UPDATES

കുറവിലങ്ങാട് മഠത്തില്‍ അപ്രതീക്ഷിത നേതൃമാറ്റം; ബിഷപ്പ് ഫ്രാങ്കോയുടെ ആളുകളെ കുത്തി നിറച്ച് പരാതിക്കാരായ കന്യാസ്ത്രീകളെ ഒതുക്കാന്‍ നീക്കം

പുതിയതായി എത്തിയിരിക്കുന്ന മൂന്നു കന്യാസ്ത്രീകളും നിലവിലുള്ള സി. അനീറ്റും ബിഷപ്പ് ഫ്രാങ്കോയുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയും ഇവര്‍ക്കൊപ്പമുള്ളവരും കേസില്‍ സാക്ഷികളായവരുമായ അഞ്ച് കന്യാസ്ത്രീകളും താമസിച്ചു പോരുന്ന മിഷണറീസ് ഓഫ് ജീസസ് സന്ന്യാസ സമൂഹത്തിന്റെ കുറവിലങ്ങാടുള്ള മഠത്തില്‍ അപ്രതീക്ഷിത നേതൃമാറ്റം. ഫ്രാങ്കോയ്‌ക്കെതിരെയുള്ള കേസില്‍ ഉറച്ചു നില്‍ക്കുന്ന പരാതിക്കാരിയുള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ നേതൃമാറ്റം മഠത്തിലെ അന്തേവാസികള്‍ക്ക് സൂചനകളൊന്നും നല്‍കാതെ പൊടുന്നനെയുള്ളതായിരുന്നു. നിലവില്‍ മഠത്തിലെ മദര്‍ ആയിരുന്ന സിസ്റ്റര്‍ സോഫിയെ മാറ്റി പകരം മൂന്നുപേരെ സുപ്രധാന അധികാരസ്ഥാനങ്ങളിലായി നിയമിച്ചിരിക്കുകയാണ്. സിസ്റ്റര്‍ സോഫി ബുധനാഴ്ച പഞ്ചാബിലേക്ക് പോയപ്പോള്‍ പകരമെത്തിയിരിക്കുന്നത് ബിയാസ് സെക്രട്ട് ഹേര്‍ട്ട് കോണ്‍വെന്റിലെ (അമൃത്സര്‍) മദര്‍ സുപ്പീരിയര്‍ സി. ജ്യോതിസ്, മിഷണറീസ് ഓഫ് ജീസസിലെ നോവിസ് മിസ്ട്രസ് ആയ സി. ലിസ്യൂ തെരേസ്, ആസ്പിരന്റ് മിസ്ട്രസും പഞ്ചാബ് സ്വദേശിയുമായ സി. അനിത എന്നിവരാണ്. ഇവര്‍ മൂന്നുപേരും ചൊവ്വാഴ്ച്ച കുറവിലങ്ങാട് മഠത്തില്‍ എത്തി. ഇവര്‍ ഔദ്യോഗികമായി ഇവിടെ സ്ഥാനങ്ങള്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നാണ് വിവരം.

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിനു പിന്നാലെ പരാതിക്കാരിക്കും കൂടെ നില്‍ക്കുന്നവര്‍ക്കുമെതിരേ പ്രതികാര നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമാണ് പുതിയ അധികാര മാറ്റങ്ങളും എന്നാണ് പറയപ്പെടുന്നത്. രണ്ട് മാസങ്ങള്‍ക്കു മുമ്പ് ജലന്ധറില്‍ നിന്നും പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍. അനീറ്റ്, സിസ്റ്റര്‍ സ്റ്റെല്ല എന്നിവരും കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നു. ഇവരില്‍ സി. സ്റ്റെല്ല ഡിസംബര്‍ അഞ്ചിന് തിരിച്ചു പോയെങ്കിലും അനീറ്റ് ഇപ്പോഴും മഠത്തിലുണ്ട്.

പുതിയതായി എത്തിയിരിക്കുന്ന മൂന്നു കന്യാസ്ത്രീകളും നിലവിലുള്ള സി. അനീറ്റും ബിഷപ്പ് ഫ്രാങ്കോയുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കന്യാസ്ത്രീ സമരം ശക്തമാവുകയും ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം പൊതുസമൂഹത്തില്‍ നിന്നു തന്നെ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹത്തെ കണ്ട് ഫ്രാങ്കോ നിരപരാധിയാണെന്നും കന്യാസ്ത്രീകളുടെ ഭാഗത്താണ് തെറ്റുകളെന്നും ചൂണ്ടിക്കാണിച്ച് ഫ്രാങ്കോയ്ക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയ സംഘത്തില്‍ ഉണ്ടായിരുന്നവരാണ് സി. അനീറ്റും സി. അനിതയും. ബിഷപ്പ് ഫ്രാങ്കോയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രികള്‍ കൂടുതല്‍ പേര്‍ കുറവിലങ്ങാട് മഠത്തില്‍ എത്തുന്നതിനു പിന്നില്‍ പരാതിക്കാരിയുടെയും കൂടെയുള്ളവരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കലും ഇവരെ മാനസിക സമ്മര്‍ദ്ദത്തിലാക്കി ഏതുവിധേനയും മഠത്തില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരമെന്നോണം പുറത്തുവിടുകയുമാണെന്നാണ് ഈ വിവരങ്ങള്‍ പങ്കുവച്ച മഠവുമായി ബന്ധപ്പെട്ട വ്യക്തികള്‍ ചൂണ്ടിക്കാണിക്കുന്നത്.

