UPDATES

ആ കുടുംബം ആവര്‍ത്തിക്കുന്നു, ‘മരിച്ചതല്ല, കൊന്നതാണ്’; ജിഷ്ണു പ്രണോയിയുടെ ജീവനെടുത്തിട്ട് ഒരു വര്‍ഷം

ഇന്ന് ജനുവരി ആറാം തീയതി, പിതാവ് പണിക്കഴിപ്പിച്ച, മകന്റെ നാമം കൊത്തിവെച്ച ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നു

ദീഷ്‌ണ സി.

ദീഷ്‌ണ സി.

‘Success consists of going from failure to failure without loss of enthusiasm’; വിജയമന്ത്രങ്ങള്‍ കുറിച്ചുവച്ച ചുമരുകള്‍. അതില്‍ പ്രിയതാരം സൗരവ് ഗാംഗുലിയുടെ വെട്ടിയൊട്ടിച്ച പടവും, സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്ന നിരവധി വചനങ്ങളും ക്യാരിക്കേച്ചറുകളും. അലമാരയില്‍ അടുക്കിവെച്ച വസ്ത്രങ്ങളും ഉടമസ്ഥന്റെ മണം വിട്ടുമാറാത്ത ഒരു പുതപ്പും. പിന്നെ അനാഥമായ കുറച്ച് പുസ്തകങ്ങളും ഒരു ബാഗും. മകന്റെ ഓര്‍മയ്ക്കായി അശോകനും മഹിജയ്ക്കും ഇന്ന് കൂട്ടിനുള്ളത് മേല്‍പ്പറഞ്ഞ വസ്തുക്കള്‍ മാത്രമാണ്.

ജിഷ്ണു പ്രണോയ് എന്ന മകന്റെ വേര്‍പാടിന് ഒരു വയസ്സ് തികയുമ്പോഴും ഈ മാതാപിതാക്കള്‍ക്ക് മകന്‍ കൂടെയില്ലെന്നുള്ള വാസ്തവം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ജിഷ്ണുവിന്റെ ഗന്ധം വിട്ടുമാറാത്ത വീടിന്റെ അകത്തളങ്ങള്‍ ഈ ഒരു വര്‍ഷത്തിനു ശേഷവും ആ പതിനെട്ടുകാരന്റെ ഓര്‍മകളെ ജീവനുള്ളതാക്കുന്നു. വീട്ടുകാര്‍ക്ക് മാത്രമല്ല, പെരുമാറ്റത്തിലെ സൗമ്യതകൊണ്ടും സൗഹൃദത്തിലെ ആത്മാര്‍ത്ഥത കൊണ്ടും നാട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും എന്തിനേറെ പറയുന്നു വല്ലപ്പോഴും മാത്രം കാണാറുള്ള ജീപ്പ് ഡ്രൈവര്‍ക്ക് പോലും അവരുടെ ‘മോനു’ (ജിഷ്ണുവിനെ നാട്ടുകാര്‍ വിളിച്ചിരുന്നത് ) ഇന്നും ജീവനുള്ളവന്‍ തന്നെയാണ്.

ജിഷ്ണു പ്രണോയ് എന്ന നാമം, അച്ചംവീട് പ്രദേശത്തുകാര്‍ സ്വീകരിക്കുന്നത് അവന്റെ മരണശേഷമാണ്. എല്ലാവര്‍ക്കും ജിഷ്ണു എന്ന വ്യക്തി അവരുടെ സ്വന്തം മോനുവായിരുന്നു. ഏതുകാര്യത്തിനും ഉത്സാഹിച്ചിറങ്ങുന്ന, മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മോനുവിന്റെ വേര്‍പാടിന്റെ വേദന എല്ലാവരുടെയും സംസാരത്തില്‍ നിഴലിക്കുന്നു. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് ഒരേ കാര്യം മാത്രം; ജിഷ്ണുവിന്റെ ആത്മാവിന് നീതി ലഭിക്കണം, കൊന്നു കളഞ്ഞവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ ലഭിക്കണം.

