മതപരമായ കാരണങ്ങള്‍ കൊണ്ട് കുത്തിവയ്പ്പ് എടുക്കാന്‍ സാധിക്കില്ലെന്ന കടുംപിടിത്തമാണ്
മലപ്പുറത്ത് ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടു കൂടി ബാധിച്ച് മരിച്ച പെണ്‍കുട്ടി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലായിരുന്നു എന്ന് വ്യക്തമായതോടെ, ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുറച്ച് ആരോഗ്യവകുപ്പ്. എടപ്പാള്‍ സ്വദേശിനിയായ ആറുവയസ്സുകാരി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജൂണ്‍ ഒമ്പതാം തീയതി രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി, ബി.സി.ജി കുത്തിവയ്പ്പ് മാത്രമാണ് എടുത്തിരുന്നത്. ജനനസമയം മുതല്‍ അഞ്ചുവയസ്സുവരെ പല ഘട്ടങ്ങളായി നല്‍കേണ്ട ഡിപിടി കുത്തിവയ്പ്പാണ് ഡിഫ്തീരിയയെ പ്രതിരോധിക്കുന്നത്. എന്നാല്‍, ജില്ലയുടെ പല ഭാഗങ്ങളിലും പ്രതിരോധ കുത്തിവയ്പ്പിനെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ തന്നെ ഉയര്‍ന്നിരുന്നു. മതപരമായ വിശ്വാസം പോലുള്ള പല കാരണങ്ങളാല്‍ കുത്തിവയ്പ്പില്‍ നിന്നും വിട്ടു നിന്നവരുടെ എണ്ണം മലപ്പുറത്ത് താരതമ്യേന കൂടുതലായിരിക്കേയാണ് ഡിഫ്തീരിയ കഴിഞ്ഞ മാസങ്ങളില്‍ ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഡിഫ്ത്തീരിയ സംശയത്തില്‍ ഒരു മരണം കൂടി സംഭവിച്ചതോടെ, ഡി.എം.ഒയുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്.
പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരായി ഓരോ വാര്‍ഡിലും പല കുടുംബങ്ങളുണ്ടെങ്കിലും, മരണപ്പെട്ട കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. എടപ്പാള്‍ പഞ്ചായത്തിലെ അംഗങ്ങളാണെങ്കിലും, കുട്ടിയുടെ കുടുംബം പലയിടങ്ങളിലായി മാറി മാറിയാണ് താമസിച്ചിരുന്നത്. വീടുകള്‍ ഇടയ്ക്കിടെ മാറുന്നതിനാലാകാം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇവരെ കണ്ടെത്തി കുത്തിവയ്പ്പ് എടുപ്പിക്കാനാകാതെ പോയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ പക്ഷം. എന്നാല്‍, രോഗബാധയുണ്ടായിരിക്കുന്നത് പൊന്നാനി മുനിസിപ്പാലിറ്റി പരിധിയില്‍ വച്ചാണെന്നും, എടപ്പാളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍ താരതമ്യേന കുറവാണെന്നുമാണ് എടപ്പാള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക ഗീത രമണി നല്‍കുന്ന വിശദീകരണം. ‘കുട്ടി വാക്‌സിന്‍ എടുത്തിരുന്നില്ല എന്നത് സത്യമാണ്. ബിസിജി മാത്രമാണ് എടുത്തിരുന്നത്.
എടപ്പാളില്‍ പൊതുവേ കുത്തിവയ്പ്പ് എടുക്കുന്നവരാണ് കൂടുതല്‍. പക്ഷേ, ഈ കുട്ടിയുടെ അമ്മവീട് പൊന്നാനിയിലാണ്. രോഗം പിടിപെട്ടതും ആ പ്രദേശത്തുവച്ചാണ്. ഈ കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം പോലും ഡിഫ്തീരിയ പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത കുട്ടികളെ നേരിട്ടു പോയി കണ്ടിട്ടുണ്ട്. മാതാപിതാക്കളോട് സംസാരിച്ചിട്ടുണ്ട്. എത്ര പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാലും വഴങ്ങാത്തവരുമുണ്ട്. ഈ കുട്ടിയുടെയും മാതാപിതാക്കള്‍ക്ക് വാക്‌സിനേഷനോട് എതിര്‍പ്പായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ആവുന്നപോലെയെല്ലാം ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത് ഇത്രയെങ്കിലും കുറയ്ക്കാന്‍ സാധിച്ചത്.’
