UPDATES

സ്വകാര്യ ആശുപത്രി ചൂഷണത്തിനെതിരെ ഐതിഹാസിക സമരം വിജയം കണ്ട കേരളത്തില്‍ തട്ടിപ്പുമായി വീണ്ടുമൊരു മാനേജ്മെന്റ്; നഴ്സുമാര്‍ വീണ്ടും സമരപ്പന്തലില്‍

കാഞ്ഞങ്ങാട് മാവുങ്കാലിലുള്ള സഞ്ജീവനി ആശുപത്രിയിലെ ആറു നഴ്‌സുമാരാണ് ആശുപത്രിക്കു പുറത്ത് സമരം ചെയ്തുകൊണ്ടിരിക്കുന്നത്.

ശ്രീഷ്മ

ശ്രീഷ്മ

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം വിജയിച്ചിട്ട് ഒരു വര്‍ഷത്തോളമാകുന്നു. അടിസ്ഥാന വേതനമോ മറ്റു തൊഴില്‍ അവകാശങ്ങളോ ലഭിക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. പ്രതിമാസം അയ്യായിരം രൂപയ്ക്ക് മുതല്‍ ജോലി ചെയ്തിരുന്ന സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുന്ന തരത്തില്‍, ഇരുപതിനായിരം രൂപ മിനിമം വേതനം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് 2018 ജൂലായിലാണ്. തുച്ഛമായ ശമ്പളത്തിന് കഠിനമായ ജോലിയെടുത്തുകൊണ്ടിരുന്ന നഴ്‌സ് സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു അന്നത്തെ സമരം വിജയിപ്പിച്ചത്. കേരളത്തിലെ തൊഴിലാളി സമരങ്ങളുടെ പട്ടികയില്‍ ചെറുതല്ലാത്ത സ്ഥാനം സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ സമരത്തിനുണ്ടു താനും.

എന്നാല്‍, മിനിമം വേതന വാഗ്ദാനത്തിനു ശേഷം ഒരു വര്‍ഷത്തോളമാകുമ്പോഴും, കാസര്‍കോട്ട് ഒരു സംഘം നഴ്‌സുമാര്‍ സമരത്തില്‍ത്തന്നെയാണ്. കാഞ്ഞങ്ങാട് മാവുങ്കാലിലുള്ള സഞ്ജീവനി ആശുപത്രിയിലെ ആറു നഴ്‌സുമാരാണ് ആശുപത്രിക്കു പുറത്ത് സമരം ചെയ്തുകൊണ്ടിരിക്കുന്നത്. പത്താം ദിവസത്തിലേക്കു കടന്ന ഈ നഴ്‌സ് സമരത്തെക്കുറിച്ച് നാളിത്രയായിട്ടും ചര്‍ച്ചകളുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അഞ്ചും ആറും വര്‍ഷങ്ങളായി സഞ്ജീവനി ആശുപത്രിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ആറു നഴ്‌സുമാരാണ് ഫെബ്രുവരി ഒന്നു മുതല്‍ ജോലിയില്ലാതെ അനിശ്ചിതാവസ്ഥയിലായത്.