ജനുവരി ആറിന് നടന്നതെന്ത്? ആ ദിനത്തിന്റെ ഓര്‍മ്മയില്‍ ജിഷ്ണുവിന്റെ അമ്മ

2017 ജനുവരി മാസം ആറാം തീയതി നടന്ന മരണവും അതിന്റെ പിന്തുടര്‍ച്ചയായി നടന്ന കാര്യങ്ങളിലും ഒരുവര്‍ഷം കഴിയുമ്പോഴും മാറ്റം ഒന്നും തന്നെയില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം സിബിഐ കേസേറ്റെടുത്ത് അന്വേഷണം തുടങ്ങി എന്നല്ലാതെ ജിഷ്ണുവിന്റെ ഉറ്റവര്‍ക്ക് ആശ്വാസകരമായ വാര്‍ത്തകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. കേസിലെ പുരോഗതിയെന്തെന്നോ എന്തു വിധി പ്രഖ്യാപിക്കുമെന്നോ ഇവര്‍ക്കറിയില്ല. പക്ഷെ എല്ലാവര്‍ക്കുമറിയുന്ന ഒന്നുണ്ട്, നിജസ്ഥിതിയുടെ അവസാന വേരും പുറത്തെടുത്ത ശേഷം മാത്രമേ സിബിഐ തിരിച്ചു പോവുകയുള്ളൂ എന്ന്. അത്രയധികം വിശ്വാസം കല്ലാച്ചിയിലെ ഈ ജനങ്ങള്‍ക്ക് സിബിഐയില്‍ ഉണ്ട്.

ജിഷ്ണുവിനെക്കൂടാതെ അച്ഛനും അമ്മയും അനിയത്തിയുമാണ് കല്ലാച്ചിയിലെ കിണറുള്ള പറമ്പില്‍ എന്ന വീട്ടില്‍ ഉണ്ടായിരുന്നത്. അച്ഛന്‍ അശോകന്‍ വിദേശത്ത് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അനിയത്തി അവിഷ്ണ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസം അപ്രതീക്ഷിതമായി ഈ കുടുംബത്തെ തേടിയെത്തിയത്, തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ എന്ജിനീയറിങ്ങിന് പഠിക്കുന്ന മകന്‍ ആത്മഹത്യാ ശ്രമം നടത്തിയെന്നും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നുമാണ്. മണിക്കൂറുകള്‍ക്കകം തൃശൂരിലേക്ക് തിരിച്ച ഇവരെ, വഴിമധ്യേ തേടിയെത്തിയത് മകന്റെ മരണവാര്‍ത്തയാണ്. സഹപാഠികളായ രണ്ടു വിദ്യാര്‍ഥികള്‍ പറയുന്നതുവരെ മകന്‍ ആത്മഹത്യ ചെയ്തു എന്ന് തന്നെയായിരുന്നു ഈ വീട്ടുകാര്‍ വിശ്വസിച്ചിരുന്നത്. ഇടിമുറികള്‍ പ്രകമ്പനം കൊള്ളിക്കുന്ന നെഹ്‌റു കോളേജിന്റെ ഭീകരതയുടെ അവസാന ഇര ജിഷ്ണുവാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചപ്പോള്‍ അച്ഛനും അമ്മയും ബന്ധുക്കളും നീതിക്കായുള്ള സമരമാരംഭിച്ചു.സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടപ്പോള്‍, മകന്റെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കണമെന്ന് അശോകനും മഹിജയും സുപ്രീംകോടതിയില്‍ പരാതി നല്‍കി. ആദ്യം ഒഴിവുകഴിവുകള്‍ ചൂണ്ടിക്കാണിച്ച സിബിഐ, കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കേസ് ഏറ്റെടുത്തു. നാളിതുവരെ കഴിഞ്ഞും സിബിഐ അന്വേഷണ റിപ്പോര്‍ട്ടുകളോ നടപടികളോ ഒന്നും പുറത്തുവന്നില്ലെങ്കിലും, കേസന്വേഷണത്തിലുള്ള സിബിഐയുടെ വൈദഗ്ദ്ധ്യത്തില്‍ ഇവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കുറച്ച് വൈകിയാണെങ്കിലും വ്യക്തതയുള്ള അന്വേഷണരേഖകള്‍ പുറത്തുവരുമെന്ന് ഇവര്‍ അടിയുറച്ച് വിശ്വസിക്കുന്നു.

