‍ഒ പീറ്റര്‍ കാവുമ്പുറമാണ്. ഫ്രാങ്കോയ്ക്കുവേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് അഗ്നലോ പിതാവിനെ തിരുത്തിക്കൊണ്ടുള്ള ഈ കത്തുപോലും. പക്ഷേ ഇനിയും ഞങ്ങളെ വരുതിക്കു നിര്‍ത്താന്‍ അവര്‍ക്ക് കഴിയില്ല. പിആര്‍ഒയുടെ കത്ത് ഞങ്ങള്‍ തള്ളുന്നതും അതുകൊണ്ടാണ്. പിതാവ് പറഞ്ഞത് ഇവിടെ തുടര്‍ന്നോളാനാണ്. അതുകൊണ്ട് ഞങ്ങള്‍ക്കും ഞങ്ങളുടെ സിസ്റ്ററിനും നീതി കിട്ടുന്നതുവരെ കുറവിലങ്ങാട് തന്നെ ഞങ്ങള്‍ ഉണ്ടാകും. ഇവിടെയിപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്.പലസ്ഥലങ്ങളിലേക്ക് പോയാല്‍ അത് ഞങ്ങളുടെ ജീവന് തന്നെ അപകടം ഉണ്ടാക്കിയേക്കാം.

ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പോന്നതെന്നാണല്ലോ പറയുന്നത്, അത് ശരിയാണ്. ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെ പോന്നതാണ്. എന്തുകൊണ്ട് എന്നു കൂടി പറയാം. ഞങ്ങളുടെ സിസ്റ്ററിനെ ഈ സഭയിയോ കോണ്‍ഗ്രിഗേഷനിലോ ഉള്ള ഒരാള്‍ പോലും പിന്തുണയ്ക്കാനോ കൂടെ നില്‍ക്കാനോ ഇല്ലാതിരുന്നതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങോട്ട് പോന്നത്. എല്ലാ വെല്ലുവിളികളും സഹിച്ച് കൂടെ നില്‍ക്കുന്നത്. അതില്‍ ന്യായമുണ്ട്.

തങ്ങളെ കേസ് കഴിയും വരെ കുറവിലങ്ങാട് മഠത്തില്‍ തന്നെ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകളും നല്‍കിയ കത്തിനുള്ള മറുപടിയിലാണ് ഇവരെ നിലവിലുള്ള മഠത്തില്‍ തന്നെ തുടരാന്‍ ബിഷപ്പ് അഗ്നലോ അനുവദിക്കുന്നത്. സി. നീന റോസിനോട് പഞ്ചാബില്‍ എത്തി വിശദീകരണം നല്‍കാനുള്ള മദര്‍ ജനറാള്‍ സി. റജീനയുടെ നിര്‍ദേശത്തെയും ബിഷപ്പ് എതിര്‍ക്കുന്നുണ്ട്. തന്റെ അനുവാദമില്ലാതെയും തന്നോട് കൂടിയാലോചിക്കാതെയും ഇനിമേലില്‍ കന്യാസ്ത്രീകള്‍ക്ക് കത്തുകള്‍ അയക്കരുതെന്നു താന്‍ മദര്‍ ജനറാളിനോട് തീരുമാനം അറിയിച്ചിട്ടുണ്ടെന്നും ബിഷപ്പ് അഗ്നലോ കന്യാസ്ത്രീകളെ അറിയിക്കുന്നുണ്ട്. കുറവിലങ്ങാടെ മിഷന്‍ ഹോമില്‍ നിന്നും കേസിന്റെ വിചാരണ കഴിയും വരെ ആരും നിങ്ങളെ മറ്റില്ലെന്നും രൂപത അധ്യക്ഷന്‍ കന്യാസ്ത്രീകളോട് ഉറപ്പ് പറഞ്ഞതിനു പിന്നാലെയാണ് ബിഷപ്പിനെ തള്ളിക്കൊണ്ട് രൂപത പിആര്‍ഒ ഫാ. പീറ്റര്‍ കാവുമ്പുറം പ്രസ്താവനയിറക്കിയത്. അപ്പസ്റ്റോലിക് അഡ്മിനിസ്്‌ട്രേറ്ററായ ബിഷപ്പിന് കോണ്‍ഗ്രിഗേഷനില്‍ ഇടപെടാന്‍ കഴിയില്ലെന്നും രൂപത അധ്യക്ഷന്മാര്‍ സാധാരണ കോണ്‍ഗ്രിഗേഷന്‍ വിഷയങ്ങളില്‍ ഇടപെടാറില്ലെന്നും പറയുന്ന പിആര്‍ഒ, അതിനാല്‍ തന്നെ സ്ഥലംമാറ്റം റദ്ദ് ചെയ്‌തെന്ന ബിഷപ്പ് അഗ്നലോയുടെ തീരുമാനം നിലനില്‍ക്കുന്നതെല്ലെന്നും മദര്‍ ജനറാളിന്റെ നിര്‍ദേശതതിനു തന്നെയാണ് ഇപ്പോഴും പ്രസക്തിയെന്നും കൂടി വ്യക്തമാക്കുന്നുണ്ട്.

