UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവിതം വഴിമുട്ടിയെന്ന് നഴ്‌സുമാര്‍, പൊളിയെന്ന് ഉമ്മന്‍ചാണ്ടിയുടെ ഓഫീസ്‌

Avatar

‘യെമനിലെ യുദ്ധത്തിന്റെ ഇടയ്ക്ക് ഗ്രനേഡുകളും വെടിയുണ്ടകളും ഉണര്‍ത്തിയ മരണഭയം കൊണ്ട് അവിടെനിന്നും ഓടി രക്ഷപ്പെടാന്‍ തോന്നുമ്പോഴൊക്കെ ബാങ്കില്‍ അടയ്ക്കാനുള്ള വായ്പാ തുകയുടെ കനം ഓര്‍മ്മ വരുമായിരുന്നു. ജോലിയുടെ കാര്യം ശരിയാക്കാമെന്നും വായ്പയുടെ കാര്യത്തില്‍ ബാങ്കുകളോട് സംസാരിച്ച് അവധിക്കു ശ്രമിക്കാം എന്നും സര്‍ക്കാരിന്റെ ഉറപ്പു കിട്ടിയപ്പോള്‍ ഒരുപാടു പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. നാട്ടില്‍ വീട്ടുകാരോടൊപ്പം കഴിയാം, ബാധ്യതകള്‍ തീര്‍ക്കാം എന്നൊക്കെ കണക്കു കൂട്ടിയാണ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. വന്നിറങ്ങിയപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു സ്വീകരിക്കാന്‍, അത് കൂടി കണ്ടപ്പോള്‍ ജീവിക്കാന്‍ പറ്റും എന്നൊരു ധൈര്യം വന്നു. മുഖ്യമന്ത്രി പറഞ്ഞ വാക്കുകളും അതിനു കരുത്തേകി. പക്ഷേ മാസങ്ങള്‍ക്ക് ശേഷം എങ്ങുമെത്താതെ നില്‍ക്കുമ്പോള്‍ യുദ്ധത്തിന്റെ നടുവില്‍ പെടുന്നതായിരുന്നു ഇതിലും ഭേദം എന്നു തോന്നിപ്പോകുന്നു.’ കേരളാ സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു യെമനില്‍ നിന്നും നാട്ടിലെത്തിയ നഴ്‌സായ ജെറിന്‍ പറയുന്നു.

1500-ല്‍ അധികം മലയാളി നഴ്‌സ്മാരാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നും ഇറാഖില്‍ നിന്നും കുവൈറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായും കേരളത്തില്‍ തിരികെയെത്തിയത്. യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിക്കാനായി തലയ്ക്കുമീതെ പറന്നപ്പോഴും തൊട്ടടുത്ത തെരുവുകളില്‍ വരെ ഏറ്റുമുട്ടല്‍ നടന്നപ്പോഴും ഇനിയും ആ രാജ്യങ്ങളില്‍ തുടര്‍ന്നാല്‍ ജീവന്‍ തന്നെ നഷ്ടമാകും എന്നറിഞ്ഞിട്ടും നാട്ടിലേക്ക് തിരികെ വരില്ല എന്ന് നിര്‍ബന്ധം പിടിച്ചവര്‍ അതിലുണ്ടായിരുന്നു. വീട്ടുകാരുടെ ആശങ്കകള്‍ അകറ്റാനും ഭരണനേതൃത്വങ്ങളുടെ വാഗ്ദാനങ്ങളില്‍ മയങ്ങിയും പലര്‍ക്കും ആ തീരുമാനങ്ങള്‍ മാറ്റേണ്ടി വന്നു. പക്ഷേ വരില്ല എന്നുറച്ചു നിന്നവരുടെ തീരുമാനമാണ് ശരി എന്ന് കാലം തെളിയിക്കുന്നു.