ഒപ്പം നില്‍ക്കാമോ, എങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ പറയും ജിഷ്ണുവിന്റെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡറിനെക്കുറിച്ച്, കോളേജിലെ നരകയാതനകളെക്കുറിച്ച്

ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ സംസാരിക്കുന്നു: “എന്റെ മകനെ ഇല്ലാതാക്കിയിട്ട് ഒരു വര്‍ഷമാണ് കഴിഞ്ഞിരുന്നത്. മകന്‍ മരണപ്പെട്ട ഒരു പിതാവിന് ആശ്വസിക്കാന്‍ പാകത്തിനുള്ള എന്തെങ്കിലുമൊരു മാറ്റം കേസിന്റെ ഗതിയില്‍ ഈയൊരു വര്‍ഷക്കാലയളവില്‍ ഉണ്ടായിട്ടുണ്ടോ? ഒന്നുമില്ല. സിബിഐ ഏറ്റെടുത്തിട്ടും ഫലം കാണുന്നില്ല എന്നത് വളരെയധികം വേദനയോടെയാണ് പറയാന്‍ സാധിക്കുന്നത്. അവനെപ്പോലെ തന്നെ അവന്റെ മരണം സംബന്ധിച്ച കേസും ഇന്ന് മരിച്ച അവസ്ഥയിലാണ്. ഇനി ഏത് രീതിയിലാണ് നീതിക്കായുള്ള പോരാട്ടം നടത്തേണ്ടത്? കൊന്നവന്റെ പേരെങ്കിലും ഒദ്യോഗികമായി പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ നിയമ വശങ്ങളെ അയാള്‍ നേരിടാന്‍ പോവുകയാണ് എന്ന് ആശ്വസിക്കാന്‍ സാധിക്കാമായിരുന്നു. എന്റെ മകന്‍ ആത്മഹത്യ ചെയ്തതല്ല, അവനെ കൊന്നതാണ്. ചെയ്യാത്ത കുറ്റം ആരോപിച്ച് ബലം പ്രയോഗിച്ചതിനാലാണ് അവന്‍ മരണപ്പെട്ടത്. സ്‌കൂളും ഹോസ്റ്റലും ഒരേപോലെ ഭരിക്കുന്ന മാനേജ്‌മെന്റിന് അതൊരു ആത്മഹത്യയായി ചിത്രീകരിക്കാന്‍ വലിയ പ്രയാസം ഒന്നുമില്ല. പണക്കൊഴുപ്പ് കൊണ്ട് എന്തും സ്വാധീനിക്കാന്‍ ശേഷിയുള്ള മാനേജ്‌മെന്റ് ജിഷ്ണുവിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത തൃശൂരിലെ ആശുപത്രികളെയും പ്രൊഫസര്‍മാരെയും വലയിലാക്കിയിരുന്നു. അതുകൊണ്ടാണ് പ്രത്യക്ഷത്തില്‍ അഞ്ചോ ആറോ ചതവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നെങ്കിലും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതൊന്നും കാണിക്കാതെ, മരണകാരണം ശ്വാസ തടസ്സം എന്ന് മാത്രം എഴുതിയിരിക്കുന്നത്.

ഞങ്ങള്‍ ദുരൂഹതകള്‍ ആരോപിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ നിരവധിയാണ്. മരണം സംഭവിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും വീണ്ടും അത് ആവര്‍ത്തിച്ചു പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പഠിക്കാനും അതിനൊപ്പം പ്രവര്‍ത്തിക്കാനും വലിയ ഉത്സാഹമുള്ളവനായിരുന്നു എന്റെ മകന്‍. നെഹ്‌റു കോളേജില്‍ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് അവന്‍ മരണപ്പെടുന്നത്. തുടര്‍ന്ന് പഠിക്കാനും നല്ല ജോലി നേടാനും അവന് വലിയ ആഗ്രഹമായിരുന്നു. നിങ്ങള്‍ ചുമരില്‍ കണ്ട മോട്ടിവേഷണല്‍ വചനങ്ങള്‍ എല്ലാം ഓരോ പ്രതിസന്ധികളിലും അവന്‍ എഴുതി ഒട്ടിച്ചതാണ്. പ്രയാസങ്ങള്‍ അതിജീവിക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗങ്ങളായിരുന്നു അവന്‍ സ്വീകരിച്ചിരുന്നത്. ഓര്‍മകള്‍ ഒന്നും പഴകിയിട്ടില്ല. മകന്‍ ഇന്നും ഞങ്ങള്‍ക്ക് ജീവനുള്ളവന്‍ തന്നെയാണ്. എന്റെ കുഞ്ഞിന് നീതി നടപ്പിലാക്കാന്‍ സിബിഐ സഹായിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട് എന്നുതന്നെയാണ് ഒരുവര്‍ഷം പിന്നിട്ട് നില്‍ക്കുന്ന ഈ അവസരത്തിലും പറയാനുള്ളത്. മറ്റൊരു പിതാവിനും മകന്റെ മരണത്തെ സംബന്ധിച്ച് ഇത്രയധികം വേദനിക്കേണ്ടി വരരുത്.”

