UPDATES

ട്രോമ യൂണിറ്റില്‍ ഈച്ച കയറിയാല്‍ പിഴ, ചെരിപ്പ് റാക്കിലല്ലെങ്കില്‍ പിഴ, രോഗി ഓടിയാല്‍ പിഴ… ശമ്പളവുമില്ല, പിരിച്ചുവിടലും; ചേര്‍ത്തല കെ.വി.എം ആശുപത്രി നഴ്സുമാരുടെ നരകജീവിതം

2017-ലെ ശമ്പള വര്‍ധനവ് പോയിട്ട് 2013-ലേതു പോലും നടപ്പാക്കിയിട്ടില്ല, 116 നഴ്സുമാരുടെ സമരം 20-ആം ദിവസത്തിലേക്ക്

‘പതിനഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായ ജോലി. ട്രോമാ കെയര്‍ യൂണിറ്റില്‍ ഒരു ഈച്ച കയറിയാല്‍ പോലും ഡ്യൂട്ടിയിലുള്ള നഴ്‌സിന്റെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കും. ഇരുപത്തിയഞ്ച് വര്‍ഷമായി ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പോലും ശമ്പളം പരമാവധി 12,500 രൂപ. ഇതെവിടുത്തെ ന്യായമാണ്? ഞങ്ങളും ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കുന്നവരല്ലേ? കഴിഞ്ഞ മാസം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തപ്പോള്‍ 50 ബെഡ്ഡിന് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ ശമ്പളം നല്‍കണമെന്ന് പറഞ്ഞു. കെ.വി.എം. ആശുപത്രിയില്‍ 208 ബെഡ്ഡുണ്ട്. എന്നിട്ടും സര്‍ക്കാര്‍ പറഞ്ഞ തുക പോയിട്ട് ശമ്പളത്തില്‍ അല്‍പമെങ്കിലും വര്‍ധനവ് വരുത്താന്‍ പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല’ – ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ നഴ്‌സായ അശ്വതി പറയുന്നു. സര്‍ക്കാര്‍ പറഞ്ഞ വേതനമോ, ജോലി സമയത്തില്‍ ഇളവോ അനുവദിക്കാത്ത ആശുപത്രി മാനേജ്‌മെന്റിനെതിരെ കെ.വി.എം. ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലാണ്. വേതന വര്‍ധനവും ജോലി സമയക്രമീകരണവും ആവശ്യപ്പെട്ട് ഇവര്‍ നടത്തുന്ന സമരം 19 ദിവസങ്ങള്‍ പിന്നിട്ടു. 116 നഴ്‌സുമാരാണ് സമരത്തിലുള്ളത്.

"</p

130 നഴ്‌സുമാരില്‍ 116 പേരും സമരം ചെയ്യാനിറങ്ങിയിട്ടും മാനേജ്‌മെന്റ് ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മന്ത്രിമാരായ തോമസ് ഐസക്കും പി.തിലോത്തമനും സമരവേദി സന്ദര്‍ശിക്കുകയും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാതെ നടത്തിയ രണ്ട് ചര്‍ച്ചകളിലും തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ വന്നിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു. ആവശ്യങ്ങള്‍ വാക്കാല്‍ അംഗീകരിച്ചു എന്ന് മാനേജ്‌മെന്റ് പറഞ്ഞതായി മന്ത്രി തോമസ് ഐസക് സമരക്കാരെ അറിയിച്ചെങ്കിലും ഇക്കാര്യം രേഖാമൂലം തങ്ങളെ അറിയിക്കുന്നത് വരെ മാനേജ്‌മെന്റിന്റെ വാക്കുകള്‍ വിശ്വസിക്കാനാവില്ലെന്ന നിലപാടാണ് സമരം ചെയ്യുന്ന നഴ്‌സുമാരുടേത്. രേഖാമൂലം ഇക്കാര്യം അറിയിക്കുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ഇതിനിടെ സമരത്തില്‍ പങ്കെടുത്ത രണ്ട് പേരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതിലും ഇവര്‍ക്ക് പ്രതിഷേധമുണ്ട്.

