UPDATES

ട്രെന്‍ഡിങ്ങ്

നവലിബറല്‍, ഫാഷിസ്റ്റ്‌ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ടിപിയുടെ രക്തസാക്ഷിത്വം നല്‍കുന്ന കരുത്ത്

”തീവ്രവാദികളും NGO സംഘടനകളും ഏറ്റെടുത്തു എന്ന് പറഞ്ഞ് ഒരു സമരത്തില്‍ നിന്നും മാറി നില്‍ക്കുക എന്നതല്ല മാര്‍ക്‌സിസ്റ്റ് രീതി. ശരിയായ ദിശയില്‍ ബഹുജന സംഘാടനവും പ്രക്ഷോഭവും നടത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവയില്‍ ഇടപെടാന്‍ ബാദ്ധ്യതയുണ്ട്. അല്ലാതെ ബ്രാന്റ് ചെയ്ത് സമരങ്ങളില്‍ പങ്കെടുക്കാതിരിക്കുകയല്ല .” എന്ന് ടി.പി. ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

സിബി ടികെ

സിബി ടികെ

ടി.പി രക്തസാക്ഷിയായതുകൊണ്ടാണ് തളിപ്പറമ്പ് പോലൊരു ദേശത്ത് താനിപ്പോഴും കൊല്ലപ്പെടാതിരിക്കുന്നത് എന്നാണ് വടകരയില്‍ നടന്ന ടി പി അനുസ്മരണ സെമിനാറില്‍ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞത്. വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണിത്. പിറകേ വരുന്ന അനേകം ജീവല്‍സമരങ്ങളില്‍ നിര്‍ഭയമായി അണിനിരക്കാന്‍ ആളുകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ഒന്നായി ടി.പി.യുടെ രക്തസാക്ഷിത്വം. ഇടതുപക്ഷത്തെ സ്വാധീനിക്കുന്ന നവലിബറല്‍ മൂലധന താല്‍പര്യങ്ങള്‍ക്കെതിരായ ഉള്‍പ്പാര്‍ട്ടി സമരത്തിന്‍റെ ശക്തനായ വക്താവായിരുന്നു ടി.പി ചന്ദ്രശേഖരന്‍.

സി.പി.എം ഔദ്യോഗിക നേതൃത്വം സര്‍വസന്നാഹങ്ങളുമുപയോഗിച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടും ആ സമരത്തിലുയര്‍ന്ന ചോദ്യങ്ങള്‍ അവസാനിച്ചില്ല. അതൊരു ആഭ്യന്തര സംഘടന പ്രശ്‌നമാക്കി അവതരിപ്പിക്കാനാണ് നേതൃത്വം ശ്രമിച്ചത്. എന്നാല്‍ കേരളത്തിന്റെ ഭൂവിനിയോഗത്തെ, നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടേയും കുന്നുകളുമടങ്ങുന്ന പാരിസ്ഥിതിക സുസ്ഥിരതയുടേതുമടക്കം ഒട്ടനേകം പ്രമേയങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഇന്ന് നമുക്ക് മനസിലാവുന്നുണ്ട്. പാര്‍ട്ടി നേതൃത്വം വിഭാഗീയത അവസാനിപ്പിച്ചു എന്ന് പറയുമ്പോള്‍ ഉയരുന്ന ചോദ്യം അന്ന് ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ എന്തെങ്കിലും പരിഹരിച്ചിട്ടാണോ ഈ അവസാനിപ്പിക്കല്‍ അവര്‍ക്ക് സാധ്യമായതെന്നാണ്. ചോദ്യം ചോദിച്ച സഖാക്കളെ അപവാദം പ്രചരിപ്പിച്ചു പുറത്താക്കിയും പ്രലോഭിപ്പിച്ച് ഒപ്പം നിര്‍ത്തിയുമല്ലാതെ എന്ത് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടായിട്ടുള്ളത്? ഇന്നിപ്പോള്‍ LDF ഭരണത്തില്‍ ഈ വസ്തുത കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്നു. സാമ്രാജ്യത്വത്തിന്റെ ഉയര്‍ന്ന രൂപമായാണ് ഫാഷിസത്തെ മാര്‍ക്്‌സിസം മനസിലാക്കുന്നത്. പുതിയ കാലത്തെ സാമ്രാജ്യത്വത്തിന്റെ രൂപമാണ് നവലിബറലിസം. ഭരണമുള്ള സ്ഥലങ്ങളില്‍ നവലിബറല്‍ നയങ്ങള്‍ ഏറ്റവും ശക്തമായി നടപ്പാക്കുകയും അതിന് വേണ്ടി ഏതറ്റം വരെയും ബലം പ്രയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കാനാവുക?