നാട്ടിലെത്തിയ നഴ്‌സുമാരോട് ”എല്ലാവര്‍ക്കും ജോലി തരാന്‍ പറ്റില്ല, കുറച്ചു പേര്‍ക്കെങ്കിലും ജോലിക്കായി ശ്രമിക്കാം, വായ്പ ഉള്ളവര്‍ക്ക് അതിന്റെ തിരിച്ചടവ് കാലാവധി നീട്ടാന്‍ മാര്‍ഗ്ഗമുണ്ടാക്കാം’, എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. ഇതേ വാഗ്ദാനം അദ്ദേഹം എല്ലാവരോടും ആവര്‍ത്തിച്ചു. മാസങ്ങള്‍ക്ക് ശേഷം നഴ്‌സുമാരുടെ പ്രതിനിധികള്‍ വീട്ടില്‍ പോയി കണ്ടപ്പോഴും അദ്ദേഹം അവരെ ആശ്വസിപ്പിച്ചു ‘എല്ലാം ശരിയാക്കാം’.

പക്ഷേ, ഇന്ന് ഈ നഴ്‌സുമാരുടെ അവസ്ഥ യെമനില്‍ അഭിമുഖീകരിച്ചതിലും ദയനീയമാണ്. അന്ന് അവര്‍ക്ക് അവിടെ ആക്രമണം നടത്തിയിരുന്ന ഹൂതികളെ മാത്രം പേടിച്ചാല്‍ മതിയായിരുന്നു. തോക്കും ബോംബുകളും കൊണ്ടു നടക്കുമായിരുന്നെങ്കിലും ഹൂതികള്‍ മാന്യമായാണ് അവരോടു പെരുമാറിയത്. പക്ഷേ നാട്ടില്‍ അവര്‍ക്ക് ഇപ്പോള്‍ നേരിടേണ്ടി വരുന്നത് ജപ്തിനോട്ടീസുകളും അവഗണനയും പട്ടിണിയും പരിവട്ടവുമാണ്. യുദ്ധഭൂമിയില്‍ നിന്നും ജീവനും കൊണ്ട് പലായനം നാട്ടിലെത്തിയ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്.

ആതുരസേവനത്തിനിടയിലെ ദുരിത ജീവിതം

യുദ്ധ ഭൂമിയിലേക്ക് പോയത് കാറും പുതിയ വീടും മോഹിച്ചല്ല. വിദ്യാഭ്യാസ വായ്പകള്‍, മറ്റു സാമ്പത്തിക ബാധ്യതകള്‍ എന്നിവ കാരണം പൊറുതിമുട്ടി നില്‍ക്കക്കള്ളി ഇല്ലാതെയാകുമ്പോഴാണ് അവര്‍ നാടും വീടും വിട്ട് ദൂരേയ്ക്ക് പോകുന്നത്. അതും, ആസ്തികള്‍ പലതും കൊള്ളപ്പലിശയ്ക്കും ബാങ്കുകളിലും കടപ്പെടുത്തിയും സ്വര്‍ണ്ണം പണയം വയ്ച്ചുമൊക്കെയാണ് അവര്‍ അക്കരപച്ച തേടി പോയത്.

‘ഞാനും എന്റെ സഹോദരിയും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. അവിടെ ജോലി ചെയ്യുന്ന സമയത്ത് ബാധ്യതകള്‍ എങ്ങനെയെങ്കിലും തീര്‍ക്കാം എന്നൊരു ഉറപ്പുണ്ടായിരുന്നു. ഇന്ന് പക്ഷേ അവസ്ഥ അതല്ല. വരുമാനമില്ല, ജോലി കിട്ടുമോ എന്ന് തന്നെ അറിയില്ല. ഇവിടെ സഹായിക്കാന്‍ ആരുമില്ല എന്ന് മനസ്സിലായി. അവിടെയായിരുന്നപ്പോള്‍ സര്‍ക്കാരിനു എന്‍ആര്‍ഐകളെ വിലയുണ്ടായിരുന്നു. നാട്ടില്‍ വന്നപ്പോ വെറും വാഗ്ദാനങ്ങള്‍ മാത്രം. എല്ലാവരെയും പോലെ തിരിച്ചു വരാതെ അവിടെത്തന്നെ നിന്നിരുന്നെങ്കില്‍ എന്നാലോചിച്ചു പോവുകയാണ് ഇപ്പോള്‍.’ യെമനിലെ അല്‍ നസീബ് ആശുപത്രിയില്‍ ഹെഡ് നഴ്‌സ് ആയിരുന്ന സിജി പറയുന്നു. ഇതു തന്നെയാണ് കുവൈറ്റില്‍ നിന്നു വന്ന അനീഷിന്റേയും ഷീബയുടെയും മറ്റു പലരുടെയും ഒക്കെ അവസ്ഥ.

