UPDATES

കൂട്ടപ്പിരിച്ചുവിടലുമായി സ്വകാര്യ ആശുപത്രികളുടെ പ്രതികാര നടപടി; വീണ്ടും സമരം ശക്തമാക്കാന്‍ നഴ്‌സുമാര്‍

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ പ്രതികാര നടപടിക്കിരകളായ 250 ല്‍ അധികം നഴ്‌സുമാര്‍

ആറ് മാസത്തിനിടെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് പുറത്താക്കിയത് 618 ജീവനക്കാരെ. നഴ്‌സുമാരുള്‍പ്പെടെ ആശുപത്രി ജീവനക്കാരുടെ ശമ്പള വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മുതലുള്ള കണക്കാണിത്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ പ്രതികാര നടപടിക്കിരകളായ 250 ല്‍ അധികം നഴ്‌സുമാരും ഇതില്‍ ഉള്‍പ്പെടും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടതിന്റെ പേരിലോ സമരം ചെയ്തതിന്റെ പേരിലോ നഴ്‌സുമാര്‍ക്കെതിരേ പ്രതികാര നടപടികള്‍ കൈക്കൊള്ളരുതെന്ന് മുഖ്യമന്ത്രി ആശുപത്രി മാനേജ്‌മെന്റുകളോട് നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ തവണ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായുണ്ടായ ചര്‍ച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ട് പിരിച്ചുവിടല്‍ തുടരുകയാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ജൂലൈ 20 ന് നഴ്‌സുമാരുടെ ഉള്‍പ്പെടെ ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച വിജ്ഞാപനവും ഇറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് കാരണം പറഞ്ഞ് ശമ്പള വര്‍ധനവ് ഇതേവരെ നടപ്പാക്കിയിട്ടില്ല. ആ സാഹചര്യത്തിലും ആശുപത്രി മാനേജ്‌മെന്റുകള്‍ പ്രത്യേകിച്ച് കാരണങ്ങള്‍ കാണിക്കാതെ ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുഎന്‍എ നേതാക്കള്‍ ആരോപിക്കുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം ആറ് ആശുപത്രികളില്‍ നിന്നായി നൂറ്റമ്പതിലധികം നഴ്‌സുമാരെ പിരിച്ചു വിട്ടിരുന്നു. എന്നാല്‍ അതിനെതിരേ ജില്ലയില്‍ യുഎന്‍എ യുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ ഉണ്ടായപ്പോള്‍ പിരിച്ചുവിട്ടവരില്‍ ഏതാണ്ട് പകുതിയോളം പേരെ തിരിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇപ്പോഴും പിരിച്ചുവിടല്‍ തുടരുകയാണെന്ന് സംഘടന പ്രതിനിധികള്‍ പറയുന്നു. എന്നാല്‍ കോഴിക്കോട് ഒഴിച്ച് മറ്റ് ജില്ലകളിലൊന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടുമില്ല.

ക്യാമറകളില്‍ പതിയാത്ത നഴ്‌സുമാരുടെ സമരവും മാനേജ്മെന്റുകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരും

യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പ്രതികരിക്കുന്നു; ‘ആശുപത്രി മാനേജ്‌മെന്റുകളോട് പ്രതികാര നടപടി സ്വീകരിക്കരുതെന്ന് പറഞ്ഞിട്ടും മാനേജ്‌മെന്റ്ുകള്‍ വ്യപകമായി പ്രതികാര നടപടികള്‍ സ്വീകരിച്ചുവരികയാണ്. കേരളത്തില്‍ ആശുപത്രി ഇന്‍ഡസ്ട്രിയില്‍ നിന്ന് മാത്രം ഈ ആറ് മാസത്തിനിടെ 618 പേരെ പുറത്താക്കിയിട്ടുണ്ട്. ഇതില്‍ 265ന് അടുത്ത് നഴ്‌സുമാരുമുണ്ട്. കരാര്‍ കാലാവധി, താത്കാലിക നിയമനം, പ്രൊബേഷന്‍ പിരീഡ് തുടങ്ങി പല കാര്യങ്ങള്‍ പറഞ്ഞാണ് ഓരോരുത്തരേയും പുറത്താക്കുന്നത്. എന്നാല്‍ പുറത്താക്കുമ്പോള്‍ ഇവര്‍ക്ക് നല്‍കുന്ന നോട്ടീസില്‍ ഇത്തരം കാര്യങ്ങളൊന്നും പലപ്പോഴും പറയാറുമില്ല. ഞങ്ങള്‍ സംയമനം പാലിക്കുംതോറും ഇവരുടെ നടപടികള്‍ അതിര് കടക്കുകയാണ്. ഇനിയത് അനുവദിക്കാനാവില്ല. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം 144 ദിവസം പിന്നിട്ടു. എന്നാല്‍ ഇത്രയും കാലമായിട്ടും സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ പരിഹരിക്കാനോ ആരും തയ്യാറായിട്ടില്ല. 65 ദിവസം ആശുപത്രി അടച്ചു പൂട്ടിയിട്ട മാനേജ്‌മെന്റ് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തിരുവനന്തപുരത്ത് വ്യാപകമായി മാനേജ്‌മെന്റുകള്‍ ജീവനക്കാരെ പുറത്താക്കുന്നുണ്ട്. എന്നാല്‍ ലേബര്‍ ഓഫീസര്‍മാര്‍ പോലും ഇതിലൊന്നും ഇടപെടുന്നില്ല. പുറത്താക്കല്‍ നടപടിക്ക് മാനേജ്‌മെന്റുകള്‍ പ്രത്യേകിച്ച് കാരണമൊന്നും കാണിക്കുന്നില്ല. ആശുപത്രി അടക്കാന്‍ പോവുന്നു എന്നാണ് അവര്‍ പറയുന്ന ന്യായം. കേരളത്തില്‍ സ്വകാര്യ ആശുപത്രികള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മാനേജ്‌മെന്റുകളും പല തരത്തില്‍ പ്രതിഷേധ സമരങ്ങളും മറ്രും സംഘടിപ്പിക്കുന്നുണ്ട്. ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നത് ആശുപത്രിയെ തകര്‍ക്കാന്‍ നോക്കുന്ന ശ്രമത്തിന്റെ ഭാഗമാണെന്നാണ് അവര്‍ ആരോപിക്കുന്നത്. യുഎന്‍എ അംഗങ്ങളെ മാത്രമല്ല പുറത്താക്കുന്നത്.’