ബിയാസിലെ മദര്‍ സുപ്പീരിയര്‍ ആയി ചുമതലയേറ്റ് അധികമാകും മുന്നേയാണ് സി. ജ്യോതിസിനെ കുറവിലങ്ങാട്ടേക്ക് കൊണ്ടുവന്നിരിക്കുന്നത്. അതുപോലെ, ഏറെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നവരാണ് നോവിസ് മിസ്ട്രസും (ലിസ്യു തെരേസ്) ആസ്പിരന്റ് മിസ്ട്രിസും (അനിത). പുതിയതായി സഭയില്‍ ചേരുന്ന കന്യാസ്ത്രികള്‍ക്ക് നൊവിഷ്യേറ്റ് കാലയളവില്‍ പരിശീലനം നല്‍കലാണ് നോവിസ് മിസ്ട്രസിന്റെ ചുമതല, മഠത്തില്‍ എത്തുന്നവര്‍ക്ക് ആദ്യകാല പരിശീലനം നല്‍കലാണ് ആസ്പിരന്റ് മിസ്ട്രസിന്റെ ചുമതല. മഠവുമായും കന്യാസ്ത്രീകളുമായി ഏറെ അടുത്ത് ഇടപഴാകാനും ഇവരില്‍ സ്വാധീനം ചെലുത്താനും ഇരുവര്‍ക്കും സാധിക്കും. നിലവില്‍ കുറവിലങ്ങാട് മഠത്തില്‍ ഫ്രാങ്കോ അനുകൂലികളായവര്‍ എണ്ണത്തില്‍ തീരെ കുറവാണ്. ഉണ്ടായിരുന്നവരില്‍ ചില കന്യാസ്ത്രീകളാണ് സഭ വസ്ത്രം ഉപേക്ഷിച്ച് പോയത്. നിലവില്‍ ഉണ്ടായിരുന്ന സി. സോഫിയും ഫ്രാങ്കോ അനുകൂലിയായിരുന്നുവെങ്കിലും എന്തുകൊണ്ട് മാറ്റി എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നതാണെങ്കിലും സാധാരണ ജൂണ്‍ മാസങ്ങളിലാണ് അത് നടക്കുന്നത്. ആ രീതി മറികടന്ന് കുറവിലങ്ങാട് മഠത്തില്‍ മാത്രം ഇത്തരമൊരു മാറ്റം ഉണ്ടായതിലാണ് സംശയമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ബിഷപ്പ് പ്രതിയായ കേസ് തന്നെയാണ് അതിനു പിന്നിലെ കാരണമെന്നും ഇത്തരമൊരു നീക്കത്തിനു പിന്നിലെ ലക്ഷ്യം പരാതിക്കാരിയും കൂടെയുള്ളവരും ആണെന്നും പറയുന്നു.

ബിഷപ്പ് ഫ്രാങ്കോയ്ക്കോക്കെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയേയും സമരം ചെയ്തവരേയും മഠത്തില്‍ നിന്നു പുറത്താക്കാനും നീക്കം

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ നില്‍ക്കുന്ന കന്യാസ്ത്രീകള്‍ക്ക് പലവിധത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും ഇവരെ പുറത്താകുക അല്ലാതെ സ്വയം പുറത്തുപോകാന്‍ നിര്‍ബന്ധിതരാക്കുക എന്നതാണ് തന്ത്രമെന്നും ഈ കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ പറയുന്നുണ്ട്. പരാതിക്കാരിയും സാക്ഷികളും താമസിക്കുന്ന മഠത്തില്‍ സുരക്ഷ ശക്തമാക്കണമെന്നു പൊലീസ് നിര്‍ദേശിച്ചിട്ടും സാമ്പത്തിക പ്രയാസം പറഞ്ഞ് ഒഴിയുകയാണ് മഠം അധികാരികള്‍ ചെയ്തത്. സുരക്ഷ ആവശ്യമെങ്കില്‍ കന്യാസ്ത്രീകളെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാറ്റാനാണ് പൊലീസിനു മറുപടി നല്‍കിയത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ഈ ആറു കന്യാസ്ത്രീകളെയും അകപ്പെടുത്തി പുറത്തുപോകാന്‍ നിര്‍ബന്ധിതരാക്കുകയാണ് ലക്ഷ്യമെന്നും ആറുപേരെയും ഏതുവിധേനയും സഭയില്‍ നിന്നും പുറത്താക്കിയിരിക്കുമെന്നു വെല്ലുവിളി നടത്തുകയുമൊക്കെ ഉണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകളോട് ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ വിവരം തരുന്നു.

