UPDATES

ട്രെന്‍ഡിങ്ങ്

ക്യാമറകളില്‍ പതിയാത്ത നഴ്‌സുമാരുടെ സമരവും മാനേജ്മെന്റുകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരും

മാനേജ്‌മെന്ററുകളോട് സര്‍ക്കാര്‍ കാണിക്കുന്ന അനുഭാവ നിലപാട് നമ്മുടെ ആരോഗ്യപരിപാലന രംഗത്ത് ഇടതു സര്‍ക്കാരും വലിയ പരാജയം തന്നെയാണെന്ന സത്യം തന്നെയാണ് വിളിച്ചോതുന്നത്.

കെ എ ആന്റണി

കെ എ ആന്റണി

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിനിടയില്‍ ജന്തര്‍ മന്തറിലെ ജനകീയ സമരങ്ങള്‍ എങ്ങിനെ അപ്രസക്തമായിപ്പോയി എന്ന് അരുന്ധതി റോയ് തന്റെ ‘ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്‌റ് ഹാപ്പിനെസ്’ എന്ന നോവലില്‍ വരച്ചുകാട്ടുന്നുണ്ട്. കര്‍ഷക സമരങ്ങള്‍, കാശ്മീര്‍ താഴ്‌വരയില്‍ നിന്നും കാണാതായ ചെറുപ്പക്കാരുടെ അമ്മമാരും ഭാര്യമാരും സഹോദരിമാരുമൊക്കെ നടത്തി വന്നിരുന്ന സമരങ്ങള്‍ തുടങ്ങി സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന ഒട്ടേറെ സമരങ്ങള്‍ ചാനല്‍ കാമറകള്‍ ഹസാരെ ഷോയിലേക്കു മാത്രം തിരിച്ചു വയ്ക്കപ്പെട്ടപ്പോള്‍ എത്രകണ്ട് അവഗണിക്കപ്പെട്ടുവെന്നും അരുന്ധതി സര്‍ക്കാസം നിറഞ്ഞുനില്‍ക്കുന്ന വാക്കുകളിലൂടെ വ്യക്തമാകുന്നുണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലെ പല ആശുപത്രികള്‍ക്ക് മുന്‍പില്‍ നമ്മുടെ നഴ്സുമാര്‍ നടത്തിവരുന്ന അവകാശസമരങ്ങള്‍ നടിയെ ആക്രമിച്ച സംഭവവും ദിലീപിന്റെയും നാദിര്‍ഷായുടെയും ഒക്കെ ചോദ്യം ചെയ്യലും ‘അമ്മ’യുടെ യോഗവിശേഷങ്ങളും മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്നും റെവന്യൂ മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിട്ടുനിന്ന സംഭവവും ഒക്കെ ചേര്‍ന്ന് എങ്ങനെ മുക്കിക്കളഞ്ഞു എന്നാലോചിപ്പോള്‍ അരുന്ധതി വിവരിക്കുന്ന ഹസാരെ സമരം പെട്ടെന്ന് ഓര്‍മ്മ വന്നതിനാല്‍ അത് കുറിച്ചുവെന്നേയുള്ളു. പറഞ്ഞുവരുന്നത് മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ ഒട്ടും അപ്രസക്തമാണെന്നോ അവക്ക് വാര്‍ത്താ പ്രാധാന്യം ഇല്ലെന്നോ അല്ല. ഇത്തരം വാര്‍ത്തകളുടെ മലവെള്ളപ്പാച്ചിലില്‍ പാവം നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളി ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് മാത്രമാണ്.

നഴ്സുമാരുടെ പ്രതിമാസ ശമ്പളം ഇരുപതിനായിരം രൂപയാക്കി വര്‍ധിപ്പിക്കണം എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുമ്പോഴും വെറും എണ്ണായിരമോ അതിലും താഴെയോ മാത്രം നല്‍കുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുടെ നടപടിക്കെതിരെയാണ് നേഴ്സുമാര്‍ സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി ഏതാണ്ട് എണ്‍പത്തിനായിരത്തിലേറെ ക്വാളിഫൈഡ് നഴ്സുമാര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. തങ്ങളുടെ ന്യായമായ ആവശ്യം അംഗീകരിക്കാത്ത പക്ഷം ജൂലൈ 11 മുതല്‍ മുഴുവന്‍ നഴ്സുമാരും സമര രംഗത്ത് ഇറങ്ങുമെന്ന ഭീഷണി സമരത്തിന് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഇന്ത്യന്‍ നേഴ്സസ് അസോസിയേഷനും മുഴക്കിയിട്ടുണ്ടെങ്കിലും മാനേജ്‌മെന്റ് അനങ്ങാപ്പാറ നയം തന്നെയാണ് തുടരുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും പനിമരണങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യുന്ന ഈ വേളയിലും നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഡോക്ടര്‍മാര്‍ ഉണ്ടായ കാലം മുതല്‍ക്ക് തന്നെ നഴ്സുമാരും ഉണ്ടായിരുന്നുവെന്നത് ആതുര സേവന രംഗത്ത് അവരുടെ സാന്നിധ്യം എത്രമാത്രം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും വേതനത്തിന്റെ കാര്യത്തില്‍ വെള്ളരിപ്രാവുകള്‍ എന്നും മാലാഖമാര്‍ എന്നുമൊക്കെ സമൂഹം ഓമനപ്പേരിട്ട് വിളിക്കുന്ന ഈ വിഭാഗത്തോട് ആശുപത്രി അധികൃതര്‍ കാണിക്കുന്ന സമീപനം വെച്ച് പൊറുപ്പിക്കാന്‍ ആവുന്നതല്ല. രോഗികളെ നിര്‍ദാക്ഷിണ്യം പിഴിയുന്ന സ്വകാര്യ ആശുപത്രികള്‍ കടക്കെണിയില്‍ ആയതുകൊണ്ടൊന്നുമല്ല നഴ്സുമാരുടെ ശമ്പള കാര്യത്തില്‍ ഈ പിശുക്ക് എന്നുകൂടി ആലോചിക്കണം. നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുക്കുകയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അവരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന മാനേജ്‌മെന്ററുകളോട് സര്‍ക്കാര്‍ കാണിക്കുന്ന അനുഭാവ നിലപാട് നമ്മുടെ ആരോഗ്യപരിപാലന രംഗത്ത് ഇടതു സര്‍ക്കാരും വലിയ പരാജയം തന്നെയാണെന്ന സത്യം തന്നെയാണ് വിളിച്ചോതുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