ഒരു ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിപ്പോന്നിരുന്ന ആശുപത്രിയുടെ ഉടമസ്ഥത സ്വകാര്യ കമ്പനിക്ക് കൈമാറിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. നേരത്തേ ഉണ്ടായിരുന്ന സ്റ്റാഫുകളോട് മാനേജ്‌മെന്റ് മാറുകയാണെന്നും, അതിന്റെ ഭാഗമായി എല്ലാവരും രാജിവച്ച് വീണ്ടും അപ്പോയിന്‍മെന്റ് ഓര്‍ഡര്‍ കൈപ്പറ്റണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. വര്‍ഷങ്ങളായി ആശുപത്രിയില്‍ ജോലിചെയ്യുന്ന സ്ഥിരപ്പെടുത്തിയിട്ടുള്ള നഴ്‌സുമാര്‍ പുതിയ അപ്പോയിന്‍മെന്റിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, അപ്പോയിന്‍മെന്റ് ലെറ്ററിന്റെ പകര്‍പ്പ് ഇവര്‍ക്ക് ആദ്യമേ കാണിച്ചു കൊടുക്കുകയായിരുന്നു. അഞ്ചും ആറും വര്‍ഷത്തെ സര്‍വീസുള്ള സ്റ്റാഫുകളെ വീണ്ടും പുതിയതായി ജോലിക്കെടുക്കുന്നതായി കാണിക്കുന്ന ലെറ്ററില്‍, ഇവരെയെല്ലാം വീണ്ടും ആറുമാസത്തെ പ്രൊബേഷനില്‍ വിടുന്നതായും സൂചിപ്പിച്ചിരുന്നു. കൂടാതെ ഈ ആറുമാസക്കാലത്തില്‍ മാനേജ്‌മെന്റിനു വേണമെങ്കില്‍ നഴ്‌സുമാരെ പിരിച്ചുവിടാനാകുമെന്നുകൂടി ലെറ്ററില്‍ കണ്ടതോടെ നഴ്‌സുമാര്‍ മാനേജ്‌മെന്റിനെ സമീപിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. രാജിക്കത്ത് നല്‍കി പുതിയ ലെറ്ററില്‍ ഒപ്പുവയ്ക്കാതെ ആര്‍ക്കും ജോലിയില്‍ തുടരാനാകില്ലെന്ന വാദത്തില്‍ മാനേജ്‌മെന്റ് ഉറച്ചു നിന്നതോടെ, സമരത്തിലേക്കു നീങ്ങാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

ആശുപത്രി അധികൃതരുടെ നടപടികള്‍ക്കെതിരെ നഴ്‌സുമാര്‍ ശബ്ദമുയര്‍ത്തിയതോടെ, ആശുപത്രിയ്ക്കകത്തു നടക്കുന്ന നീതിനിഷേധത്തിന്റെ കഥകളാണ് പുറത്തുവരുന്നത്. മിനിമം വേതനം സര്‍ക്കാര്‍ നിശ്ചയിച്ച ശേഷവും, പുതിയ അപ്പോയിന്‍മെന്റ് ലെറ്റര്‍ പ്രകാരം 18,000 രൂപയാണ് നഴ്‌സുമാര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിമാസ ശമ്പളം. നിലവില്‍ പതിനയ്യായിരം രൂപയ്ക്കും പതിനാറായിരം രൂപയ്ക്കും ജോലി ചെയ്യുന്നവര്‍ക്ക് ഈ തുക സ്വീകാര്യമായിരിക്കുകയും ചെയ്യും. പ്രശ്‌നം രൂക്ഷമായതോടെ ഈ ശമ്പളം കാണിച്ചിട്ടുള്ള അപ്പോയിന്‍മെന്റ് ലെറ്റര്‍ ആശുപത്രിക്കാര്‍ മാറ്റിയെങ്കിലും, തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നാണ് സമരം ചെയ്യുന്ന നഴ്‌സുമാരുടെ പക്ഷം. മാത്രമല്ല, രാജി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നല്ലാതെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നല്‍കാനും മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെന്നാണ് ഇവരുടെ പരാതി. പി.എഫും ഗ്രാറ്റുവിറ്റിയുമടക്കം എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റേണ്ട ഇവര്‍ക്ക്, രണ്ടു മാസത്തെ ശമ്പളം മാത്രം അധികം നല്‍കിയാണ് പുതിയ സ്റ്റാഫുകളായി ജോലിയ്‌ക്കെടുക്കുന്നത്; അതും പ്രൊബേഷനില്‍. തൊഴില്‍ അവകാശങ്ങളെ തരിമ്പും പരിഗണിക്കാതെയുള്ള ഈ നീക്കം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് സമരക്കാര്‍ പറയുന്നു.

ട്രസ്റ്റ് അംഗങ്ങള്‍ മറ്റൊരു സ്വകാര്യ സ്ഥാപനത്തിന് ആശുപത്രി കൈമാറുകയല്ല, മറിച്ച് ട്രസ്റ്റിലെ അംഗങ്ങള്‍ തന്നെ ചേര്‍ന്നു നടത്തുന്ന സ്വകാര്യ സ്ഥാപനമാണ് ഏറ്റെടുത്തിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ഉടമസ്ഥര്‍ മാറിയെന്ന ന്യായം പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുന്ന മാനേജ്‌മെന്റ് സത്യത്തില്‍ നുണപ്രചരണമാണ് നടത്തുന്നതെന്നും, ആശുപത്രിയുടെ പേരില്‍ ലോണുകള്‍ ലഭിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് തങ്ങളുടെ തന്നെ നിയന്ത്രണത്തിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ ആശുപത്രി മാറ്റുകയായിരുന്നുവെന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും പറയുന്നു.

