UPDATES

ഒഖി: നമ്മുടെ ദുരന്തനിവാരണ വകുപ്പ് ഒരു ‘ദുരന്തമോ’? വ്യാപക വിമര്‍ശനം

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വ്യത്യസ്തമായി, വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുകയായിരുന്നു. ഇത് മുന്‍കൂട്ടി അറിയാന്‍ കഴിയില്ലെന്ന് ദുരന്ത നിവാരണ വകുപ്പ്

സംസ്ഥാനത്ത് ദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം ‘ഒഖി’ ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ടായ കനത്ത വീഴ്ച. കോടികള്‍ മുടക്കി ദുരന്തം മുന്‍കൂട്ടി അറിയാനും സുരക്ഷാ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടും ഇതിനായില്ല എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ബുധനാഴ്ച ഉച്ച രണ്ടരയോടെ തന്നെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഇത് സംബന്ധിച്ച ഫാക്‌സ് സന്ദേശം കൈമാറിയിരുന്നുവെന്നാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം. ഈ സന്ദേശത്തില്‍ ചുഴലിക്കാറ്റ് സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നില്ലെങ്കിലും സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ തുടര്‍ന്നുളള നാല്‍പത്തിയെട്ട് മണിക്കൂര്‍ കടലില്‍ പോവരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാരിനേയോ മത്സ്യത്തൊഴിലാളികളേയോ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മത്സ്യബന്ധനത്തിനായി പോയ ബോട്ടുകളാണ് കാണാതായിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണി മുതല്‍ വ്യാഴാഴ്ച 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശങ്ങളില്‍ ശക്തമായ തിരുയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആദ്യ സന്ദേശത്തില്‍ തന്നെ നല്‍കിയിരുന്നവെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. സന്ദേശം ലഭിച്ചയുടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നു.

കൊച്ചിയില്‍ നിന്നു മാത്രം 213 ബോട്ടുകളാണ് കാണാതായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ പല ബോട്ടുകളെക്കുറിച്ചും ഇതേവരെ വിവിരം ലഭിച്ചിട്ടില്ല. കടലില്‍ നിന്നും തിരികെയെത്തിയ മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധമാണെന്ന വിവരമാണ് നല്‍കുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ പങ്കുവക്കുന്ന അറിവ് പോലും ഇക്കാര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് ആധികാരികമായി പറയാനില്ലെന്നതാണ് യാഥാര്‍ഥ്യം. ചുഴലിക്കാറ്റോ, പേമാരിയോ, തിരയും വരുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ഒരറിയിപ്പും ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കേരളത്തില്‍ ചുഴലിക്കൊറ്റ് പതിവല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ഒരു മുന്‍ധാരണയോടെയാണ് അധികൃതര്‍ പെരുമാറിയതെ ആക്ഷേപവും ഉയരുന്നുണ്ട്.

കാണാതായവരെ കണ്ടെത്തുന്നതില്‍ അധികൃതരുടെ അലംഭാവം തീരദേശവാസികള്‍ റോഡ് ഉപരോധിക്കുന്നു

മത്സ്യത്തൊഴിലാളി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് പറയുന്നു ”വളരെ ഗുരുതരമായ വീഴ്ചയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. കേരളത്തില്‍ വന്‍ തിരകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന വിവരം ദുരന്തനിവാരണ അതോറിറ്റിക്ക് മുമ്പ് തന്നെ ലഭിച്ചതാണ്. എന്നാല്‍ ഇക്കാര്യം മത്സ്യത്തൊഴിലാളികളെ അറിയിക്കുകയോ കടലില്‍ പോകുന്നതില്‍ നിന്ന് അവരെ വിലക്കാനോ അതോറിറ്റിക്കായില്ല. ലോക രാജ്യങ്ങളെല്ലാം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് കാലാവസ്ഥാ നിരീക്ഷണം നടത്തുന്നു. ഇവിടെയും ഏഴ് കോടി രൂപ മുടക്കിയാണ് അതോറിറ്റിയുടെ ഓഫീസും അതിനുള്ള സംവിധാനങ്ങളുമൊരുക്കിയിരിക്കുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പലപ്പോഴും അത് പ്രയോജനപ്പെടാറില്ല. ഇന്നലെയാണ് ചുഴലിക്കാറ്റുണ്ടാവുത്. അതിന് നാല്‍പത്തെട്ട് മണിക്കൂറിന് മുമ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ടതാണ്. ബുധനാഴ്ചയെങ്കിലും മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കടലിലുള്ളവരില്‍ ഭൂരിഭാഗം പേരും ബോട്ടിറക്കില്ലായിരുന്നു. 1994ന് ശേഷം കേരളത്തില്‍ ഒരു ചുഴലിക്കാറ്റ് വിന്നിട്ടില്ല. അതിനാല്‍ ഇവിടെയെത്തുമ്പോള്‍ കാറ്റ് ശക്തികുറഞ്ഞ് ഒഴിഞ്ഞ് പോവുമൊേ മറ്റോ ആയിരുിരിക്കണം ഉദ്യോഗസ്ഥരുടെ ധാരണയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. കാറ്റിന്റെ ഗതി മനസ്സിലായിട്ടും ഉച്ചക്ക് 12 മണി കഴിഞ്ഞാണ് അറിയിപ്പ് വരുന്നത്”.

