UPDATES

വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത യൂണിഫോം; പിന്നില്‍ പകല്‍ക്കൊള്ള; വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍ അട്ടിമറിക്കപ്പെടുന്നു

സ്വകാര്യ മാനേജ്‌മെന്റുകള്‍, സ്വാശ്രയ-അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരാണ് ഇതിനു പിന്നില്‍

ഒരു സ്‌കൂളില്‍ ഒരു നിറമുള്ള യൂണിഫോം മതിയെന്ന ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞകൊല്ലം നല്‍കിയ നിര്‍ദ്ദേശം ഇത്തവണയും പല സ്‌കൂളുകളും പാലിക്കുകയില്ല എന്നുതന്നെയാണ് സൂചനകള്‍. യൂണിഫോം ഏകീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ അധ്യയന വര്‍ഷം ആരംഭിച്ചെന്നും ഇനി ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നുമുള്ള സ്‌ക്കൂള്‍ അധികൃതരുടെ വാദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇളവ് നല്‍കുകയും അടുത്ത വര്‍ഷം മുതല്‍ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഈ അധ്യയന വര്‍ഷവും അത് പാലിക്കപ്പെടുമെന്ന് തോന്നുന്നില്ല. കാരണം, സ്വകാര്യ മാനേജ്‌മെന്റുകള്‍, സ്വാശ്രയ-അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌ക്കൂള്‍ യൂണിഫോമും അനുബന്ധ കാര്യങ്ങളും ഇതിനകം തന്നെ നല്‍കി തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി തരുന്ന ഈ യൂണിഫോം കച്ചവടങ്ങളെ ബാധിക്കുന്ന ഒരു നിര്‍ദ്ദേശത്തെ ഈ മാനേജ്‌മെന്റ് പാലിക്കുമെന്ന് കരുതുന്നതാണ് തെറ്റ് എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

യൂണിഫോം സംബന്ധിച്ച വിഷയത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ ജിജു അന്റോ തഞ്ചന്‍ എന്ന ആള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഒരു സ്‌കൂളില്‍ ഒരു നിറമുള്ള യൂണിഫോം മതിയെന്ന നിര്‍ദ്ദേശം കഴിഞ്ഞ വര്‍ഷം വന്നത്. ജിജുവിന്റെ ഹര്‍ജി പരിഗണിച്ച എന്‍ ബാബു അംഗമായ കമ്മീഷനാണ് ഇതിന് ഉത്തരവിട്ടത്. സ്‌കൂള്‍ യൂണിഫോമിന് ഏകീകൃത രീതി കൊണ്ടു വരണമെന്നും ഒരു സ്‌കൂളിന് ഒരു നിറമുള്ള യൂണിഫോം മതിയെന്നുമായിരുന്നു അവര്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് കൊടുത്തത്. വ്യത്യസ്ത നിറമുള്ള യൂണിഫോം ഓരോ ദിവസവും വിദ്യാര്‍ഥികള്‍ ധരിക്കണമെന്ന തരത്തിലുള്ള ഉത്തരവുകളൊന്നുമില്ലെന്നാണ് ബാലാവകാശ കമ്മീഷന്റെ അന്വേഷണത്തിന് വിദ്യാഭ്യാസ ഡയറക്ടര്‍ മറുപടി നല്‍കിയത്. ഇത് സംബന്ധിച്ച് വേണ്ട നിര്‍ദ്ദേശങ്ങളും നടപടികളും സ്വീകരിച്ച് മുപ്പത്ത് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് നടപ്പായില്ല. അതിന് പ്രധാന കാരണം സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിച്ചെന്നും അതിനാല്‍ നിര്‍ദ്ദേശം അപ്രായോഗികമാണെന്നതുമായിരുന്നു. ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നടപ്പാക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് കൃത്യമായ ഒരു സര്‍ക്കുലര്‍ ഒന്നും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല.

സ്‌കൂളുകള്‍ക്ക് യൂണിഫോം വിതരണം വലിയൊരു ബിസിനസാണ്. തിരുപ്പൂര്‍ പോലെയുള്ള വളരെ വില കുറവില്‍ വന്‍ തോതില്‍ എടുക്കാവുന്ന ഇടങ്ങളില്‍ നിന്ന് തുണികള്‍ എടുക്കുകയും അത് മൂന്നിരട്ടി വിലയില്‍ വിദ്യാര്‍ഥികള്‍ക്ക് കച്ചവടം ചെയ്യുകയുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മീറ്ററിന് അന്‍പതോ അറുപതോ രൂപയ്ക്ക് മാനേജ്‌മെന്റ് മേടിക്കുന്ന തുണികള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് ഇരുന്നൂറും ഇരുന്നൂറ്റമ്പതും രൂപയ്ക്കാണ് (തുണിയുടെ ഗുണമേന്മ അനുസരിച്ച് വിലയും മാറും). പുറത്തുള്ള തുണി കച്ചവടക്കാര്‍ പോലും ഇത്രയും വലിയ കൊള്ളകള്‍ നടത്തില്ല. വീണ്ടും ലാഭം നേടാന്‍ വേണ്ടി യൂണീഫോം തുന്നാന്‍ പ്രത്യേകം തയ്യല്‍ കടകളെ നേരിട്ട് ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ ഈ യൂണിഫോം തയ്ക്കേണ്ടത് ഇന്ന കടയിലാണെന്നും പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കാറുണ്ട്.