തങ്ങള്‍ നേരിട്ട അനീതിയെക്കുറിച്ച് സമരരംഗത്തുള്ള നഴ്‌സ് ജിഷ പറയുന്നതിങ്ങനെ: “ഡിസംബര്‍ പത്താം തീയതി വിളിച്ച ഓള്‍ സ്റ്റാഫ് മീറ്റിംഗിലാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്കു മാറുന്ന കാര്യം ആദ്യമായി പറയുന്നത്. രാജിവയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാമെന്നു മാത്രമേ അന്നു പറഞ്ഞിരുന്നുള്ളൂ. രാജിവച്ചെങ്കിലേ ഇനിയും ജോലിയില്‍ തുടരാനാകൂ എന്ന് പിന്നീടാണ് സ്റ്റാഫുകളില്‍ ചിലരോട് പറയുന്നത്. നോട്ടീസൊന്നും തന്നതുമില്ല. റിസൈന്‍ ചെയ്തിട്ട് റീജോയിന്‍ ചെയ്യാനാണ് ആവശ്യപ്പെട്ടത്. പുതിയ സ്റ്റാഫായിട്ടാണ് കമ്പനിയിലേക്ക് ഇനിയെടുക്കുക എന്ന് അവര്‍ പറഞ്ഞു. നിലവിലുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നുമില്ല. അപ്പോയിന്‍മെന്റ് ലെറ്ററില്‍ എന്താണുള്ളത് എന്നു കാണാതെ രാജിവയ്ക്കണ്ടല്ലോ എന്നു കരുതിയാണ് ആദ്യം അതു കാണണമെന്നു പറഞ്ഞത്. അവര്‍ കോപ്പി കാണിക്കുകയും ചെയ്തു. നാലു വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട് എനിക്ക് ഈ ആശുപത്രിയില്‍. എന്നേക്കാള്‍ കൂടുതല്‍ കാലം ജോലി ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ഇക്കാലയളവിലെ പി.എഫോ ഇ.എസ്.ഐയോ നീട്ടിത്തരാതെ, വീണ്ടും പ്രൊബേഷനിലേക്കാണ് ഞങ്ങളെ പറഞ്ഞയയ്ക്കുന്നത്. പെര്‍മനെന്റ് സ്റ്റാഫായിരുന്നതിനാല്‍ എനിക്ക് പതിനെട്ടായിരം രൂപ ശമ്പളം കാണിച്ചിട്ടുണ്ട്. അതു മിനിമം വേതനത്തിലും താഴെയാണ്. മറ്റുള്ളവര്‍ക്കൊന്നും അത്രപോലും ശമ്പളമില്ല ഇവിടെ. ആശുപത്രിയില്‍ പൊതുവേ തിരക്കില്ലാത്ത സാഹചര്യത്തില്‍, ലഭിക്കുന്ന ശമ്പളത്തില്‍ ഞങ്ങള്‍ അതൃപ്തി കാണിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ സമരത്തിനു ശേഷം മൂന്നു ഷിഫ്റ്റുകളായി മാറ്റിയിരുന്ന ജോലി സമയം പുതിയ ലെറ്റര്‍ പ്രകാരം രണ്ടു ഷിഫ്റ്റുകളായി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇ.എസ്.ഐയൊക്ക് ആറു മാസത്തേക്ക് ബ്രേക്ക് ചെയ്യുമെന്നാണ് പറയുന്നത്.”

