എണ്‍പത്താറ് ഏക്കര്‍ നെല്‍വയലാണ് സര്‍ക്കാര്‍ കിന്‍ഫ്രയ്ക്കു വേണ്ടി രാമനാട്ടുകരയില്‍ ഏറ്റെടുത്തിരിക്കുന്നത്
കോഴിക്കോട് രാമനാട്ടുകരയിലെ മുട്ടുകുന്നില്‍ ഒരു ദളിത് കോളനിയുണ്ട്. കോളനിയിലെ എണ്‍പതോളം ദളിത് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതുകിണര്‍ ഇനി എത്രകാലം ഉപയോഗിക്കാനാകും എന്ന ആശങ്കയിലാണ് ഇവിടെയെല്ലാവരും. മുട്ടുകുന്ന് കോളനിയില്‍ നിന്നും അല്‍പം മാറി നൂറുകണക്കിന് ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന പാടശേഖരമാണ് പ്രദേശത്തെ എല്ലാ ശുദ്ധജലസ്രോതസ്സുകളുടെയും അടിസ്ഥാനം എന്ന് രാമനാട്ടുകരക്കാര്‍ക്ക് അറിയാം. കോളനിയിലെ ദളിതരും, വയലില്‍ നെല്‍കൃഷി ചെയ്തിരുന്ന രാമദാസനും, തണ്ണീര്‍ത്തടത്തോടു ചേര്‍ന്ന വീട്ടില്‍ താമസിക്കുന്ന ഷണ്‍മുഖനും അടക്കമുള്ളവരുടെ ആശങ്കകള്‍ക്കു മേലാണ് കിന്‍ഫ്രയുടെ നോളജ് പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ രാമനാട്ടുകരയില്‍ ആരംഭിച്ചിരിക്കുന്നത്.
എണ്‍പത്താറ് ഏക്കര്‍ നെല്‍വയലാണ് സര്‍ക്കാര്‍ കിന്‍ഫ്രയ്ക്കു വേണ്ടി ഇവിടെ ഏറ്റെടുത്തിരിക്കുന്നത്. മുട്ടുകുന്നിന്റേയും ചിറയ്ക്കാം കുന്നിന്റേയും താഴ്‌വാരത്തുള്ള പദ്ധതി പ്രദേശത്തിന്റെ നാല്‍പതു ശതമാനവും നീര്‍ത്തടമാണ്. പദ്ധതിക്കായി ഏറ്റെടുത്ത പ്രദേശം വയലായതിനാല്‍ ഇത്രനാളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ കിടക്കുകയായിരുന്നു. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ ബില്ലില്‍ ഭേദഗതി കൂടി കൊണ്ടുവന്നതോടെ, സര്‍ക്കാര്‍ പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ക്കായി വയല്‍നിലങ്ങള്‍ മണ്ണിട്ടു നികത്തുന്നത് വളരെയെളുപ്പമായി. ഇതിനെത്തുടര്‍ന്ന് ധ്രുതഗതിയില്‍ നടക്കുകയാണ് രാമനാട്ടുകരയിലെ വയല്‍നികത്തല്‍.
വര്‍ഷങ്ങളായി ദേശാടനക്കിളികള്‍ക്കും വിവിധ സസ്യങ്ങള്‍ക്കും ആവാസവ്യവസ്ഥയൊരുക്കിയിരുന്ന തണ്ണീര്‍ത്തടമടക്കമുള്ള പ്രദേശം പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടു വര്‍ഷങ്ങളായി. പ്രദേശത്തെ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ പല തരത്തിലുള്ള പ്രതിഷേധപരിപാടികള്‍ നടത്തിയിരുന്നെങ്കിലും, പ്രശ്‌നബാധിതരെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളുണ്ടാകാത്തതിനാല്‍ വലിയ ഫലം കാണാന്‍ സാധിച്ചില്ല എന്ന് പ്രദേശവാസികള്‍ പറയുന്നു. ‘ആദ്യ കാലത്ത് വലിയ തോതില്‍ കൃഷി നടന്നിരുന്ന സ്ഥലമാണ്. പിന്നീട് അതൊക്കെ നിന്നെങ്കിലും ചിലര്‍ അപ്പോഴും ഇവിടെ കൃഷിയിറക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. അങ്ങനെ കുറച്ചപ്പുറത്ത് കൃഷിയിറക്കിയ രണ്ടു പേര്‍ക്ക് വര്‍ഷങ്ങള്‍ക്കു മുന്നേ സര്‍ക്കാരിലേക്ക് അയ്യായിരം രൂപ പിഴയൊടുക്കേണ്ടി വരെ വന്നിട്ടുണ്ട്. വിളയെല്ലാം നഷ്ടപ്പെടുകയും ചെയ്തു. സര്‍ക്കാരിന്റെ പദ്ധതി പ്രദേശമല്ലേ.’ പ്രദേശവാസിയായ പ്രേമദാസന്‍ പറയുന്നു.
