UPDATES

നഴ്സ് സമരം തീര്‍ക്കാന്‍ വഴി കാണാതെ സര്‍ക്കാര്‍; ആശുപത്രികള്‍ അടച്ചിടാന്‍ മാനേജ്മെന്റ്; രോഗികള്‍ എന്തുചെയ്യും?

ആശുപത്രികള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് പറയുമ്പോഴും അക്കാര്യത്തില്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ രണ്ടു തട്ടിലാണ്

Avatar

നിയ മറിയം

രണ്ട് ദിവസമായി ആശുപത്രിയിലാണ്, മഞ്ഞപ്പിത്തം ബാധിച്ചാണ് എത്തിയത്… പനിയും ഛര്‍ദ്ദിയുമൊക്കെയുണ്ട്. എന്നത്തേക്ക് ആശുപത്രി വിടാനാകുമെന്ന് അറിയില്ല. ഇതിനിടയിലാണ് തിങ്കളാഴ്ച മുതല്‍ ആശുപത്രി അടിച്ചിടുമെന്നറിയുന്നത്. നഴ്‌സുമാരും അന്ന് മുതല്‍ സമരം ശക്തമാക്കുകയാണ്. ഡോക്ടറും നഴ്‌സുമൊന്നുമില്ലാതെ ഞങ്ങള്‍ രോഗികളെന്ത്‌ ചെയ്യും? എറണാകുളം നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ കിടപ്പുരോഗിയുടെ സങ്കടങ്ങളാണിത്.

മഴക്കാലം തുടങ്ങിയതു മുതല്‍ പനിയും ചുമയും മഞ്ഞപ്പിത്തവുമൊക്കെയായി ദിവസേന ആയിരങ്ങളാണ് ആശുപത്രിയിലേക്കെത്തുന്നത്. ഇവരില്‍ പലരെയും അഡ്മിറ്റ് ചെയ്യുന്നുമുണ്ട്. അതുമാത്രമല്ലല്ലോ… സര്‍ജറി തീരുമാനിച്ച് കിടക്കുന്നവരും സീരിയസ് നിലയിലുള്ളവരുമൊക്കെ ഇവിടെയില്ലേ. എന്തെങ്കിലും അപകടം സംഭവിച്ച് വരുന്നവര്‍ക്ക് മുന്നില്‍ ആശുപത്രി അടച്ചിടുമോ? ആശുപത്രി മുറിയിലെ കിടപ്പുരോഗികളുടെ ശബ്ദത്തില്‍ രോഷം നിറയുകയാണ്. ഞങ്ങള്‍ സാധാരണക്കാര്‍ എന്താ ചെയ്യേണ്ടത്…. അവര്‍ ചോദിക്കുന്നു.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുടെ സമരത്തെ പ്രതിരോധിക്കാന്‍ തിങ്കളാഴ്ച്ച മുതല്‍ തങ്ങളുടെ ആശുപത്രികള്‍ അടച്ചിടുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇതിനിടയില്‍ വലയുന്നത് സാധാരണക്കാരായ മനുഷ്യരാണ്. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതിനിടയില്‍ 2013-ല്‍ ശമ്പളപരിഷ്‌ക്കരണമുണ്ടായി. പിന്നീട് 2016-ല്‍ ശമ്പളം പുതുക്കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 2017-ലെത്തിയിട്ടും ഇതുവരെ മാറ്റമൊന്നുമുണ്ടാകാതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേക്കെത്തുന്നത്.

തൃശൂരിലും കണ്ണൂരിലുമൊക്കെ സമരം 16 ദിവസം പിന്നിട്ടു. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ അഞ്ചു ആശുപത്രികളിലായിരുന്നു സമരം. പിന്നീട് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഐഎന്‍എയുടെ നേതൃത്വത്തിലാണിവിടെ സമരം. തൃശൂരിലും നഴ്‌സുമാരുടെ സമരം 16 ദിവസം പിന്നിട്ടു. മറ്റു ജില്ലകളിലും നഴ്‌സുമാരുടെ സമരം തുടരുകയാണ്. ഇതിനിടയിലാണ് ആശുപത്രി മാനേജ്‌മെന്റ് നേഴ്‌സുമാരുടെ സമരത്തെ പ്രതിരോധിക്കാന്‍ കര്‍ശന നിലപാടുമായി സമരരംഗത്തേക്കെത്തുന്നത്. തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. അടിയന്തരഘട്ടങ്ങളില്‍ മാത്രമായിരിക്കും ഇവയുടെ പ്രവര്‍ത്തനം.

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. ഇതിനിടയില്‍ ഹൈക്കോടതിയും നഴ്‌സുമാരുടെ സമരത്തില്‍ ഇടപ്പെട്ടിരിക്കുകയാണ്. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് എതിരെ എസ്മ പ്രയോഗിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത് സമരക്കാര്‍ മനുഷ്യജീവന് വില നല്‍കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അവശ്യ സേവനങ്ങള്‍ക്ക് ഹാജരായില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്താക്കാമെന്ന എസെന്‍ഷ്യല്‍ സര്‍വ്വീസ് മെയിന്റനന്‍സ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ നേതൃത്വത്തിലടക്കം ചര്‍ച്ചകള്‍ നടത്തിയെങ്കിലും നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ട്രെയിനികളുടെ ജോലിസമയവും ശമ്പളവും നിശ്ചയിച്ചില്ലെന്നും നഴ്‌സുമാര്‍ പറയുന്നു. ശരാശരി ശമ്പളം 20,806 രൂപയാക്കിയതായും സര്‍ക്കാരിന് ചെയ്യാവുന്ന പരമാവധിയാണ് ചെയ്തിരിക്കുന്നതെന്നും സമരത്തില്‍നിന്ന് നഴ്സുമാര്‍ പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശമ്പളക്കാര്യത്തില്‍ കണക്കിലെ കളികളാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നതെന്നും ചെറിയൊരു വര്‍ധനവ് മാത്രമേയുണ്ടായുള്ളുവെന്നുമാണ് നഴ്‌സുമാര്‍ പറയുന്നത്.

അതേസമയം തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് പറയുമ്പോഴും അക്കാര്യത്തില്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ രണ്ടു തട്ടിലാണ്. ഏതു പ്രതിസന്ധിയിലും ആശുപത്രികള്‍ അടച്ചിടില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (സിപിഎച്ച്എ) വ്യക്തമാക്കിയിട്ടുണ്ട്.  ചില ആശുപത്രി മാനേജ്‌മെന്റുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തിനോട് അസോസിയേഷന് യോജിപ്പില്ല. സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും ഉള്‍പ്പെടുന്ന ആറു സംഘടനകളുടെ ഏകോപന വേദിയാണ് സിപിഎച്ച്എ.

Avatar

നിയ മറിയം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