രൂപത അധ്യക്ഷനെ തന്നെ തള്ളിക്കൊണ്ട് പിആര്‍ഒ രംഗത്തു വരുന്നതിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ആണെന്നാണ് കന്യാസ്ത്രീകളെ പിന്തുണയ്ക്കുന്നവര്‍ ആരോപിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകും ബിഷപ്പ് ഫ്രാങ്കോ എന്നതിന്റെ തെളിവാണ് പുതിയ സംഭവമെന്നും അതിനാല്‍ ബിഷപ്പ് പദവിയില്‍ നിന്നും ഫ്രാങ്കോയെ മാറ്റാന്‍ മാര്‍പാപ്പ തയ്യാറാകണമെന്നും സേവ് അവര്‍ സിസ്റ്റേഴ്‌സ് മൂവ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു. രൂപത അധ്യക്ഷന് കോണ്‍ഗ്രിഗേഷന്‍ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന പിആര്‍ഒയുടെ നിലപാടിനെ ചോദ്യം ചെയ്തു എസ്ഒഎസ് നേതൃനിരയിലുള്ള ഷൈജു ആന്റണി പറയുന്നത് കാര്യങ്ങളിവയാണ്; പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരേ മറ്റൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചത് ബിഷപ്പ് ഫ്രാങ്കോ ജലന്ധര്‍ രൂപത അധ്യക്ഷനായിരുന്നപ്പോഴായിരുന്നല്ലോ. അത് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനില്‍ രൂപത ബിഷപ്പിന്റെ ഇടപെടലല്ലേ? കന്യാസ്ത്രീക്കെതിരേ നടപടിയെടുക്കാന്‍ ഉത്തരവ് ഇട്ടതുകൊണ്ടാണ് കന്യാസ്ത്രീ തനിക്കെതിരേ ഇത്തരത്തിലൊരു പരാതിയുമായി വന്നതെന്നാണല്ലോ ബിഷപ്പ് ഫ്രാങ്കോയുടെ വാദം തന്നെ. കന്യാസ്ത്രീക്കെതിരേ നടപടിയെടുക്കാന്‍ രൂപത അധ്യക്ഷനെന്ന നിലയില്‍ താന്‍ നിര്‍ദേശം നല്‍കിയെന്നു ഫ്രാങ്കോ തന്നെ പറയുന്നുണ്ടല്ലോ. അത് കോണ്‍ഗ്രിഗേഷനിലെ ഇടപെടല്‍ അല്ലേ? ഇപ്പോള്‍ പിആര്‍ഒ പീറ്റര്‍ കാവുമ്പുറം പറയുന്നതുപോലെ ബിഷപ്പിന് കോണ്‍ഗ്രിഗേഷനില്‍ ഇടപെടാന്‍ അവകാശമില്ലെങ്കില്‍ ഫ്രാങ്കോയുടെ ഇടപെടലുകളെല്ലാം തെറ്റായിരുന്നുവെന്നുകൂടിയല്ലേ വ്യക്തമാക്കുന്നത്. രൂപത കോണ്‍ഗ്രിഗേഷന്‍ എന്നു പറയുമ്പോള്‍ രൂപതയുടെ ബിഷപ്പ് തന്നെയാണ് ആ കോണ്‍ഗ്രിഗേഷന്റെ പരമാധികാരിയും. മദര്‍ ജനറാള്‍ എന്നാല്‍ കോണ്‍ഗ്രിഗേഷന്റെ കാര്യങ്ങള്‍ നോക്കി നടത്താന്‍ മാത്രം നിയോഗിക്കപ്പെടുന്ന