അശ്വതി തുടരുന്നു: ‘സമരം ഇപ്പോള്‍ രണ്ടര ആഴ്ച പിന്നിട്ടു. പ്രധാന പ്രശ്‌നം സര്‍ക്കാര്‍ പറഞ്ഞ മിനിമം വേതനം ഞങ്ങള്‍ക്ക് കിട്ടിയില്ല എന്നത് തന്നെയാണ്. കഴിഞ്ഞ മാസം 21നാണ് ഞങ്ങള്‍ സമരം തുടങ്ങുന്നത്. സമരം തുടങ്ങുന്നതിന് മുമ്പ് മാനേജ്‌മെന്റിനോടും മറ്റ് അധികാരികളോടും ഞങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അനുകൂല നിലപാട് ഉണ്ടാവാതിരുന്നതോടെ സമരം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിമാരായ തോമസ് ഐസക്കും പി.തിലോത്തമനും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന് വാക്കാല്‍ ഉറപ്പ് നല്‍കിയതായാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ രേഖാമൂലം ഇക്കാര്യം എഴുതിക്കിട്ടാതെ ഞങ്ങള്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ല. കാരണം മാനേജ്‌മെന്റിന്റെ വാക്കും കേട്ട് വീണ്ടും ജോലിയ്ക്ക് കയറിയാല്‍ പിന്നീട് ഞങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന കാര്യങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. നേതൃത്വം നല്‍കിയവരെ പറഞ്ഞുവിടുക പോലുള്ള നടപടികള്‍ മാനേജ്‌മെന്റ് എടുത്തേക്കാം. ലേബര്‍ ഓഫീസര്‍മാര്‍ക്കെല്ലാം പരാതികള്‍ നല്‍കി. എന്നാല്‍ ഒരു ഫലവുമുണ്ടായില്ല.

"</p

സമരം തുടങ്ങിയതിന് ശേഷം സമരക്കാരും മാനേജ്‌മെന്റുമായി ആറ് വട്ടം ചര്‍ച്ച കഴിഞ്ഞു. എന്നാല്‍ ഇതുവരെ എം.ഡി ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. പകരം ഓഫീസിലുള്ള എ.ഒയും, എച്ച.ആര്‍ മാനേജരുമൊക്കെയാണ് ചര്‍ച്ചയ്ക്ക് വരുന്നത്. ഇതിനിടെ പലതരം പ്രതികാര നടപടികള്‍ ഇപ്പോള്‍ തന്നെ വന്നുകഴിഞ്ഞു. ഡയാലിസിസ് ചെയ്യുന്ന ഒരു രോഗി വഴി ഇവര്‍ സമരത്തിനെതിരെ പരാതി നല്‍കി. പക്ഷെ ഡയാലിസിസ് യൂണിറ്റിലെ നഴ്‌സുമാരെ സമരത്തിനിറക്കിയിട്ടില്ല. അവിടെയുള്ള അഞ്ച് പേരും ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. കള്ളക്കേസാണെന്നു മനസ്സിലാക്കി ഇത് കോടതി തള്ളി. പി.ആര്‍.ഒ പറഞ്ഞിട്ടാണ് പരാതി നല്‍കിയതെന്ന് ആ രോഗി തന്നെ ഞങ്ങളോട് വന്ന് പറഞ്ഞു.

ഞങ്ങള്‍ സമരം ചെയ്യുന്ന സാഹചര്യത്തില്‍ മാനേജ്‌മെന്റ് അയ്യായിരം രൂപയ്ക്കും പതിനായിരം രൂപയ്ക്കും പുറത്തു നിന്ന് 10 പേരെ പുതുതായി നിയമിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് അവരെ നിയമിച്ചിരിക്കുന്നത്. സമരക്കാര്‍ എന്ന് ജോലിക്ക് തിരികെ കയറുന്നുവോ അന്ന് അവരുടെ സേവനം തീരും എന്നാണ് കരാര്‍.

