UPDATES

‘ആള് കൂടിയാൽ പാമ്പ് ചാവില്ല’; പിണറായി ഈ പഴഞ്ചൊല്ല് ഓര്‍ത്താല്‍ നന്ന്

ഉപദേഷ്ടാക്കള്‍ ഉപദേശിച്ചുപദേശിച്ചു കുളമാക്കിയ സെൻകുമാർ വിഷയം

കെ എ ആന്റണി

കെ എ ആന്റണി

ആള് കൂടിയാൽ പാമ്പ് ചാവില്ല എന്നൊരു നാടൻ ചൊല്ലുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ ഇതിനു ‘too many cooks spoil the broth’ എന്ന് പറയും. സെൻകുമാർ വിഷയത്തിൽ ഇന്നലെ ഉണ്ടായ സുപ്രീം കോടതി വിധി കാണുമ്പോൾ ഓര്‍മ്മ വരുന്നത് ഈ ചൊല്ല് തന്നെ. മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശകർ ഒന്നും രണ്ടുമൊന്നും അല്ല ഉള്ളത്. നിയമോപദേഷ്ടാക്കൾക്കും ഒട്ടും പഞ്ഞമില്ല. അഡ്വക്കറ്റ് ജനറലിനെ കൂടാതെ വേറെയുമുണ്ട് നിയമം ഉപദേശിക്കുന്നവർ. ഈ ഉപദേഷ്ടാക്കളാണ് ഉപദേശിച്ചുപദേശിച്ച് സെൻകുമാർ വിഷയം ഇത്രമേൽ കുളമാക്കിയതെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷം മാത്രമല്ല ഇന്നലെ സെൻകുമാർ വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞത് കേട്ട ആർക്കും സ്വാഭാവികമായി ഉണ്ടാകാവുന്ന ഒരു സംശയം തന്നെയാണിത്.

എന്നാൽ കുറ്റം നിയമോപദേശത്തിന്റേതല്ല എന്നാണ് നിയമമന്ത്രി ബാലന്റെ വാദം. സർക്കാരിന് പറയാനുള്ളത് കേൾക്കാൻ കോടതി തയ്യാറായില്ലെന്ന പരാതിയും ചില സിപിഎം നേതാക്കൾക്കും വക്താക്കൾക്കും ഉണ്ട്. അവരുടെ വിശ്വാസം അവരെ പൊറുപ്പിക്കട്ടെ. കോടതി ഒരു കാര്യം അർഥശങ്കക്ക് ഇടയില്ലാത്ത വിധം പറയുന്നു. എന്നാൽ കോടതി വിധി അത്ര വ്യക്തമല്ലെന്ന് സർക്കാരിന് തോന്നുന്നു. വിധിയിലെ അവ്യക്തത സംബന്ധിച്ച ആശങ്ക സർക്കാർ കോടതിയെ തെര്യപ്പെടുത്തുന്നു. ഇതിലിപ്പോൾ എന്താണ് കുഴപ്പം എന്നാണ് അവരുടെ ചോദ്യം.

ഈ പറയപ്പെടുന്ന അവ്യക്തതയിൽ ഒന്ന് സെൻകുമാറിന്റെ സ്ഥാനത്തെ ചൊല്ലിയുള്ളതാണ്. സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയായല്ല, സംസ്ഥാന പോലീസ് സേനയുടെ തലവനായാണ് നേരത്തെ നിയമിച്ചതെന്നും എന്നാൽ കോടതി ഉത്തരവായിരിക്കുന്നത് സംസ്ഥാന പോലീസ് മേധാവിയായി പുനർനിയമനം നടത്തണം എന്നതായിരുന്നു സർക്കാർ ഉന്നയിച്ച സംശയങ്ങളിൽ ഒന്ന്. മറ്റൊരു സംശയം സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ ഉത്തരവിൽ പരാമർശിക്കപ്പെട്ട മറ്റു മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് (ബെഹ്‌റ, ജേക്കബ് തോമസ്, സെൻകുമാർ) ഇനി എന്ത് ചുമതല നൽകണമെന്നും ആയിരുന്നു. ഇക്കാര്യത്തിൽ സർക്കാരിനുണ്ടായ ആശയകുഴപ്പം കോടതിക്ക് ഇല്ലായിരുന്നു എന്ന് മാത്രമല്ല വിധി നടപ്പാക്കാതിരിക്കാൻ സർക്കാർ നടത്തുന്ന ഉരുണ്ടുകളി നന്നായി മനസ്സിലാകുകയും ചെയ്തു. അതുകൊണ്ടു കൂടിയാണ് തികച്ചും ബാലിശമായ സംശയങ്ങൾ ഉന്നയിച്ചു കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് 25,000 രൂപ പിഴയും വിധിച്ചത്.

ഏറെ രസകരമായ ഒരു കാര്യം കൂടി കോടതി ഇന്നലെ പറയുകയുണ്ടായി. ‘നിങ്ങൾ എന്ത് കൂടിയാലോചന വേണമെങ്കിലും നടത്തിക്കൊള്ളൂ. പക്ഷെ കോടതി വിധി നടപ്പാക്കണം’ എന്ന്. ഇത് കേട്ടപ്പോൾ ഓര്‍മ്മ വന്നത് ഒരു പഴയ തമാശ ചൊല്ലാണ്. ഏതു പണി ഏല്പിച്ചാലും അത് കുളമാക്കുന്ന പണിക്കാരനോട് പണ്ടൊരു മുതലാളി ഇങ്ങനെ പറഞ്ഞത്രേ: ‘ആള് ബെഷ്ട്ടു, പണി ബെഷ്ട്ടു. പക്കേങ്കില് നാളെ മുതൽ പണിക്കു വരേണ്ട’. ഇത് തന്നെയാണ് സുപ്രീം കോടതി സർക്കാരിനും സർക്കാരിന്റെ നിയമോപദേശകർക്കും ഇന്നലെ നൽകിയ ഉപദേശം.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