നിബന്ധനകള്‍ പാലിക്കാനുള്ള ബുദ്ധിമുട്ട് മാനേജ്‌മെന്റിനെ അറിയിച്ച ജിഷയടക്കമുള്ള ആറു നഴ്‌സുമാര്‍ രാജിക്കത്ത് നല്‍കിയില്ല. അതേത്തുടര്‍ന്ന് ഫെബ്രുവരി ഒന്നു മുതല്‍ക്ക് ജോലിക്കെത്തേണ്ടെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന്, ജനുവരി മുപ്പത്തിയൊന്നിനും ഫെബ്രുവരി ആറിനും ചര്‍ച്ചകള്‍ നടന്നിരുന്നു. നഴ്‌സുമാരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്‌മെന്റ് കടുംപിടിത്തം പിടിച്ചതോടെ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയും ചെയ്തു. “രവി കുളങ്ങര, നാരായണന്‍ കുളങ്ങര, സുരേഷ് എന്നിവരായിരുന്നു ട്രസ്റ്റിന്റെ അംഗങ്ങള്‍. പുതിയ സ്ഥാപനത്തിന്റെ അധികാരികളും ഇവര്‍ തന്നെയാണ്. പഴയ സ്റ്റാഫുകള്‍ തന്റെ സ്റ്റാഫുകളായിരുന്നെന്നും, എല്ലാവരെയും കണക്കുതീര്‍ത്ത് ഒഴിവാക്കിയതാണെന്നുമാണ് നാരായണന്‍ കുളങ്ങരയുടെ വാദം. പുതിയ മാനേജ്‌മെന്റിന്റെ തീരുമാനങ്ങളില്‍ പങ്കില്ലെന്നാണ് പറയുന്നത്. പക്ഷേ, നാരായണന്‍ നേരത്തേ ഇരുന്ന അതേ കസേരയില്‍ ഇപ്പോഴും ഇരിക്കുന്നുണ്ട്”, സമരക്കാര്‍ പറയുന്നു.

ഐ.എന്‍.എയുമായി മാനേജ്‌മെന്റ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെയാണ് സമരത്തിനിറങ്ങാന്‍ തീരുമാനമാകുന്നത്. ഇതിനിടെ നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ കേസു കൊടുക്കുകയും, കേസില്‍ നഴ്‌സുമാര്‍ക്ക് അനുകൂലമായി വിധി വരികയും ചെയ്തു. നിലവിലെ ജോലി അതേ ആനുകൂല്യങ്ങളോടെ തുടരാനുള്ള വിധിയുമായി ആശുപത്രിയിലെത്തിയെങ്കിലും ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചുമില്ല. മിനിമം വേതനത്തെക്കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മാനേജ്‌മെന്റിനും കഴിഞ്ഞില്ല.

മാര്‍ച്ച് ഒന്നിന് ലേബര്‍ കമ്മീഷണറുടെ അടുക്കല്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരമല്ലാതെ മറ്റു വഴിയില്ലാതായി. വര്‍ഷങ്ങളോളം ജോലി ചെയ്ത നഴ്‌സുമാര്‍ക്ക് രണ്ടുമാസത്തെ ശമ്പളം മാത്രം നല്‍കാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ പക്ഷം. ഇനി അവസരം വരുമ്പോള്‍ ജോലിക്ക് പരിഗിക്കാമെന്നും പറഞ്ഞിരുന്നു. മാര്‍ച്ച് നാലിന് ആറു നഴ്‌സുമാര്‍ സമരമാരംഭിക്കുകയും ചെയ്തു. ഇതിനിടെ നിലവില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സ്റ്റാഫുകള്‍ക്കൊപ്പം മാനേജ്‌മെന്റംഗങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലും മറ്റു ജോലികള്‍ ലഭിക്കില്ലെന്ന ആശങ്കയിലും, മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ച പ്രകാരം അപ്പോയിന്‍മെന്റ് ഓര്‍ഡറില്‍ ഒപ്പിട്ടുകൊടുത്ത മറ്റു സ്റ്റാഫുകളായിരുന്നു വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നത്. തങ്ങളോട് സംസാരിക്കുകയോ ബന്ധം പുലര്‍ത്തുകയോ ചെയ്യരുതെന്ന് ഇവര്‍ക്ക് നിര്‍ദ്ദേശമുള്ളതായും ജിഷ പറയുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഇവരെല്ലാം സമരം ചെയ്യുന്ന സ്റ്റാഫുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞിരുന്നു.