ഇവരെ ഇനിയും തെരുവില്‍ നിര്‍ത്തരുത്; സമരം ചെയ്യേണ്ടവരല്ല ഭൂമിയിലെ മാലാഖമാര്‍

പുതുക്കിയ ശമ്പളം നല്‍കാതിരിക്കുമ്പോള്‍ തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന പേരില്‍ ചികിത്സ ചെലവ് ഏതാണ്ട് എണ്‍പത് ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ആശുപത്രി മാനേജ്‌മെന്റുകളുടെ നടപടിക്കെതിരെ വീണ്ടും സമരത്തിനിറങ്ങാന്‍ തയ്യാറെടുക്കുകയാണ് യുഎന്‍എ. സംസ്ഥാന വ്യാപകമായ സമരം ആരംഭിക്കാനാണ് സംഘടന ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന യുഎന്‍എ യോഗത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങളുണ്ടാവും. ജാസ്മിന്‍ ഷാ തുടരുന്നു; ‘കോഴിക്കോട് പുറത്താക്കിയവരില്‍ പകുതിയിലേറെപ്പേരെ ആശുപത്രികളില്‍ തിരിച്ചെടുത്തു. യുഎന്‍എ അവിടെ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് അതുണ്ടായത്. ഞങ്ങള്‍ പ്രതികരിക്കാത്തത് കൊണ്ടാണ് പിരിച്ചുവില്‍ നടപടികള്‍ തുടരുന്നതെന്നാണ് അതില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. അതിനാല്‍ സംസ്ഥാന വ്യാപകമായ ഒരു സമരത്തിലൂടെ മാത്രമേ മാനേജ്‌മെന്റുകളുടെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിയൂ എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ചതായി പ്രഖ്യാപനമുണ്ടായിട്ട് ആറ് മാസങ്ങള്‍ ആയിരിക്കുന്നു. എന്നാല്‍ ഇതേവരെ സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയിട്ടില്ല. ഇത് മാനേജ്‌മെന്റുകള്‍ക്ക് സഹായമാവുകയും ചെയ്യുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം നല്‍കണമെന്ന് പറഞ്ഞുകൊണ്ട് ചികിത്സാ ചെലവുകള്‍ എണ്‍പത് ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഇത്തരം നടപടികള്‍ ഇനി വച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. അതിനാല്‍ ഞങ്ങള്‍ ഇനിയും സമരത്തിനിറങ്ങുകയാണ്.’

പിരിച്ചുവിടല്‍ നടപടികള്‍ക്കെതിരെയും ജോലിക്രമീകരണം ആവശ്യപ്പെട്ടും കേരളത്തിന്റെ പല ഭാഗങ്ങളിലായി ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരത്തിലാണ്. അഞ്ചും ആറും മാസമായി തുടരുന്ന ഈ സമരങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നതാണ് സമരത്തിനിറങ്ങുന്ന യുഎന്‍എയുടെ ആവശ്യം.

അങ്ങയുടെ നല്ല വാക്കുകള്‍ക്ക് നന്ദി, പക്ഷേ ഞങ്ങളും മനുഷ്യരല്ലേ? രാഷ്ട്രപതിക്ക് ഒരു നഴ്‌സിന്റെ തുറന്ന കത്ത്‌

എന്നാല്‍ കേരളത്തിലെ ജയിലുകള്‍ നഴ്‌സുമാരെക്കൊണ്ട് നിറയ്ക്കട്ടെ

വെള്ളയുടുപ്പിട്ട മാലാഖമാര്‍ എന്ന വിളിപ്പേര് പോര; ജീവിക്കാനെങ്കിലുമുള്ള പൈസ വേണം; നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്

 

 

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