ജിഷ്ണുവിനെ മറന്നോ അതോ നെഹ്രു കോളേജിന് മുന്നില്‍ മുട്ടിടിച്ചോ?

വാക്കുകള്‍ മുറിഞ്ഞ് പോകുന്ന അവസ്ഥയിലാണ് അശോകന്‍ സംസാരം അവസാനിപ്പിച്ചത്. വിദേശത്ത് ജോലി ചെയുന്ന ഇദ്ദേഹം മകന്റെ മരണശേഷം നാട്ടില്‍തന്നെയായിരുന്നു. വര്‍ക്ക് ചെയ്യുന്ന കമ്പനിയില്‍ നിന്ന് നിരവധി തവണ വിളിച്ചിരുന്നുവെങ്കിലും അശോകന്‍ തിരിച്ച് പോയിട്ടില്ല. ഒന്നും അല്ലാതെ നില്‍ക്കുന്ന കേസില്‍ എന്തെങ്കിലുമൊരു പുരോഗതി വന്നെന്നറിയതെ ഇവിടം വിട്ട് പോകാന്‍ അദ്ദേഹത്തിന് മനസ്സ് വരുന്നില്ല.

ജിഷ്ണുവിന്റെ മരണശേഷം ആ കുടുംബാന്തരീക്ഷം മൊത്തത്തില്‍ താളം തെറ്റിയ അവസ്ഥയിലാണ്. മാനസികമായി തളര്‍ന്നു പോയ ഇവര്‍ ഓരോരുത്തരും വീണ്ടും ശക്തി പ്രാപിക്കുന്നത് കാര്യങ്ങള്‍ സ്വയം പറഞ്ഞ് പാകപ്പെടുത്തിയാണ്. സമാധാനിപ്പിക്കാന്‍ മറ്റാരും വരാനില്ല. വീടിന്റെ മുന്‍വശത്തുള്ള റോഡില്‍ ജിഷ്ണു പ്രണോയ് നഗര്‍ എന്ന പേരില്‍ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം സ്വന്തം ചിലവില്‍ അശോകന്‍ പണികഴിപ്പിച്ചിട്ടുണ്ട്. ഇന്ന് നെഹ്‌റു കോളേജില്‍ നിന്നും വരുന്ന, ജിഷ്ണുവിന്റെ 25-ല്‍പ്പരം സഹപാഠികള്‍ ചേര്‍ന്നാണ് അത് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ അമ്മ മഹിജ സംസാരിച്ചില്ല, എങ്കിലും, അലമാരയില്‍ മടക്കിവച്ച തുണിത്തരങ്ങളും മകന്റെ മണം വിട്ടുമാറാത്ത പുതപ്പും ഒരു മാതൃഹൃദയത്തിന്റെ നൊമ്പരം വിളിച്ചോതുന്നു. കോളേജ് മാനേജ്‌മെന്റിനോട് ഈ അമ്മയ്ക്ക് ചോദിയ്ക്കാന്‍ ഉള്ളത് ഒരു കാര്യം മാത്രം, വിരോധമുണ്ടായിരുന്നെങ്കില്‍ ടിസി കൊടുത്ത് തിരിച്ചയച്ചാല്‍ മതിയായിരുന്നില്ലേ. എന്തിനാണ് ഇല്ലാതാക്കി കളഞ്ഞത്?

‘ആര്‍ക്കും എതിരഭിപ്രായം ഇല്ലായിരുന്നു ന്റെ കുട്ടീനെക്കുറിച്ച്. അത്രയ്ക്കും പാവായിരുന്നു. ന്റെ അശോകന്‍ എങ്ങനെയാണ് അതൊക്കെ സഹിക്കുന്നതെന്ന് ഇനീം മനസ്സിലായിട്ടില്ല. പഠിക്കാന്‍ കേമനായിരുന്നു മോന്‍. വലിയ നിലയില്‍ എത്താന്‍ ഉള്ള ആളാണെന്ന് മോനെ സ്‌കൂളില്‍ പഠിപ്പിച്ച ടീച്ചര്‍മാരെല്ലാം പറയുമായിരുന്നു. ഇനിയിപ്പം പറഞ്ഞിട്ടെന്താ… വിധി അത്രയേ ആയുസ്സ് തന്നുള്ളൂ എന്ന് വയ്ക്ക തന്നെ. ഇന്നലെ പിന്നേം മോന്റെ ഫോട്ടോ പത്രത്തില്‍ വന്നപ്പോള്‍ സഹിക്കാന്‍ പറ്റീല. ജീവനുള്ളത് പോലെയല്ലേ അതില്‍ നിക്കണത്’; നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചാണ് അശോകന്റെ സഹോദരി ഇന്ദിര കാര്യങ്ങള്‍ സംസാരിച്ചത്.