കേരളത്തിലെ ആശുപത്രികളില്‍ പത്തു വര്‍ഷം അധ്വാനിച്ചാലും ഇവര്‍ക്ക് തുച്ഛമായ വരുമാനമാകും കിട്ടുക. പക്ഷേ കടല്‍ കടക്കുമ്പോള്‍ അനുഭവ സമ്പത്തിനനുസരിച്ചും പ്രാഗത്ഭ്യത്തിനനുസരിച്ചും വരുമാനം ലഭിക്കുന്നു. എന്നാല്‍ എന്‍ആര്‍ഐ ഫെസ്റ്റ് നടത്തി പ്രവാസികളോടുള്ള കപട സ്‌നേഹം പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി വാങ്ങാന്‍ മാത്രം ശ്രമിക്കുന്ന സര്‍ക്കാരിനും ഇവരോട് കടപ്പാടില്ല എന്ന് ഈ അവഗണനയില്‍ നിന്നു വ്യക്തമാണ്.

ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ മിനി പല പ്രാവശ്യം മുഖ്യമന്ത്രിയടക്കമുള്ള അധികൃതരെ കണ്ടിരുന്നു. ‘യുഎഇയിലേക്ക് വന്ന 150 ഒഴിവുകളിലേക്ക് ഒരു പരീക്ഷ നടത്തുക മാത്രമാണ് ചെയ്തത്. അതില്‍ പങ്കെടുത്തത് 5000-ലധികം ആള്‍ക്കാരും. നല്ലൊരു ഭാഗവും പുതുതായി പഠിച്ചിറങ്ങിയവരും. ആകെ പതിനേഴോ മറ്റോ പേരാണ് അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. യെമനില്‍ നിന്നും മാത്രം വന്നവരുടെ എണ്ണം 1500-നു മുകളിലാണ്, ഇപ്പോള്‍ കുവൈറ്റില്‍ നിന്നും 450-നു മേലേയും മടങ്ങിയെത്തി. അപ്പൊ എത്രപേര്‍ക്ക് ജോലി ലഭിക്കും, അവര്‍ ചോദിക്കുന്നു. 

പോസിറ്റിവ് ആയ പ്രതികരണമാണ് ആദ്യമുണ്ടായിരുന്നതെന്ന് അവര്‍ ഓര്‍മ്മിക്കുന്നു. ജോലി ശരിയാക്കാം, സാമ്പത്തികമായി സഹായം ഉണ്ടാവും, ബാങ്കുകളുമായി സംസാരിച്ച് വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ സാവകാശമുണ്ടാക്കാം, സ്വയംതൊഴിലിനുള്ള സഹായം ചെയ്യാം എന്നൊക്കെ പറഞ്ഞിരുന്നു. ഒന്നും ഇതുവരെ നടന്നിട്ടില്ല. അടുത്തിടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട്, അതും അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു. നമ്മുടെ പ്രശ്‌നങ്ങള്‍ ഒക്കെ അദ്ദേഹം ഇങ്ങട്ട് പറഞ്ഞു തന്നു. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണനയിലുണ്ട്, വെയിറ്റ് ചെയ്യൂ. നിങ്ങള്‍ വളരെ കഷ്ടത്തിലാണ് എന്ന് സര്‍ക്കാറിനറിയാം എന്നൊക്കെ പറഞ്ഞു. ഇങ്ങനെ ഒരു മറുപടി കേള്‍ക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കും ഇപ്പോ നടക്കുമെന്ന്. ഇങ്ങനെ പല പ്രാവശ്യം ഒരേ മറുപടി കേട്ടപ്പോള്‍ മനസ്സിലായി കാര്യം നടക്കില്ല എന്ന്. പക്ഷേ പെണ്‍കുട്ടികളല്ലേ കൂടുതലും, പ്രതിഷേധിച്ചാല്‍ ഉള്ളതും കൂടെ നഷ്ടമായാലോ എന്ന് കരുതി പലരും മിണ്ടാറില്ല, മിനി പറയുന്നു.