എടപ്പാളിലെ പൊറൂക്കരയിലായിരുന്നു കുടുംബം ഏറെക്കാലം താമസിച്ചിരുന്നത്. അടുത്തിടെയാണ് പൊന്നാനിയില്‍ ചമ്രവട്ടത്തുള്ള ലോഡ്ജിലേക്ക് താമസം മാറിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ‘വാക്‌സിനേഷന്‍ എടുക്കാന്‍ മടിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്. അത് സത്യമാണ്. എന്റെ വാര്‍ഡില്‍ത്തന്നെ രണ്ടു കുടുംബങ്ങളുണ്ട് ഇങ്ങനെ എടുക്കാന്‍ മടിക്കുന്നവരായിട്ട്. ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും പല തവണ പോയിക്കണ്ട് സംസാരിച്ചു നോക്കി. മതപരമായ കാരണങ്ങള്‍ കൊണ്ട് കുത്തിവയ്പ്പ് എടുക്കാന്‍ സാധിക്കില്ലെന്ന കടുംപിടിത്തമാണ്. പന്നിക്കൊഴുപ്പുമായി ബന്ധപ്പെട്ട പല കഥകളുമായിരുന്നു അന്ന് വാക്‌സിനേഷനെക്കുറിച്ച് ഇവിടെ പരന്നിരുന്നത്. മുസ്ലിം ജനസംഖ്യ കൂടുതലുള്ളയിടങ്ങളില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് യഥാര്‍ത്ഥത്തില്‍ കുത്തിവയ്പ്പ് എടുക്കാന്‍ ബാക്കിയുള്ളത്. എല്ലായിടത്തും ആരോഗ്യപ്രവര്‍ത്തകര്‍ കാര്യമായിത്തന്നെ പ്രവര്‍ത്തിച്ച് തൊണ്ണൂറ്റിയഞ്ചു ശതമാനത്തിലധികം പേര്‍ കുത്തിവയ്‌പ്പെടുത്തതായി ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. മതപരമായ കാരണങ്ങള്‍ പറയുമ്പോള്‍ കൂടുതലായി ഒന്നും പറയാന്‍ അവര്‍ക്കും സാധിക്കില്ലല്ലോ. മരണപ്പെട്ട കുട്ടിയുടെ സാഹചര്യം ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇടയ്ക്കിടെ താമസം മാറുന്നവരായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാണാന്‍ സാധിക്കാത്തതായിരിക്കാം.’ പഞ്ചായത്തംഗമായ ബിജോയ് പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലും മലപ്പുറത്തെ മഞ്ചേരിയിലും കുഴിമണ്ണയിലുമുള്ള രണ്ടു കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ഇരുവരും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നുമില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തിവയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഒരു വിഭാഗം ഇപ്പോഴും വിട്ടുനില്‍ക്കുന്നുണ്ട് എന്നുതിലേക്കു തന്നെയാണ് ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 2016ല്‍ ജില്ലയില്‍ 41 ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ നിന്നും 2018ല്‍ 8 കേസുകളിലേക്കായി ചുരുങ്ങിയത് വലിയ ആശ്വാസമായിരുന്നുവെങ്കിലും, വീണ്ടും വീണ്ടും ഇത്തരത്തില്‍ രോഗം നടത്തുന്ന തിരിച്ചുവരവുകള്‍ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെയാണ് കുട്ടി മരിച്ചതെന്നും തുടരന്വേഷണങ്ങള്‍ ഉണ്ടാകുമെന്നും, അതേസമയം ബോധവല്‍ക്കരണവും രോഗപ്രതിരോധവും ഊര്‍ജ്ജിതമാക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മലപ്പുറം ഡി.എം.ഒ ഡോ. സക്കീനയും അറിയിക്കുന്നു.
രോഗം ബാധിച്ചു മരിച്ച കുട്ടിയുടെ നാടായ എടപ്പാളില്‍, വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയിട്ടുള്ള എല്ലാവരേയും കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി നാളെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് പ്രത്യേക കുത്തിവയ്പ്പുകള്‍ നല്‍കും. ഒപ്പം, അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്താന്‍ തീരുമാനമായിട്ടുണ്ട്. വിവിധ സംഘടനകളും വ്യക്തികളും നേരിട്ടു തന്നെ ഇടപെട്ട് പ്രതിരോധ കുത്തിവയ്പ്പിനെതിരെ പ്രചരണങ്ങള്‍ നടത്തിയിട്ടുള്ള സാഹചര്യത്തില്‍ അത്തരം നീക്കങ്ങളും പ്രതിരോധിക്കാന്‍ ധാരണയായിട്ടുണ്ട്. നേരത്തേ എം.ആര്‍ വാക്‌സിനുമായി ബന്ധപ്പെട്ടും ഇത്തരത്തില്‍ വാക്‌സിന്‍ വിരുദ്ധരുടെ പ്രചരണങ്ങള്‍ ജില്ലയില്‍ സജീവമായിരുന്നു.