ഇനിയൊരു ജിഷ്ണുവിനെക്കൂടി നഷ്ടപ്പെടരുത്; നെഹ്രു കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥിക്ക് പറയാനുള്ളത്

ജിഷ്ണുവിന്റെ മരണശേഷം ആ വീട്ടില്‍ ഇന്നുവരെ ഒരു തരത്തിലുമുള്ള പൊട്ടിച്ചിരിയോ സന്തോഷമോ ഒന്നും ഉണ്ടായിട്ടില്ല. പ്രിയപ്പെട്ടവന്റെ മരണത്തോടൊപ്പം ആ വീടും മരണപ്പെട്ട് കഴിഞ്ഞിരുന്നു. രണ്ടുനിലയുള്ള വീടിന്റെ മുകള്‍ വശത്തെ പണികളെല്ലാം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. മക്കളുടെ കല്യാണ പ്രായം ആകുമ്പോഴേക്കും മോടി പിടിപ്പിക്കാന്‍ വച്ച ഇടങ്ങളെല്ലാം ഇപ്പോള്‍ എന്നെന്നേയ്ക്കുമായി നിശ്ചലമായി നില്‍ക്കുകയാണ്. ഇനി ആര്‍ക്ക് വേണ്ടി അല്ലെങ്കില്‍ എന്തിനുവേണ്ടി എന്ന് ചോദിക്കുംപോലെ.

വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രിയ കൂട്ടുകാരന്റെ കുട്ടിക്കാലം തൊട്ടുള്ള ഓര്‍മയിലാണ് അയല്‍വാസികൂടിയായ ജിതുള്‍ കൃഷ്ണ. ഒരു പ്രശ്‌നം വരുമ്പോള്‍ എന്നും കൈപിടിച്ച് കൂടെ നിന്നിരുന്ന മോനു ഇന്ന് അവനും കൂട്ടുകാര്‍ക്കുമൊപ്പമില്ല. എന്തിനും ഉത്സാഹത്തോടെ ചാടിപ്പുറപ്പെടുന്ന, നിഷ്‌ക്കളങ്കനായ തങ്ങളുടെ കൂട്ടുകാരന്റെ വിടവ് നികത്താനായിട്ടില്ലെന്ന് ജിതുല്‍ പറയുന്നു. ചെറുപ്പം തൊട്ട് എല്ലാവര്‍ക്കും സഹായങ്ങള്‍ മാത്രം ചെയ്തിരുന്ന സുഹൃത്തിന് ഇത്ര ദുരവസ്ഥയില്‍ മരണപ്പെടേണ്ടി വന്നതിലും വര്‍ഷം ഒന്ന് പിന്നിട്ടിട്ടും മരണാനന്തര നീതി പോലും ലഭിക്കാതിരിക്കുന്നതിലും കൂട്ടുകാര്‍ക്കുള്ള വേദന ജിതുല്‍ അറിയിക്കുന്നു.

ജിഷ്ണുവിനെ അനുസ്മരിക്കാന്‍ അച്ചംവീട് സിപിഎം ഏരിയാ കമ്മറ്റി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എസ്എഫ്‌ഐയിലും സിപിഎമ്മിലും വലിയ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച പ്രിയ സഖാവിന്റെ ഓര്‍മകളില്‍, ഡിവൈഫ്‌ഐ സംഘടിപ്പിച്ച കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങലയില്‍ എത്തി നില്‍ക്കുന്നു. മരിക്കുന്നതിന് നാലുദിവസം മുന്‍പ് തിരക്കുകള്‍ ഉണ്ടായിരുന്നിട്ട് പോലും അതില്‍ പങ്കെടുത്ത ശേഷമാണ് ജിഷ്ണു കോളേജിലേക്ക് തിരിച്ച് പോയത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ജെയ്ക്ക് സി. തോമസും പങ്കെടുക്കുന്ന ജിഷ്ണു പ്രണോയ് അനുസ്മരണം ഇന്ന് നടക്കും. ഒരുക്കങ്ങളും ഓര്‍മകളുമായി കേരളത്തിന്റെ പലഭാഗങ്ങളില്‍ ഇന്ന് ജിഷ്ണു പ്രണോയ് അനുസ്മരണ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വരാത്ത കുറ്റവാളികള്‍ സംരക്ഷണ കവചങ്ങള്‍ ഒരുക്കിക്കൂട്ടുന്നു എന്നും ഈ നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു.