“സര്‍ട്ടിഫിക്കറ്റും മറ്റുമില്ലാത്ത ചില സ്റ്റാഫുകളും ഇക്കൂട്ടത്തിലുണ്ട്. അവരെ പ്രത്യേകം മീറ്റിംഗ് വിളിച്ച് മാനേജ്‌മെന്റ് കാര്യങ്ങള്‍ പറഞ്ഞു ഭയപ്പെടുത്തിയിരുന്നു. പേടിച്ചിട്ടാണ് ഇവരെല്ലാം ഒപ്പുവച്ചത്. ഇവര്‍ക്കൊന്നും മറ്റിടങ്ങളില്‍ ജോലി ലഭിക്കില്ല. ഞങ്ങളേക്കാളധികം വര്‍ഷക്കാലം ഇവിടെ ജോലി ചെയ്തവരാണ്. അവരിപ്പോള്‍ പുതിയ സ്റ്റാഫായി ജോലിക്ക് കയറിയിരിക്കുകയാണ്. സത്യത്തില്‍ അവര്‍ വഞ്ചിക്കപ്പെടുകയായിരുന്നു. മറ്റു ജോലികള്‍ കിട്ടില്ല എന്നുറപ്പായതിനാല്‍ അവരാരും പ്രതിഷേധിക്കില്ല. രജിസ്റ്റേഡ് നഴ്‌സുമാരല്ലാത്തതിനാല്‍ പതിനെട്ടായിരം രൂപ അവര്‍ക്ക് മതിയായിരിക്കും. ഡോക്ടര്‍മാര്‍ക്കൊപ്പം ജോലി ചെയ്ത് കണ്ടു പഠിച്ചു വന്നവരാണ്. ഇത്തരത്തില്‍ ആറോ എട്ടോ സ്റ്റാഫുകള്‍ സഞ്ജീവനിക്കുണ്ട്. പുറത്തു നില്‍ക്കുന്ന ഞങ്ങള്‍ ആറു പേരും അംഗീകൃത സര്‍ട്ടിഫിക്കറ്റും യോഗ്യതയുമുള്ള നഴ്‌സുമാരാണുതാനും. ഞങ്ങളെ പുറത്താക്കിയ ഒഴിവിലേക്ക് യോഗ്യതയുള്ള കുറച്ചു പേരെ പുതിയതായി എടുത്തിട്ടുണ്ട്. ഇവരില്‍ ട്രെയിനികള്‍ക്ക് അയ്യായിരവും സ്റ്റാഫുകള്‍ക്ക് പതിനായിരവുമൊക്കെയാണ് കൊടുക്കുന്നത്. ജോലിയില്‍ ഗ്യാപ്പു വന്നവരാണ് ഇവരില്‍ പലരും. ഈ ഗ്യാപ്പു ഫില്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൊടുക്കാമെന്ന വാക്കിനു പുറത്താണ് ഇത്ര ചെറിയ ശമ്പളത്തില്‍ പുതിയ ആളുകളെ എടുത്തിരിക്കുന്നത്. ഇതിലൊരു തീരുമാനം വരുന്നവരെ സമരത്തില്‍ തുടരും. ഞങ്ങളെല്ലാവരും ജോലി ആവശ്യമുള്ളവരാണ്. അല്ലാതെ തൊഴില്‍ വേണ്ടാഞ്ഞിട്ടല്ല സമരത്തിനിറങ്ങിയിരിക്കുന്നത്. മിനിമം ശമ്പളമില്ലാഞ്ഞിട്ടും ഞങ്ങള്‍ പ്രതിഷേധിച്ചിരുന്നില്ല. ഇനിയിപ്പോള്‍ മിനിമം വേതനം ലഭിക്കാതെ പിന്മാറില്ല”, എ.എന്‍.ഐയുടെ ജില്ലാ പ്രസിഡന്റ് കൂടിയായ ജിഷ പറയുന്നു.