ഇവരുടെ സംഘടന സര്‍ക്കാരിനെ നിരന്തരം സമീപിക്കുന്നുണ്ട് പക്ഷേ തീരുമാനങ്ങള്‍ ഒന്നും ഇതുവരെ ആയിട്ടില്ല. കൊട്ടിഘോഷിച്ച് ഇവരെ നാട്ടിലെത്തിച്ച പലരും ഇപ്പോള്‍ മൗനം പാലിക്കുകയാണ്. ഇവരുടെ അവസ്ഥ എന്താകും എന്ന് ആരും ആലോചിക്കുന്നില്ല.

പരിഹാരമില്ലാത്ത ഒന്നല്ല ഇത്. കേരളത്തില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുമ്പോള്‍ ഇവര്‍ക്ക് മുന്‍ഗണന നല്കിയാല്‍ തീരാവുന്നതേ ഉള്ളൂ ഈ പ്രശ്‌നങ്ങളെന്ന് മിനി പറയുന്നു. കൂടാതെ മറ്റു രാജ്യങ്ങളില്‍ ഉള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നിങ്ങനെയുള്ള നടപടികള്‍ കൃത്യമായി നടപ്പിലാക്കുകയും ചെയ്താല്‍ മതിയാകുമെന്ന് അഭിപ്രായപ്പെടുന്ന മിനി പക്ഷേ അതും നടക്കുന്നില്ലെന്ന് കൂട്ടിച്ചേര്‍ക്കുന്നു.

വിദേശരാജ്യങ്ങളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അത് കാര്യക്ഷമമായി നടത്താനും സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക-റൂട്ട്‌സും ഒഡിഇപിസിയും (Overseas Development and Employment Promotion Consultants) നിലവിലുണ്ട്. ഇതിലൂടെ മാത്രമേ നിയമനം നടത്താവൂ എന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവും നിലവിലുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ നടക്കുന്ന നിയമനങ്ങള്‍ക്ക് തടയിടാനും സ്വകാര്യറിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അഴിമതി നടത്താന്‍ വഴിതെളിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്ങനെയാവുമ്പോള്‍ കുവൈറ്റ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ഉതുപ്പ് വര്‍ഗ്ഗീസിനെപ്പോലെയുള്ളവരെ വളര്‍ത്തും.

