UPDATES

തെരുവുനായ ആക്രമണം; നഷ്ടപരിഹാര തുക വെട്ടിക്കുറച്ചു, ശമ്പളവുമില്ല, ഓഫിസ് ചെലവിനുള്ള പണവുമില്ല; ജ. സിരിജഗന്‍ കമ്മിറ്റിയുടെ അവസ്ഥയാണിത്

സുപ്രിം കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയാണ് തീര്‍ത്തും ശോചനീയമായ അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നത്‌

നഷ്ടപരിഹാര തുക വെട്ടിക്കുറച്ച് അഞ്ച് ലക്ഷമാക്കി, ഓഫീസ് ചിലവുകള്‍ക്ക് പണമില്ല. ഓഫീസ് സെക്രട്ടറിക്ക് ശമ്പളമില്ല – സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീകോടതിയുടെ നിര്‍ദ്ദേശപ്രകാരം 2016 സെപറ്റംബര്‍ ആദ്യം കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ അവസ്ഥയാണ്. പ്രവര്‍ത്തനം തുടങ്ങി ഒന്നര വര്‍ഷത്തോളമായിട്ടും തനിക്ക് ഇതുവരെ ശമ്പളം കിട്ടിയിട്ടില്ലെന്നാണ് സിരിജഗന്‍ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിയും കേരള ഹൈക്കോടതിയില്‍ നിന്ന് വിരിച്ച ജീവനക്കാരനുമായ ഇ.കെ നാരായണന്‍കുട്ടി പറയുന്നത്.

16 മാസമായി ശമ്പളമില്ലാതെ ജോലിചെയ്യുന്നു. നിശ്ചയിച്ചതനുസരിച്ച് ഇതുവരെ നാല് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് കിട്ടാനുള്ളത്. തനിക്ക് ശമ്പളം കിട്ടിയിട്ടില്ലെന്ന് കാണിച്ച് എല്‍ എസ് ജി ഡിപ്പാര്‍ട്ട്മെന്റില്‍   പരാതി കൊടുത്തിരുന്നു. എന്നാല്‍ ഫലമൊന്നും  ഉണ്ടായില്ല. തുടര്‍ന്ന് ഇക്കാര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ജസ്റ്റീസ് സിരിജഗന്‍ സുപ്രീകോടതിയില്‍ 2017 ജൂണ്‍ 30ന് സുപ്രീകോടതിയില്‍ റിപ്പോര്‍ട്ട് (നമ്പര്‍ 11) സമര്‍പ്പിച്ചു. പ്രതികരണം ഒന്നും ഉണ്ടാകാത്തതിനാല്‍ സെപ്റ്റംബര്‍ ഒമ്പതിന് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു (നമ്പര്‍ 13) – ഒന്നിനും ഫലമുണ്ടായില്ല. പെന്‍ഷന്‍ കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത് – നാരായണന്‍കുട്ടി പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ അഫേഴ്സ് ആണ് ഇദ്ദേഹത്തിന് ശമ്പളം നല്‍കേണ്ടത്. എന്നാല്‍ അതിനുള്ള ഫണ്ടില്ലെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തുകയാണ്.

ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള തുക ജീവനക്കാര്‍ സ്വന്തം കയ്യില്‍ നിന്നെടുക്കണം

തെരുവുനായ ആക്രമണത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാനത്തെ പല ഇടങ്ങളില്‍ നിന്നായി ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്ക് ദിവസത്തില്‍ പത്തിലധികം പരാതികളാണ് ലഭിക്കുന്നത്. പരാതികളില്‍ തുടര്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയാണ് കമ്മിറ്റി ചെയ്യുന്നത്. ഇതിനുള്ള ചിലവുകളും ജീവനക്കാര്‍ എടുക്കണ്ട അവസ്ഥയാണ്. പോസ്റ്റിംഗ് ചാര്‍ജ്, രജിസ്ട്രേഷന്‍, ബൈന്‍ഡിംഗ് ചാര്‍ജ് എന്നിവയക്കുള്ള ചിലവാണ് ജീവനക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുക്കുന്നത്. ഈ ഇനത്തില്‍ 26,000 രൂപയോളമാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. സമിതി പ്രവര്‍ത്തനം തുടങ്ങി ഇതുവരെ 1101 പരാതികളാണ് ലഭിച്ചിട്ടുള്ളത്. 2016ല്‍ 391, 2017ല്‍ 660, 2018 ഇതുവരെ 50 എന്നിങ്ങനെ.

സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാര തുക അഞ്ച് ലക്ഷമാക്കി വെട്ടിക്കുറച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് നഷ്ടപരിഹാര തുക അഞ്ച് ലക്ഷം രൂപയാക്കി വെട്ടിക്കുറച്ചു. തെരുവുനായ കടിച്ച് ഗുരുതര പരിക്കുണ്ടെങ്കിലും അഞ്ച് ലക്ഷത്തിന് മേല്‍ നഷ്ടപരിഹാര തുക നല്‍കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതുവരെ 40 പേര്‍ക്കാണ് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം നഷ്ടപരിഹാര തുക നല്‍കിയിരിക്കുന്നത്.  2017 നവംബര്‍ മൂന്നിന് 104 പേര്‍ക്ക് നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് കൊടുത്തിട്ടുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നഷ്ടപരിഹാര തുകയ്ക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചത്. പദ്ധതികളുടെ നടത്തിപ്പിന് തന്നെ പണം തികയുന്നില്ലെന്നും നഷ്ടപരിഹാര തുക വെട്ടിക്കുറയ്ക്കണമെന്നുമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരമാണ് തുക വെട്ടിക്കുറച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.

സംസ്ഥാനത്ത് ഓരോ വര്‍ഷവും നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി 2016ല്‍ ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീകോടതിയുടെ നിര്‍ദ്ദേശ പ്രകാരം നിയമിച്ചത്. നായക്കളുടെ കടി, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്ഷതം, മരുന്നിന്റെയും വാക്സിന്റെയും ലഭ്യത, മരണം, തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരത്തിനായി സുപ്രീംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതാണ് സമിതിയുടെ പ്രധാന ചുമതല. പിന്നീട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് അര്‍ഹതപ്പെട്ടവര്‍ക്ക് തുക നല്‍കുന്നത്. മൂന്നംഗ സമിതിയില്‍ ജസ്റ്റിസ് സിരിജഗന്‍ ചെയര്‍മാനായും, നിയമ സെക്രട്ടറിയായി ബിജി ഹരീന്ദ്രനാഥ്, ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ.ആര്‍ രമേശും ഉള്‍പ്പെടുന്നു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