ഒരു വിദ്യാര്‍ഥി മൂന്ന് ജോഡി യൂണിഫോമിന് (തയ്ച്ച് പൂര്‍ത്തിയായ) ചിലവഴിക്കേണ്ടത് ശരാശരി 2000 രൂപയാണ്. രണ്ട് ജോഡിയാണെങ്കില്‍ 1300 രൂപയോളമാകും. ഈ കൂട്ടത്തില്‍ വ്യത്യസ്ത നിറമുള്ള യൂണിഫോമുകള്‍ കൂടി വരുമ്പോള്‍ ചിലവ് കൂടും. കൂടാതെ ഈ യൂണിഫോമിന് ചേരുന്ന തരത്തിലുള്ള ഷൂസ്, ബല്‍റ്റ്, ടൈ തുടങ്ങിയവയും അന്യായ വിലയ്ക്ക് സ്കൂളുകള്‍ തന്നെ കൊടുക്കുന്നുണ്ട്. ചില സ്‌കൂളുകാര്‍ ഇത് കൂടാതെ ബാഗും നോട്ടു ബുക്കും വരെ കൊള്ളവിലയ്ക്ക് കൊടുക്കുന്നു. ഇതൊന്നും പുറത്ത് നിന്ന് വാങ്ങിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിക്കാറുമില്ല. വിദ്യാര്‍ഥികള്‍ എല്ലാവര്‍ക്കും യൂണിഫോമിറ്റി (ഏകീകൃതം) വേണമെന്ന് പറഞ്ഞാണ് ഇവരുടെ ഈ നിര്‍ബന്ധം പിടിച്ചുള്ള കച്ചവടം നടത്തുന്നത്. സ്‌കൂള്‍ അധികൃതരുടെ നിര്‍ബന്ധത്തിന് ഭൂരിപക്ഷം രക്ഷാകര്‍ത്താകളും വിധേയരാക്കുന്നതോട് കൂടി ഒറ്റപ്പെട്ടവരുടെ ശബ്ദങ്ങളും അടങ്ങുകയാണ് പതിവ്. ഈ അധ്യയന വര്‍ഷത്തെ സ്‌കൂളുകളുടെ കച്ചവടവും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് സര്‍ക്കുലര്‍ വൈകി നല്‍കി നിര്‍ദ്ദേശം അപ്രായോഗികമാക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ മൌനസമ്മതവും ഉണ്ടെന്നാണ് സൂചനകള്‍.


ബാലാവകാശ കമ്മീഷന്റെ രജിസ്ട്രാറും അഡീഷണല്‍ ലോ സെക്രട്ടറിയുമായ ജയകേശന്‍ പറയുന്നത്, തങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാത്രമെ അധികാരമുള്ളൂ, അത് നടപ്പിലാക്കേണ്ടത് സര്‍ക്കാരോ പൊതുവിദ്യാഭ്യാസ വകുപ്പോ ആണെന്നാണ്. ‘കഴിഞ്ഞതവണ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇത്തവണ വീണ്ടും പൊതു വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിട്ടുണ്ട്. ബാലവകാശ കമ്മീഷന് യൂണിഫോം വിഷയത്തില്‍ പരാതികള്‍ ലഭിച്ചിട്ടില്ല. പരാതികള്‍ ലഭിച്ചാല്‍ പരിശോധിക്കും. പരാതിക്കുള്ള മുമ്പുള്ള പരിശോധന ബാലാവകാശ കമ്മീഷന്റെ അധികാര പരിധിയില്‍ വരുന്നതല്ല, അത് നോക്കേണ്ടത് ഡിപിഐയാണ്. പരാതി കിട്ടിയാല്‍ ഞങ്ങള്‍ പരിശോധിക്കും. ഈ അധ്യയന വര്‍ഷം തന്നെ നിര്‍ദ്ദേശം നടപ്പിലാക്കാണ് പറഞ്ഞിരിക്കുന്നത്.’ എന്ന് ജയകേശന്‍ അഴിമുഖത്തോട് പറഞ്ഞു.