ഇപ്പോള്‍ കേരളത്തിലേക്കെത്തിയ നഴ്‌സ്മാര്‍ എല്ലാവരും ഒന്നുകില്‍ യുദ്ധം കാരണമോ അല്ലെങ്കില്‍ തട്ടിപ്പിനിരയായോ ആണ് തിരിച്ചെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ അവരെയൊക്കെ ഇപ്പോഴും തിരിച്ചെടുക്കാനും ഇവരെ റിക്രൂട്ട് ചെയ്ത കമ്പനികളും ജോലി ചെയ്തിരുന്ന ആശുപത്രികളും തയ്യാറാണ്. അതാത് രാജ്യങ്ങളിലെ മന്ത്രാലയങ്ങളും അവരുടെ താല്‍പ്പര്യമറിയിച്ചിട്ടുണ്ടായിരുന്നു. സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും അതിനായി സമീപിക്കുകയാണെങ്കില്‍ അനുകൂലനടപടികള്‍ സീകരിക്കാമെന്ന് അവര്‍ അറിയിച്ചിരുന്നു. ഒരു സഹായവും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. മാത്രമല്ല സര്‍ക്കാര്‍ ഏജന്‍സികളില്‍ കൂടി റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല. അത് പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമവും നടക്കുന്നുണ്ട്. പോരാതെയാണ് ഇപ്പോള്‍ ജിഎന്‍എം നഴ്‌സുമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്ന തീരുമാനം ഉണ്ടായത്. പക്ഷേ പലയിടങ്ങളിലും ജിഎന്‍എം പഠിപ്പിക്കുന്ന കോളേജുകള്‍ അതും സര്‍ക്കാര്‍ കോളേജുകള്‍ സഹിതം വീണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് ആശ കൊടുക്കുകയാണ്. അപ്പൊ എന്താണ് അതിന്റെ അര്‍ത്ഥം. ഇപ്പോള്‍ ആ കോഴ്‌സുകള്‍ ചെയ്യുന്ന കുട്ടികളെ ചതിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യുന്നത്.’ ഇവര്‍ പറയുന്നതു പോലെ ഇറാഖില്‍ നിന്നും യെമനില്‍ നിന്നും അടുത്തിടെ കുവൈറ്റില്‍ നിന്നും വന്ന പലരും ഇന്നും കാത്തിരിക്കുകയാണ്. പക്ഷേ കാത്തിരിപ്പിന് അന്ത്യമില്ലേ എന്നാണ് ചോദ്യം.

നഴ്‌സുമാരുടെ വാദങ്ങള്‍ നിരസിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

സംഘടനകള്‍ പറയുന്നത് പൊളിയാണെന്നാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ശിവദാസന്‍ പറയുന്നത്. മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല എന്ന വാദത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഭൂരിഭാഗം പേര്‍ക്കും ജോലി ശരിയായിട്ടുണ്ട്. സംഘടനകള്‍ക്ക് എന്തുവേണമെങ്കിലും പറയാമല്ലോ എന്നാണ്. അന്ന് യെമനില്‍ നിന്നും മറ്റു രാജ്യങ്ങളിലെ യുദ്ധമുഖങ്ങളില്‍ നിന്നും എല്ലാവരെയും രക്ഷിച്ചു കൊണ്ടുവന്നപ്പോഴും അവര്‍ ഒന്നും ഇതേ ആരോപണം തന്നെയാണ് ഉയര്‍ത്തിയത്. എല്ലാവര്‍ക്കും ഒരേ സമയം ജോലി കൊടുക്കാന്‍ സാധ്യമല്ലല്ലോ. ദുബായില്‍ കുറച്ചു പേര്‍ക്ക് ജോലി ശരിയായിട്ടുണ്ട്. നോര്‍ക്കയില്‍ അന്വേഷിച്ചാല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്, ശിവദാസന്‍ കൈയൊഴിഞ്ഞു.

വിവരങ്ങള്‍ക്കായി നോര്‍ക്കയെ സമീപിച്ചപ്പോള്‍ പരിശോധിക്കേണ്ടി വരും കാത്തുനില്‍ക്കേണ്ട, വിളിച്ചിട്ട് വന്നാല്‍ മതി എന്നായിരുന്നു പ്രതികരണം. 

കോട്ടയം സ്വദേശികളായ നിതയും മറ്റു രണ്ടു സുഹൃത്തുകളും യെമനിലെ അല്‍ ജിമൂറി ഹോസ്പിറ്റലിലെ ജീവനക്കാരായിരുന്നു. നാട്ടിലെത്തിയ ഇവര്‍ വാഗ്ദാനങ്ങള്‍ നിറവേറും എന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. ഒന്നും നടപ്പിലാവില്ല എന്ന് മനസ്സിലായപ്പോള്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍ ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിച്ചു. ഇവരെ പോലെ മറ്റു നഴ്‌സുമാര്‍ക്കും ജോലി സ്വകാര്യ ആശുപത്രികളില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിദേശത്ത് ലഭിച്ചിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. അതുപയോഗിച്ച് വായ്പ അടവും ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതും ഒക്കെ വളരെ പാടാണ്.