മരിക്കാൻ ഭയമായതുകൊണ്ടാകാം അന്നു ഞാനതു ചെയ്യാതിരുന്നത്

അശോകന്റെ സഹോദരന്‍ രവി ഊന്നിപ്പറയുന്നത് നെഹ്‌റു കോളേജിന്റെ സ്വാധീന വലയത്തില്‍പ്പെട്ടു പോകുന്ന ധാര്‍മിക വശങ്ങളെക്കുറിച്ചാണ്. മഹിജയ്ക്കും അശോകനുമൊപ്പം, മരണം സംഭവിച്ച ദിവസം മുതല്‍ ഒരു വര്‍ഷം തികയുന്ന ഈ ദിവസം വരെ എല്ലാ കാര്യങ്ങള്‍ക്കും നിഴല്‍ പോലെ കൂടെയുണ്ടായിരുന്നവരില്‍ ഒരാളാണ് രവി.

മരിച്ചതല്ല, കൊന്നത് തന്നെയാണ്. തെളിവുകള്‍ എല്ലാം ഇല്ലാതാക്കാന്‍ നെഹ്‌റു ഗ്രൂപ്പ് മാനേജ്‌മെന്റ് ശ്രമിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്തതാണെങ്കില്‍ മരിക്കാനുപയോഗിച്ച കയറോ തുണിയോ പോസ്റ്റുമോര്‍ട്ടം നടത്തുന്ന ആശുപത്രിയില്‍ ഹാജരാക്കണം എന്നൊരു നിയമമുണ്ട്. ജിഷ്ണു ആത്മഹത്യ ചെയ്യാനുപയോഗിച്ചു എന്നുപറയുന്ന കയര്‍ അവര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നത് പോലുമില്ല. പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഞങ്ങള്‍ അറിയിച്ചപ്പോള്‍ അവര്‍ പല വ്യക്തികളെയും ഉപയോഗിച്ച് ഏത് വിധേനയും ഞങ്ങളെ തൃശ്ശൂരില്‍ തന്നെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. മുതിര്‍ന്ന പ്രൊഫസര്‍മാര്‍ മാത്രം പോസ്റ്റുമോര്‍ട്ടം നടത്തുന്ന ആ ഹോസ്പിറ്റലില്‍ ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. മാത്രമല്ല, ഞങ്ങള്‍ തന്നെ കാണിച്ചുകൊടുത്ത, ശരീരത്തിലുണ്ടായിരുന്ന ആറോളം ചതവുകളെയും മുറിവുകളെയും കുറിച്ചൊന്നും ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. മരണകാരണം ശ്വാസതടസ്സമെന്നും പറഞ്ഞത് അവസാനിപ്പിക്കുകയായിരുന്നു. ഇത്തരം പല കാരണങ്ങള്‍ കൊണ്ടുതന്നെ കോളേജ് മാനേജ്‌മെന്റ് ഡോക്ടര്‍മാരെ സ്വാധീനിച്ചു എന്ന് എളുപ്പം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.

ജിഷ്ണുവിന്റെ രക്തം പറ്റിയിരുന്ന ഓഫീസ് റൂമിലെ തറ തുടച്ച് വൃത്തിയാക്കിയതും, അത്യാധുനിക സജ്ജീകരണങ്ങള്‍ എല്ലാമുള്ള കോളേജില്‍ CCTV ഇല്ലായെന്ന് പറഞ്ഞതും, ജിഷ്ണുവിന്റേതല്ലാത്ത കൈപ്പടയിലുള്ള ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതുമെല്ലാം ചേര്‍ത്തുവായിച്ചാല്‍ സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കൃത്യമായ ഇടവേളകളില്‍ നടക്കാത്ത എക്‌സാം പാറ്റേണും മുന്നേ ലഭിക്കാത്ത നോട്ടിഫിക്കേഷനും കാണിച്ച് കൊണ്ട് ജിഷ്ണു വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയതിന്റെ രോഷത്താലാണ് എക്‌സാം ഹാളില്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് ഡീബാര്‍ ചെയ്തതും തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളുമെല്ലാം. അവന്‍ മാനേജ്‌മെന്റിനാല്‍ കൊലചെയ്യപ്പെട്ടത് തന്നെയാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നു.