അഞ്ചാമത്തെ ചര്‍ച്ചയില്‍ ഇവര്‍ ഞങ്ങള്‍ക്ക് മൂന്ന് ഷിഫ്റ്റുകള്‍ അനുവദിക്കാമെന്ന് പറഞ്ഞു. 44 വര്‍ഷമായി കെ.വി.എമ്മില്‍ രണ്ട് ഷിഫ്റ്റുകളേയുള്ളൂ. പകല്‍ ജോലിയും രാത്രി ജോലിയും. പകല്‍ ഒമ്പത് മണിക്കൂറും രാത്രി 15 മണിക്കൂറുമാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. പക്ഷെ ഈ മൂന്ന് ഷിഫ്റ്റുകള്‍ ഞങ്ങളെ ഉപദ്രവിക്കുന്നതാണ്. രാവിലെ എട്ട് മുതല്‍ നാല് വരെ ഒന്ന്, രണ്ടാമത്തേത് നാല് മണി മുതല്‍ രാത്രി 12വരെ, മൂന്നാമത് 12 മുതല്‍ രാവിലെ എട്ട് വരെ എന്ന രീതിയിലാണ് ഷിഫ്റ്റ് അറേഞ്ച്‌മെന്റ്. എന്നാല്‍ ഈ ആശുപത്രിയിലെ 130 നഴ്‌സിങ് സ്റ്റാഫില്‍ 125 പേരും സ്ത്രീകളാണ്. അഞ്ച് പേരാണ് പുരുഷന്‍മാരുള്ളത്. 40 കിലോമീറ്റര്‍ അകലെ നിന്ന് വരെ വരുന്ന സ്ത്രീകളുണ്ട്. ഞങ്ങളെങ്ങനെയാണ് രാത്രി 12ന് ജോലി കഴിഞ്ഞിറങ്ങുന്നത്. സ്ത്രീസുരക്ഷ എന്നൊക്കെ പറഞ്ഞ് നടക്കാനല്ലേ പറ്റൂ. നമ്മുടെ നാട്ടില്‍ 12 മണിക്കിറങ്ങി നടന്നാല്‍ എന്തായിരിക്കും അവസ്ഥയെന്ന് അറിയാമല്ലോ? മാനേജ്‌മെന്റിനറിയാം ഞങ്ങള്‍ ആ ഷിഫ്റ്റ് മേടിക്കില്ലെന്ന്. അതുകൊണ്ട് അവര്‍ അവരുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. രാത്രി 12 മണിക്ക് എങ്ങനെ ഇറങ്ങിപ്പോവുമെന്ന് ചോദിക്കുമ്പോള്‍ അത് ഞങ്ങള്‍ക്കറിയേണ്ട ആവശ്യമില്ല എന്നാണ് മറുപടി. വേണമെങ്കില്‍ ഞങ്ങള്‍ വിശ്രമമുറി തരാം. പക്ഷെ രാവിലെ ആറ് മണിക്ക് സ്ഥലം കാലിയാക്കണം എന്നൊക്കെയാണ് പറയുന്നത്.

"</p

2013ല്‍ തീരുമാനിച്ച വേതനം പോലും ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല. 12,500 ആണ് ഇവിടുത്തെ സ്ഥിരം സ്റ്റാഫിന്റെ വേതനം. ഒരു വര്‍ഷമായാലും 25 വര്‍ഷമായാലും അതേ വേതനം തന്നെയാണ്. ഞങ്ങളുടെ കയ്യില്‍ നിന്ന് തന്നെയാണ് മുഴുവനായും പി.എഫ്. പിടിക്കുന്നത്. പകുതി ആശുപത്രി മാനേജ്‌മെന്റ് നല്‍കുന്നില്ല. എല്ലാ കട്ടിങ്ങും കഴിഞ്ഞ് 11,000 രൂപയാണ് ആകെ കിട്ടുന്നത്. നമുക്കോ ബന്ധുക്കള്‍ക്കോ അസുഖം വന്നാല്‍ ആശുപത്രിയില്‍ നിന്ന് ഒരിളവും ലഭിക്കുന്നില്ല.