യൂണിഫോം സംബന്ധിച്ച് എല്ലാ സ്‌കൂളുകള്‍ക്കും ഇത്തവണയും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡിപിഐ (ഡയറക്ടേറേറ്റ് ഓഫ് പ്ലബിക് ഇന്‍സ്ട്രക്ഷന്‍) കെവി ശ്രീകുമാര്‍ ഐഎഎസ് പറയുന്നത്. പക്ഷെ അങ്ങനെയൊരു സര്‍ക്കുലര്‍ ലഭിച്ചിട്ടില്ലെന്നാണ് അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ സ്‌കൂളുകള്‍ പറയുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും ആ സര്‍ക്കുലര്‍ കാണിച്ചിട്ടില്ല. ശ്രീകുമാര്‍ അഴിമുഖത്തോട്- ‘ഒരു സ്‌കൂളിന് ഒരേ നിറത്തിലുള്ള യൂണിഫോമുകളെ പാടുള്ളൂവെന്ന് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം തന്നെ എല്ലാ സ്‌കൂളുകള്‍ക്കും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് നടപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണയും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കുലറിന്റെ പകര്‍പ്പും വിവരങ്ങളും ഡിപിഐയുടെ വെബ്‌സൈറ്റില്‍ ഇന്നോ നാളെയോ ആയിട്ട് ഇടും. സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ വേണ്ടി എല്ലാ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ചില സ്‌കൂളുകളില്‍ നിന്ന് ഇതിന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. പ്രധാനമായും അണ്‍-എയ്ഡഡ് സ്‌കൂളുകളാണ് സര്‍ക്കാര്‍ നല്‍കുന്ന ഉത്തരവുകളോട് ധിക്കാരപരമായി പെരുമാറുന്നത്. അതിന് അവര്‍ പറയുന്നത് ന്യായീകരണം, സര്‍ക്കാരിന്റെ സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ ഒന്നും തങ്ങള്‍ക്ക് കിട്ടുന്നില്ല എന്നാണ്. ഞങ്ങളുടെ (വിദ്യാഭ്യാസ വകുപ്പ്) നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടും പാലിക്കാന്‍ ബാധ്യസ്ഥരായ സ്‌കൂളുകളാണ് ഇതെല്ലാം. ഞങ്ങളുടെ അംഗീകാരം കൊണ്ട് പ്രവര്‍ത്തിക്കുന്ന അണ്‍-എയ്ഡഡ് സ്‌കൂളുകളാണ് ഇവ. അതുകൊണ്ട് തന്നെ ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കും. ഇതുവരെ യൂണിഫോം സംബന്ധിച്ച വിഷയത്തില്‍ പരാതികളൊന്നും തന്നെ കിട്ടിയിട്ടില്ല. പരാതി ലഭിച്ചാലോ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലോ നടപടിയെടുക്കും.

ശരിക്കും രക്ഷാകര്‍ത്താകള്‍ക്കാണ് പ്രായോഗികമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക. പലപ്പോഴും ഇവര്‍ മാനേജ്‌മെന്റിന്റെ ഇത്തരം നടപടികള്‍ക്ക് വഴങ്ങി കൊടുക്കുകയാണ് പതിവ്. കേരളത്തല്‍ ഏകദേശം 38 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ വളരെ ചെറിയ ശതമാനമെ അണ്‍-എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ളൂ. ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലുമാണ് പഠിക്കുന്നത്. ഈ സ്‌കൂളുകളിലൊന്നും മുമ്പ് പറഞ്ഞ പ്രശ്‌നങ്ങള്‍ വരുന്നില്ല. അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ എല്ലാം ഇത്തരത്തിലുള്ളതല്ല. അത്തരം സ്‌കൂളുകളിലെ രക്ഷാകര്‍ത്താകള്‍ പരാതി നല്‍കുകയോ അല്ലെങ്കില്‍ തങ്ങളുടെ കുട്ടികളെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റുകയോ ചെയ്യണം. അല്ലെങ്കില്‍ ഒരുമിച്ച് നിന്ന് വ്യത്യസ്തമായ യൂണിഫോമുകള്‍ പറ്റില്ലെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണം. കുട്ടികള്‍ക്ക് പഠിക്കാന്‍ ഈ സ്‌കൂളുകള്‍ മാത്രമല്ലല്ലോ ഉള്ളത്. അണ്‍-എയ്ഡഡ് സ്‌കൂളുകളെക്കാള്‍ യോഗ്യതയുള്ള സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സകൂളുകളുമുണ്ടിവിടെ. ഇവിടങ്ങളില്‍ കുട്ടികളെ ചേര്‍ക്കാം. എന്തുകൊണ്ടാണ് രക്ഷിത്താക്കള്‍ ഇത്തരമൊരു കാര്യത്തിലേക്ക് വരാത്തത്. രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ചെറുത്തുനില്‍പ്പുണ്ടായെങ്കില്‍ മാത്രമെ ഇതിന് പൂര്‍ണമായ ഒരു പരിഹാരമുണ്ടാക്കാന്‍ സാധിക്കൂ’- അദ്ദേഹം പറഞ്ഞു.

തുല്യത എന്നത് മുന്‍നിര്‍ത്തി എല്ലാ കുട്ടികളും ഒരു പോലെ വസ്ത്രം ധരിച്ച് സ്‌കൂളിലെത്തണമെന്ന പൊതുധാരണയാണ് യൂണിഫോം എന്ന ആശയത്തിന് നിദാനം. അതുപോലെ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോമുകള്‍ ധരിക്കേണ്ടി വരുന്നത് കുട്ടികളുടെ മാനസികനിലയെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് ചില സ്കൂളുകളുടെ പ്രവര്‍ത്തി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥുമായി ബന്ധപ്പെടാന്‍ അഴിമുഖം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