മഠത്തിനുള്ളില്‍ പോലും ഈ കന്യാസ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നുണ്ട്. ഇതിന്റെ രണ്ട് ഉദാഹരണങ്ങള്‍ പറയാനുണ്ട്. കേസുമായി ബന്ധപ്പെട്ട് തുറന്ന പോരാട്ടത്തിന് ഇറങ്ങിയതില്‍ പിന്നെ കന്യാസ്ത്രീകള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ നിന്നും രക്ഷ നേടാനാണ് മഠത്തിനുള്ളില്‍ ഒഴിഞ്ഞു കിടന്നിരുന്ന പന്നിക്കൂട് ശരിയാക്കിയെടുത്ത് അതില്‍ കോഴി വളര്‍ത്തല്‍ ആരംഭിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. പറഞ്ഞതനുസരിച്ച് കോഴികളും കുഞ്ഞുങ്ങളുമായി എത്തിയ വണ്ടിയുടെ ഡ്രൈവറെ തിരിച്ചു പോകാന്‍ നേരം സി. അനീറ്റ് തടഞ്ഞുവയ്ക്കുകയും മദര്‍ ഇല്ലാത്ത സമയത്ത് കോഴികളുമായി വരാന്‍ ആരാണ് പറഞ്ഞത് തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച് ഭയപ്പെടുത്താന്‍ നോക്കുകയും കോഴികളെയും കുഞ്ഞുങ്ങളെയും തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. മറ്റൊന്ന് പച്ചക്കറി കൃഷി തുടങ്ങാനുള്ള കന്യാസ്ത്രീകളുടെ നീക്കം തടയാന്‍ ശ്രമം ഉണ്ടായതാണ്. കൃഷിക്കായി മണ്ണ് കിളയ്ക്കാനും മറ്റും എത്തിയ ആളെ വൈകുന്നേരം തിരിച്ചു പോകും നേരം സി. അനീറ്റ് തടഞ്ഞു നിര്‍ത്തി നാളെ മുതല്‍ മഠത്തില്‍ വന്നാല്‍ പൊലീസിന് പിടിച്ചു കൊടുക്കുമെന്നും ഇനിയിവിടെ പണിക്കു വരരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇയാള്‍ പണിക്കു വരാത്തതുകൊണ്ട് വിളിച്ചു ചോദിച്ചപ്പോഴാണ് പേടിച്ചിട്ടാണെന്നും സിസ്റ്റര്‍ ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീകള്‍ അറിയുന്നത്.

കുറവിലങ്ങാട് മഠത്തില്‍ തങ്ങളുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നഷ്ടപെടുന്ന സാഹചര്യത്തിലേക്ക് പരാതിക്കാരിയേയും കൂടെയുള്ളവരേയും എത്തിക്കാനുള്ള നീക്കങ്ങളാണ് ഇതെല്ലാമെന്നും ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇപ്പോഴും ശക്തമായ സ്വാധീനം സഭയ്ക്കുള്ളില്‍ ഉണ്ടെന്നതിന്റെ തെളിവാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ നിന്നും പുരുഷന്മാര്‍ക്കായി ബിഷപ്പ് ഫ്രാങ്കോ തന്നെ സ്ഥാപിച്ചിട്ടുള്ള ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്രത്തിലേക്ക് ഫ്രാങ്കോ മാറിയെങ്കിലും ഇപ്പോള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയുള്ള നീക്കങ്ങള്‍ നടത്താനുള്ള അധികാരബലം അദ്ദേഹത്തിനുണ്ടെന്നാണ് കന്യാസ്ത്രീകളും പറയുന്നത്. തങ്ങള്‍ സമാധാനത്തോടെ ജീവിക്കരുതെന്ന ഉദ്ദേശത്തില്‍ സ്വന്തം ആള്‍ക്കാരെ കുറവിലങ്ങാട്ടേയ്ക്ക് അയച്ചിരിക്കുന്നത് അതിന്റെ തെളിവാണെന്നും കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

പലതും ഇനിയും പുറത്തുവരാനുണ്ട്, വട്ടോളി അച്ചന്‍ നിശബ്ദനാകേണ്ടത് അവരുടെ ആവശ്യമാണ് -കന്യാസ്ത്രീകള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