ഇത്രയും കാലം ബോണസ് എന്ന് പറഞ്ഞ് കൊടുത്തിരുന്നത് 750ഉം 1000 രൂപയുമാണ്. സമരം തുടങ്ങിയപ്പോള്‍ സമരത്തിനിറങ്ങാതെ ജോലി ചെയ്യുന്ന, ആറ് മാസം മാത്രം സര്‍വീസ് ആയവര്‍ക്ക് പോലും 6500 രൂപ ബോണസ് നല്‍കി. അത് ആശുപത്രിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അനാവശ്യമായി ഞങ്ങളുടെ ശമ്പളത്തില്‍ നിന്ന് പണം പിടിക്കും. ട്രോമ യൂണിറ്റില്‍ ഈച്ച കയറിയതിന് 500 രൂപയാണ് പിടിച്ചത്. ഡോക്ടര്‍മാര്‍ റൗണ്ട്സിന് വരുമ്പോള്‍ ചെരുപ്പ് റാക്കിലല്ലെങ്കില്‍ അപ്പോഴുള്ള സ്റ്റാഫില്‍ നിന്ന് പണം പിടിക്കും. സൈക്കാട്രി വിഭാഗത്തിലെ ഒരു രോഗി ഓടിയതിന് അയാളുടെ ബില്ലടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ അടക്കേണ്ടി വന്നു. നിശ്ചിത സമയം കഴിഞ്ഞ് ബൈസ്റ്റാന്‍ഡര്‍മാരല്ലാത്തവര്‍ മുറികളില്‍ നിന്നാല്‍ നഴ്‌സുമാരില്‍ നിന്ന് 50 രൂപ ഫൈന്‍ ഈടാക്കും.

യു.എന്‍.എ. സമരം നടന്നതിന് ശേഷം പല ആശുപത്രികളിലും വിവിധ ഷിഫ്റ്റുകള്‍ എല്ലാം നടപ്പാക്കി. എന്നാല്‍ ഇവിടെ അതുണ്ടായില്ല. ഇതിനെതിരെ ഞങ്ങളുടെ രക്ഷിതാക്കള്‍ ചേര്‍ന്ന് ഒരു പ്രതിഷേധ റാലി നടത്തി. ആ റാലിയില്‍ ഫ്‌ളക്‌സ് പിടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് രണ്ട് ജീവനക്കാരെ ഇവര്‍ പുറത്താക്കിയത്. ‘എന്‍ഡ് ഓഫ് സര്‍വീസ്’ എന്ന് പറഞ്ഞ് ഒരു സര്‍ട്ടിഫിക്കറ്റും അവര്‍ക്ക് നല്‍കി. കാരണം ചോദിച്ചപ്പോള്‍ നിങ്ങള്‍ റാലിയ്ക്ക് ബാനര്‍ പിടിച്ചു, മുദ്രാവാക്യം വിളിച്ചു എന്ന ന്യായമാണ് പറഞ്ഞത്. ആവര്‍ രണ്ട് പേരും കെ.വി.എമ്മില്‍ തന്നെ പഠിച്ച് ഇവിടുത്തെ റേഡിയേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ്.’

സ്ഥിരം സ്റ്റാഫുകള്‍ക്ക് പുറമെ ടെംപററി, വോളന്ററി എന്ന പേരുകളില്‍ നഴ്‌സുമാരെ നിയമിക്കുന്നതായും പരാതിയുണ്ട്. അയ്യായിരവും ആറായിരവും ശമ്പളം നല്‍കിയെടുക്കുന്ന ഇവരെ ഏഴും എട്ടും വര്‍ഷം കഴിഞ്ഞാണ് സ്ഥിരപ്പെടുത്തുന്നതെന്ന ആരോപണവും സമരക്കാര്‍ ഉന്നയിക്കുന്നു. കരാറടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കാനുള്ള ലൈസന്‍സ് ആശുപത്രിയ്ക്കില്ലാതിരിക്കെ അനധികൃതമായാണ് ഇത് നടപ്പാക്കുന്നതെന്നാണ് ആരോപണം.

യു.എന്‍.എ. ഏരിയാ സെക്രട്ടറി ആര്യ സംസാരിക്കുന്നു: ‘കഴിഞ്ഞ 21ന് ലേബര്‍ ഓഫീസറുമായുള്ള ചര്‍ച്ച പാളിയപ്പോഴാണ് ഞങ്ങള്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. ജൂലൈ 31ന് ഞങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു. അത് 14 ദിവസത്തെ നോട്ടീസ് ആയിരുന്നു. ഓഗസ്റ്റ് 14ന് ആലപ്പുഴ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടന്നു. എന്നാല്‍ ചര്‍ച്ച പരാജയമായതോടെ ലേബര്‍ ഓഫീസര്‍ ഒരാഴ്ചത്തെ സമയം ഞങ്ങളോടാവശ്യപ്പെട്ടു. പിന്നീട് 21ന് വീണ്ടും ചര്‍ച്ച. എന്നാല്‍ അതും പരാജയമായിരുന്നു. റീജ്യണല്‍ ലേബര്‍ ഓഫീസറുമായി കൊല്ലത്ത് വച്ച് പോലും ചര്‍ച്ച ചെയ്തു. എന്നാല്‍ ഇതേവരെ തീരുമാനമായില്ല.