പുതുവൈപ്പിനിലും മുക്കത്ത് ഗ്യാസ് ലൈന്‍ വിരുദ്ധ സമരത്തിലുമടക്കം ജനങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന പോലീസ് നയം ഇടതുപക്ഷ/ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധവും ജനദ്രോഹകരവുമാണ്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും നടത്തുന്ന ഉജ്ജ്വല പ്രക്ഷോഭങ്ങളെ ജനാധിപത്യ ബോധമുള്ളവര്‍ സ്വാഗതം ചെയ്യും. പക്ഷേ ദേശീയപാതകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുമെതിരായ മുദ്രാവാക്യങ്ങള്‍ ഈ സമരങ്ങളുടെ കേന്ദ്രാശയങ്ങളാണ്. ഇതര സംസ്ഥാനങ്ങളില്‍ ഈ മുദ്രാവാക്യങ്ങളുയര്‍ത്തി സമരം ചെയ്യുന്നവര്‍ ഭരിക്കുന്ന സംസ്ഥാനമായ കേരളത്തില്‍ കീഴാറ്റൂരടക്കം എല്ലായിടത്തും അതേ നയങ്ങള്‍ നടപ്പാക്കപ്പെടുന്നു. അവയെ ചെറുക്കുന്നവര്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നു. നെല്‍വയല്‍ സംരക്ഷണ നിയമവും ക്വാറി നിയന്ത്രണ നിയമവും ഉദാരീകരിക്കപ്പെടുന്നു.

കുടിയിറക്ക് ഭീഷണി നേരിടുന്ന ജനതയുടെ ചെറുത്തുനില്പുകളെ മാവോയിസ്റ്റുകളും തീവ്രവാദികളുമെന്ന് ചിത്രീകരിച്ച് രാഷ്ട്രിയ പ്രചാരണം സംഘടിപ്പിക്കുന്നതില്‍ മോദിയേയും ഉത്തരേന്ത്യന്‍ ഭരണങ്ങളേയും അനുകരിക്കുകയാണ് കേരള സര്‍ക്കാറും സി പി എമ്മും. ടി.പി ജീവിച്ചിരുന്ന കാലത്ത് കാണിച്ചു തന്ന ഒരു മാതൃകയുണ്ട്. ദേശീയ പാത സ്വകാര്യവല്‍ക്കരണത്തിനെതിരെ കേരളത്തില്‍ ആരംഭിച്ച സമരത്തിന്റെ മുന്നണിപ്പോരാളിയും സംഘാടകനുമായിരുന്നു ടി.പി ചന്ദ്രശേഖരന്‍.

”തീവ്രവാദികളും NGO സംഘടനകളും ഏറ്റെടുത്തു എന്ന് പറഞ്ഞ് ഒരു സമരത്തില്‍ നിന്നും മാറി നില്‍ക്കുക എന്നതല്ല മാര്‍ക്‌സിസ്റ്റ് രീതി. ശരിയായ ദിശയില്‍ ബഹുജന സംഘാടനവും പ്രക്ഷോഭവും നടത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവയില്‍ ഇടപെടാന്‍ ബാദ്ധ്യതയുണ്ട്. അല്ലാതെ ബ്രാന്റ് ചെയ്ത് സമരങ്ങളില്‍ പങ്കെടുക്കാതിരിക്കുകയല്ല .” എന്ന് ടി.പി. ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇത് എ.കെ.ജി.യും കൃഷ്ണപ്പിള്ളയും മണ്ടോടിക്കണ്ണനും കാണിച്ചുതന്ന പൊതുപ്രവര്‍ത്തന മാതൃകയാണ്. കേരളത്തിലെ എണ്ണമറ്റ ജീവല്‍ സമര സ്ഥലങ്ങളില്‍ ഞങ്ങള്‍ ഐക്യദാര്‍ഢ്യവുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ദേശീയപാതാ സ്വകാര്യവല്‍ക്കരണത്തിനും മെട്രോ റെയില്‍ പദ്ധതി കുടിയിറക്കിനുമെതിരെ ഒഞ്ചിയത്തടക്കം സ്വാധീനമേഖലകളില്‍ ഞങ്ങള്‍ നിരന്തര സമരത്തിലുമാണ്.