നിര്‍ത്തിക്കൂടെ ഈ പബ്‌ളിസിറ്റി സ്റ്റണ്ട്

തങ്ങളാണ് യുദ്ധഭൂമിയില്‍ നിന്നും നഴ്‌സുമാരെ നാട്ടില്‍ തിരിച്ചെത്തിച്ചത് എന്ന് പലരും വീരവാദം മുഴക്കുന്നുണ്ടായിരുന്നു. യെമനിലെ യുദ്ധഭൂമിയില്‍ നിന്നും മാലാഖമാരെ മാതൃഭൂമിയിലെത്തിച്ച നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ എന്നെഴുതിയ പോസ്റ്റുകള്‍ ഒരു സമയത്ത് സോഷ്യല്‍ മിഡിയില്‍ നിറഞ്ഞിരുന്നു.

അതിനു ശേഷം ഇപ്പറഞ്ഞ നേതാക്കളെ ആരെയും കാണ്മാനില്ല. കുവൈറ്റില്‍ തട്ടിപ്പിനിരയായി നാട്ടിലെത്തിയവരെയും യുദ്ധഭൂമിയില്‍ നിന്ന് എത്തിയവരെയും കാണാനോ അവരുടെ അവസ്ഥ അറിയാനോ സഹായിക്കാനോ രക്ഷകന്മാര്‍ എന്നറിയപ്പെടുന്ന വിഭാഗം എത്തിയില്ല. രാഷ്ട്രീയക്കാര്‍ സ്വയം ഉണ്ടാക്കി വച്ച നാണക്കേടുകള്‍ മറയ്ക്കാന്‍ ചെയ്യുന്ന നാടകങ്ങള്‍ മാത്രമാണ് ഈ രക്ഷക വേഷമെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറയുന്നത്.

‘തക്ക സമയത്ത് ഒരു മിഡിയ ഹൈപ് ഉണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യം. വീണ്ടും വീണ്ടും വാഗ്ദാനങ്ങള്‍ പുതുക്കി നല്‍കും, നടപ്പിലാക്കില്ല. സമരങ്ങള്‍ നടത്തിയാല്‍ ഉള്ള പ്രതീക്ഷ അസ്തമിക്കുമെന്നും ഇവരെ പറഞ്ഞു വിശ്വസിപ്പിക്കും. അതാണിപ്പോ നടക്കുന്നത്, ജാസ്മിന്‍ ഷാ പറയുന്നു.

രാഷ്ട്രീയ അസ്ഥിരത ഉള്ള രാജ്യങ്ങളിലേക്ക് നഴ്‌സ്മാര്‍ പോകുന്നത് അവരുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായതു കൊണ്ടാണ്. കഷ്ടപ്പെട്ട് കുടുംബം നോക്കുന്നവരെ തിരികെ വിളിച്ചു വരുത്തി നടപ്പിലാക്കാന്‍ പറ്റില്ല എന്നുത്തമ ബോധ്യത്തോടെ തന്നെ വാഗ്ദാനങ്ങള്‍ കൊടുത്ത് പറ്റിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സര്‍ക്കാരിനെ വിശ്വസിച്ചു വന്നവര്‍ ഇപ്പൊ ഗതികേടിലും,’ ജാസ്മിന്‍ ഷാ പറയുന്നു.

എന്തുകൊണ്ട് ഇവിടെ ജോലി ചെയ്യാതെ അന്യദേശങ്ങളിലേക്ക് പോകുന്നു എന്നൊരു ചോദ്യം ഇവരോട് പലരും ചോദിക്കാറുണ്ട്. അതിനുത്തരം ഇവരുടെ ഇപ്പോഴത്തെ സ്ഥിതി തന്നെയാണ്, അതില്‍ കൂടുതല്‍ തെളിവ് വേറൊന്നിനും തരാനാവില്ല.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് വി ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