ജിഷ്ണുവിന് മുന്‍പും മൂന്നോ നാലോ കൊലപാതകങ്ങള്‍ നെഹ്‌റു കോളേജില്‍ നടന്നിട്ടുണ്ട്. പക്ഷെ, അതൊന്നും ആരും പരാതിപ്പെടാതിരുന്നതിനാല്‍ എളുപ്പം കുഴിച്ചുമൂടപ്പെടുകയായിരുന്നു. ഇടിമുറികളാണ് ആ കലാലയത്തില്‍ ഉള്ളത്. ജിഷ്ണു മരണപ്പെടുന്നതിന് കുറച്ചു ദിവസം മുന്‍പ്, ഷഹീദ് ഷൗക്കത്തലി എന്ന, ഒരേ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കാന്‍ നെഹ്‌റു കോളേജില്‍ കൊണ്ടു വന്നിരുന്നു എന്നതെല്ലാം പുറത്തറിഞ്ഞ രഹസ്യങ്ങളാണ്. ക്രൂരതയുടെ അവസാന ഇര ജിഷ്ണു ആയിരുന്നു എന്ന് മാത്രം. വന്‍ മാഫിയകളും കുത്തക മുതലാളിമാരും മേധാവിത്തം വഹിക്കുന്ന ഇത്തരം മാനേജ്‌മെന്റുകള്‍ക്കെതിരെ ആരും ശബ്ദിക്കാത്തത്, ശബ്ദിക്കുന്നവന്റെ കുടുംബത്തെയടക്കം അവര്‍ ഇല്ലായ്മ ചെയ്യുമെന്ന ഭയത്താലാണ്. പണമെറിഞ്ഞാണ് പലരെയും സ്വാധീന വലയത്തിലാക്കുന്നത്. നീതി ഉറപ്പാക്കേണ്ടവര്‍ തന്നെ പ്രലോഭനങ്ങള്‍ക്കടിമപ്പെടുമ്പോള്‍ സാധാരണക്കാരായ നമ്മള്‍ക്ക് കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സിബിഐ ആയതിനാല്‍ തന്നെ ശരിയായ ദിശയിലുള്ള അന്വേഷണം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു” രവി പറയുന്നു.

ജിഷ്ണുവിന്റെ ആത്മഹത്യ: ശരിക്കും കൊന്നതല്ലേ അവര്‍?

ഒരു നാട് മുഴുവന്‍ ഒരു പതിനെട്ടുകാരന്റെ വേര്‍പാടില്‍ ദുഃഖമറിയിക്കുകയാണ്. ഓര്‍മയുടെ ഓരോ അറ്റത്തും എപ്പോഴോക്കെയോ ജിഷ്ണുവിന്റെ മുഖം അവരെത്തേടിയെത്താറുണ്ട്. ഇന്ന് ജനുവരി ആറാം തീയതി, പിതാവ് പണിക്കഴിപ്പിച്ച, മകന്റെ നാമം കൊത്തിവെച്ച ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നു. ഒരു പക്ഷെ മകനിലൂടെ സ്വപ്നം കണ്ട വലിയ വിജയങ്ങള്‍ ഇനിയൊരിക്കലും സാധ്യമാവില്ലെന്നറിഞ്ഞ ഒരു അച്ഛന്‍, മകനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ വര്‍ണ്ണകടലാസില്‍ അലങ്കരിച്ച ഒരു ബസ് സ്റ്റോപ്പില്‍ സഫലമാക്കുന്നതായിരിക്കാം.

നമ്മുടെ കലാലയങ്ങള്‍ അശാന്തമാണ്, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അതറിയുന്നുണ്ടോ?

ജിഷ്ണു മരിച്ചത് ഓരോ വിദ്യാര്‍ത്ഥിക്കും വേണ്ടിയാണ്; പോലീസ് ഇപ്പോള്‍ ഞങ്ങളെ കുറ്റവാളികളാക്കുന്നു

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