വ്യക്തിയാണ്. ആഗ്നലോ പിതാവ് കന്യാസ്ത്രീകള്‍ക്ക് അയച്ച ഇ മെയിലില്‍ പറഞ്ഞരിക്കുന്നത്, മദര്‍ ജനറാളിനടുത്ത് ഞാന്‍ പ്രത്യേകം പറയും, ഇനിമേലാല്‍ എന്റെ അറിവോ സമ്മതമോ കൂടാതെ നിങ്ങള്‍ക്ക് യാതൊരുവിധ നിര്‍ദേശങ്ങളും അയക്കരുത് എന്നാണ്. ആഗ്നലോ പിതാവിന്റെ ഈ വാക്കുകള്‍ സഭ കന്യാസ്ത്രീകളോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. സത്യം പുറത്തുവരണമെങ്കില്‍ മുഴുവന്‍ തെളിവുകളും സമര്‍പ്പിക്കപ്പെടണമെന്നും അതിന് സാധിക്കണമെങ്കില്‍ നിങ്ങള്‍ അഞ്ചുപേരും കുറവിലങ്ങാട് തന്നെ നില്‍ക്കണമെന്നും പിതാവ് പറയുന്നുണ്ട്. സത്യം പുറത്തുവരാന്‍ സഭ ആവശ്യപ്പെടുന്നുവെന്നാണ് അതിന്റെ സാരം. പക്ഷേ ആ സത്യം പുറത്തു വരണമെങ്കില്‍ ബിഷപ്പ് ഫ്രാങ്കോ ബിഷപ്പ് പദവിയില്‍ ഇരിക്കുന്നിടത്തോളം കാലം ബുദ്ധിമുട്ട് തന്നെയാണ്. കേസിന്റെ കാര്യത്തില്‍ അദ്ദേഹം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട. ബിഷപ്പ് ഫ്രാങ്കോയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള തീരുമാനം പോലും ഉണ്ടായിരിക്കുന്നത്. പലതരത്തില്‍ ബിഷപ്പ് ഫ്രാങ്കോയുടെ ഇടപെടലുകള്‍ വ്യക്തമായതുമാണ്. ഫാ. പീറ്റര്‍ കാവുമ്പുറം ഇതിനു മുമ്പും പല പ്രസ്താവനകളുമായി ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി രംഗത്തുവന്നയാളുമാണ്. ഇപ്പോള്‍ ആഗ്നലോ പിതാവിനെ തള്ളിപ്പറഞ്ഞുകൊണ്ട് വീണ്ടും വരുന്നെങ്കില്‍ അതിനു പിന്നില്‍ കാണേണ്ടത് ബിഷപ്പ് ഫ്രാങ്കോ തനിക്ക് അനുകൂലമായി കാര്യങ്ങള്‍ നീക്കാന്‍ എന്തും ചെയ്യുമെന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് ബിഷപ്പ് പദവിയില്‍ നിന്നും ഫ്രാങ്കോയെ നീക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നതും. ആ പദവിയില്‍ ഇപ്പോഴും അദ്ദേഹം തുടരുന്നത് മാര്‍പ്പാപ്പ കാണിക്കുന്നൊരു ഔദാര്യത്തിന്റെ പുറത്താണ്. ആ ഔദാര്യം മാര്‍പാപ്പ ഇനിയും ബിഷപ്പ് ഫ്രാങ്കോയ്ക്ക് നല്‍കരുത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