നഴ്‌സുമാരുടെ സമരത്തിന് പൂര്‍ണ പിന്തുണയുമായി മറ്റു നഴ്‌സസ് അസോസിയേഷനുകളും എ.ഐ.വൈ.എഫ് പോലുള്ള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ തൊഴില്‍ ചൂഷണം സര്‍ക്കാര്‍ ഇടപെട്ടിട്ടും അവസാനിച്ചിട്ടില്ലെന്നും, നിയമത്തിന്റെ കണ്ണില്‍ പൊടിയിട്ട് ഇത്തരം ആശുപത്രികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പൊതുജനത്തെ അറിയിക്കുക എന്നതുകൂടിയാണ് ഇവരുടെ സമരത്തിന്റെ ലക്ഷ്യം. സഞ്ജീവനിയില്‍ മാത്രമല്ല, കാസര്‍കോട്ടെ മറ്റു പല ആശുപത്രികളിലും സര്‍ട്ടിഫിക്കറ്റുകളില്ലാത്ത നഴ്‌സുമാരെ തുച്ഛമായ ശമ്പളത്തിനു നിയോഗിച്ച്, മിനിമം വേതനം ആവശ്യപ്പെടുന്ന യോഗ്യരായ നഴ്‌സുമാരെ പുറന്തള്ളുന്ന പ്രവണതയുണ്ടെന്ന് എ.എന്‍.ഐ. സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷിഹാബും പറയുന്നു- “യാതൊരു ക്വാളിഫിക്കേഷനുമില്ലാതെ ജോലി ചെയ്യുന്ന കുറച്ചു നഴ്‌സുമാര്‍ ഈ ആശുപത്രിയിലുണ്ട്. ഇവിടെ മാത്രമല്ല, കാസര്‍കോട്ടെ മിക്കയിടത്തും ഇതാണവസ്ഥ. സംഘടന അതിനെതിരെ ഡി.എം.ഓയ്ക്കും ജില്ലാ കലക്ടര്‍ക്കും പരാതി കൊടുത്തിട്ടുണ്ട്. ഇപ്പോഴും ആറായിരം രൂപയ്‌ക്കൊക്കെയാണ് എക്‌സറേ ഡിപ്പാര്‍ട്ടമെന്റിലൊക്കെ പലരും ജോലി ചെയ്യുന്നത്. നഴ്‌സുമാരുടെ സമരമായതിനാല്‍ അതിന്റെ ഗുണമൊന്നും അവര്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ല. നിലവില്‍ സഞ്ജീവനിയില്‍ ജോലി ചെയ്യുന്നവരെല്ലാം മിനിമം വേതനം ലഭിക്കാത്തവരാണ്. സമരം ചെയ്യുന്നവരെ പുറത്താക്കുമെന്ന ഭീഷണിയുള്ളതിനാല്‍, സാമ്പത്തിക പ്രശ്‌നങ്ങളും മറ്റും ഭയന്നാണ് ഇവരെല്ലാം ജോലിയില്‍ തുടരുന്നത്. ഞങ്ങള്‍ ലേബര്‍ ഓഫീസറുമായി ചര്‍ച്ചയ്ക്കു ചെന്നപ്പോഴെല്ലാം, പ്രോപ്പര്‍ട്ടി കൈമാറിക്കഴിഞ്ഞു എന്ന മുടന്തന്‍ ന്യായമാണ് മാനേജ്‌മെന്റ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ മാനേജ്‌മെന്റ് മാറിയിട്ടില്ലല്ലോ. മുഴുവന്‍ തൊഴിലാളികളെയും വഞ്ചിക്കുന്ന നടപടിയാണ് ഇവരുടേത്. കോടതിയുത്തരവുണ്ടായിട്ടു പോലും അതു പാലിക്കാന്‍ തയ്യാറായിട്ടില്ല. മാര്‍ച്ച് പതിനാറാം തീയതി കാസര്‍കോട് ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് സഞ്ജീവനി ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും. പ്രദേശത്തെ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് സമരസമിതിയും രൂപീകരിക്കും.”

പുറത്താക്കപ്പെട്ടതിന്റെ പേരില്‍ സമരം ചെയ്യുന്ന ആറു നഴ്‌സുമാരില്‍ അഞ്ചു പേരും സ്ത്രീകളാണ്. കേരളത്തില്‍ നഴ്‌സ് സമരം കത്തിനിന്ന കാലത്തും, തൊഴില്‍ മേഖലയിലെ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതില്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ തന്നെയാണെന്നതു കൂടിയാണ് ചര്‍ച്ചയായിരുന്നത്. സംസ്ഥാനത്തിനു തന്നെ അഭിമാനിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്നു വിജയകരമായി പര്യവസാനിച്ച സ്വകാര്യ നഴ്‌സ് സമരം. തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ക്കു വേണ്ടി വീണ്ടും നഴ്‌സുമാര്‍ സമരരംഗത്തിറങ്ങുമ്പോള്‍, ആ അഭിമാനത്തിനു കൂടിയാണ് ക്ഷതമേല്‍ക്കുന്നത്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