"</p

രണ്ടും മൂന്നും തട്ടിലാണ് ഇവിടുത്തെ നഴ്‌സുമാരുള്ളത്. ഒരാള്‍ സ്ഥിരം സ്റ്റാഫാണെങ്കില്‍ അടുത്തത് ടെംപററി, വേറെരാള്‍ വോളന്ററി സ്റ്റാഫ്. രണ്ട് പേരെ പിരിച്ചുവിട്ടത് കരാര്‍ അടിസ്ഥാനത്തിലാണ് അവരെ എടുത്തതെന്ന് പറഞ്ഞാണ്. നഴ്‌സിങ് ജോലിയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ വയ്ക്കാന്‍ പറ്റില്ല. ഇനി അങ്ങനെവേണമെങ്കില്‍ അതിനുള്ള ലൈസന്‍സ് വേണം. ആശുപത്രി മാനേജ്‌മെന്റിനുള്ള ലൈസന്‍സ് സ്വീപ്പര്‍മാരേയും സെക്യൂരിറ്റി സ്റ്റാഫുകളേയും കരാറടിസ്ഥാനത്തില്‍ വക്കാനാണ്.

2013ല്‍ പറഞ്ഞ മിനിമം വേതനം ഒമ്പതിനായിരത്തിന് മുകളില്‍ വരും. അത് പോലും പലര്‍ക്കും ലഭിക്കുന്നില്ല. കിട്ടുന്നത് തന്നെ ഇവിടുത്തെ സ്ഥിരം സ്റ്റാഫിനാണ്. ഞാന്‍ ഇവിടുത്തെ സ്ഥിരം സ്റ്റാഫാണ്. എനിക്ക് കിട്ടുന്ന ബേസിക് സാലറി 8500 രൂപയാണ്. പിന്നെ ഡി.എയും മറ്റും കൂട്ടുമ്പോഴാണ് 12,500 ആവുന്നത്. കയ്യില്‍ അത്രയും കിട്ടുകയുമില്ല. സീനിയോറിറ്റി അനുസരിച്ച് ശമ്പള വര്‍ധനവ് ഉണ്ടാവുന്നുമില്ല. 30 വര്‍ഷമായി ജോലി ചെയ്യുന്നവര്‍ക്കും ഇപ്പോള്‍ ജോലിക്ക് കയറുന്നവര്‍ക്കും ഒരേ ശമ്പളമാണ്. 2017ലെ പുതിയ നിയമങ്ങള്‍ മാനേജ്‌മെന്റ് പാലിക്കുമെന്ന് ഒരുറപ്പുമില്ല. കാരണം 2013ലെ സേവനവേതന വ്യവസ്ഥകള്‍ പോലും ഇവിടെ നടപ്പാക്കിയിട്ടില്ല. 2017മാര്‍ച്ചില്‍ ലേബര്‍ ഓഫീസില്‍ നിന്നുള്ള പരിശോധനകള്‍ നടന്നതിന് ശേഷമാണ് അമ്പതോളം പേരെ ഇവര്‍ സ്ഥിരപ്പെടുത്തിയത്. ഇനിയും ബാക്കി പതിനെട്ട് താത്ക്കാലിക സ്റ്റാഫുകളുണ്ട്. അവരെ കരാറടിസ്ഥാനത്തിലാണെന്ന് പറഞ്ഞ് ഇവര്‍ക്ക് പറഞ്ഞുവിടാം. ഇന്ന് ഒരു ചര്‍ച്ച കൂടിയുണ്ട്. യു.എന്‍.എ പ്രതിനിധികളും സമരക്കാരും മന്ത്രിമാരായ തോമസ് ഐസക്കും പി.തിലോത്തമനും ലേബര്‍ ഓഫീസറും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം അവര്‍ കരാര്‍ ഒപ്പിടുകയാണെങ്കില്‍ ഞങ്ങള്‍ സമരം അവസാനിപ്പിക്കും.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