UPDATES

ട്രെന്‍ഡിങ്ങ്

സ്ഥലം മാറ്റിക്കോട്ടെ, ഞങ്ങള്‍ ഒരിടത്തേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ല: കന്യാസ്ത്രീകള്‍

കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിഷപ്‌ ഫ്രാങ്കോയ്ക്കെതിരെ പോരാടുന്നതിന്റെ പേരിലാണ് ഇവരെ സ്ഥലം മാറ്റിയത്

മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സഭയില്‍ നിന്നും പുറത്താക്കാന്‍ നടപടി. ഇവര്‍ അഞ്ചു കന്യാസ്ത്രീകളെയും കുറവിലങ്ങാട് മഠത്തില്‍ നിന്നും മറ്റിടങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഈ ട്രാന്‍സ്ഫര്‍ തങ്ങള്‍ അംഗീകരിക്കുകയില്ലെന്നും പീഢിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ തടയാന്‍ മഠത്തില്‍ തന്നെ തുടരുമെന്ന് ഇവര്‍ തീരുമാനം എടുത്തിരിക്കുന്നതോടെ അനുസരണവ്രത ലംഘനത്തിന്റെ പേര് പറഞ്ഞ് ഇവരെ പുറത്താക്കാനാണ് സാധ്യത. തങ്ങളെ സഭയില്‍ നിന്നു പുറത്താക്കിയാല്‍ പോലും ഇപ്പോള്‍ നടത്തുന്ന പോരാട്ടത്തില്‍ നിന്നും പിന്‍വാങ്ങുകയില്ലെന്നും ജീവന്‍ പോയാലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ഒരടി പിന്നോട്ടു പോകില്ലെന്നും അഴിമുഖത്തോട് സംസാരിച്ച കന്യാസ്ത്രീമാര്‍ ഉറപ്പിച്ചു പറയുന്നു.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നിന്ന് തെരുവില്‍ സമരം ചെയ്യാന്‍ വരെ തയ്യാറായ മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ സി. അനുപമ, സി. ജോസഫൈന്‍, സി. ആല്‍ഫി, സി. ആന്‍സിറ്റ എന്നിവര്‍ക്കാണ് ട്രാന്‍സ്ഫര്‍ ഓഡര്‍ വന്നിരിക്കുന്നത്. സി. ആല്‍ഫിയെ ബിഹാറിലെ പകര്‍ത്തലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. ജോസഫ് കോണ്‍വന്റിലേക്കും സി. ജോസഫൈനെ ജാര്‍ഖണ്ഡിലെ ലാല്‍മട്ടിയയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. തോമസ് കോണ്‍വന്റിലേക്കുമാണ് സ്ഥാലം മാറ്റിയിരിക്കുന്നത്. സി. ആല്‍ഫി പകര്‍ത്തല സെന്റ്. ജോസഫ് കോണ്‍വെന്റിലെ മദര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നയാളാണ്. അവിടെ നിന്നാണ് കുറവിലങ്ങാടേക്ക് വരുന്നത്. സി. ജോസഫൈനും ലാല്‍മട്ടിയ കോണ്‍വെന്റില്‍ നിന്നാണ് വന്നത്. ഇരുവരേയും വന്ന സ്ഥലങ്ങളിലേക്ക് തന്നെ തിരിച്ചുപോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജനുവരി മൂന്നാം തീയതിയാണ് ഇവര്‍ക്കുള്ള ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവരം പറയുന്ന കത്ത് ജലന്ധറില്‍ നിന്നും ജനറാള്‍ അയച്ചത്. ഏഴാം തീയതി കന്യാസ്ത്രീകള്‍ക്ക് ഈ കത്ത് കിട്ടി. ഇതു കഴിഞ്ഞാണ് പത്താം തീയതി സി.അനുപമയ്ക്കും സി. ആന്‍സിറ്റയ്ക്കും കത്ത് അയക്കുന്നത്. പതിനഞ്ചാം തീയതി ഈ കത്തുകള്‍ ഇരുവര്‍ക്കും കിട്ടി. സി. അനുപമയോട് അമൃത്സറിലെ ചിമിയാരിയിലുള്ള സെന്റ്. മേരീസ് കോണ്‍വന്റിലേക്കും സി. ആന്‍സിസ്റ്റയോട് കണ്ണൂര്‍ പരിയാരത്തുള്ള സെന്റ്. ക്ലയേഴ്‌സ് മിഷന്‍ ഹോമിലേക്കും പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നതും. ഇവരും അതാത് സ്ഥാലങ്ങളില്‍ നിന്നായിരുന്നു കുറവിലങ്ങാഠ് മഠത്തിലേക്ക് മാറ്റം കിട്ടി വന്നിരുന്നത്. ഇവരുടെ കൂട്ടത്തില്‍ ഉള്ള സി. നീന റോസിന് ട്രാന്‍സ്ഫര്‍ ഓഡര്‍ വന്നിട്ടില്ല.

തങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള തീരുമാനത്തിനു പിന്നില്‍ ഫ്രാങ്കോയുടെ പീഢനം ഏറ്റുവാങ്ങേണ്ടി വന്ന സിസ്റ്ററെ ഒറ്റപ്പെടുത്തി ശാരീരകമായും മാനസികമായും വൈകാരികമായും ഉപദ്രവിച്ച് പുറത്താക്കുകയാണെന്ന് കന്യാസ്ത്രീകള്‍ ആരോപിക്കുന്നു. ഫ്രാങ്കോയ്‌ക്കെതിരേയുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെ പ്രധാന ഉദ്ദേശമെന്നും കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് കേസിന്റെ ബലം എന്നു മനസിലാക്കിയാണ് തങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുന്നതിനു കാരണമെന്നും അവര്‍ പറയുന്നു. തങ്ങളെ ഓരോരിയടങ്ങളിലേക്കും മാറ്റിയാല്‍ പിന്നെ പീഡിപ്പിക്കപ്പെട്ട സിസ്റ്ററെ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ അഅവര്‍ക്കു കഴിയുമെന്നും കന്യാസ്ത്രീകള്‍ ആശങ്കപ്പെടുന്നു.

മാറ്റം കിട്ടിയിരിക്കുന്ന സ്ഥലങ്ങളിലേക്ക് എന്നു പോകണമെന്നു കൃത്യമായൊരു തീയതി ജനറാളിന്റെ കത്തില്‍ പറയുന്നില്ലെങ്കിലും എത്രയും പെട്ടെന്ന് തീരുമാനിക്കപ്പെട്ട സ്ഥലങ്ങളില്‍ പോയി ജോയ്ന്‍ ചെയ്യാന്‍ കന്യാസ്ത്രീകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വന്നിരിക്കുന്ന കത്തുകള്‍ ഒരു റിമൈന്‍ഡര് എന്ന നിലയിലാണ് കന്യാസ്ത്രീകള്‍ക്ക് വന്നിരിക്കുന്നത്.

അതേസമയം ട്രാന്‍സ്ഫര്‍ ഓഡര്‍ അനുസരിക്കില്ലെന്നാണ് സി. അനുപമ അഴിമുഖത്തോട് വ്യക്തമാക്കുന്നത്. തങ്ങള്‍ എന്തിനാണ് ഇവിടെ നിന്നും പോകുന്നതെന്ന ചോദ്യമാണ് സി. അനുപമ ഉയര്‍ത്തുന്നത്. എന്ത് നടപടി വേണമെങ്കിലും എടുത്താലും അത് കാര്യമാക്കുന്നില്ലെന്നും സിസ്റ്റര്‍ പറയുന്നു. തങ്ങള്‍ ആരെയും പേടിക്കുന്നില്ലെന്നും സി. അനുപമ ആശങ്കയ്ക്കിടമില്ലാതെ പറയുന്നു. ട്രാന്‍സ്ഫര്‍ ഉത്തരവ് ഞങ്ങള്‍ അനുസരിക്കില്ലെന്ന് അതയച്ചവര്‍ക്ക് കൃത്യമായി അറിയാം. അങ്ങനെ ഞങ്ങള്‍ അനുസരിക്കാതെ വരുമ്പോള്‍ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ഞങ്ങള്‍ക്കെതിരേ നടപടിയെടുക്കാം. വേണമെങ്കില്‍ സഭയില്‍ നിന്നും പുറത്താക്കാം. അങ്ങനെയൊരു നടപടിയാണ് എടുക്കാന്‍ പോകുന്നതെങ്കില്‍ എടുത്തോട്ടെ, ഏതറ്റംവരെ പോകുമെന്നു കാണാം. നീതിക്കുവേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത്. കര്‍ത്താവിന്റെ പാതവിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പാപം ചെയ്തവര്‍ സംരക്ഷി്ക്കപ്പെടുമ്പോഴാണ് പാപികള്‍ക്കെതിരേ പോരാടുന്ന ഞങ്ങളെ ക്രൂശിക്കാന്‍ ഒരുങ്ങുന്നത്; സി. അനുപമ പറയുന്നു.

തങ്ങള്‍ക്കെതിരേയുള്ള ട്രാന്‍സ്ഫര്‍ സ്വാഭാവിക നടപടിയായി കാണാന്‍ കഴിയില്ലെന്നും അത്തരം വാദങ്ങള്‍ക്ക് പ്രസക്തിയിലലെന്നും കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്നു. ഞങ്ങളെ ഒതുക്കാന്‍ എന്ന ലക്ഷ്യത്തോടെ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ചിരിക്കുന്ന നാലു കന്യാസ്ത്രീകളും ഓരോര സ്ഥലങ്ങളിലായി വേറെ പദവികള്‍ കൈയാളുന്നവരാണ്. അതേ പദവികളില്‍ തുടരാനും കുറവിലങ്ങാട് മഠത്തില്‍ നില്‍ക്കാനും അവര്‍ക്ക് കഴിയുന്നുണ്ട്. പക്ഷേ, ഞങ്ങളുടെ കാര്യത്തില്‍ മാത്രം വേറൊരു നീതിയാണ്. അതിന്റെ പേരില്‍ എന്തുവേണമെങ്കിലും അവര്‍ ചെയ്യട്ടേ, പക്ഷേ, തോറ്റുകൊടുക്കാനില്ല; സി. അനുപമ പറയുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