വര്‍ഗീയതയ്ക്കും ഫാഷിസത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരെ നിരവധി സമരങ്ങളും പ്രചാരണങ്ങളും ഞങ്ങള്‍ നടത്താറുണ്ട്. പക്ഷേ അവ മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കാറില്ല എന്ന് മാത്രം. ഞങ്ങള്‍ സിപിഎം വിരുദ്ധര്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. പൊതുവില്‍ മേല്‍പ്പറഞ്ഞ ഭരണവര്‍ഗ രാഷ്ട്രീയ വിമര്‍ശനത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. ടി.പി.യുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് അന്യായമായി പരോള്‍ അനുവദിച്ചതും ജയിലില്‍ സുഖവാസം അനുവദിക്കുന്നതും പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സിപിഎമ്മിനെ അല്ലാതെ മറ്റാരെ വിമര്‍ശിക്കും?

യുവജന സര്‍ഗാത്മകതയ്ക്കും കലാഭിരുചിക്കും മാതൃകാപരമായ വേദിയൊരുക്കി നടത്തിയ ഒഞ്ചിയത്ത് ഞങ്ങള്‍ നടത്തിയ യൂത്ത് ഫെസ്റ്റ് CPM കുടുംബങ്ങളുടെ പോലും അംഗീകാരം നേടിയിരുന്നു. ഭരണ ലബ്ധിക്ക് ശേഷം സമാനതകളില്ലാത്ത ആക്രമണ പരമ്പരയ്ക്ക് നടുവില്‍ നിന്നാണ് ഞങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ പരിമിതികളോടെ സംഘടിപ്പിക്കുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങളെ മുന്‍നിര്‍ത്തി RMPI അണികളാകെ CPM ലേക്ക് പോവുന്നുവെന്നാണ് വ്യാപക പ്രചാരണം . പലരും ഞങ്ങളോട് ചോദിക്കുന്നുണ്ട് നിങ്ങള്‍ എങ്ങനെയാണ് ഈ വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന്.

ടി.പി.യുടെ മരണമൊഴി പോലെയുള്ള അവസാന പ്രസംഗം ഓര്‍ത്തുകൊണ്ട് പറയട്ടെ. ”ഭാവിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക എന്ന അങ്ങേയറ്റം ശ്രമകരവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനത്തിലാണ് നാം ഏര്‍പ്പെട്ടിരിക്കുന്നത് . എന്തെല്ലാം വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും ഒരു ശക്തിക്കും നമ്മെ പിന്തിരിപ്പിക്കാന്‍ കഴിയില്ല ” ഇതാണ് ഞങ്ങള്‍ക്ക് ആത്മസഖാവ് പകര്‍ന്നു തന്ന ഒസ്യത്ത്. അതിന്റെ ബലത്തില്‍ ഒഞ്ചിയത്തും തളിക്കുളത്തും മാത്രമല്ല തമിഴ്‌നാട്ടിലും പഞ്ചാബിലും മഹാരാഷ്ട്രയിലുമൊക്കെയായി ചന്ദ്രശേഖരന്റെ രാഷ്ട്രീയം വളരുകയാണ്. ഒപ്പം മുഖ്യധാരാ രാഷ്ട്രീയം കണ്ണടക്കുന്ന ജീവല്‍ സമരങ്ങളില്‍ ഐക്യഗാഥയായ് ആ രക്തസാക്ഷി സ്മൃതി ഉദിച്ചുയരുന്നു. അതാണ് മെയ് നാലിന്റെ ശുഭാപ്തി വിശ്വാസം.

(റെവലൂഷണറി യൂത്ത് സംസ്ഥാന കണ്‍വീനര്‍ ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സിബി ടികെ

സിബി ടികെ

റെവലൂഷണറി യൂത്ത് (ആര്‍എംപിയുടെ യുവജന സംഘടന) നേതാവ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