വ്യാഴാഴ്ച രാവിലെ മുതല്‍ തെക്കന്‍ ജില്ലകളില്‍ പേമാരിയും കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലുമടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരങ്ങള്‍ കടപുഴകിയും, കെട്ടിടങ്ങള്‍ തകര്‍ന്നും നിരവധി അപകടങ്ങളുണ്ടാവുകയും ചെയ്തു. നാല് പേരുടെ മരണത്തിനും കാരണമായി. എന്നാല്‍ ഇതെല്ലാം സംഭവിക്കുമ്പോഴും ഉച്ചയ്ക്ക് 12.30ഓടെ മാത്രമാണ് ദുരന്തനിവാരണ അതോറിറ്റി കേരളത്തില്‍ ചുഴലിക്കാറ്റ് വീശുമെന്നും കനത്ത ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പ് നല്‍കുന്നത്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായുള്ള സന്ദേശങ്ങളും അറിയിപ്പുമാണ് ദുരന്ത നിവാരണ സേനക്ക് വ്യാഴാഴ്ച ഉച്ചവരെ ലഭിച്ചത്. എന്നാല്‍ ന്യൂനമര്‍ദ്ദം അറിയിച്ചുകൊണ്ടുള്ള ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റേയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും ഓരോ സന്ദേശത്തിലും പേമാരിക്കും ശക്തമായ കാറ്റിനും തിരയ്ക്കും കടല്‍ക്ഷോഭത്തിനുമുള്ള സാധ്യതകളും മത്സ്യത്തൊഴിലാളികളടക്കം പാലിക്കേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങളും അടങ്ങിയിരുന്നു. ഇത് കണക്കിലെടുക്കാതെ ശാസ്ത്രീയമായ വിശദീകരണത്തിനായി ദുരന്ത നിവാരണ വകുപ്പ് കാത്തിരുന്നതാണ് അപകടം ഇത്രയേറെ വര്‍ധിക്കാന്‍ കാരണമായത്.

തെക്കന്‍ കേരളത്തിലെ ചുഴലിക്കാറ്റ്: എടുക്കേണ്ട മുന്‍കരുതലുകള്‍

ചുഴലിക്കാറ്റിനുള്ള സാധ്യതകള്‍ ഉറപ്പിക്കാതെ ഇക്കാര്യം ജനങ്ങളുമായോ സര്‍ക്കാരിനോടോ പറയാന്‍ കഴിയില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍ ശേഖര്‍ പറയുത്. ”ബുധനാഴ്ച 2.30ന് ചുഴലിക്കാറ്റ് മുറിയിപ്പുണ്ടായിരുില്ല. ശ്രീലങ്കയുടെ വടക്കന്‍ മേഖലകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു എന്ന അറിയിപ്പാണ് ലഭിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നു ലഭിച്ച അറിയിപ്പില്‍ കന്യാകുമാരിയിലും സമീപ പ്രദേശങ്ങളിലും ന്യൂനമര്‍ദ്ദമുണ്ടാവുന്നുണ്ടെന്നും കേരളത്തെ ഇത് കേരളത്തില്‍ നിന്നും ദൂരെയാണെന്നുമുള്ള സന്ദേശം ലഭിച്ചു. 8.30ന് കന്യാകുമാരിയില്‍ കടുത്ത ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ലക്ഷദ്വീപിനെ ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുന്നതായും അറിയിപ്പ് ലഭിച്ചു. എന്നാല്‍ ന്യൂനമര്‍ദ്ദമേഖലയുടെ അരിക് ചേര്‍ന്നു കാറ്റ് പോവാനിടയുണ്ടെങ്കിലും കേരളത്തെ ബാധിക്കില്ലെന്ന മുന്നറിയിപ്പാണ് ലഭിച്ചത്. 12 മണിക്ക് മാത്രമാണ് കേരളത്തില്‍ ചുഴലിക്കാറ്റ് എന്ന അറിയിപ്പ് ലഭിക്കുന്നത്. തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുകയും പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വ്യത്യസ്തമായി, വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുകയായിരുന്നു. ഇത് മുന്‍കൂട്ടി അറിയാന്‍ കഴിയില്ല. ന്യൂനമര്‍ദ്ദം ഇവിടെ ഒരു സ്ഥിരം പ്രതിഭാസമായതിനാല്‍ ന്യൂനമര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ സാധാരണ പ്രത്യേകകാര്യങ്ങള്‍ ചെയ്യാറില്ല. സുനാമി ഉണ്ടാവാന്‍ പോവുന്നു എന്ന തരത്തില്‍ വ്യാജ സന്ദേശങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു. പക്ഷെ വാസ്തവമെന്താണെുവച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ ഇത്തരത്തില്‍ ഒരു സന്ദേശങ്ങളും മുന്നറിയിപ്പുകളും കണക്കിലെടുക്കാറില്ല എന്നതാണ്.”

ശക്തമായ കാറ്റ്; തിരുവനന്തപുരം ജില്ലയില്‍ കനത്ത നാശനഷ്ടങ്ങള്‍-ചിത്രങ്ങള്‍

തിരുവനന്തപുരം ജില്ലയില്‍ കൂറ്റല്‍ ഫള്കസ് ബോര്‍ഡുകള്‍ നിലംപതിക്കുകയും മരങ്ങള്‍ കടപുഴകുകയും കാറ്റും മഴയും ശക്തമാവുകയും ചെയ്തിട്ടും സ്‌കൂളുകള്‍ പോലും ഉച്ചക്ക് 12.30 വരെ പ്രവര്‍ത്തിച്ചു. ഇതിനെതിരെയും ജനരോഷം ശക്തമാണ്. ഇടുക്കിയില്‍ മഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. അടിയന്തിര സാഹചര്യമുണ്ടായിട്ടും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനോ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതിനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയില്ല. പകരം ചുഴലിക്കാറ്റാണെന്ന് ഉറപ്പിക്കുന്ന സന്ദേശം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നു ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