ഫൂട്ട് വെയര്‍ പാര്‍ക്കാണ് സ്ഥലത്തു വരുന്നതെന്നും, അതല്ല അതിഥിതൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട സമുച്ചയമാണെന്നുമെല്ലാം പ്രദേശവാസികള്‍ പറയുന്നു. തങ്ങളുടെ ശുദ്ധജലസ്രോതസ്സുകളും സമാധാനാന്തരീക്ഷവും നഷ്ടപ്പെടുമെന്ന പരിഭ്രാന്തി അവര്‍ക്കുണ്ട്. ‘സ്ഥലത്തിനു നല്ല വില കിട്ടില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഇതു വിറ്റ് ഞങ്ങളെങ്ങോട്ടു പോകാനാണ്?’ എന്ന ആശങ്ക അവര്‍ പങ്കുവയ്ക്കുന്നു. ‘കഴിഞ്ഞ പ്രളയത്തില്‍ വലിയ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരാതിരുന്ന സ്ഥലമാണ് രാമനാട്ടുകരയിലെ ഈ ഭാഗം. എന്നിട്ടു പോലും വീടുകളുടെ പടിയ്‌ക്കൊപ്പം വെള്ളം പൊങ്ങിയിരുന്നു. ഈ വയലുകള്‍ നികത്തുന്നതോടെ, കാര്യങ്ങള്‍ നിയന്ത്രണാതീതമാകും. ഇനിയൊരു പ്രളയമുണ്ടായാല്‍ ഇങ്ങനെയായിരിക്കില്ല ഇവിടുത്തെ വീടുകളിലെ അവസ്ഥ’ സമരസമിതിയില്‍ സജീവമായ അരവിന്ദന്‍ വിശദീകരിക്കുന്നു.
പ്രളയത്തില്‍ നിന്നും കരയകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണമാണ് ഇപ്പോള്‍ എല്ലാ തലത്തിലും നടക്കുന്നതും, നടക്കേണ്ടതും. പ്രളയത്തില്‍ നിന്നും ഉരുള്‍പൊട്ടലുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കു കോട്ടം തട്ടാത്ത രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇനിയങ്ങോട്ട് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. ക്വാറികളും മണ്ണെടുപ്പും നിയന്ത്രിച്ച്, അനധികൃത പാറപൊട്ടിക്കലടക്കമുള്ളവയ്ക്ക് അനുമതി നല്‍കാതിരിക്കേണ്ടിടത്ത്, നൂറോളം ഏക്കര്‍ വരുന്ന നെല്‍വയല്‍ നികത്തിയല്ല പുതിയ കേരളം കെട്ടിപ്പടുക്കേണ്ടതെന്ന് ഇവിടത്തുകാര്‍ ഒന്നടങ്കം പറയുന്നുണ്ട്. ലോഡുകണക്കിന് മണ്ണിട്ടാണ് വയല്‍ നികത്തുന്നതെന്നും, ഈ മണ്ണ് ശേഖരിക്കാന്‍ എത്ര മലകള്‍ നശിച്ചുകാണുമെന്നും രാമനാട്ടുകരയിലെ പുതു തലമുറ ചോദിക്കുന്നു.
അതേസമയം, അനവധി പേര്‍ക്ക് ജോലിസാധ്യതയും തൊഴില്‍ പരിശീലനവുമൊരുക്കുന്ന ഐ.ടി. സമുച്ചയമാണ് കിന്‍ഫ്ര രാമനാട്ടുകരയില്‍ കൊണ്ടുവരുന്നതെന്നും, തണ്ണീര്‍ത്തടത്തിന്റെ പേരിലുള്ള രാഷ്ട്രീയമുതലെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് മുട്ടുകുന്ന് വാര്‍ഡ് കൗണ്‍സിലര്‍ മനോജ് കുമാറിന്റെ പക്ഷം. ‘ഏറ്റെടുത്ത ഭൂമിയില്‍ മുപ്പതു ശതമാനവും തണ്ണീര്‍ത്തടമായി നിലനിര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് അങ്ങിനെത്തന്നെ കിന്‍ഫ്ര പാലിക്കുകയും ചെയ്യും. നിയമപരമായ നടപടിക്രമങ്ങള്‍ പ്രകാരമാണ് പദ്ധതി മുന്നോട്ടു പോകുന്നുണ്ട്. പ്രദേശവാസികളുടെ എല്ലാ ആശങ്കകളും ദുരീകരിക്കുകയും ചെയ്തിട്ടുണ്ട്. അനാവശ്യമായ ആശങ്ക പരത്തുന്നത് ചില തല്‍പരകക്ഷികളുടെ രാഷ്ട്രീയനീക്കമാണ്. എം.കെ രാഘവന്‍ എം.പി വകയിരുത്തിയ ഫണ്ടില്‍ ഫുഡ് ടെക്‌നോളജി പാര്‍ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടായപ്പോള്‍ സൈറ്റ് കണ്ടെത്താനും കാണിക്കാനും മുന്നില്‍ നിന്നവര്‍ തന്നെയാണ് ഇപ്പോള്‍ അതേ സ്ഥലത്ത് കിന്‍ഫ്ര പദ്ധതി വന്നപ്പോള്‍ എതിര്‍ക്കുന്നത്.’
പാരിസ്ഥിതികാഘാത പഠനം അടക്കമുള്ള വിലയിരുത്തലുകള്‍ നടത്തിയതാണെന്നും, ജലക്ഷാമമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവുകയില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍മാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും, പ്രദേശവാസികളുടെ പരിഭ്രാന്തികളൊടുങ്ങുന്നില്ല. രാമനാട്ടുകര ടൗണിലെ താന്നിമരം സംരക്ഷിക്കാനായി പ്രതിജ്ഞ ചൊല്ലിക്കൊടുക്കാനെത്തിയപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാചാലനായ ജനപ്രതിനിധി തൊട്ടപ്പുറത്തു നടക്കുന്ന വയല്‍ നികത്തലിനെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതും, വയലില്‍ വീടു വയ്ക്കാന്‍ നിയമം പറഞ്ഞ് അനുമതി നിഷേധിച്ച വില്ലേജ് ഓഫീസ് അധികൃതര്‍ കിന്‍ഫ്രയ്ക്കായി പരിസ്ഥിതി ബോധം മറന്നതുമെല്ലാം ഇവിടത്തുകാര്‍ ഓര്‍ക്കുന്നുണ്ട്. വയലിനോടു ചേര്‍ന്നു താമസിക്കുന്ന തന്റെ വീട് വിട്ടുനല്‍കാമോ എന്നു ചോദിച്ചെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയായിരുന്നെന്ന് പ്രദേശവാസിയായ ഷണ്‍മുഖനും പറയുന്നു. ഇതാണോ സര്‍ക്കാരിന്റെ നവകേരള നിര്‍മിതി എന്ന് ഒരു നാട് ഒന്നടങ്കം ചോദിക്കുകയാണ്.
നീര്‍ത്തടം മണ്ണിട്ടു നികത്തുന്നതിനെതിരെ പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് ജില്ലാ കലക്ടറെ കണ്ട് പരാതിയറിച്ചിരുന്നു. പാഠപുസ്തകവുമായാണ് രാമനാട്ടുകരയിലെ വിദ്യാര്‍ത്ഥികള്‍ കലക്ടറെ കാണാനെത്തിയിരുന്നത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള പാഠം തുറന്നുവച്ച് അവര്‍ അധികൃതരോടു ചോദിച്ചതിതാണ്: ‘അധ്യാപകര്‍ ഞങ്ങളെ പഠിപ്പിക്കുന്നതു പിന്തുടരണോ, അതോ കണ്‍മുന്നില്‍ കാണുന്നത് ശീലിച്ചാല്‍ മതിയോ?’ ഈ ചോദ്യത്തിനായിരിക്കും വരും കാലങ്ങളില്‍ കേരളം ഉത്തരം നല്‍കേണ്ടി വരിക.